വടക്കന്‍ യൂറോപ്പില്‍ റഷ്യക്കും സ്വീഡനുമിടയില്‍ നോര്‍വേയോടും അതിര്‍ത്തി പങ്കിടുന്ന സ്‌കാന്‍ഡിനേവിയന്‍ രാജ്യമാണ് ഫിന്‍ലന്‍ഡ്. ഫിന്‍ലന്‍ഡിന്റെ വടക്കന്‍ പ്രവിശ്യയായ ലാപ് ലാന്‍ഡിലെ എനോന്‍ടെക്കിയോ മുനിസിപ്പാലിറ്റിയിലെ ഒരു വിദൂരഗ്രാമമാണ് കില്‍പിസ് യാര്‍വി. യാര്‍വി എന്നാല്‍ ഫിന്നിഷ് ഭാഷയില്‍ തടാകം എന്നാണ് അര്‍ഥം. ഫിന്‍ലന്‍ഡിന്റെ വടക്കേ അറ്റത്തുള്ള കില്‍പിസ് തടാകത്തിന്റെ ഒരറ്റത്തുനിന്നു രണ്ടര കിലോമീറ്റര്‍ മാറിയാണ് കില്‍പിസ് യാര്‍വി ഗ്രാമത്തിന്റെ സ്ഥാനം.

വടക്കന്‍ സ്‌കാന്‍ഡിനേവിയന്‍ പ്രവിശ്യകളില്‍  ജനസംഖ്യ വളരെ കുറവാണ്. എനോന്‍ടെക്കിയോ മുനിസിപ്പാലിറ്റിയിലെ ഗ്രാമങ്ങളില്‍ ഏറ്റവും വലുതിന്റെ കൂട്ടത്തില്‍ പെടുത്താവുന്ന കില്‍പിസ് യാര്‍വിയിലെ ജനസംഖ്യ ഏതാണ്ട് 115 ആണ്! നമ്മുടെ നാട്ടില്‍ ഒരു പത്തു വീടുകള്‍ ഉണ്ടെങ്കില്‍ ജനസംഖ്യ ഇതിലും കൂടും. 8000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള  (ലക്‌സംബര്‍ഗിന്റെ ഏതാണ്ട് മൂന്നിരട്ടി വലിപ്പം) എനോന്‍ടെക്കിയോ മുനിസിപ്പാലിറ്റിയിലെ മൊത്തം ജനസംഖ്യ 1900 മാത്രം! ജനസാന്ദ്രതയോ? ചതുരശ്ര കിലോമീറ്ററിന്  0.24 പേര്‍! ഭൂപടത്തില്‍ ഉയര്‍ത്തിപ്പിടിച്ച വലതുകൈയുടെ രൂപമുള്ളതിനാല്‍ ഫിന്നിഷ് ഭാഷയില്‍  എനോന്‍ടെക്കിയോ അറിയപ്പെടുന്നത്  Kasivarsi ('കൈ' എന്നര്‍ത്ഥം) എന്നാണ്. വടക്കന്‍ സ്‌കാന്‍ഡിനേവിയയില്‍ കാണപ്പെടുന്ന സാമി വിഭാഗത്തില്‍പ്പെട്ട ജനങ്ങളാണ് ഇവിടത്തെ താമസക്കാര്‍. 

Scandineviya

ഫിന്‍ലന്‍ഡിലെ വടക്കന്‍ പ്രവിശ്യയായ ലാപ്‌ലാന്‍ഡിലൂടെ വടക്കന്‍ നോര്‍വേയിലെ ട്രോംസോ പട്ടണത്തിലേക്കു പോകുന്ന റോഡിനോട് ചേര്‍ന്നുള്ള കില്‍പിസ് യാര്‍വിയില്‍ ഒരു വിദ്യാലയവും ഒരു ഹോട്ടലുമുണ്ട്. ഹെല്‍സിങ്കി സര്‍വകലാശാലയുടെ ഒരു റിസേര്‍ച് സ്റ്റേഷനും ഇവിടെ സ്ഥിതിചെയ്യുന്നു. നോര്‍വേ, സ്വീഡന്‍, ഫിന്‍ലന്‍ഡ് എന്നീ രാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ ചേരുന്ന 'ത്രീ കണ്‍ട്രി കെണ്‍' കില്‍പിസ് യാര്‍വിയിലെ ഒരു ആകര്‍ഷണകേന്ദ്രമാണ്. 

