പണ്ട് പൊന്നാനിയില്‍നിന്ന് മറുനാട്ടില്‍ കുടിയേറി മലയാളത്തിലെ ആധുനികസാഹിത്യത്തെ പരിപോഷിപ്പിക്കാന്‍ സ്വജീവിതം അര്‍പ്പിച്ച ഒരു കവിയുണ്ടായിരുന്നു. മലയാളത്തില്‍ പുതുനാമ്പുകളായിവന്ന് പിന്നീട് എണ്ണപ്പെട്ടവരായി നമ്മുടെ സാഹിത്യത്തില്‍ നിറഞ്ഞുനിന്ന പലര്‍ക്കും വഴികാട്ടിയും വെളിച്ചവുമായിനിന്നത് എം. ഗോവിന്ദന്‍ എന്ന ആ പൊന്നാനിക്കവി ആയിരുന്നു. കടമ്മനിട്ട, അയ്യപ്പപ്പണിക്കര്‍ തുടങ്ങി പലരും ആ തണലേറ്റ് പടര്‍ന്നുപന്തലിച്ചവരാണ്. യാദൃച്ഛികമായിട്ടാകാം പൊന്നാനിയില്‍ ജനിച്ചുവളര്‍ന്ന ടി.കെ. ഉണ്ണി എന്ന കവിയും ആ നിയോഗത്തില്‍ ആത്മസംതൃപ്തിയും നിസ്വാര്‍ഥ സ്‌നേഹാധിക്യവുംകൊണ്ട് പ്രവാസിക്കവികള്‍ക്ക് തണലായിത്തീര്‍ന്നത്. മലയാള പ്രവാസസാഹിത്യത്തില്‍ ശ്രദ്ധേയരായിത്തീര്‍ന്ന ഒരുപാട് എഴുത്തുകാരെ വളര്‍ത്തിക്കൊണ്ടുവന്നതില്‍ ടി.കെ. ഉണ്ണിക്ക് വലിയ പങ്കുണ്ട്.
മനുഷ്യന്‍ എന്ന ബിംബത്തെ മനോഹരമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതവിചാരം. ഇതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ കലാവിചാരവും. അദ്ദേഹത്തിനുചുറ്റും മനുഷ്യര്‍ നിറഞ്ഞു പ്രത്യക്ഷപ്പെട്ടത് മറ്റുള്ളവരുടെ സൃഷ്ടിവൈവിധ്യങ്ങളായിട്ടാണ്. അവയെല്ലാം ലോകത്തിനുമുന്നില്‍ എത്തിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഇന്നുഞാന്‍ വായിച്ച കവിത എന്ന ശീര്‍ഷകം യഥാര്‍ഥത്തില്‍ ഇന്നു ഞാന്‍ കണ്ട മനുഷ്യജീവിതത്തിന്റെ നന്മബിംബങ്ങളായിരുന്നു ഉണ്ണിക്ക്. അവയൊക്കെ പെറുക്കിയെടുത്ത് തനിക്കു ചുറ്റുമുള്ള കവികളെ അദ്ദേഹം വെളിച്ചത്തിന്റെ പതാകവാഹകരാക്കി വിജയപീഠങ്ങളിലേക്ക് നയിച്ചു. സ്വന്തം കവിതകള്‍ മാത്രം കച്ചവടംചെയ്യാന്‍ തത്രപ്പെടുന്നവര്‍ക്കിടയില്‍ ഈ 'ഗോവിന്ദസാന്നിധ്യം' തിളങ്ങിനില്‍ക്കുന്നു.

