കുവൈത്ത്‌സിറ്റി: കുവൈത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് അതി വേഗത്തിലാക്കുന്നു. പ്രതിദിനം 21,000 പേര്‍ക്ക് കോവിഡ് വാക്സിനേഷന്‍ നടത്തി വരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ 15 ലക്ഷം സ്വദേശികള്‍ക്കും റമദാന്റെ അവസാന പത്തു ദിവസങ്ങള്‍ക്കുള്ളില്‍ കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പ്രതിരോധ കുത്തിവെപ്പിനായി ലക്ഷ്യമിട്ടിട്ടുള്ള 25 ലക്ഷത്തില്‍, 15 ലക്ഷം സ്വദേശികള്‍ക്ക് കുത്തിവെപ്പ് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

ഇതിനകം 6,50,000 പേരാണ് കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി മുന്നോട്ട് വന്നിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 60 ശതമാനം പേര്‍ക്ക് കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നത്തോടെ കമ്മ്യൂണിറ്റി ഇമ്മ്യൂണിറ്റി നേടിയെടുക്കാന്‍ കഴിയുമെന്നും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി വരുമെന്നുമാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍.

Content Highlights: 21,000 people vaccinated everyday in Kuwait