കുവൈത്ത്‌സിറ്റി:  പരിസ്ഥിതി സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം തടയുന്നതിനും സൗദി അറെബിയ നേതൃത്വം നല്‍കുന്ന പദ്ധതികള്‍ക്ക് കുവൈത്ത് പിന്തുണ പ്രഖ്യാപിച്ചു. സൗദിയില്‍ സംഘടുപ്പിച്ച പശ്ചിമേഷ്യന്‍ ഗ്രീന്‍ ഇനീഷിയേറ്റീവ് സമ്മിറ്റിലാണ് കുവൈത്ത് കിരീടാവകാശി ഷേയ്ഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് കുവൈത്തിന്റെ പിന്തുണ അറിയിച്ചത്.

പരിസ്ഥിതി - കാലാവസ്ഥ വെല്ലുവിളികളെ നേരിടുന്നതിന് കുവൈത്തിന്റെ ശക്തമായ നിലപാട് വ്യക്തമാക്കിയാണ് മേഖലയിലും അന്താരാഷ്ട്ര തലത്തിലും ഒപ്പുവച്ച ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതും അതോടൊപ്പം സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതെന്നും കിരീടാവകാശി സമ്മിറ്റില്‍ സംസാരിക്കവേ വെളിപ്പെടുത്തി. അഗോളത്തലത്തില്‍ മനുഷ്യ ജീവിതവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനുള്ള ഏതു സംരംഭത്തിലും കുവൈത്ത് മുന്‍ പന്തിയിലുണ്ടാകുമെന്നും ഷേയ്ഖ് മിഷല്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.

കിരീടാവകാശി ഷേയ്ഖ് മിശാല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സ്ബാഹിനോടൊപ്പം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷേയ്ഖ് ഹമദ് ജാബിര്‍ അല്‍ അലി അസ്സബാഹ്, എണ്ണ-വിദ്യാഭ്യാസ മന്ത്രി ഡോ.മുഹമ്മദ് അല്‍ ഫാരിസ്, വിദേശകാര്യ മന്ത്രി ഡോ.അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹ്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഉച്ചകോടിയില്‍ പങ്കെടുത്തു.