കുവൈത്ത് സിറ്റി : കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാരെയും കൊണ്ടുള്ള ആദ്യ മൂന്നു വിമാനങ്ങളിലായി 435 വനിതകള്‍ നാടണഞ്ഞു.
ആന്ധ്രാ പ്രദേശിലെ വിജയവാഡയിലേക്കാണ് ആദ്യ വിമാനം വ്യാഴാഴ്ച്ച 145 വനിതകളെയും കൊണ്ടു പറന്നുയര്‍ന്നത്. വെള്ളിയാഴ്ച്ച രാവിലെ 9.05 ന് ആന്ധ്രാ വിജയവാഡയിലേക്ക് വീണ്ടും 145 വനിതകളെയും കൊണ്ടുള്ള രണ്ടാമത്തെ വിമാനവും, 11.15 ന് ലക്നോയിലേക്ക് 145 വനിതകളെയും കൊണ്ടുള്ള മൂന്നാമത്തെ വിമാനവും പുറപ്പെട്ടു.
മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ജോലി നഷ്ടപ്പെട്ടവരും വിസ കാലാവധി കഴഞ്ഞവരും ഉള്‍പ്പെടെ രാജ്യത്ത് അനധികൃതമായി താമസിക്കുകയായിരുന്ന 12, 000 ത്തിലേറെ ഇന്ത്യക്കാര്‍ സ്വദേശങ്ങളിലേക്ക് മടങ്ങിയെത്തിയത്.
ഇതാദ്യമായിട്ടാണ് കുവൈത്ത് അമീറിന്റെ കാരുണ്യ പദ്ധതിയുടെ ഭാഗമായി നാട്ടിലേക്ക് മടങ്ങാന്‍ സ്വമേധയാ മുന്നോട്ടു വരുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടു പോകുന്നതിന് പൊതുമാപ്പ് അനുവദിക്കുന്നത്. കൂടാതെ പൊതുമാപ്പ് ലഭിച്ചവര്‍ക്ക് താമസവും ഭക്ഷണവും വിമാന ടിക്കറ്റും നല്‍കുന്നു എന്നതാണ് ശ്രദ്ധേയം.
എന്നാല്‍ കുവൈത്ത് സര്‍ക്കാര്‍ ദേശീയ വിമാനങ്ങളില്‍ അനധികൃത താമസക്കാരെ അതാതു രാജ്യങ്ങളില്‍ എത്തിക്കുന്നതിനു നടന്ന നയതന്ത്ര തല ചര്‍ച്ചകള്‍ക്ക് ഇന്ത്യയുടെ ഭാഗത്തു നിന്നും അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യയിലേക്കുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തിന് കാലതാമസം ഉണ്ടായത്.
ഇന്ത്യന്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ മൂലമാണ് ഇന്ത്യക്കാരുടെ മടക്കയാത്ര ഇത്രയും വൈകിയത്. പൊതുമാപ്പ് ആനുകൂല്യത്തിന് രജിസ്റ്റര്‍ ചെയ്ത എല്ലാ രാജ്യക്കാരെയും കുവൈത്ത് സൗജന്യമായിട്ടാണ് നാടുകളില്‍ എത്തിക്കുന്നത്. നാട് കടത്തല്‍ കേന്ദ്രങ്ങളില്‍ ശേഷിക്കുന്നത് ഇന്ത്യക്കാര്‍ മാത്രമാണ്.
Content Highlight; 435 migrant women group from Kuwait reaches India