കേരളത്തിന്റെ സാമ്പത്തികമേഖലയെ താങ്ങിനിർത്തിയ പ്രവാസി മലയാളികൾക്ക് കോവിഡ് നഷ്ടമാക്കുന്നത് ജീവനും ജീവിതവുമാണ്. മരിച്ചവർ അഞ്ഞൂറോളം, മടങ്ങിയവർ രണ്ടരലക്ഷത്തോളം, അതിൽ പലരും തൊഴിൽ നഷ്ടപ്പെട്ടവർ. എത്ര കുടുംബങ്ങളാണ് ആധിയിലാവുന്നത്! അവർക്ക് താങ്ങാവാൻ, ജീവിതം മുന്നോട്ടുെകാണ്ടുപോവാൻ സഹായകമാവുന്ന പദ്ധതികൾ ഏറ്റെടുക്കുകയാണ് കേരളത്തിലെ സഹകരണസ്ഥാപനങ്ങൾ.
തിരിച്ചെത്തുന്ന പ്രവാസികളെ മൂന്നുരീതിയിൽ കണക്കാക്കിയാണ് സഹകരണസ്ഥാപനങ്ങൾ പദ്ധതി ആവിഷ്കരിക്കുന്നത്. പ്രതിസന്ധി മാറുന്നതോടെ വിദേശത്തേക്ക് മടങ്ങിപ്പോകുന്നവർ, അധ്വാനിച്ചുണ്ടാക്കിയതെല്ലാം സ്വരൂക്കൂട്ടി നാട്ടിൽ ഒരു  വരുമാനമാർഗം കണ്ടെത്താൻ ആഗ്രഹിക്കുന്നവർ, തൊഴിൽ നഷ്ടമായി തിരിച്ചെത്തുന്നവർക്ക് ഇവിടെ ഒരു തൊഴിൽ. ഈ മൂന്നുവിഭാഗത്തിലുള്ളവർക്കും സഹായമാകുന്ന വിവിധ പദ്ധതികൾ സഹകരണസ്ഥാപനങ്ങൾ ആസൂത്രണംചെയ്തിട്ടുണ്ട്. നിർമാണമേഖലയിൽ വൈദഗ്ധ്യമുള്ളവർക്ക് ലേബർ സഹകരണസംഘങ്ങൾ ജോലിനൽകിത്തുടങ്ങിയിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണസംഘം, കോഴിക്കോട് ആസ്ഥാനമായുള്ള ലാഡർ എന്നിവയെല്ലാം ഇത്തരത്തിൽ സഹായഹസ്തം നീട്ടിയ സ്ഥാപനങ്ങളാണ്.

പണമുറപ്പാക്കാൻ കേരളബാങ്ക്

പ്രതിസന്ധിതീരുംവരെ നാട്ടിൽ കഴിയേണ്ടിവരുന്നവർക്ക് താത്‌കാലിക ആശ്വാസമാണ് വേണ്ടത്. അവർക്കുവേണ്ടി പ്രത്യേക സ്വർണപ്പണയവായ്പയാണ് കേരളബാങ്ക് നൽകുന്നത്. കുറഞ്ഞപലിശയും മൂന്നുമാസംവരെ ഇളവും നൽകുന്നതാണിത്. ഇനി കേരളത്തിൽത്തന്നെ തുടരാനാഗ്രഹിക്കുന്നവർക്കുമുണ്ട് സഹായവും മാർഗനിർദേശവും. ഇവർക്ക് സംരംഭം തുടങ്ങാൻ 30 ലക്ഷം രൂപവരെ കേരള ബാങ്ക് നൽകും. നോർക്ക റൂട്‌സുമായി സഹകരിച്ച് പ്രവാസികിരൺ എന്ന പേരിലാണ്‌ പദ്ധതി. 15 ശതമാനംവരെ സബ്‌സിഡിയും പലിശയിളവും ഇതിന് ലഭിക്കും. ചെറുകിട-ഇടത്തരം സംരംഭങ്ങൾ തുടങ്ങാൻ ഒരു കോടിരൂപവരെ 8.75 ശതമാനം പലിശനിരക്കിൽ വായ്പ അനുവദിക്കുന്നതാണ് മറ്റൊരു പദ്ധതി. ലളിതമാണ് ജാമ്യവ്യവസ്ഥകൾ. ചെറിയ സംരംഭകർക്കുള്ള വായ്പ പത്തുലക്ഷം രൂപവരെയാണ്. വസ്തുജാമ്യത്തിലാണിത്.

കരുതൽപദ്ധതിയുമായി എൻ.എം.ഡി.സി.

