ഇരുപത്തിയഞ്ച് വർഷംമുമ്പ് റഷ്യയിൽനിന്നും അസർബൈജാനിൽനിന്നും വന്ന് രാപാർത്തിരുന്ന യൗവനയുക്തകളായ ലലനാമണികൾ ഉറക്കച്ചടവോടെ അതിരാവിലെ വന്ന് ബ്രേയ്ക്ക് ഫാസ്റ്റിന് വെച്ചിരിക്കുന്ന ബ്രഡ് പൂത്തോയെന്നും ബീക്കൺ തളിർത്തോയെന്നും നോക്കിയിരുന്ന കമീലിയ ഹോട്ടലിൽ, കാശിത്തുമ്പയുടെ, മൂത്ത് യെല്ലൊയിഷ് കളറായ വിത്തുപോലെ, തൊട്ടാൽ പൊട്ടിത്തെറിക്കുന്ന പരുവത്തിലുള്ള യൗവനവും പേറി എന്തുംചെയ്യും അക്കൗണ്ടായി ജീവിക്കുന്ന കാലം. ഒരു ദിവസം അതിപ്രകാശിത മുഖപ്രസാദമുള്ള ഒരു കന്തൂറാംബരൻ (ബഹുവ്രീഹി സമാസം) ഏറക്കുറെ ആമേൻ സിനിമയിലെ ചേടത്ത്യാരുടെ പോലെ തലയ്ക്കുചുറ്റും ഒരു പ്രകാശമൊക്കെയായി, ഹോട്ടലിന്റെ മുതലാളിയെ കാണാൻ വന്നു. എനിക്ക് പൊതുവെ, ചബ്ബിയായ ആളുകളെ കാണുമ്പോഴേ ഒരു സ്‌നേഹവും വാത്സല്യവും തോന്നും.
ഒറിജിനൽ ലോക്കൽ ഒന്നും അല്ലെങ്കിലും തലേക്കെട്ടും വെള്ളക്കുപ്പായവുമൊക്കെയുണ്ട്. ആനന്ദപുരത്തെ അമ്മാവന്റെ വീട്ടിലേക്കുള്ള വഴിയിലേക്ക് ഇറങ്ങുന്നിടത്ത് വലതുവശത്ത് നിന്നിരുന്ന കശുമാവിലെ, നല്ല തുടു കശുമാങ്ങ പോലെയിരിക്കുന്ന മുഖം. തിളങ്ങുന്ന കണ്ണുകൾ. അന്ന് മാസ്‌ക് ഇല്ലാത്തതുകൊണ്ട്, ചിരിക്കുമ്പോൾ ചുണ്ടും പല്ലുമൊക്കെ കാണാം. തൊണ്ടിപ്പഴം. മുല്ലമൊട്ട്! മീറ്റിങ്ങിനിടയ്ക്ക്, അപ്പിഹിപ്പി മുതലാളി വാഷ് റൂമിൽ പോയ നേരത്ത്, തൊട്ടടുത്ത ടേബിളിലിരുന്ന് പത്തുതവണ കൂട്ടിയ ബില്ലുകൾ തിരിച്ചും മറിച്ചും തന്നേം പിന്നേം കൂട്ടിക്കൊണ്ട് ഫുൾ ബിസിയായിരിക്കുന്ന എന്നോട്, ''ഇന്ത ഹറാമി..'' എന്ന് തുടങ്ങുന്ന ഒരു വാചകം അറബിയിൽ പറഞ്ഞു. ഒരു തേങ്ങയും മനസ്സിലായില്ലെങ്കിലും, ''യാ.. യാ..'' എന്ന് മറുപടി പറഞ്ഞോണ്ടിരിക്കുന്ന എന്നെ ഒന്ന് നോക്കി, വേഗംതന്നെ ആൾ അറബി സ്റ്റേഷൻ മാറ്റി, ആൾക്കറിയാവുന്ന ഇംഗ്ലീഷിൽ താഴെയുള്ള സെന്റൻസ് പറയുകയും, എനിക്കറിയാവുന്ന ഇംഗ്ലീഷ് വെച്ച് അത് മനസ്സിലാക്കുകയും ചെയ്തു.
''വിസിറ്റ് വിസയിലാണല്ലേ? ഇവർക്ക് വിസയൊന്നും പാസാവുന്നില്ല ഇപ്പോൾ. തന്നെയുമല്ല, കരീം നല്ല അസ്സൽ തരികിടയാണ്. അതുകൊണ്ട്, ഇവിടത്തെ ജോലിയിൽ വലിയ പ്രതീക്ഷയൊന്നും വെക്കേണ്ട!''
