കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് ടെര്‍മിനലിന് മുന്നില്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാനനുവദിച്ച മൂന്ന് മിനിറ്റ് സമയം അപര്യാപ്തമാണെന്നും ഫലത്തില്‍ അത്രയും സമയം കിട്ടുന്നില്ലെന്നും പരാതി.

അന്താരാഷ്ട്ര ടെര്‍മിനലിന് മുന്‍പില്‍ വാഹനം എത്തുന്നതിന് മുന്‍പേ പാര്‍ക്കിങ് ഫീസ് വാങ്ങുന്നതിന് കരാര്‍ എടുത്ത കമ്പനിയുടെ ജീവനക്കാര്‍ വാഹനങ്ങള്‍ക്ക് സ്ലിപ്പ് നല്‍കുകയാണ്. സമയം രേഖപ്പെടുത്തിയ സ്ലിപ്പാണിവര്‍ നല്‍കുന്നത്. വീണ്ടും കുറച്ചുദൂരംകൂടി വാഹനം ഓടിയാലേ ടെര്‍മിനലിന് മുന്നിലെത്തൂ. അവിടെ മുന്നില്‍ മറ്റു വാഹനങ്ങളുണ്ടെങ്കില്‍ സമയബന്ധിതമായി ആളെ കയറ്റാനോ ഇറക്കാനോ സാധിക്കില്ല. പാര്‍ക്കിങ്ങിനും ടെര്‍മിനലിന് മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിനും പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് കരിപ്പൂരിലുള്ളത്. വിമാനത്താവളത്തിലേക്ക് വരുന്നതിനും പോകുന്നതിനും ഒരു കവാടം മാത്രവും. ടെര്‍മിനലിന് മുന്നില്‍ രണ്ട് ട്രാക്കുകളാണ് വാഹനങ്ങള്‍ ഓടുന്നതിന് സജ്ജീകരിച്ചിട്ടുള്ളത്. ടെര്‍മിനലിനോടുചേര്‍ന്നുള്ള ട്രാക്കില്‍ സര്‍ക്കാര്‍ വാഹനങ്ങളും ഔദ്യോഗിക വാഹനങ്ങളും നിര്‍ത്തിയിടുന്നതിനാല്‍ മറ്റു വാഹനങ്ങള്‍ക്ക് വേണ്ടത്ര സൗകര്യം ലഭിക്കാറില്ല. പുറത്തെ ട്രാക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

യാത്രക്കാര്‍ ഏറെയുള്ള സമയങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിര ഇതുമൂലം രൂപപ്പെടുന്നു. ടെര്‍മിനലിന് മുന്നില്‍ നോ-പാര്‍ക്കിങ് രേഖപ്പെടുത്തിയ നിരവധി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വാഹനം നിര്‍ത്തിയാല്‍ 500 രൂപ പിഴയീടാക്കുമെന്ന മുന്നറിയിപ്പുമുണ്ട്. എന്നാല്‍ ടെര്‍മിനലിന് മുന്നില്‍ നിര്‍ത്തുന്ന വാഹനങ്ങള്‍ മൂന്ന് മിനിറ്റിനകം പുറപ്പെടണമെന്നും അല്ലെങ്കില്‍ 500 രൂപ പിഴിയീടാക്കുമെന്നുമുള്ള മുന്നറിയിപ്പ് ബോര്‍ഡ് ഒന്ന് മാത്രമാണ് സ്ഥാപിച്ചത്. അതും അന്താരാഷ്ട്ര ടെര്‍മിനിലിന് സമീപത്ത് ശ്രദ്ധിക്കാത്തയിടത്താണുള്ളത്. പാര്‍ക്കിങ് സംബന്ധിച്ച് പ്രശ്‌നങ്ങളുണ്ടായാല്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥരില്ലാത്തതും യാത്രക്കാര്‍ക്ക് തിരിച്ചടിയാണ്. ടെര്‍മിനലിന് മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ആളുകള്‍ പോകാതിരിക്കാനും ഗതാഗതക്കുരുക്ക് ഇല്ലാതിരിക്കാനുമാണ് പുതിയ പരിഷ്‌കാരമെന്നാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്.

രാജ്യത്ത് വിമാനത്താവള അതോറിറ്റിയുടെ കീഴിലുള്ള എല്ലാ വിമാനത്താവളങ്ങളിലും ഏകീകരിച്ച നിരക്കാണെന്നും കരിപ്പൂരില്‍ മാത്രമായി മാറ്റം വരുത്താനാകില്ലെന്നും അധികൃതര്‍ പറയുന്നു. അതേസമയം, വിവിധ കോണുകളില്‍ നിന്നായി വ്യാപക പരാതിയാണ് പരിഷ്‌കാരത്തിനെതിരേ ഉയരുന്നത്. വിഷയം മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും രമ്യമായ രീതിയില്‍ പ്രശ്‌നം പരിഹരിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായും വിമാനത്താവള ഡയറക്ടര്‍ പറഞ്ഞു.