കുവൈത്ത് സിറ്റി : അന്തരിച്ച അമീര്‍ ശൈഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയ്ക്ക് ആദരമര്‍പ്പിച്ചു കൊണ്ട് ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്‌സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്ക്) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് കുവൈത്ത് ബ്ലഡ് ബേങ്കിന്റെ സഹകരണത്തോടെ അദാന്‍ കോഓപ്പറേറ്റിവ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്ററില്‍ വെച്ചാണ് രക്തദാന ക്യാമ്പ് നടത്തിയത്. 

വെള്ളിയാഴ്ച്ച രാവിലെ 8:30 ന് ആരംഭിച്ച് ഉച്ചയ്ക്ക് 1:30 വരെ നീണ്ട് നിന്ന രക്തദാന ക്യാമ്പില്‍ വെച്ച് നൂറ്റമ്പതിലധികം ആളുകളാണ് രക്തദാനം ചെയ്ത് അമീറിന് ആദരമര്‍പ്പിച്ചത്. 

 കുവൈത്തില്‍ ദുഃഖാചരണം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ഉത്ഘാടന ചടങ്ങുകള്‍ ഇല്ലാതെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. രക്തദാനം ചെയ്തവര്‍ക്ക് പ്രശംസാ പത്രവും രാജ്യത്തെ പ്രമുഖ മണി എക്‌സ്‌ചേഞ്ച് ഗ്രൂപ്പായ അല്‍ മുല്ല എക്‌സ്‌ചേഞ്ചിന്റെ സമ്മാനങ്ങളും നല്‍കിയിരുന്നു.