Scandineviya

കഴിഞ്ഞവര്‍ഷം വടക്കന്‍ ഫിന്‍ലന്‍ഡിലെ ഔലു എന്ന പട്ടണത്തില്‍ നിന്നും ഫിന്നിഷ് ലാപ് ലാന്‍ഡിന്റെ തലസ്ഥാനമായ റൊവാനിമി വഴി നോര്‍വേയിലെ ട്രോംസോ വരെ ഏതാണ്ട് 850 കിലോമീറ്റര് ദൂരം ബസ്സില്‍ സഞ്ചരിച്ചപ്പോള്‍ എനിക്ക് കില്‍പിസ് യാര്‍വി ഗ്രാമത്തില്‍ കാലുകുത്താന്‍ ഭാഗ്യമുണ്ടായി. അതിനും ഒരുവര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2015 മെയ് 3 ന് കില്‍പിസ് യാര്‍വിയില്‍ ഒരു അത്യാഹിതം സംഭവിച്ചു. അവധി ദിവസങ്ങളില്‍ ഗ്രാമത്തിലെ ഏക വിദ്യാലയം വിനോദസഞ്ചാരികള്‍ക്ക് താമസിക്കാന്‍ വിട്ടുനല്‍കുമായിരുന്നു. സ്‌കൂള്‍ കെട്ടിടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാരവന്‍ വാനില്‍ നിന്നും എന്തോ കാരണത്തില്‍ അഗ്‌നിബാധയുണ്ടായി. വാഹനത്തില്‍ നിന്നും തീ പടര്‍ന്നതോടെ സ്‌കൂളിന് തീ പിടിച്ചു. കെട്ടിടം കത്തിച്ചാമ്പലായി. ഭാഗ്യത്തിന് ആളുകള്‍ക്ക് അപകടമോ ജീവഹാനിയോ ഉണ്ടായില്ല.

എന്നാല്‍ സ്‌കൂള്‍ കെട്ടിടത്തിലെ ഓഫീസില്‍ സൂക്ഷിച്ച ആയിരക്കണക്കിന് യൂറോ വിലയുള്ള കറന്‍സി നോട്ടുകള്‍ അഗ്‌നിബാധയില്‍ നശിച്ചുപോയി. സ്‌കൂളിലെ കുട്ടികള്‍ക്ക് പഠനയാത്ര പോകാന്‍ ശേഖരിച്ച പണമാണ് കത്തിച്ചാമ്പലായത്. പഠനത്തോടൊപ്പം ഒഴിവുസമയങ്ങളില്‍ മറ്റു ജോലികള്‍ ചെയ്താണ് കിളിപിസ് യാര്‍വി സ്‌കൂളിലെ കുട്ടികള്‍ പഠനയാത്രയ്ക്കുള്ള പണം സ്വരുക്കൂട്ടിയത്. മാസങ്ങളോളം തങ്ങള്‍ ചെയ്ത അധ്വാനത്തിന്റെ ഫലമാണ് സ്വന്തം സ്‌കൂളിന്റെ കെട്ടിടത്തോടൊപ്പം അഗ്‌നി കവര്‍ന്നെടുത്തത്.

