കുവൈറ്റ് : സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് 'ഗ്രീന്‍ കുവൈറ്റ് 2021' എന്ന പരിസ്ഥിതി  ബോധവല്ക്കരണ പരിപാടി സംഘടിപ്പിച്ചു.

 ഔഷധചെടികള്‍ ഉള്‍പ്പെടെയുള്ള 50-ല്‍പരം ചെടികളുടെ ഓണ്‍ലൈന്‍ വില്‍പനയ്ക്കായുള്ള ഫ്‌ളയറിന്റെ പ്രകാശനകര്‍മ്മം ജൂണ്‍ 4 വെള്ളിയാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അബ്ബാസിയ ബസേലിയോസ് മെമ്മോറിയല്‍ ചാപ്പലില്‍ വെച്ച് മഹാ ഇടവക വികാരിയും യുവജനപ്രസ്ഥാനം പ്രസിഡണ്ടുമായ ഫാ. ജിജു ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.

 തുടര്‍ന്ന് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് അങ്കണത്തില്‍ നടന്ന ചടങ്ങുകളില്‍ വൃക്ഷതൈകള്‍ നട്ടുകൊണ്ട് ബോധവല്ക്കരണ പരിപാടിയുടെ ഉദ്ഘാടനം ഫാ. ജിജു ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. എന്‍.ഇ.സി.കെ. സെക്രട്ടറി റോയ് യോഹന്നാന്‍ മുഖ്യസന്ദേശം നല്‍കി. ഇടവക സഹവികാരിയും യുവജനപ്രസ്ഥാനം വൈസ് പ്രസിഡണ്ടുമായ ഫാ. ലിജു പൊന്നച്ചന്‍, ഇടവക ട്രഷറര്‍ ജോണ്‍ പി. ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആദ്യവില്‍പനയുടെ ഭാഗമായി ഇടവക സെക്രട്ടറി ജേക്കബ് തോമസ് വല്ലേലില്‍ വൃക്ഷതൈ ഏറ്റുവാങ്ങി. യുവജനപ്രസ്ഥാനം ലേ-വൈസ് പ്രസിഡന്റ് മനോജ് പി. എബ്രഹാം പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. യുവജന പ്രസ്ഥാനം സെക്രട്ടറി സുമോദ് മാത്യൂ നന്ദി പ്രകാശിപ്പിച്ചു. എന്‍.ഇ.സി.കെ. എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം അജേഷ് ചടങ്ങില്‍ പങ്കെടുത്തു.