കുവൈറ്റ്:  പ്രളയത്തില്‍ കനത്ത നാശനഷ്ടം വിതച്ചിരിക്കുന്ന വയനാട് ജില്ലയിലെ അവശ്യ സേവന മേഖലകളില്‍ വളണ്ടിയര്‍മാരെ നിയോഗിച്ചതായി കുവൈറ്റ് വയനാട് അസോസിയേഷന്‍ പ്രസിഡന്റ് മുബാറക്ക് കാമ്പ്രത്ത്. ജില്ലയിലെ നിലവിലെ ദുരന്തസാഹചര്യം വിലയിരുത്താന്‍ വേണ്ടി കുവൈത്ത് വയനാട് അസോസിയേഷന്‍ അടിയന്തിര പൊതുയോഗം നടത്തും. 

കെ.ഡബ്‌ള്യു.എ യുടെ മുന്‍ഭാരവാഹികള്‍ ആയ റോയ് മാത്യു, റെജി ചിറയത്ത്, ജോമോന്‍ ജോളി എന്നിവര്‍ അടങ്ങിയ സംഘം നിത്യേന വയനാട്ടിലെ വിവിധ പ്രളയബാധിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദര്‍ശിക്കുകയും സഹായസാധനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ വർഷം പ്രളയാനന്തരം 150 ഓളം പ്രളയബാധിത കുടുംബങ്ങള്‍ക്ക് വീട്ടുപകരണങ്ങളും ആവശ്യവസ്തുക്കളും സംഘടന വിതരണം ചെയ്തിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തി ഈ വര്‍ഷവും അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം നല്‍കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. നിലവില്‍ വയനാടിന്റെ വിവിധ മേഖലകളില്‍ ഭക്ഷണസാധനങ്ങളും ക്ലീനിങ് ചെയ്യാനുള്ള മെറ്റീരിയല്‍സും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഭാരവാഹികള്‍  വിതരണം ചെയ്യുന്നുണ്ട്. വിവിധ ജില്ലാ അസോസിയേഷനുകളും സന്നദ്ധ സംഘടനകളും വ്യക്തികളും നല്‍കുന്ന സഹായങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നതായ് ഭാരവാഹികള്‍ അറിയിച്ചു. 

(കെ.ഡബ്ല്യൂ.എ) അടിയന്തിര പൊതുയോഗം ഓഗസ്റ്റ് 16 -നു വൈകീട്ട് 4:00 മുതല്‍ 7:00 വരെ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ സംഘടിപ്പിക്കും. അടിയന്തിര  പൊതുയോഗത്തില്‍ കുവൈത്ത് വയനാട് അസോസിയേഷന്റെ നിലവിലെ  അംഗങ്ങളും കുവൈത്തില്‍ ഉള്ള എല്ലാ വയനാട്ടുകാരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

പുതുതായി അംഗത്വം എടുക്കാനും പുതുക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്. അംഗത്വം എടുക്കാന്‍ പാസ്‌പോര്‍ട്ട് കോപ്പി, സിവില്‍ ഐഡി കോപ്പി , പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവരും കൊണ്ടുവരേണ്ടതാണ്. വിവിധ ഏരിയകളില്‍ നിന്നും  വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 55782773, 66387619,  90091976

Content Highlights: Flood Relief by Kuwait Wayanad association