ഇത്രയും വലിയ തുക എന്തിന് കറന്‍സി രൂപത്തില്‍ സ്‌കൂള്‍ ഓഫീസില്‍ സൂക്ഷിച്ചു എന്ന ചോദ്യമുണ്ട്. തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തിയിട്ടും സ്‌കൂള്‍ ജീവനക്കാര്‍ക്ക് പണം ഏറ്റവും അടുത്തുള്ള ബാങ്ക് ശാഖയില്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു യാഥാര്‍ഥ്യം. മെയ് 3 ഞായറാഴ്ചയായിരുന്നു. അത്യാഹിതം സംഭവിച്ചതിനു പിന്നാലെ ചൊവ്വാഴ്ച്ച കില്‍പിസ് യാര്‍വി സ്‌കൂളിലെ അധ്യാപികയായ സിര്‍പ്പ കെസ്‌കിറ്റാലോ പണം ബാങ്കില്‍ നിക്ഷേപിക്കുന്ന കാര്യത്തില്‍ തങ്ങള്‍ നേരിട്ട വിഷമതകള്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. ഈ പോസ്റ്റ് വൈറല്‍ ആയി. ഫേസ്ബുക് പോസ്റ്റ് ഇട്ട ദിവസം ചൊവ്വാഴ്ച്ച ഉച്ച കഴിഞ്ഞപ്പോഴേക്കും സിര്‍പ്പയുടെ പോസ്റ്റ് ഷെയര്‍ ചെയ്തത് 17000 പേരായിരുന്നു.
 
Scandineviyaതന്റെ പോസ്റ്റിലൂടെ സിര്‍പ്പ പങ്കുവെച്ച കാര്യം ഇങ്ങനെ സംഗ്രഹിക്കാം.

ഫിന്‍ലന്‍ഡില്‍ പ്രശസ്തമായ നോര്‍ഡിയ എന്ന സ്‌കാന്‍ഡിനേവിയന്‍ ബാങ്കിലാണ് സ്‌കൂളിന്റെ അക്കൗണ്ട് ഉള്ളത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വടക്കന്‍ ഫിന്‍ലന്‍ഡിലെ ഒട്ടേറെ ശാഖകള്‍ നോര്‍ഡിയ അടച്ചുപൂട്ടിയിരുന്നു. കില്‍പിസ് യാര്‍വിയിലെ താമസക്കാരെ സംബന്ധിച്ചെടുത്തോളം ടെല്ലര്‍ സേവനം ലഭ്യമായ ഏറ്റവും അടുത്തുള്ള ബാങ്ക് ശാഖയില്‍ പോയി വരണമെങ്കില്‍ റോഡുമാര്‍ഗം 880 കിലോമീറ്റര്‍ സഞ്ചരിക്കണം. കുട്ടികളില്‍ നിന്ന് പിരിച്ച തുക നിക്ഷേപിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ബാങ്ക് അക്കൗണ്ട് തുറന്നത് കില്‍പിസ് യാര്‍ വിയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ മ്യുണിയോ എന്ന പട്ടണത്തിലെ നോര്‍ഡിയ ശാഖയിലായിരുന്നു. എന്നാല്‍ അല്പകാലത്തിന് ശേഷം ചെലവുചുരുക്കലിന്റെ ഭാഗമായി നോര്‍ഡിയ അവരുടെ മ്യുണിയോ ശാഖ അടച്ചുപൂട്ടി. ഇനിയിപ്പോള്‍ ഏറ്റവും അടുത്ത ബാങ്ക് ശാഖ കില്‍പിസ് യാര്‍വിയില്‍ നിന്നും 280 കിലോമീറ്റര്‍ അകലെ കിറ്റില എന്ന പട്ടണത്തിലാണ്.

