വിഭവങ്ങൾ കൊണ്ടും സമ്പത്ത് കൊണ്ടും വലുപ്പം കൊണ്ടും ലോകത്തെ മുൻനിര രാജ്യങ്ങളിലൊന്നായ സൗദി അറേബ്യ കഴിഞ്ഞദിവസം  ലോകത്തെ ഞെട്ടിച്ചു. അഴിമതിയുടെ പേരിൽ  പതിനൊന്ന് രാജകുമാരന്മാരെയും മന്ത്രിമാരെയും ഉൾപ്പെടെ അമ്പതോളം പേരാണ് സൗദിയിൽ അറസ്റ്റിലായത്.  2015 ജനുവരിയിൽ അധികാരത്തിലെത്തിയ സൽമാൻ രാജാവ് ഈയിടെ സ്വന്തം മകൻ മുഹമ്മദ് ബിൻ സൽമാനെ കിരീടാവകാശിയായി അവരോധിച്ചതോടെയാണ് പരിഷ്കരണ നടപടികൾക്ക് സൗദിയിൽ ആക്കം കൂടിയത്. 

പുതിയ മുഖത്തിനായി മുന്നൊരുക്കം
അഴിമതിക്കെതിരേ നടന്ന കഴിഞ്ഞദിവസത്തെ അറസ്റ്റു  പെട്ടെന്നുള്ള നടപടിയായി കാണാനാവില്ല. സൽമാൻ രാജാവിന്റെ അംഗീകാരത്തോടെ രൂപം കൊടുത്ത സുപ്രീം കമ്മിറ്റിയുടെ തീരുമാനമായിരുന്നു ഈ അറസ്റ്റുകൾ. കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാന്റെ  നേതൃത്വത്തിലുള്ള ശുദ്ധീകരണ പ്രക്രിയയായാണ് ഔദ്യോഗിക വൃത്തങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്.

സൗദിയിലെ ജനസംഖ്യയിൽ ഇപ്പോൾ 65-70 ശതമാനം പേരും മുപ്പത് വയസ്സിൽ താഴെയുള്ളവരാണ്. ഇവരുടെ കൈയടിയും സമ്മതിയും നേടുക തന്നെയാണ് പുതിയ പരിഷ്കരണ നടപടികൾക്ക് പിന്നിലെ പ്രധാന ലക്ഷ്യം. അതോടൊപ്പം തന്നെയാണ് മേഖലയെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളെ ചെറുക്കാനുള്ള ശ്രമങ്ങളും മുന്നേറുന്നത്. ലോകത്ത് ഇപ്പോൾ കുടുംബത്തിന്റെ പേരിൽ നിലനിൽക്കുന്ന ഏകരാജവംശമാണ് സൗദിയിലുള്ളത്. അതേസമയം തലമുറകളായി അധികാരത്തിനോട് ചേർന്ന് നിൽക്കുന്ന കുടുംബ വംശാവലികൾ അനേകമുണ്ട്. അതിൽ പെട്ട ചിലരാണ് ഇപ്പോൾ അറസ്റ്റിലും വീട്ടുതടങ്കലിലുമായിട്ടുള്ളത്. സൽമാൻ രാജാവിന് മുമ്പ് അധികാരത്തിലുണ്ടായിരുന്ന അബ്ദുള്ള രാജാവിന്റെ മകൻ മിതൈബ് ബിൻ അബ്ദുള്ള രാജകുമാരനും ലോകത്തെ അതി സമ്പന്നരിലൊരാളായ അൽ വാലീദ് ബിൻ തലാൽ രാജകുമാരനും എം.ബി.സി. ചാനൽ ഉടമ അൽ വലീദ് അൽ ഇബ്രാഹിമും പ്രമുഖ നിർമാണ കമ്പനിയായ ബിൻ ലാദൻ കമ്പനി ഉടമ ബകർ ബിൻ ലാദനുമെല്ലാം  ഇതിൽ ഉൾപ്പെടുന്നു.

ഏറെക്കാലം സൗദി ഭരിച്ചിരുന്ന ഫഹദ് രാജാവിന്റെയും തുടർന്ന് വന്ന അബ്ദുള്ള രാജാവിന്റെയും കാലഘട്ടങ്ങൾക്ക് ശേഷമാണ് സൽമാൻ രാജാവിന്റെ ഭരണം 2015-ൽ ആരംഭിക്കുന്നത്. പിന്തുടർച്ച ഉറപ്പാക്കാൻ മകൻ മുഹമ്മദ് ബിൻ സൽമാനെ കിരീടാവകാശിയുമാക്കി. 'രാജ്യം മുപ്പത് വർഷമായി പിന്തുടരുന്ന കർശന ഇസ്‌ലാമിക നിയമങ്ങളിൽ അയവുവരുത്തുമെന്ന' പ്രഖ്യാപനവും അദ്ദേഹത്തിൽ നിന്നുണ്ടായി. ഒരു ഭാഗത്ത് അറബ് നാടുകളെ അണിചേർത്ത് തീവ്രവാദ പ്രസ്ഥാനങ്ങൾക്കെതിരേ പോരാടാൻ നേതൃത്വം നൽകുന്നുണ്ട് സൗദി അറേബ്യ. ഇതോടൊപ്പം തന്നെയാണ് മിതവാദ രാഷ്ട്രത്തിലേക്കുള്ള ചുവടുവെപ്പും. രാജ്യത്തെ മതനേതൃത്വത്തിന്റെ പിന്തുണയും അനുമതിയും സൽമാൻ രാജാവിന് വേണ്ടുവോളം ലഭിക്കുന്നുണ്ട്. അതോടൊപ്പം തന്നെയാണ്  അമേരിക്കയുടെ ശക്തമായ പിന്തുണയും. 