രക്ഷിതാക്കള്‍ക്കും ഗുരുനാഥന്മാര്‍ക്കും ആദരവും ബഹുമാനവും ആവോളം കൊടുക്കുന്ന ഒരപൂര്‍വവ്യക്തി. മറ്റുള്ളവര്‍ക്ക് സ്‌നേഹോഷ്മളതമാത്രം സമര്‍പ്പിക്കുന്ന ഒരാള്‍. ഇതല്ലാതുള്ളതെല്ലാം അനൗചിത്യമായി ഇദ്ദേഹം കണക്കാക്കുന്നു. ആചാരങ്ങള്‍ തങ്ങളിലെ വൈജാത്യങ്ങളുടെ സംരക്ഷിതരൂപമാണ്. സഹജീവനത്തിന്റെ വൈരൂപ്യവുമാണ്. വ്യര്‍ഥമായ പ്രമാണങ്ങളുടെ ശുദ്ധനഗ്‌നതാരൂപങ്ങളാണ്. സമസ്ത സമൂഹത്തിന്റെയും വൈകാരിക കാപട്യത്തെ തുറന്നുകാട്ടാനുള്ള വ്യഗ്രത ഇദ്ദേഹത്തിന്റെ രചനകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ആശ്രിത സമൂഹത്തിന്റെ ഉത്പന്നമായിട്ടാണ് വിശ്വാസത്തെ അദ്ദേഹം വിലയിരുത്തുന്നത്. വിചിത്രമായ ആ ഉത്പന്നത്തിന്റെ അടിത്തറയിലാണ് ആദ്യകാല വൈചിത്യങ്ങളുടെ പിറവികള്‍ ഉണ്ടായതെന്ന് ഈ കവിയിലെ ദളിതാഭിമുഖ്യം ശരിയായി ചരിത്രത്തെ രേഖപ്പെടുത്തുന്നു. ഈ ആശ്രിതസമൂഹം എങ്ങനെ രൂപപ്പെട്ടു എന്ന് അദ്ദേഹം കുറിച്ചിടുന്നത് നോക്കൂ.... 'ഈ പ്രപഞ്ചത്തില്‍
ജീവന്റെ തുടിപ്പുള്ള ഭൂമിയില്‍
അന്തേവാസികളായ മനുഷ്യര്‍
സമൂഹമായി ജീവിതപ്രയാണം
എന്നതിന്റെ പ്രസക്തിയെക്കുറിച്ച്
അനാദികാലം മുതല്‍ക്കേ
ബദ്ധശ്രദ്ധരായിരുന്നു
എന്നതുകൊണ്ടാണ്
നമ്മള്‍
ആശ്രിതസമൂഹം
ആയിത്തീര്‍ന്നത്... '( സമൂഹം, കോലങ്ങള്‍ എന്ന ബ്ലോഗില്‍)
ഒരാശ്രിതസമൂഹമായി ജീവിക്കേണ്ടിവരുമ്പോള്‍ ആരെയും കണ്ണടച്ചു വിശ്വസിക്കരുതെന്നും പ്രതിബദ്ധത നിറഞ്ഞ കവി ഓര്‍മിപ്പിക്കുന്നുണ്ട്. അംബേദ്കറെപ്പോലുള്ള ദളിത് ചിന്തകര്‍ എന്നും അവലംബമാക്കിയിരുന്ന ബുദ്ധദര്‍ശനത്തില്‍നിന്ന് തന്നെയാണ് ടി.കെ. ഉണ്ണി ഊര്‍ജം കണ്ടെത്തുന്നത്:
'നിങ്ങളുടെ സ്വന്തം കാരണങ്ങളെക്കൊണ്ടും
സ്വന്തം ബുദ്ധിശക്തികൊണ്ടും
വിയോജിക്കുന്നുവെങ്കില്‍
എന്തായാലും എവിടെ വായിച്ചതായാലും
ആര് പറഞ്ഞതായാലും
ഞാന്‍തന്നെ പറഞ്ഞതാണെങ്കില്‍ പോലും
ഒന്നും വിശ്വസിക്കരുത് !' (വിശ്വസിക്കരുത്..!,കോലങ്ങള്‍ എന്ന ബ്ലോഗില്‍)