''ഇപ്പറഞ്ഞതെല്ലാം എന്റെ ചെറിയ ബുദ്ധിവെച്ച് എനിക്കും മനസ്സിലായിട്ടുണ്ട്. പിന്നെ, മാസം 2000 ദിർഹവും ഡെയിലി മൂന്ന് നേരം വെറൈറ്റി കോണ്ടിനെന്റൽ ഫുഡ് ഐറ്റംസിൽ തീറ്റമത്സരവും നടക്കുന്നതുകൊണ്ട് വേറേ ജോലി ആവുന്നതുവരെ ഒരു അഡ്ജസ്റ്റ്‌മെന്റിൽ നീങ്ങുകയാണ് മിസ്റ്റർ ഊത്തക്കവിളാ..!'' എന്ന് പറയണമെന്ന് ആദ്യം വിചാരിച്ചെങ്കിലും, മുഖപ്രസാദൻ അത് നേരെ പോയി അപ്പിഹിപ്പിയോടെങ്ങാൻ പറഞ്ഞാൽ അന്നേക്കന്ന് എന്നെ ചവിട്ടിപ്പുറത്താക്കുമെന്ന് അറിയുന്നതിനാൽ, 'അനങ്ങാതിരിക്കണ ചുണ്ണിയിന്മേൽ വെറുതെ ചുണ്ണാമ്പുവെച്ച് പൊള്ളിക്കേണ്ട!' എന്ന മില്ല്യൺ ഡോളർ പഴഞ്ചൊല്ലിന് പിന്നീട് മധുരിക്കാൻ ചാൻസ് കൊടുത്തില്ല.
മജീദ് എന്നുപേരുള്ള ആളൊരു വലിയ കമ്പനിയുടെ പി.ആർ.ഒ. ആണെന്നും ഈ ഹോട്ടൽ ആർക്കോ വിൽക്കുന്ന കാര്യം പറയാനുമാണ് വന്നിരിക്കുന്നത് എന്നുമൊക്കെ കേട്ടപ്പോൾ ഞാനാളെ ഞൊടിയിടയിൽ മയക്കി വീഴ്ത്തുകയും നിമിഷനേരം കൊണ്ട് ഞങ്ങൾ ഗുരുവായൂർക്ക് ചോറൂണിന് കൊണ്ടുപോയപ്പോൾ (ഖുഷി) തുടങ്ങിയ ഫ്രന്റ്ഷിപ്പ് പോലെ, കട്ട കമ്പനിയാവുകയും ചെയ്തു.
രണ്ടാമത്തെ തവണ വന്നപ്പോൾ, ഞങ്ങൾ കുറച്ചും കൂടെ അടുത്തു. (ഡോണ്ട് മിസ്സണ്ടർസ്റ്റാന്റ് മീ - ഒരുമിച്ച് സുലൈമാനി കുടിച്ചു, അവന് പ്രഭുദേവയുടെ ഡാൻസ് ഇഷ്ടമാണ്. മസാല ദോശ ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞു, അത്രമാത്രം!). മൂന്നാമത്തേതിൽ ഞങ്ങൾ വീണ്ടും അടുത്തു. വേണ്ടിവന്നാൽ അളിയന്റെ വില്ല വിട്ട് ആളുടെ റൂമിലേക്ക് അക്കമഡേഷൻ മാറ്റിയാലോ എന്നുവരെ ഞാൻ ആലോചിച്ചു. ആൾ, ഇടക്കിടെ അപ്പിഹിപ്പിയെ കാണാൻ വന്നുകൊണ്ടേയിരുന്നു.
എന്റെ ആദ്യത്തെ വിസിറ്റ് വിസയുടെ 90 ദിവസത്തെ കത്തിക്കൽ കഴിയാറായപ്പോൾ, അടുത്ത വിസിറ്റ് വിസയ്ക്കുള്ള 1500 ദിർഹം കൈയിൽ കൊണ്ടുനടക്കുന്ന സമയത്താണ് പെട്ടെന്ന് എനിക്കൊരു ഐഡിയ തോന്നുന്നത്.
