കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്കുള്ള സഹായപദ്ധതികളുമായി സന്നദ്ധ സംഘടനയായ പീപ്പിൾസ് ഫൗണ്ടേഷൻ. പ്രവാസി കുടുംബങ്ങളെക്കുറിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച ‘ഇക്കരെയണയാത്ത സ്വപ്നങ്ങൾ’ എന്ന പരമ്പരയെത്തുടർന്നാണ് പീപ്പിൾസ് ഫൗണ്ടേഷൻ പദ്ധതികളുമായി മുന്നോട്ടുവന്നത്.
മരിച്ച നിർധന പ്രവാസികളുടെ കുടുംബങ്ങൾക്ക് വീട്, മക്കൾക്ക് സ്കോളർഷിപ്പ്, കുടുംബങ്ങളിൽ ഒരാൾക്ക് സ്വയംതൊഴിൽ എന്നിവ ഉൾക്കൊള്ളുന്നതാണ് പുനരധിവാസ പദ്ധതി. വീടുപണി പൂർത്തിയാക്കാനും വീട് പണിയാനും അഞ്ചുലക്ഷം രൂപവരെയാണ് സഹായധനം. വീടുവെക്കാൻ സ്വന്തമായി സ്ഥലമില്ലാത്തവർക്ക് പീപ്പിൾസ് ഫൗണ്ടേഷന്റെ കൈവശം വിവിധ ജില്ലകളിലുള്ള ഭൂമി നൽകും. ഭാര്യയ്ക്കോ മക്കളിൽ ഒരാൾക്കോ സ്വയംതൊഴിൽ കണ്ടെത്താൻ അഞ്ചുലക്ഷം രൂപവരെ സഹായധനം നൽകും. രണ്ടുലക്ഷം രൂപവരെയുള്ള വിദ്യാഭ്യാസ സഹായവും പദ്ധതിയിൽ ഉണ്ടെന്ന് സെക്രട്ടറി എം. അബ്ദുൾ മജീദ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9946318054.