ചിന്തകളുടെ ആഴങ്ങളില്‍നിന്ന് കവിതയുടെ പുലരിപ്പൂങ്കനലുകളിലേക്കും ഉന്മാദകേളികളിലേക്കും പോയിവരാം. പകല്‍ കൊഴിയുന്ന പൂക്കള്‍ രാവില്‍ താരങ്ങളായി തിളങ്ങുന്നു എന്ന പ്രയോഗം കവിയിലേക്കുള്ള ജാലകമാണ്. വെയിലില്‍ മറഞ്ഞിരിക്കുന്ന മേഘങ്ങള്‍ കടലലകളായി അട്ടഹസിക്കുന്നു എന്നുകൂടി സൂചിപ്പിക്കുന്നതോടെ ഉണ്ണിയുടെ കവിതയുടെ രചനാരസതന്ത്രം തന്നെയാണ് വെളിവാക്കപ്പെടുന്നത്. വീണടിയുന്ന ജീവിതങ്ങളാണ് ഈ കവിയുടെ അസംസ്‌കൃതവസ്തു. അവയ്ക്ക് നക്ഷത്രകാന്തി നല്‍കുക മാത്രമല്ല കവിചെയ്യുന്നത്, കരളില്‍ പതിയിരിക്കുന്ന മേഘങ്ങളുടെ ഇടിമുഴക്കം പകര്‍ന്ന് അടങ്ങാത്ത അലകളാക്കി പരിവര്‍ത്തിപ്പിക്കുകകൂടി ചെയ്യുന്നു. തന്റെ ഈ രചനാതന്ത്രത്തെ കവി ഇങ്ങനെ സംഗ്രഹിക്കുകയും ചെയ്യുന്നുണ്ട്:
'ഉള്ളിലൊളിപ്പിച്ചുള്ളൊരാഴക്കടലിന്റെ
കണ്ണീരായ്ത്തീര്‍ന്നൊരു കരിമുകിലേ
വര്‍ഷം മറന്നുനീ കേളികളാടുമ്പോള്‍
ദാഹത്താല്‍ കേഴുന്നു വേഴാമ്പലും.!'
വന്മരംപൊന്മല, പൊന്നുംകുടം, പൈമ്പാലൊളി, പൂന്തേനരുവി, പൂച്ചെടി, പൂമ്പൊടി, പൂമ്പാറ്റ, മഞ്ഞുതുള്ളി, വൈഡൂര്യം തുടങ്ങിയ സുന്ദരപദങ്ങള്‍ മാത്രമല്ല, മരയോന്ത്, കാര്‍ക്കോടകന്‍ തുടങ്ങിയ വിരുദ്ധപദങ്ങളും ആ വാര്‍പ്പില്‍ കവി ചേര്‍ത്തുവിളക്കുന്നുണ്ട്. കവിയുടെ ഭൂതക്കണ്ണാടിയില്‍ പതിയുന്നത് വര്‍ണമഴ തോല്‍ക്കുന്ന മൊഴിമുത്തുകള്‍കൊണ്ട് പ്രകൃതിയെ നഗ്‌നമാക്കുന്ന ഒളിസേവക്കാരുടെ അരുതായ്മകളാണ്. ഈ കാഴ്ചവട്ടത്തില്‍ മനുഷ്യവംശത്തിന്റെതന്നെ കൊള്ളരുതായ്മകള്‍ പ്രതിഫലിപ്പിക്കപ്പെടുന്നു:
'കാമരതിലീലകള്‍ക്ക് സ്ഥല-
കാലഭേദങ്ങളന്യമായവര്‍
നമ്മള്‍തന്‍ വംശവൃക്ഷ-
ക്കാരണവന്മാര്‍, ആണിവേരുകള്‍
യോദ്ധാക്കള്‍, സ്ത്രീത്വം-
മാതൃത്വമെന്നട്ടഹസിപ്പോര്‍,
യോനീപൂജയും ലിംഗാരാധനയും
സായൂജ്യമാക്കിയോര്‍'
