കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും പ്രവേശനം അനുവദിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. അതേസമയം വിദേശികളുടെ പ്രവേശന വിലക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തുടരാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിലവിലുള്ള കോവിഡ് പ്രോട്ടോകാള്‍ പ്രകാരം മുന്‍ നിശ്ചയമനുസരിച്ചു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും കൂടാതെ സ്വദേശികളുടെ വീട്ടു ജോലിക്കാര്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ വിദേശികളുടെ പ്രവേശന വിലക്ക് തുടരും.

കുവൈത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് മരണവും പുതിയ കോവിഡ് രോഗികളും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 12 കോവിഡ് മരണവും 1235 പേര്‍ക്ക് പുതിയതായി കോവിഡും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മരണം 1,339 ആയും ആകെ കോവിഡ് രോഗികള്‍ 2,35,989 ആയും വര്‍ദ്ധിച്ചു. നിലവില്‍ 14,129 പേരാണ് കോവിഡ് ചികിത്സയില്‍ തുടരുത്. ഇവരില്‍ 239 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.

Content Highlights: COVID-19: Ban on entry of foreigners into Kuwait extended