''നമ്മുടെ മജീദ് പി.ആർ.ഒ. അല്ലേ? ആളോടൊന്ന് മുട്ടിനോക്കിയാലോ??''. എന്റെ റിക്വസ്റ്റിന്, ''ഹബീബീ, ബ്രഹ്മാവിന്റെ അടുത്തോ ആയുസ്സിന് പഞ്ഞം?'' എന്ന ചുള്ളമണിയുടെ മറുപടി കേട്ട് ഞാൻ.
''ലോകത്ത് എവിടെ ചെന്നാലും ചില ആളുകൾക്ക് ഇവനെ ഭയങ്കരമയി ഇഷ്ടമാവും, അവർ ഇവനെ സഹായിച്ചുകൊണ്ടേയിരിക്കും!'' എന്ന് പണ്ട് അമ്മയോട് ആ ധർമക്കാരൻ എന്റെ മംഗോളിയ മറുകുകണ്ട് പ്രവചിച്ചത് ചിലപ്പോൾ സത്യമായിരിക്കുമോയെന്ന് മനസ്സിലോർത്ത്, ആളെ വട്ടം കെട്ടിപ്പിടിച്ചാൽ ഒരു നിലയ്ക്കും എത്താൻ ചാൻസില്ലാത്തതുകൊണ്ട് മാത്രം അതിന് ട്രൈ ചെയ്യാതെ കൺട്രോൾ ചെയ്തുനിന്നു. അന്ന് സാധാരണ ഒരു വിസിറ്റ് വിസയ്ക്ക് കമ്പനിക്കാർക്ക് ചെലവ് നൂറ് ദിർഹമാണ്, അത്രതന്നെ മതിയെന്ന് പറഞ്ഞപ്പോൾ, ഞാൻ നിർബന്ധിച്ച് ഒരു 200 ദിർഹം കൊടുത്തു. എന്നാലും നമുക്ക് 1300 ലാഭമാണ്!
വൈകുന്നേരം റൂമിൽ ചെന്നപ്പോൾ എന്റെ കൂട്ടുകാരനോട്, വിസിറ്റ് വിസ എടുക്കാൻ ഞാൻ വേറെ ഒരു സെറ്റപ്പ് ചെയ്തിട്ടുണ്ട്, അളിയനൊരു സർപ്രൈസ് കൊടുക്കണം എന്നുപറഞ്ഞു. അത് കേട്ടവശം ആദ്യംതന്നെ അവൻ ചോദിച്ചത്, ''കാശുവല്ലതും കൊടുത്തോ?'' എന്നാണ്. 200 ദിർഹം എന്ന് പറഞ്ഞപ്പോൾ, ''അപ്പോൾ അത്രേ പോയുള്ളൂ... സാരല്യാ!'' എന്നും പറഞ്ഞെന്നെ ഒന്ന് സമാധാനിപ്പിച്ചു. ഇന്ന് കാണുംവിധം മൊബൈലൊന്നും പ്രചാരമില്ല. സത്യം പറഞ്ഞാൽ അവൻ ചോദിച്ചപ്പോഴാണോർത്തത്, എന്റെ കൈയിൽ ആൾടെ ഒരു കോണ്ടാക്ടുമില്ലായിരുന്നു എന്ന്.
പിറ്റേ ദിവസം വൈകീട്ട് വീട്ടിലെത്തിയപ്പോൾ, അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.- ''ആളെ പിന്നെ കണ്ടില്ലല്ലോ ല്ലേ?''. ആകെ ചമ്മിനിന്ന ഞാൻ, ഷോൾഡർ പൊക്കി കണ്ണടച്ച് കാണിച്ചു. ആക്ച്വലി ആളെ ഞാൻ ആ കാശ് കൊടുത്ത അന്ന് കണ്ടതാണ്. പിന്നെ, ആ ഭാഗത്തേക്ക് ആൾ വന്നില്ല! സംഗതി, പറ്റിപ്പുകേസിന് കൂടുതൽ പബ്ലിസിറ്റി കൊടുക്കാതെ നോക്കാൻ, ഓണം റെസ്റ്റോറന്റിൽനിന്ന് പൊറോട്ടയും താറാവ് റോസ്റ്റും വാങ്ങിക്കൊടുത്ത് സംഭവം ഡീൽ ചെയ്‌തെങ്കിലും ലൈഫിൽ വളരെ സ്നേഹം തോന്നിയ ഒരു വ്യക്തി പറ്റിച്ചതിൽ, ഒരു പരിചയവുമില്ലാത്ത ഒരാളെ വിശ്വസിച്ചതിൽ, എനിക്ക് എന്നോടുതന്നെ 'കഷ്ടം' തോന്നി. എങ്കിലും, വിസ പുതുക്കാൻ ബാക്കിയുണ്ടായിരുന്ന ഒരാഴ്ചക്കാലം ഞാൻ ഡെയ്‌ലി ആൾ വരുന്നതും പ്രതീക്ഷിച്ചിരുന്നു. വേറെ കുറെ ഉണ്ടന്മാർവന്നു. പക്ഷേ, ആൾമാത്രം വന്നില്ല! അന്ന് റിസപ്ഷനിലുണ്ടായിരുന്ന മുനീറിനോട് ചോദിച്ച്, കാര്യമൊന്നും പറയാതെ ഞാൻ ആൾടെ പേജർ നമ്പർ സംഘടിപ്പിച്ച് ഒന്നുരണ്ടുതവണ ട്രൈ ചെയ്തുനോക്കിയെങ്കിലും ആൾ തിരിച്ചുവിളിച്ചില്ല.