1979-ൽ ആത്മീയ നേതാവ്  ആയത്തുള്ള ഖൊമേനിയുടെ നേതൃത്വത്തിൽ ഇറാനിൽ നടന്ന വിപ്ലവത്തിൽ ആവേശം പൂണ്ട് പല ഇസ്‌ലാമിക രാജ്യങ്ങളിലും ചെറിയ ചെറിയ മുന്നേറ്റങ്ങൾ രൂപപ്പെട്ടുവന്നിരുന്നു. അത്തരത്തിലുള്ള ചില പ്രസ്ഥാനങ്ങളാണ് പിന്നീട് അതിതീവ്ര മുന്നേറ്റങ്ങളായി മാറിയത്. അതേസമയം സൗദി ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ഈ മുന്നേറ്റങ്ങളെ ഏത് രീതിയിൽ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ സന്ദേഹത്തിലായിരുന്നു. എന്നാൽ മുപ്പത് വർഷം അതിനായി നാം പാഴാക്കിയെന്നും ഇനിയും കാത്തിരിക്കാതെ അവരെ വേരോടെ പിഴുതെറിയുമെന്നുമാണ് കിരീടാവകാശിയുടെ പ്രഖ്യാപനം. 

അറസ്റ്റിന്റെ രാഷ്ട്രീയം
കുടുംബവാഴ്ചകളും അവരുടെ സ്വാഭാവികമായ അധികാരവാഴ്ചകളും അഴിമതിയുടെ വാതിൽ തുറക്കാൻ പശ്ചാത്തലമൊരുക്കുക സ്വാഭാവികമാണ്. അധികാരവാഴ്ചയുടെ പേരിലുള്ള അഴിമതിയെ നിരാകരിക്കാനുള്ള ശ്രമം കൂടിയാണ് പുതിയ അറസ്റ്റിലൂടെ കിരീടാവകാശിയുടെ നടപടികൾ. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രമെന്ന നിലയിൽ ആ സമ്പത്തിന്റെ വിനിയോഗം ക്രമപ്പെടുത്താനുള്ള ശ്രമമായാണ് ഇപ്പോഴത്തെ നടപടികളെ വ്യാഖ്യാനിക്കുന്നത്. 

അഴിമതിക്ക് എതിരായ ഏത് നീക്കവും സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്ന മതശാസനം ഈ നടപടികളിൽ സൗദി ഭരണകൂടത്തിന് കാര്യങ്ങൾ എളുപ്പമാക്കുന്നുണ്ട്. മതനേതൃത്വത്തിന്റെ പിന്തുണയും ഈ നീക്കങ്ങൾക്കുണ്ട്. സൗദി അറേബ്യയുടെ പണവും സംഭാവനകളും ഉപയോഗിച്ചാണ് അറബ് മേഖലയിലെ പല നഗരങ്ങളും പണിതത്. പല നഗരങ്ങളും വികസിച്ചതും അങ്ങനെയാണ്. അനേകം ഗൾഫ് നഗരങ്ങളിൽ ആരാധനാലയങ്ങളും സൗദി നിർമിച്ചു നൽകിയിട്ടുണ്ട്. ചാരിറ്റിയുടെ പേരിലും സൗദിയുടെ പണം പുറത്തേക്ക് ഒഴുകുന്നു. ഇതെല്ലാം ക്രമപ്പെടുത്താനും പരമാവധി സമ്പത്ത് രാജ്യത്തിനകത്ത് തന്നെ ഉപയോഗപ്പെടുത്താനുമുള്ള ആലോചന പുതിയ നേതൃത്വത്തിലുണ്ട്. 

അതേസമയം കിരീടാവകാശിയുടെ നേതൃത്വത്തിൽ നടക്കുന്ന പുതിയ നടപടികൾക്ക് വേഗം കൂടിപ്പോയോ എന്ന് ആശങ്കപ്പെടുന്നവരും മേഖലയിലുണ്ട്. പക്വതയോടെയാണോ ഈ നടപടികൾ നടപ്പാക്കുന്നതെന്നതും അതിന് ധൃതി കൂടിപ്പോയെന്നതും ചിലരുടെ ആശങ്കകളായി നിൽക്കുന്നു.