കുവൈത്ത് സിറ്റി : വിദേശികൾക്ക് കുവൈത്തിൽ ഓഗസ്റ്റ് ഒന്നുമുതൽ പ്രവേശനം അനുവദിക്കുന്നതിന് മന്ത്രിസഭ അന്തിമാനുമതി നൽകി.

കുവൈത്ത് അംഗീകരിച്ച കോവിഡ് വാക്സിൻ എടുത്തവരും കാലാവധിയുള്ള താമസരേഖയും ഉള്ളവർക്ക് ഓഗസ്റ്റ് ഒന്നുമുതൽ കുവൈത്തിലേക്ക് പ്രവേശിക്കാം. യാത്രയ്ക്ക് 72 മണിക്കൂർമുമ്പ് പി.സി.ആർ. പരിശോധനനടത്തി കോവിഡ് മുക്ത സർട്ടിഫിക്കറ്റും ഹാജരാക്കണം.

കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹാമദ്‌ അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് വിദേശികൾക്കുള്ള പ്രവേശനവിലക്ക് നീക്കാൻ തീരുമാനിച്ചത്. പ്രവേശനവിലക്ക് നീക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചതാണെങ്കിലും അവസാനഘട്ടത്തിൽ അനിശ്ചിതത്വമോ മാറ്റമോ ഉണ്ടാകുമോ എന്ന ആശങ്കയിലായിരുന്ന വിദേശികൾക്ക്‌ മന്ത്രിസഭാപ്രഖ്യാപനം വലിയ ആശ്വാസമായി. മന്ത്രിസഭാ പ്രഖ്യാപനത്തിനുശേഷം യാത്രാടിക്കറ്റ് എടുത്താൽമതിയെന്ന് നേരത്തേ ഇന്ത്യൻ എംബസി നിർദേശം നൽകിയിരുന്നു.

ഫൈസർ, മൊഡേണ, ആസ്ട്രസെനക, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകളാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം അംഗീകരിച്ചിട്ടുള്ളത്. ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ഒറ്റ ഡോസാണ്. ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്സിൻ ആസ്ട്രസെനകയാണ്.

പ്രവേശനവിലക്ക് നീക്കിയതോടെ കുവൈത്തിലേക്ക് വരാൻ കാത്തിരിക്കുന്ന നൂറുകണക്കിന് മലയാളികൾ ഉൾപ്പെടെ വദേശികൾക്ക് വലിയ ആശ്വാസമായി. കാലാവധിയുള്ള താമസരേഖയും കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റും നിർബന്ധം