കോവിഡ് എന്ന മഹാമാരി മനുഷ്യന്റെ ജീവിതക്രമങ്ങളെ അപ്പാടെ തിരുത്തിയെഴുതുകയാണ്. നാളത്തെ ലോകം എപ്രകാരമാകും ജീവിക്കുന്നതെന്ന ചിന്തയില്‍ പല നിരീക്ഷണങ്ങളും വന്നുകൊണ്ടിരിക്കുന്നു. പക്ഷേ അപ്പോഴും മനുഷ്യന്‍ ഓര്‍ക്കുന്ന ഒന്നുണ്ട്- മരുന്നുകളെ പ്പോലെത്തന്നെ രോഗത്തെ അതിജീവിക്കാന്‍ സംഗീതത്തിനും വായനക്കും വലിയൊരളവോളം കഴിയുമെന്ന ആ ചിന്താധാര ഉറപ്പിക്കുന്നതാണ് ഇത്തവണത്തെ ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവം.
കോവിഡ് പടര്‍ന്നുപിടിച്ചപ്പോഴും പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കാനും മുന്നോട്ടേക്ക് യാത്ര തുടരാനും വായനയാണ് ഏറ്റവുമധികം പ്രചോദനമായത്. ഈ പ്രതികൂല സാഹചര്യത്തിലാണ് 'ലോകവായന ഷാര്‍ജയില്‍ നിന്നും' എന്ന പ്രമേയത്തില്‍ അക്ഷരോത്സവം നവംബര്‍ നാലിന് തുടങ്ങുന്നത്. അക്ഷരങ്ങളുടെ സുല്‍ത്താന്‍ ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിശ്ചയദാര്‍ഢ്യമാണ് ഇക്കുറിയും ഷാര്‍ജ പുസ്തകോത്സവം മുടങ്ങാതിരിക്കാന്‍ കാരണം. ആഗോള പ്രസിദ്ധീകരണ വ്യവസായത്തിനും ലോകത്തുള്ള എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ക്കും പുതിയ പ്രതീക്ഷകളും ഷാര്‍ജ പുസ്തകോത്സവം നല്‍കുന്നു. പ്രസിദ്ധീകരണ വ്യവസായത്തിന് ലോകമാകെ വലിയ പ്രതിസന്ധിയാണ് കോവിഡ് മഹാമാരിയിലൂടെ സംഭവിച്ചത്. എന്നാല്‍ ലോകത്തിലെ ഏറ്റവും വിപുലമായ മൂന്നാം പുസ്തക മേളയായ ഷാര്‍ജ പുസ്തകോത്സവം സംഘടിപ്പിക്കുന്നത് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും പ്രസാധകര്‍ക്കുമെല്ലാം പുതിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ഷാര്‍ജ ബുക്ക് അതോറിറ്റി (എസ്.ബി.എ.) യാണ് പുസ്തകോത്സവത്തിന്റെ സംഘാടകര്‍.
ഓരോവര്‍ഷവും ഷാര്‍ജ പുസ്തകോത്സവം വ്യത്യസ്ത പ്രമേയങ്ങളാണ് മുന്നോട്ടുവെക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം തുറന്ന പുസ്തകം, തുറന്ന മനസ്സ് എന്നതായിരുന്നു പ്രമേയം. 1530 എഴുത്തുകാര്‍ ഒരേസമയം ഒത്തുചേര്‍ന്ന സ്വന്തം പുസ്തകത്തില്‍ ഒപ്പിട്ടുകൊണ്ട് ഗിന്നസ് റെക്കോഡ് കൂടി ഷാര്‍ജയില്‍ സൃഷ്ടിച്ചിരുന്നു. 39-ാമത് ഷാര്‍ജ പുസ്തകോത്സവം അല്‍ താവുനിലെ എക്‌സ്പോ സെന്ററിറില്‍ നവംബര്‍ നാലുമുതല്‍ 14 വരെയാണ് . ഇത്തവണ മേളയ്ക്ക് ഔപചാരിക ഉദ്ഘാടനം ഇല്ല. വേദികളില്‍ യാതൊരു പരിപാടികളുമുണ്ടാവില്ല. അതേസമയം ഡിജിറ്റല്‍ വേദികളിലായിരിക്കും പരിപാടികളും സംവാദങ്ങളും അരങ്ങേറുന്നത്. 14,625 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഈ വര്‍ഷത്തെ മേള. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ പ്രസാധകര്‍ക്കു മാത്രമായി ഒരുക്കിയിരുന്ന ഹാള്‍ നമ്പര്‍ ഏഴ് ഇപ്രാവശ്യമില്ല. ആറ് ഹാളുകളിലായിരിക്കും മേളയുടെ പ്രവര്‍ത്തനം.
