കുവൈത്ത് സിറ്റി: കുവൈത്തിലെ ഫ്രൈഡേ മാര്‍ക്കറ്റ് വീണ്ടും അടച്ചു പൂട്ടി. കോവിഡ് പശ്ചാത്തലത്തില്‍ നേരത്തെ അടച്ചു പൂട്ടിയ മാര്‍ക്കറ്റ് കഴിഞ്ഞ ദിവസം തുറന്നെങ്കിലും വീണ്ടും അടച്ചു പൂട്ടുകയായിരുന്നു. ആരോഗ്യ സുരക്ഷാ മുന്‍കരുതലില്‍ ഉണ്ടായ വീഴ്ചയെ തുടര്‍ന്നാണ് മുന്‍സിപ്പാലിറ്റി ഡയറക്റ്റര്‍ ജനറല്‍ അഹമ്മദ് അല്‍ മഫൂഹി മാര്‍ക്കറ്റ് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്.
പ്രതിരോധ നടപടികള്‍ നടപ്പിലാക്കുന്നതില്‍ ഉണ്ടായ വീഴ്ചയും മാര്‍ക്കറ്റിന്റ കവാടങ്ങള്‍ക്ക് മുന്നിലെ തിരക്ക്, മുതലായ കാരണങ്ങളെ തുടര്‍ന്നാണ് വെള്ളിയാഴ്ച വിപണി നിര്‍ത്തി വക്കാനും മാര്‍ക്കറ്റ് അടച്ചു പൂട്ടാനും ബന്ധപ്പെട്ട വകുപ്പിന് മുന്‍സിപാലിറ്റി ഡയരക്റ്റര്‍ ജനറല്‍ നിര്‍ദ്ദേശം നല്‍കിയത്.
സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം വിപണി വീണ്ടും തുറക്കാന്‍ പുതിയ തീയതി നിശ്ചയിക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.