പ്രവാസികൾക്കായി ഒരു സഹകരണസ്ഥാപനം നൽകുന്ന കാരുണ്യപൂർണമായ പദ്ധതിയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന നോർത്ത് മലബാർ ഡിസ്ട്രിക് കോ-ഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിങ് സൊസൈറ്റി (എൻ.എം.ഡി.സി.) പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് കാലത്തുണ്ടായ അനുഭവം പാഠമാക്കി, വിഷംകലരാത്ത നാടൻ ഭക്ഷ്യവസ്തുക്കൾ ജനങ്ങളിലെത്തിക്കാൻ കേരളത്തിലുടനീളം സഹകരണ കൺസ്യൂമർ സ്റ്റോർ ശൃംഖല തുടങ്ങാൻ എൻ.എം.ഡി.സി. തീരുമാനിച്ചിരുന്നു. കർഷകർ, കർഷകകൂട്ടായ്മകൾ, സഹകരണസംഘങ്ങൾ, സ്ത്രീ കൂട്ടായ്മകൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവരുടെയെല്ലാം ഉത്‌പന്നങ്ങൾ വിപണിയിലെത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായുള്ള സംരംഭങ്ങളുടെ ഭക്ഷ്യോത്‌പന്നങ്ങളുൾപ്പെടെ ഒരുകുടക്കീഴിലാക്കി വിപണിയിലെത്തിക്കാനാണ് എൻ.എം.ഡി.സി.യുടെ ശ്രമം. 500 റീട്ടെയിൽ ഔട്ട്‌െലറ്റുകൾ തുറക്കാനാണ് പദ്ധതി. കേരളത്തിൽ ഭക്ഷ്യോത്‌പന്നങ്ങളുണ്ടാക്കുന്ന 2000 സ്ത്രീകൂട്ടായ്മകളുണ്ടെന്നാണ് കണക്ക്. ഇവരിൽ ഭൂരിപക്ഷം പേർക്കും ജീവിക്കാനുള്ള വരുമാനം ഇതിലൂടെ കിട്ടുന്നില്ല. ഈ ഉത്‌പന്നങ്ങൾ ഏറ്റെടുക്കുമ്പോൾ 6000 സ്ത്രീകൾക്കെങ്കിലും മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാനാകുമെന്നാണ് എൻ.എം.ഡി.സി. കണക്കാക്കിയിട്ടുള്ളത്. ഇതിനൊപ്പം പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള സഹായവും നൽകും.
പ്രവാസികൾക്കായി

എൻ.എം.ഡി.സി. നൽകുന്നത് ഇവയാണ്

  • ചെറുകിട കൺസ്യൂമർ ശൃംഖലയിൽ പ്രവാസികൾക്ക് സ്വന്തമായി ഔട്ട്‌െലറ്റ് അനുവദിക്കും. ഇതിന്‌ വേണ്ടിവരുന്ന പണം അവരുടെ സ്ഥിരനിക്ഷേപമാക്കി സുരക്ഷനൽകും. ഔട്ട്‌െലറ്റിലേക്കുള്ള സാധനങ്ങൾ മുഴുവൻ എൻ.എം.ഡി.സി. നൽകും. ലാഭം അവർക്കുള്ള വരുമാനമാണ്.
  • ഭക്ഷ്യോത്‌പന്നങ്ങളുടെ നിർമാണത്തിന് സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള എല്ലാസഹായവും നൽകും. ഉത്‌പന്നങ്ങൾ പൂർണമായി എൻ.എം.ഡി.സി. ഏറ്റെടുത്ത് സ്ഥിരവരുമാനം ഉറപ്പാക്കും.
  • ചെറുകിട ഔട്ട്‌െലറ്റിനടക്കം കേരളബാങ്കിൽനിന്നോ നോർക്ക പദ്ധതി അനുസരിച്ച് മറ്റുബാങ്കുകളിൽനിന്നോ സാമ്പത്തികസഹായം ലഭ്യമാക്കും. തിരിച്ചടവിനുള്ള ഗ്യാരന്റി എൻ.എം.ഡി.സി. ഉറപ്പാക്കും.

കൂടുതൽ വിവരങ്ങൾക്ക്‌: 8593007333

‘മാതൃഭൂമി’യിലൂടെ  പ്രവാസികൾക്കും

പ്രവാസികളുടെയും അവരുടെ കുടുംബത്തിന്റെയും  ആകുലതയും അനാഥത്വവും വെളിപ്പെടുത്തുന്ന മാതൃഭൂമി വാർത്താപരമ്പരയ്ക്ക് പിന്നാലെ, എൻ.എം.ഡി.സി. അവരുടെ പദ്ധതിയിൽ പ്രത്യേക പരിഗണനയോടെ പ്രവാസികളെയും ഉൾപ്പെടുത്തി. പ്രവാസികൾക്കുവേണ്ടി ചെയ്യാനാവുന്നതെല്ലാം ചെയ്യണമെന്ന് മാതൃഭൂമി പരമ്പരനൽകിയ ബോധ്യമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് എൻ.എം.ഡി.സി. ചെയർമാൻ പി. സൈനുദ്ദീൻ പറഞ്ഞു. അടുത്ത ഭരണസമിതിയിൽ ഇതിനായി പദ്ധതി ഭേദഗതി അംഗീകരിക്കും. 150 കോടിയോളം ചെലവുവരുന്ന പദ്ധതി രണ്ടുമാസത്തിനുള്ളിൽ തുടങ്ങാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.