ആ പ്രതീക്ഷ വിട്ട്, അളിയന്റെ കെയറോഫിൽ പെപ്‌സി കമ്പനിയിൽ ജോലിചെയ്തിരുന്നയാൾ മുഖാന്തരം അടുത്ത വിസിറ്റ് വിസ എടുക്കുകയും പിന്നീട് ജെബൽ അലിയിലെ ജോലി ഓഫർ വരുന്നതിന് കുറച്ച് മുൻപായി അവിടന്ന് മാറുകയും ചെയ്തു. വിസ കിട്ടിയ സമയത്തും പിന്നെ ഒന്നുരണ്ട് തവണയും മുനീറിന് ഫോൺ ചെയ്തിരുന്നെങ്കിലും പിന്നെപ്പിന്നെ കമീലിയ ഹോട്ടലുമായുള്ള ചെറിയ ബന്ധം അലുത്തുപോയി. ചെറിയ തുകയാണെങ്കിലും എന്നെ ആദ്യമായി ഒരാൾ പറ്റിച്ച കഥയവിടെ കിടക്കുന്നതുകൊണ്ട്, അവിടെ പിന്നെ പോകാൻ തോന്നിച്ചില്ല.
ജെബൽ അലിയിൽ ജോലി കിട്ടി, അഞ്ചുമാസം കഴിഞ്ഞപ്പോഴാണ് അച്ഛന് കാൻസർ ഡയഗ്നോസ് ചെയ്യുന്നത്. എമർജൻസി ലീവിന് പോകാൻ കമ്പനിയിൽനിന്ന് ഒരു ലോൺ എടുക്കേണ്ടതായിവന്നു. ശമ്പളമൊക്കെ വളരെ കുറവായതുകൊണ്ട്, ലോൺ അടവ് കഴിഞ്ഞാൽ പിന്നെ, കഷ്ടിപിഷ്ടിയാണ്. 91 ബസിൽ കയറി ബർദുബായ് വന്ന്, അബ്ര ക്രോസ്ചെയ്ത്, പഠാൻ ഷെയറിങ് ടാക്സി പിടിച്ച് പോയാൽത്തന്നെ 20 ദിർഹമാവും. അതുകൊണ്ട് ഷാർജയ്ക്ക് പോക്കൊക്കെ വളരെ റെയറാക്കി. അങ്ങനെ, അഞ്ചാറുമാസങ്ങൾക്കുശേഷം, ഞാനൊരിക്കൽ ഷാർജയിൽ അളിയന്റെ അടുത്തേക്ക് പോകാൻ, ഇരുപത് ദിർഹവും പേഴ്‌സിൽ െവച്ച്, ഒരു ഏഴുമണി പി.എം.ന്, ''കരകാണാ കൊടകരമേലേ... മോഹപ്പൂങ്കുരുവി പറന്നേ....'' എന്ന പാട്ടുപാടി അബ്ര ക്രോസ്ചെയ്ത് ദേര ടാക്സി സ്റ്റാൻഡിലേക്ക്, 'പൈതൽ ജാത്തേ വക്കത്ത്', വെറുതേ കമീലിയ ഹോട്ടലിന്റെ മുൻപിലെ വഴികൂടെ ഒന്നുപോയി. അവിടെ, കമീലിയക്കുപകരം വേറെ എന്തോ പേർ. ഹോട്ടൽ വേറെയാരോ വാങ്ങി അതിന്റെ പേരൊക്കെ മാറ്റിയതായിരുന്നു.
