കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്കായി ഹോട്ട് ലൈന്‍ വഴി നിയമ ഉപദേശം നല്‍കുമെന്ന് കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റി. ഇത് സംബന്ധിച്ച് യു.എസ്.- മിഡില്‍ ഈസ്റ്റ് പാര്‍ട്ണര്‍ഷിപ്പില്‍ കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റി കരാറില്‍ ഒപ്പ് വച്ചതായി ചെയര്‍മാന്‍ ഖാലിദ് അല്‍ ഹംദി അറിയിച്ചു.

വിദേശ തൊഴിളികള്‍ക്ക് അവരുടെ തൊഴില്‍ അവകാശങ്ങള്‍ സംബന്ധിച്ച് വേണ്ട വിദ്യാഭ്യാസം നല്‍കുന്നതിനും തൊഴിലാളികള്‍ക്ക് നിയമ ഉപദേശം നല്‍കുന്നതിനുമാണ് മനുഷ്യാവകാശ സൊസൈറ്റി ലക്ഷ്യമിടുന്നത്. കുവൈത്തില്‍ നിലവിലുള്ള തൊഴില്‍ നിയമം ആര്‍ട്ടിക്കിള്‍ 6 - 210 പ്രകാരം സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും കൂടാതെ ഗാര്‍ഹിക തൊഴില്‍ നിയമം 68-2015 പ്രകാരം ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ അവകാശങ്ങള്‍ സംബന്ധിച്ചും നിയമ ഉപദേശം നല്‍കുന്നതാണ്.

ഇരുവിഭാഗങ്ങളില്‍ പെടുന്ന എല്ലാ തൊഴിലാളികള്‍ക്കും ഹോട്ട് ലൈന്‍ നമ്പര്‍ 22215150 ലോ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഇംഗ്ലീഷ്, അറബിക്, ഹിന്ദി, ഉറുദു, ഫിലിപ്പിനോ എന്നീ 5 വിവിധ ഭാഷകളില്‍ നിയമ ഉപദേശം കൂടാതെ മാനസികവും സാമൂഹികവുമായ പിന്തുണയും ലഭ്യമാക്കുമെന്നും ഖാലിദ് അല്‍ ഹംദി വിശദീകരിച്ചു. അതേസമയം മനുഷ്യാവകാശ സൊസൈറ്റി ഇതിനകം ഒരു മനഃശാസ്ത്ര വിദഗ്ദനെ നിയമിച്ചതായും സോഷ്യല്‍ കൗണ്‍സിലങ്ങിനു വേണ്ട തയ്യാറെടുപ്പുകളും ഒരുക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.