അബുദാബി : വേനൽച്ചൂടിൽ പൊരിഞ്ഞ് യു.എ.ഇ. കഴിഞ്ഞ ദിവസങ്ങളിലാണ് യു.എ.ഇ.യിൽ സീസണിലെ ഏറ്റവുമുയർന്ന താപനില റിപ്പോർട്ടുചെയ്തത്. ഇത് വീണ്ടുമുയർന്ന് 52 ഡിഗ്രി സെൽഷ്യസ് വരെയെത്തിയിരിക്കുകയാണ്. അൽഐനിലെ സ്വയ്ഹാനിൽ കഴിഞ്ഞ ഞായറാഴ്ച 51.8 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. അതേദിവസം ലോകത്ത് റിപ്പോർട്ടുചെയ്യപ്പെട്ട ഏറ്റവുമുയർന്ന താപനിലയാണിത്.

ജീവിതത്തിൽ ഇന്നേവരെയനുഭവിച്ച ഏറ്റവുമുയർന്ന ചൂടായിരുന്നു അതെന്ന് സ്ഥലവാസികൾ വ്യക്തമാക്കി. വെയിലത്തുവെച്ച പാനിൽ മുട്ട പൊരിക്കാൻ ശ്രമിക്കുന്നവരുടെതടക്കമുള്ള വീഡിയോദൃശ്യങ്ങളും ഇവിടെനിന്ന്‌ പുറത്തുവന്നിരുന്നു. യു.എ.ഇ.യിലെ ഏറ്റവും സുഖകരമായ കാലാവസ്ഥ കൂടുതൽനാൾ നിലനിൽക്കുന്ന ഭാഗങ്ങളിലൊന്നാണ് അൽഐൻ. യു.എ.ഇ.യുടെ ഹരിതനഗരമെന്നറിയപ്പെടുന്ന ഇവിടം മരങ്ങളും പച്ചപ്പുംകൊണ്ട് സമ്പുഷ്ടമാണ്. അതേസമയം, ഉയർന്ന ചൂടും അനുഭവപ്പെടുന്നത് കാലാവസ്ഥയിലുണ്ടായ തീവ്രമാറ്റത്തിന്റെകൂടി സൂചനയാണ്.

ഒരുനിമിഷംപോലും പുറത്തിറങ്ങാൻ കഴിയാത്തവിധം ചൂട് കലശലായിരുന്നു. ചൂടിൽ എ.സി.യുള്ള വാഹനമോടിക്കുന്നവർക്കുവരെ സഹിക്കാനാവാത്തവിധം പൊള്ളലാണ് അനുഭവപ്പെട്ടത്. വാഹനത്തിന്റെ സ്റ്റിയറിങ് ചുട്ടുപഴുത്തതുപോലെയാണ് അനുഭവപ്പെട്ടതെന്ന് ചിലർ അഭിപ്രായപ്പെട്ടു.

ചൂടിനൊപ്പം അന്തരീക്ഷ ഈർപ്പംകൂടി ഉയരുന്നത് ആളുകളെ പുറത്തിറങ്ങുന്നതിൽനിന്നും കാര്യമായി പിന്തിരിപ്പിച്ചു. ഒരുമണിക്കൂർ പ്രഭാതസവാരിക്കിറങ്ങുന്നവർ അരമണിക്കൂറാക്കി ചുരുക്കി. ശരീരത്തിൽനിന്നും അതിവേഗം ജലാംശം നഷ്ടപ്പെടുന്നതിനാൽ കടുത്ത ക്ഷീണവും തലവേദനയുമെല്ലാം അനുഭവിക്കേണ്ടിവന്നവരുമുണ്ട്. രാജ്യത്തെ പാർക്കുകളിലും സ്ഥിതി സമാനമാണ്. രാവിലെ നടക്കാനെത്തുന്നവരുടെയും മറ്റുസമയങ്ങളിൽ പുറത്തിറങ്ങുന്നവരുടെയും എണ്ണത്തിൽ മാറ്റം പ്രകടമാണ്.

കുവൈത്തിൽ താപനില കുതിച്ചുയരുന്നു

കുവൈത്ത് സിറ്റി : കുവൈത്തിൽ താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവജാഗ്രത പുലർത്തണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. വിവിധ മേഖലകളിൽ കഴിഞ്ഞദിവസങ്ങളിൽ അനുഭവപ്പെടുന്ന അസ്ഥിരമായ കാലാവസ്ഥാ വ്യതിയാനം ഗുരുതരമായ അപകടങ്ങൾക്കിടയാകുമെന്നും അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ആഭ്യന്തര മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫെൻസ് ഓപ്പറേഷൻ വിഭാഗവുമായി ബന്ധപ്പെടാം. കടൽത്തീരങ്ങളിൽ കോസ്റ്റ് ഗാഡിന്റെ സേവനം ലഭിക്കും.

അതേസമയം കുവൈത്തിൽ വർധിച്ചുവരുന്ന താപനില ഭാവിയിൽ ഗുരുതരമായ പരിസ്ഥിതിപ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്ര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കുവൈത്തിലെ താപനില 50 ഡിഗ്രിക്ക് മുകളിൽ എത്തിയതായും കാലാവസ്ഥ വിദഗ്ധൻ ഈസ അൽ റമദാൻ അഭിപ്രായപെട്ടു.

രാജ്യത്ത് 60 കളിലും 70 കളിലും തപനില 50 ഡിഗ്രിക്ക് താഴെ ആയിരുന്നെങ്കിൽ ഇപ്പോഴത്തെ അവസ്ഥ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്ന വിധത്തിൽ തപനില കുതിച്ചുയരുന്നതായും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.