എന്തായാലും ആ വഴി വന്നതല്ലേ... മുൻപുണ്ടായിരുന്ന ആരെങ്കിലും ഇപ്പോഴുമുണ്ടോ എന്ന് നോക്കാനായി അകത്തുകയറി. എനിക്ക് പരിചയമുള്ള ആരേം കാണാതെ തിരിച്ചിറങ്ങാൻ നിൽക്കുമ്പോൾ ''വലിയ ജോലിയൊക്കെ ആയപ്പോൾ നമ്മളെയൊക്കെ മറന്നല്ലേ?'' എന്നുംപറഞ്ഞ് എന്റെ ചുമലിൽ പിടിച്ചൊരു കുലുക്ക്. അവിടത്തെ പർച്ചേസൊക്കെ നടത്തിയിരുന്ന കാസർകോട്ടുകാരൻ രവി ചേട്ടൻ!
''ജോലിയുടെ കാര്യമൊന്നും പറയേണ്ട എന്റെ രവിച്ചേട്ടാ. വിഷുവിന്റെ തലേന്ന് പടക്കക്കടയിലെ ആൾടെ അവസ്ഥയാണ്. ആറുമാസംകൊണ്ട് ഇറാൻ ടെഹ്രാൻ ഏരിയയിലും മാഷാദ് ഏരിയയിലും പ്രചാരത്തിലുള്ള എല്ലാ തെറികളും കേട്ടുപഠിച്ചു!'' എന്ന് പറഞ്ഞു. വിശേഷങ്ങൾ പറയുന്നതിന്റെ കൂട്ടത്തിൽ ആൾ പെട്ടെന്ന് എന്തോ ഓർത്തപോലെ,
''അതേയ്, ആ തടിയൻ മജീദ് നിന്റെ കൈയീന്ന് കാശുവല്ലതും വാങ്ങിയിരുന്നോ?'' എന്ന് ചോദിച്ചു.
''ഉം. വിസിറ്റ് വിസ എടുക്കാൻ കൊടുത്തതാണ്!'' എന്ന് പറഞ്ഞപ്പോൾ,
''ബെസ്റ്റ്. അരണയുടെ മറവിയായതുകൊണ്ട് എന്തിനാ നീ പൈസ കൊടുത്തേന്ന് ആൾ മറന്ന് പോയീത്രേ. എങ്കിലും ആള് നല്ലവനാണ്. എന്നെങ്കിലും നീ ഇവിടെ വരുകയാണെങ്കിൽ ഒരു ഇരുന്നൂറ് ദിർഹം നിനക്ക് തരണമെന്നുപറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട്'' എന്നുപറഞ്ഞ് പേഴ്‌സിൽനിന്ന് രണ്ട് ചുവന്ന നൂറിന്റെ നോട്ടുകൾ എടുത്ത് നീട്ടി.
ഞാൻ ശരിക്കും സർപ്രൈസ്ഡായി. ഒട്ടും പ്രതീക്ഷിക്കാത്തൊരു ട്വിസ്റ്റായിരുന്നു അത്. എന്റെ ഹൃദയം വീണ്ടും ആർദ്രമായി. ഒരു സംഭവത്തിന്റെ പേരിലൊന്നും ഒരു വ്യക്തിയെ അങ്ങ്ട് മനസ്സിലായി എന്ന് വിചാരിക്കാൻ പാടില്ല എന്ന് അന്ന് വീണ്ടും മനസ്സിലായി. കുറ്റബോധത്തിന്റെ ഒരു വലിയ മേഘംവന്നെന്നെ പൊതിഞ്ഞു. ലോകത്തിന്റെ പലദിക്കിൽ ജനിച്ച്, പലതരം വസ്ത്രംധരിച്ച് പല ഭാഷകളും സംസാരിച്ച് നടക്കുന്ന പല ഷേപ്പിലുള്ള ആളുകൾക്കിടയിലൂടെ ടാക്സി സ്റ്റാൻഡിലേക്കുള്ള നടത്തത്തിനിടയിൽ പാവം മജീദിനെ ഞാൻ വിളിച്ച തെറികൾ ഓരോന്നായി തിരിച്ചെടുത്ത് നിർവീര്യമാക്കിക്കൊണ്ടിരുന്നു!