കുവൈത്ത് സിറ്റി: കുസാറ്റ് ബിടെക് സപ്ലിമെന്ററി പരീക്ഷ നീണ്ടുപോവുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍. 2012 സ്‌കീം (2012 16, 2013 17, 2014 18) വര്‍ഷങ്ങളില്‍ ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ഏപ്രിലില്‍ നടത്താന്‍ തീരുമാനിച്ച സബ്ലി പരീക്ഷയാണ് കോവിഡ് കാരണം മാറ്റിവെച്ചത്.
മറ്റ് സര്‍വകലാശാലകള്‍ പരീക്ഷ ഓണ്‍ലൈനായോ അല്ലാതെയോ നടത്തിയതായി വിദ്യാര്‍ഥി കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ വിദ്യാര്‍ഥികള്‍ക്ക് സ്‌പെഷല്‍ സപ്ലിമെന്ററി ഒഴിവാക്കിയിരുന്നു. സര്‍വകലാശാല ചട്ട പ്രകാരം എട്ട് വര്‍ഷം മാത്രമാണ് കോഴ്‌സ് കാലയളവ്. അതുപ്രകാരം 2012 സ്‌കീം വിദ്യാര്‍ഥികള്‍ക്ക് ഇത് അവസാന വര്‍ഷമാണ്. 2013 വിദ്യാര്‍ഥികള്‍ക്ക് അടുത്ത മാര്‍ച്ചോടെ കാലാവധി തീരും. സര്‍വകലാശാലയില്‍ ചെന്നും അല്ലാതെയും നടത്തിയ അന്വേഷണങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
ഏപ്രിലില്‍ പരീക്ഷക്കായി വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തിയ വിദ്യാര്‍ഥികള്‍ നിരാശരാകേണ്ടി വന്നു. വിദേശത്തുനിന്ന് വന്ന പലര്‍ക്കും വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ തിരിച്ചുപോവാനും കഴിഞ്ഞില്ല. അതിനിടെ 2015 സ്‌കീം പരീക്ഷ ഓണ്‍ലൈനായി നടത്തിയെന്നും ഈ മാതൃകയില്‍ തങ്ങള്‍ക്കും അവസരം വേണമെന്നാണ് ആവശ്യമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. പരീക്ഷ വൈകുന്നത് കൊണ്ട് ഉപരിപഠന സാധ്യത അടഞ്ഞുകിടക്കുകയാണെന്നും ജോലി അവസരങ്ങള്‍ നഷ്ടമായതായും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.