അന്തരിച്ച മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.യു.ഇഖ്ബാലിനെ കുറിച്ച് തിരക്കഥാകൃത്ത് കെ.ഗിരീഷ് കുമാര്‍ സ്മരിക്കുന്നു. ഇഖ്ബാല്‍ കഥയെഴുതിയ ഗദ്ദാമ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായിരുന്നു ഗിരീഷ് കുമാര്‍.

നേരിട്ട് പരിചയപ്പെടുന്നതിന് മുമ്പേ അദ്ദേഹത്തിന്റെ ലേഖനങ്ങളിലൂടെയാണ് ഇഖ്ബാലിനെ എനിക്ക് അറിയുന്നത്. പ്രവാസികളുമായി ബന്ധപ്പെട്ട് നിരന്തരം എഴുതാറുണ്ടായിരുന്നു. സൗദിയില്‍ ജോലിക്കാരിയായി പോയ ഒരു സ്ത്രീയുടെ ജീവിതം സംബന്ധിച്ച് ഇഖ്ബാല്‍ എഴുതിയ ഗദ്ദാമ എന്ന ലേഖനം ഞാന്‍ വായിക്കാനിടയായി. മരുഭൂമിയിലെ ഇടയന്‍മാര്‍ എന്ന ലേഖനവും വായിച്ചു.

കുറച്ച് കാലത്തിന് ശേഷം കമലുമായി സിനിമാ ചര്‍ച്ചയ്ക്കിടെ ഗദ്ദാമ എന്ന ലേഖനത്തെ കുറിച്ച് അദ്ദേഹം എന്നോട് ഇങ്ങോട്ട് ചോദിച്ചു. ഞാനും വായിച്ചിട്ടുണ്ടെന്നും കെ.യു.ഇഖ്ബാലാണ് അത് എഴുതിയതെന്നും പറഞ്ഞു. ആ ലേഖനമായിരുന്നു ഗദ്ദാമ എന്ന സിനിമയ്ക്കാധാരം.

ഇഖ്ബാലിന് പരിചയമുള്ള ഒരാളുടെ അനുഭവ കുറിപ്പായിരുന്നു ആ ലേഖനം. സൗദിയിലായിരുന്ന അദ്ദേഹത്തെ ബന്ധപ്പെട്ടു. ആ മാസം തന്നെ അദ്ദേഹം നാട്ടിലേക്ക് വരുന്നുണ്ടായിരുന്നു. ഇവിടെ എത്തിയതിന് ശേഷമാണ് ഞങ്ങള്‍ ആദ്യമായി നേരിട്ട് പരിചയപ്പെടുന്നത്. സിനിമയ്ക്ക് വേണ്ട സ്വാഭാവികമായി മാറ്റങ്ങള്‍ വരുത്തി ഇഖ്ബാലുമായി ചര്‍ച്ച ചെയ്ത് തന്നെ ഗദ്ദാമ ചിത്രീകരണത്തിലേക്ക് നീങ്ങി. അതില്‍ റസാഖ് എന്ന കഥാപാത്രത്തെ ഇഖ്ബാല്‍ തന്നെ നിര്‍ദേശിച്ചതാണ്. പ്രവാസികള്‍ക്കായി നാട്ടില്‍ നിന്ന് സഹായങ്ങള്‍ ചെയ്തിരുന്ന അദ്ദേഹത്തിന്റെ പരിചയത്തിലുള്ള ഒരാളായിരുന്നു യഥാര്‍ത്ഥത്തിലെ റസാഖ്.

സൗദിയില്‍ ചില തടസ്സങ്ങള്‍ ഉള്ളത് കൊണ്ട് ഷാര്‍ജയിലാണ് സെറ്റിട്ട് ഗദ്ദാമയുടെ ഷൂട്ടിങ് നടത്തിയത്. സൗദിയില്‍ ജോലി ചെയ്തിരുന്ന ഇഖ്ബാല്‍ സിനിമയ്ക്കായി ഇടയക്കിടെ ഷാര്‍ജയിലെത്തുമായിരുന്നു.

നിരന്തരം വായിക്കുന്ന ഇഖ്ബാല്‍ ഒരു എഴുത്തുകാരനായി അറിയപ്പെടാനായിരുന്നു ആഗ്രഹിച്ചത്. പത്രപ്രവര്‍ത്തകനായി വിദേശത്ത് ജോലി ചെയ്യുമ്പോഴും നാട്ടിലെ എഴുത്തുകാരുമായും സാഹിത്യകാരന്‍മാരുമായും അടുത്ത ബന്ധം പുലര്‍ത്തിയ ഇഖ്ബാല്‍ എല്ലാവരുടേയും ഒരു സുഹൃത്ത്കൂടിയായിരുന്നു.

ഇഖ്ബാല്‍ നിര്‍ബന്ധിച്ചാല്ലായിരുന്നെങ്കില്‍ എന്റെ രണ്ട് പുസ്തങ്ങള്‍ പുറത്തിറങ്ങുമായിരുന്നില്ല. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തോടെ തുടങ്ങിയ കോളമാണ് ഞാന്‍ പിന്നീട് പുസ്തകമാക്കിയത്.

മാതൃഭൂമിയലക്കം എഴുയിയിരുന്ന കോളത്തിന്റെ ലിങ്കുകള്‍ അദ്ദേഹം ഞാനടക്കമുള്ളവര്‍ക്ക് സ്ഥിരമായി അയച്ചുതന്നിരുന്നു. ബന്ധങ്ങളും സ്‌നേഹവും കാത്ത് സൂക്ഷിക്കാന്‍ ഇഖബാലില്‍ നിന്ന് പഠിക്കേണ്ടതുണ്ട്. വളരെ വൈവിധ്യമാര്‍ന്ന ബന്ധങ്ങളായിരുന്നു അദ്ദേഹത്തിനുള്ളത്. അത് കാത്ത് സൂക്ഷിക്കുക എന്നതായിരുന്നു അദ്ദേഹത്തില്‍ കണ്ടിരുന്നു പ്രത്യേകത.

ഉറക്കമുണരുന്ന സമയത്ത് തന്നെ മരണവാര്‍ത്തകള്‍ കേള്‍ക്കുന്നത് വലിയ പ്രയാസകരമാണ്. അതും അടുത്ത് നില്‍ക്കുന്ന ആളുകളാകുമ്പോള്‍. ഇഖ്ബാലിന്റെ വിയോഗ വാര്‍ത്തയും കവി വിജി തമ്പിയിലൂടെ അങ്ങനെയാണ് രാവിലെ കാതിലെത്തുന്നത്. സുഹൃത്തുക്കള്‍ ഒരോരുത്തരായി കൊഴിഞ്ഞു പോകുമ്പോള്‍ നോക്കി നില്‍ക്കാനെ സാധിക്കുന്നുള്ളൂ...