പ്രപഞ്ചത്തെ മെതിയടിക്കുള്ളിലാക്കി സംരക്ഷകരായി അവര്‍ ഭാവിക്കുന്നു. അസഹിഷ്ണുത ആഘോഷിക്കുന്നതിന്റെ ഉന്മാദകേളിയിലാണ് മനുഷ്യര്‍ ചെന്നെത്തിനില്‍ക്കുന്നത്. അവര്‍ക്ക് അളവും കളവും ഒന്നാണ്. അളവില്ലാത്ത തെളിവുപോലെയാണ് കളഞ്ഞുപോയ കളവുകള്‍ ഇന്നത്തെ കളവുകൂട്ടങ്ങളില്‍നിന്ന് വ്യത്യസ്തമായൊരു തലമുറയും നമ്മുടെ പൈതൃകത്തിന്റെ ഈടുവെപ്പുകളില്‍ എവിടെയോ ഉണ്ടായിരുന്നു എന്നും കവി അയവിറക്കുന്നുണ്ട്:
' പണ്ടെന്റെ പ്രിയരാം പ്രപിതാക്കള്‍,
പഞ്ചപാവങ്ങളായവര്‍
അറ്റുപോയ കുറ്റങ്ങളെ വരണമാല്യം
ചാര്‍ത്തിത്തെളിഞ്ഞവര്‍
തോറ്റുപോയ ജനങ്ങള്‍ക്ക്
ഉയിരിന്നുയിരേകിത്തളര്‍ന്നവര്‍
ഏറ്റെടുത്ത ദൗത്യങ്ങള്‍
നെഞ്ചേറ്റിത്തിളങ്ങിയ മന്നവര്‍.'
വിശാലമാനവീകതയുടെ പ്രതലത്തിനിടയില്‍ വര്‍ത്തമാനകാല സങ്കോചലോകത്തിന്റെ ദുഷിച്ച നീതിനിയമ വ്യവസ്ഥകളിലേക്കും കവിയുടെ കണ്ണെത്തുന്നുണ്ട്. സത്സ്വഭാവിയാവാനെന്തുചെയ്യണം എന്ന ചോദ്യത്തിന്റെ ഉത്തരാവലി കവി സമര്‍പ്പിക്കുന്നത് കറുത്ത ഹാസ്യത്തില്‍ പൊതിഞ്ഞാണ്. താലൂക്കേമാനും തഹസില്‍ദാരും പരിവാരങ്ങളും ശിങ്കിടികളും കനിയണമെങ്കില്‍ അവര്‍ക്കുമുന്നില്‍ കുനിയണം. കാണിക്ക വെക്കണം, പ്രസാദിപ്പിക്കണം, സല്‍സ്വഭാവമുദ്ര കനിഞ്ഞുകിട്ടാന്‍ കടക്കേണ്ട കടമ്പകള്‍ അനവധിയാണ്. ഉന്മാദകേളികള്‍ പുതിയ കാലത്തിന്റെ നേര്‍ച്ചിത്രങ്ങള്‍ ഒന്നുകൂടെ സൂക്ഷ്മമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള വാങ്മയങ്ങളാണ്. നമ്മളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഭരണകൂടഭീകരത കവിയെ വീര്‍പ്പുമുട്ടിക്കുന്നു. കണ്ണും കരളും നാക്കും വാക്കും അറുത്തെടുത്ത് നാക്കിലയില്‍ ദക്ഷിണയായി സമര്‍പ്പിക്കേണ്ട കാലം. സ്വാതന്ത്ര്യം മാത്രമല്ല, ജീവന്‍പോലും നിലനിര്‍ത്താന്‍ പെടാപ്പാട് പെടേണ്ട കാലം. ആകാശത്തിനും ഭൂമിക്കുമിടയില്‍ വിഷപ്പുക മാത്രമേ ഉള്ളൂ. നാമെങ്ങനെ നോക്കണമെന്ന് നിശ്ചയിക്കാന്‍ നമുക്കു ചുറ്റും ഇന്ന് ആളുകളുണ്ട്. നാമെന്തു പറയണമെന്നും അവര്‍ പറഞ്ഞുതരും. കഴിക്കാനുള്ളതിന്റെ മെനുവും അവര്‍തന്നെ കനിഞ്ഞുതരും.