19 രാജ്യങ്ങളില്‍നിന്നും 1024 പ്രസാധകരാണ് ഈ വര്‍ഷം അണിനിരക്കുന്നത്. അറുപതോളം സാംസ്‌കാരിക നായകര്‍ വായനക്കാരുമായി ഡിജിറ്റല്‍ സംവാദം നടത്തും. മലയാളത്തില്‍നിന്നും അഞ്ച് പ്രസാധകര്‍ മാത്രമേ ഈ വര്‍ഷം എത്തുന്നുള്ളൂ. 80,000 പുതിയ ശീര്‍ഷകങ്ങളിലുള്ള പുസ്തകങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഈ വര്‍ഷം അറബ് പ്രസാധകരാണ് (578) കൂടുതലായി എത്തുന്നത്. 129 അന്താരാഷ്ട്ര പ്രസാധകരും ഉണ്ടായിരിക്കും. 64 ഡിജിറ്റല്‍ പരിപാടികള്‍ക്കൊപ്പം ഓണ്‍ലൈന്‍ പുസ്തകവില്‍പ്പനയും ഉണ്ടായിരിക്കും.
പതിവില്‍നിന്ന് വ്യത്യസ്തമായുള്ള ഈ വര്‍ഷത്തെ പുസ്തകോത്സവത്തിന്റെ പ്രത്യേകത വെര്‍ച്വല്‍ രൂപത്തില്‍ ലോകത്തിലെ പ്രശസ്ത എഴുത്തുകാരും ചിന്തകരും ഷാര്‍ജയിലെ വായനക്കാരുമായി സംവദിക്കുന്നു എന്നതാണ്. ആഗോള ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഷാര്‍ജ റീഡ്സ് ആണ് ഇതിന്റെ വേദി. 64 പരിപാടികള്‍ ഇവിടെ അരങ്ങേറും. വിദ്യാര്‍ഥികള്‍ക്ക് മേളയില്‍ പ്രവേശനമില്ല, 60 വയസ്സ് കഴിഞ്ഞവര്‍ക്കും വിലക്കുണ്ട്.
പുസ്തകോത്സവത്തിലെത്തുന്നവര്‍ നിര്‍ബന്ധമായും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണം. ഇതിനുള്ളനടപടികള്‍ ലളിതമാണ്. എസ് .ഐ.ബി.എഫ്. ഫോറത്തില്‍ മുഴുവന്‍ പേര്, ഇമെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ (കോഡ് അടക്കം), സന്ദര്‍ശനത്തിന് തിരഞ്ഞെടുക്കുന്ന സമയം എന്നിവ പൂരിപ്പിച്ചാല്‍ മതി. registration.sibf.com എന്ന ലിങ്കിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പ്രവേശനമില്ല. മാത്രമല്ല അനുവദിച്ച സമയത്തിനുള്ളില്‍ പുറത്തുപോയി തിരികെവരുന്നെങ്കില്‍ വീണ്ടും സമാനമായി രജിസ്റ്റര്‍ ചെയ്യണമെന്നതും നിര്‍ബന്ധമാണ്. നാലുഘട്ടങ്ങളായാണ് പുസ്തകോത്സവത്തിന് സൗജന്യ പ്രവേശനം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തിരഞ്ഞെടുത്ത സമയത്തിനനുസരിച്ച് വിവിധ നിറങ്ങളിലുള്ള റിസ്റ്റ് ബാന്‍ഡുകള്‍ നല്‍കും. പുറത്തുപോയി പുതിയ രജിസ്ട്രേഷന്‍ കഴിഞ്ഞ് വരുമ്പോള്‍ ബാന്‍ഡുകളുടെ നിറം മാറുമെന്നതാണ് പ്രത്യേകത.
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ , ഉച്ചയ്ക്ക് ഒന്നുമുതല്‍ വൈകീട്ട് നാലുവരെ, നാലുമുതല്‍ ഏഴുവരെ, ഏഴുമുതല്‍ രാത്രി 10 വരെ എന്നിങ്ങനെയാണ് മേളയുടെ സന്ദര്‍ശന സമയം. വെള്ളിയാഴ്ച വൈകീട്ട് നാലുമുതല്‍ രാത്രി 11 വരെയായിരിക്കും പ്രവേശനം. ഇതില്‍ ഒരാള്‍ക്ക് ഏതുസമയവും തിരഞ്ഞെടുക്കാം. മൂന്നുമണിക്കൂറില്‍ കൂടുതല്‍ ഒരാള്‍ക്ക് പ്രവേശനമില്ല. ഒരുസമയം 5000 പേര്‍ക്കു മാത്രമേ മേളയില്‍ പ്രവേശിക്കാനും പാടുള്ളൂ, മേളയിലെത്തുന്നവര്‍ കൃത്യമായ സാമൂഹിക അകലം പാലിച്ചും കൂട്ടംകൂടി നില്‍ക്കാതെയും മുഖാവരണം ധരിച്ചും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം. പ്രസാധകര്‍, സ്ഥാപനങ്ങള്‍, ലൈബ്രറികള്‍ എന്നിവയുടെ പ്രതിനിധികള്‍ക്ക് രാവിലെ ഒമ്പതുമുതല്‍ രാത്രി 10 വരെയാണ് പ്രവേശനസമയം.
