കുവൈത്ത് സിറ്റി : കുവൈത്തില്‍ 2021 ല്‍ അമീരി കാരുണ്യത്തിന് 600 തടവുകാര്‍ക്ക് അര്‍ഹത. ആഭ്യന്തര മന്ത്രാലയം,നീതി ന്യായ മന്ത്രാലയം അമീരി ദിവാന്‍ മന്ത്രാലയം എന്നിവ സംയുക്തമായിട്ടാണ് അമീരി കാരുണ്യത്തിന് അര്‍ഹരാകുന്നവരുടെ പട്ടിക തയ്യാറാക്കുന്നത്. കാരുണ്യത്തിന് അര്‍ഹരാകുന്നവരില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടയുള്ള വനിതകളും പുരുഷന്മാരും പട്ടികയിലുണ്ട്. 

തടവുകാലത്തെ നല്ല നടപ്പ് കൂടാതെ നിരവധി ഘടകങ്ങളും മാനദണ്ഡമാക്കിയാണ് കാരുണ്യ പട്ടികയില്‍ ഉള്‍പെടുത്തുന്നത്.അതേസമയം മയക്കു മരുന്ന്,ദേശസുരക്ഷ, കള്ളപ്പണം ഇടപാട്,തുടങ്ങിയ കുറ്റ കൃത്യങ്ങളില്‍ പെട്ടവരെ അമീരി കാരുണ്യ പട്ടികയില്‍ ഉള്‍പെടുത്തിയില്ല.വിവിധ മന്ത്രാലയ പ്രതിനിധികള്‍ ചേര്‍ന്നു തയ്യാറാക്കിയ പട്ടിക പുന പരിശോധിച്ചു ജനുവരി അവസാനത്തോടെ അമീരി ദിവന്റെ അംഗീകാരത്തിന് സമര്‍പ്പിക്കും.

പട്ടിക പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗം പരിശോധിച്ചു ഉറപ്പ് വരുത്തി അമീറിന്റെ പരിഗണനക്ക് സമര്‍പ്പിക്കും. കുവൈത്ത് സ്വാതന്ത്ര്യ -വിമോചന ദിനങ്ങളുടെ ഭാഗമായി കുവൈത്ത് അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് തടവുകാരുടെ തടവുകാരുടെ പട്ടിക പ്രഖ്യാപിക്കും.

2020-ല്‍ 958 തടവുകാര്‍ക്കാണ് ജയില്‍ മോചനം ലഭിച്ചത്. മൊത്തം 2370 തടവുകാര്‍ക്ക് ശിക്ഷ ഇളവ് ലഭിച്ചു.അതേസമയം അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അമീറായി അധികാരത്തിലെത്തിയ ശേഷം നല്‍കുന്ന ആദ്യ അമീരി കാരുണ്യ മെന്ന പ്രത്യേകതയാണുള്ളത്.

പട്ടികയില്‍ ഇന്ത്യക്കാരടക്കം നിരവധി വിദേശികളും ഉള്‍പ്പെടുന്നതായിട്ടാണ് ലഭിക്കുന്ന സൂചനകള്‍.