കുട്ടികള്‍ കൂടുതല്‍ പണം സ്വരുക്കൂട്ടുന്ന മുറയ്ക്ക് കിറ്റില വരെ പോയി പണം നിക്ഷേപിക്കാം എന്ന് മാതാപിതാക്കളും അധ്യാപകരും തീരുമാനിച്ചു. നിര്‍ഭാഗ്യവശാല്‍ തങ്ങളുടെ കിറ്റില  ശാഖയില്‍ പണമിടപാട് (പണം നിക്ഷേപിക്കാന്‍ സൗകര്യം) നിര്‍ത്താന്‍ നോര്‍ഡിയ തീരുമാനിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു. (സ്‌കാന്‍ഡിനേവിയയില്‍ ക്യാഷ്ലെസ്സ് ബാങ്ക് ശാഖകള്‍ വ്യാപകമാണ്). ഇതോടെ കില്‍പിസ് യാര്‍വിയിലെ അധ്യാപകര്‍ക്ക് പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ 440 കിലോമീറ്റര്‍ അകലെയുള്ള റൊവാനിമി ശാഖയിലേക്ക് പോകേണ്ടുന്ന അവസ്ഥയായി. കൊറിയര്‍ സര്‍വീസ് മുഖേന പണം റൊവാനിമി ബ്രാഞ്ചിലേക്ക് അയക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ബാങ്കിനോട് രണ്ടു തവണ അനുമതി ചോദിച്ചെങ്കിലും ആ പ്രത്യേകസമയങ്ങളില്‍ പണം സ്വീകരിക്കുന്നതില്‍ സാങ്കേതിക തടസ്സം ഉള്ളതായി ബാങ്ക് അധികൃതര്‍ അറിയിക്കുകയായിരുന്നു. ഒരു ചൊവ്വാഴ്ച ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ റൊവാനിമിയിലേക്ക് തിരിക്കാനൊരുങ്ങിയ സ്‌കൂള്‍ അധികൃതരോട് ബാങ്ക് ജീവനക്കാര്‍ പറഞ്ഞത് തങ്ങള്‍ കൃത്യം ഒരുമണി വരെ മാത്രമേ പണം സ്വീകരിക്കാറുള്ളൂ എന്നാണ്. കൃത്യനിഷ്ഠയില്‍ നമ്മള്‍ അഭിമാനിക്കുക തന്നെ വേണം. അധ്യാപകര്‍ കില്‍പിസ് യാര്‍വിയില്‍ നിന്നും 440 കിലോമീറ്റര്‍ സഞ്ചരിച്ച് റൊവാനിമിയില്‍ എത്തുമ്പോഴേക്ക് ഇടപാട് സമയം കഴിയുമോ എന്ന സംശയവും ബാങ്ക് അധികൃതര്‍ പ്രകടിപ്പിച്ചു. ഇതോടെ തങ്ങള്‍ ഇത്രനാള്‍ സ്വരൂപിച്ച പണം സ്‌കൂളില്‍ തന്നെ സൂക്ഷിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും തീരുമാനമെടുത്തു.

സ്‌കൂള്‍ കെട്ടിടത്തിന് തീ പിടിക്കും എന്ന ചിന്ത അവരുടെ വിദൂരസ്വപ്നങ്ങളില്‍ പോലുമില്ലായിരുന്നു. ഇതുവരെ സ്വരുക്കൂട്ടിയ പണം അഗ്‌നിബാധയില്‍ നഷ്ടപ്പെട്ടെങ്കിലും തങ്ങളുടെ കുട്ടികളെ ഫീല്‍ഡ് ട്രിപ്പിന് കൊണ്ടുപോകുന്ന തീരുമാനത്തില്‍ നിന്നും അവര്‍ പിന്മാറിയില്ല.

Scandineviya


 
ഇതോടെയാണ് സ്‌കൂള്‍ അധികൃതരുടെ നിസ്സഹായത ബോധ്യമായ നോര്‍ഡിയ ഒരു തീരുമാനം പ്രഖ്യാപിച്ചത്. ഫീല്‍ഡ് ട്രിപ്പിനായി സമാഹരിച്ച തുക നഷ്ടപ്പട്ടതിനു പകരമായി 4000 യൂറോ സ്‌കൂളിന് സംഭാവന ചെയ്യാന്‍ ബാങ്ക് തീരുമാനിച്ചു. ഇക്കാര്യം അവര്‍ തങ്ങളുടെ വെബ്‌സൈറ്റിലൂടെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ നിര്‍ഭാഗ്യത്തില്‍ ഖേദം പ്രകടിപ്പിച്ച നോര്‍ഡിയ, റൊവാനിമിയില്‍ കുട്ടികള്‍ക്ക് നല്ലൊരു അവധിക്കാല പഠനയാത്ര നേരുകയും ചെയ്തു. നിയമപരമായ ബാധ്യതയുള്ളതിനാല്‍ നിറവേറ്റുന്ന corporate social responsibility പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ നോര്‍ഡിയ ചെയ്തതുപോലുള്ള   'goodwill gesture' നമ്മുടെ നാട്ടിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്കും സ്വീകരിക്കാവുന്നതാണ്.