പുതിയ പുസ്തകങ്ങളുടെയും പുതിയ എഴുത്തുകാരുടെയും സംഗമ വേദിയാണ് ഷാര്‍ജ പുസ്തകോത്സവം. പ്രത്യേകിച്ച് മലയാളി എഴുത്തുകാര്‍ക്ക്. നൂറിലേറെ പുസ്തകങ്ങളാണ് ഓരോ വര്‍ഷവും ഔദ്യോഗികമായി ഷാര്‍ജയില്‍ പ്രകാശനം ചെയ്യാറുള്ളത്. സ്ഥലം കിട്ടാത്തതിനാല്‍ പുസ്തക പവിലിയനുകളിലും പ്രകാശനങ്ങള്‍ യഥേഷ്ടം നടക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം പ്രകാശന ചടങ്ങുകളുണ്ടാവില്ല. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പ്രസാധകരുടെ പവിലിയനുകളില്‍ പുസ്തകം പരിചയപ്പെടുത്തുകയോ ഏറ്റുവാങ്ങുകയോ ചെയ്യാം. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം പ്രസാധകര്‍ക്കാണ്. വിദേശ രാജ്യങ്ങളുടെ യു.എ.ഇ. യിലെ എംബസികള്‍ സംഘടിപ്പിക്കുന്ന ബൗദ്ധിക സംവാദങ്ങളും ഈ വര്‍ഷത്തെ പുതുമയായിരിക്കും.
കോവിഡ് സാഹചര്യത്തില്‍ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി സുരക്ഷാചുമതലകള്‍ ഏറ്റെടുത്ത് കര്‍ശനമായി നടപ്പാക്കും. മേളയുടെ വേദിയായ എക്‌സ്പോ സെന്ററിന് സമീപത്ത് ഗതാഗത നിയന്ത്രങ്ങള്‍ ഉണ്ടാവും. സന്ദര്‍ശകര്‍ക്ക് തെര്‍മല്‍ സ്‌കാനര്‍ പരിശോധന പൂര്‍ത്തിയായതിനുശേഷം സാനിറ്ററൈസിങ് കവാടം വഴി അകത്ത് പ്രവേശിക്കാം . അന്താരാഷ്ട്ര, പ്രാദേശിക മാധ്യമങ്ങള്‍ക്ക് പതിവുപോലെ പ്രവര്‍ത്തിക്കാം. സന്ദര്‍ശകരേയും പ്രസാധകരേയും സദാ നിരീക്ഷിക്കാനായി പ്രത്യേക സംഘത്തേയും ഷാര്‍ജ പോലീസ് നിയോഗിച്ചിട്ടുണ്ട്. ഹാളുകളില്‍ അഞ്ചുമണിക്കൂര്‍ കൂടുമ്പോള്‍ അണുനശീകരണം നടത്തും.
ഈ വര്‍ഷം ഇന്ത്യയില്‍നിന്നും എഴുത്തുകാരനും പാര്‍ലമെന്റ് അംഗവുമായ ശശി തരൂര്‍, ആംഗ്ലോ ഇന്ത്യന്‍ എഴുത്തുകാരന്‍ രവീന്ദ്ര സിങ് എന്നിവര്‍ മാത്രമായിരിക്കും വെര്‍ച്വല്‍ പ്ലാറ്റ് ഫോമില്‍ വായനക്കാരോട് സംവദിക്കുന്നത്. കനേഡിയന്‍ എഴുത്തുകാരന്‍ യാന്‍ മാര്‍ട്ടല്‍, എഴുത്തുകാരി ലാങ് ലീവ്, ഇംഗ്ളീഷ് നോവലിസ്റ്റും തിരക്കഥാകൃത്തുമായ ഈയാന്‍ മാക് ഇവന്‍, അമേരിക്കന്‍ കോമഡി നടന്‍ നീല്‍ പാട്രിക് എന്നിവരും ഓണ്‍ലൈനില്‍ പങ്കെടുക്കും. സാംസ്‌കാരിക പരിപാടികള്‍ തത്സമയം sharjahreads.com എന്ന വെബ്സൈറ്റിലൂടെ വീക്ഷിക്കാം.
ലോകത്താകെ ലൈബ്രറികള്‍ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും ചര്‍ച്ചചെയ്യുന്നതിനും പരിഹാരം നിര്‍ദ്ദേശിക്കുന്നതിനുമായി വിദഗ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍ മേളയുടെ ഭാഗമായി സംഘടിപ്പിക്കും.
ഏഴാമത് ഷാര്‍ജ അന്താരാഷ്ട്ര ലൈബ്രറി സമ്മേളനമായിരിക്കും നവംബര്‍ 10 മുതല്‍ 12 വരെ നടക്കുന്നത്.
Content Highlight: Sharjah International Book Fair 2020