നാട്ടിലേക്കുള്ള പ്രവാസിയുടെ യാത്രകള്‍... അതൊരു ഒന്നൊന്നര യാത്രയാണ്. ഏറെക്കാലത്തെ വിട്ടുനില്‍ക്കലിന് ശേഷം വീട്ടുകാരെയും നാട്ടുകാരെയും കാണാന്‍കിട്ടുന്ന അവസരം. ഓരോ പ്രവാസിയുടെയും സ്വപ്നമാണ് നാട്ടിലേക്കുള്ള ഓരോയാത്രയും. ഗള്‍ഫുകാരന്റെ നാട്ടിലേക്കുള്ള യാത്രകള്‍ കൂട്ടുകാരുടെയും ആഘോഷമാണ്. ഇവിടെ പ്രവാസലോകത്ത് കൂട്ടുകാരെല്ലാം ചേര്‍ന്ന് അവനെ ആഘോഷപൂര്‍വം യാത്രയാക്കും. ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ കൂട്ടുകാരുടെകൂടി സന്നദ്ധസേവനങ്ങള്‍. ചിലര്‍ സമ്മാനമായി എത്തിക്കും. ചിലര്‍ പെട്ടി കെട്ടാന്‍വരെ കൂടെക്കൂടും. വിമാനത്താവളത്തില്‍ എത്തുന്നത് വരെ ചെറിയ ടെന്‍ഷന്‍ ഏത് യാത്രയിലും പ്രവാസിയുടെ കൂടപ്പിറപ്പാണ്. എന്തെങ്കിലും നിയമപ്രശ്‌നങ്ങള്‍? പെട്ടിയിലെ സാധനങ്ങളുടെ തൂക്കം കൂടുമോ? വിമാനം കൃത്യസമയത്തിന് പറന്നുയരുമോ?... സംശയങ്ങള്‍ അനവധിയുണ്ടെങ്കിലും നാട്ടിലേക്കുള്ള യാത്രയുടെ ഉത്സാഹത്തിന് അതൊന്നും മങ്ങലേല്‍പ്പിക്കില്ല.

ആഴ്ചകള്‍ക്ക് മുമ്പേ നീളും ഒരുക്കങ്ങള്‍. വിമാനത്താവളത്തില്‍ വിടാന്‍ കൂട്ടുകാര്‍ ഏത് പാതിരാവിലും തയ്യാര്‍. അങ്ങനെ ആവേശത്തോടെ നാട്ടിലേക്കുള്ള യാത്ര. വിമാനത്താവളത്തിലും എവിടെയും ചിരിക്കുന്ന മുഖങ്ങള്‍. കഴിയാവുന്നത്ര സാധനങ്ങള്‍ കുത്തിനിറച്ച ഹാന്‍ഡ് ബാഗേജ്. ഡ്യൂട്ടിഫ്രീയില്‍ നിന്ന് കൂട്ടുകാര്‍ക്കായി വാങ്ങിവെക്കുന്ന ലഹരി, ചോക്ലേറ്റുകള്‍.. അങ്ങനെയങ്ങനെ തീര്‍ത്താലും തീരില്ല ഷോപ്പിങ്. ബോര്‍ഡിങ് സമയമാവുംവരെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലൂടെ അലസസഞ്ചാരങ്ങള്‍. വിമാനത്തില്‍ കയറിയാലും ഉത്സാഹത്തിന് കുറവില്ല. ചിലര്‍ ലഹരിചോദിച്ചുവാങ്ങും. ഭക്ഷണം സമൃദ്ധമായി കഴിക്കും. കൊച്ചു വാഷ് റൂമിന് മുന്നില്‍ ഊഴംകാത്ത് ക്യൂനില്‍ക്കും. വിമാനത്തിന്റെ ചക്രങ്ങള്‍ നാട്ടിലെ റണ്‍വേയില്‍ തൊടുമ്പോള്‍ത്തന്നെ ഫോണുകള്‍ ചിലച്ചുതുടങ്ങും. സ്വീകരിക്കാന്‍ വന്നവരുടെ വിവരങ്ങള്‍, വണ്ടിയുടെ കാര്യം, സന്തോഷത്തിന്റെ കൊച്ചുവര്‍ത്തമാനങ്ങള്‍. അപ്പോഴേക്കും ഇറങ്ങാന്‍ റെഡിയായി അവസാനവരിയിലെ യാത്രക്കാരന്‍ വരെ എഴുന്നേറ്റുനിന്നിരിക്കും. മുന്നിലുള്ള എല്ലാവരും പോയിക്കഴിഞ്ഞാലേ ഊഴമെത്തൂ എന്ന് അറിയാഞ്ഞിട്ടല്ല. അതൊരു ശീലമായിപ്പോയിരിക്കുന്നു പ്രവാസികള്‍ക്ക്. എത്രയുംപെട്ടെന്ന് സ്വന്തം മണ്ണിലിറങ്ങാന്‍, ഉറ്റവരുടെ അടുത്തേക്ക് ഓടിയെത്താന്‍... എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി വിമാനത്താവളത്തിന് പുറത്തെത്തിയാല്‍ ലഗേജ് കയറ്റാന്‍ സ്വീകരിക്കാനെത്തിയ വീട്ടുകാരുടെയും കൂട്ടുകാരുടെയും ധൃതിപ്പെടല്‍. അതുവരെ സ്വന്തമായി കൈകാര്യം ചെയ്തുപോന്ന ലഗേജ് കാറില്‍ കയറ്റാന്‍ അപ്പോഴേക്കും സഹായികളായി ചുമട്ടുതൊഴിലാളികളെപ്പോലെ ചിലരും. ബന്ധുക്കള്‍ക്കൊപ്പം ലഗേജ് കയറ്റാന്‍ അവരുടെ കൈകളും നീളും. ടിപ്പ് നല്‍കുന്നതിനിടയില്‍ ദിര്‍ഹമും റിയാലും രഹസ്യമായി വാങ്ങാന്‍ കാക്കക്കണ്ണുകളുമായി വേറെ ചിലര്‍. നാട്ടിലെ അങ്ങാടിയില്‍ എത്തുമ്പോള്‍ത്തന്നെ എല്ലാവരോടും കൈവീശിയുള്ള അഭിവാദനങ്ങള്‍. ഞാനിതാ വീണ്ടും എത്തിയിരിക്കുന്നു എന്ന പ്രഖ്യാപനമാണത്. വീട്ടിലാണെങ്കില്‍ ഗള്‍ഫുകാരനെ കാണാന്‍ വലിയൊരു പട. സല്‍ക്കാരങ്ങള്‍, വിരുന്നുകള്‍...തിരിച്ചുപോകും വരെ ഗള്‍ഫുകാരന്‍ നാട്ടിലും വീട്ടിലും ഒരു സംഭവം തന്നെ.

എന്നാല്‍, കൊറോണക്കാലത്ത് ഇതെല്ലാം ഗള്‍ഫുകാരന്റെ ഓര്‍മകള്‍ മാത്രമാണിപ്പോള്‍. മാസ്‌കും കൈയുറകളും ധരിച്ച് ഒന്നോ രണ്ടോ കൂട്ടുകാരുടെ സഹായത്തോടെ ഷോപ്പിങ്. അധികമൊന്നും വാങ്ങാനില്ല. ഗള്‍ഫുകാരന്റെ ചോക്‌ളേറ്റിന് പോലും ഇപ്പോള്‍ നാട്ടിലും വീട്ടിലും ആവശ്യക്കാരില്ലെന്ന് അവന്‍ അറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ വീട്ടുകാര്‍ക്ക് മാത്രം അത്യാവശ്യമായുള്ള ഷോപ്പിങ്. വിമാനത്താവളത്തില്‍ പെട്ടിയുടെ തൂക്കം കൂടുമോ എന്ന് വേവലാതിയില്ല. വിമാനത്താവളത്തില്‍ കൊണ്ടുവിടാന്‍ പഴയ മത്സരമില്ല. ആരെങ്കിലും ഒരാള്‍ മതിയെന്ന് യാത്രക്കാരനും പറയുന്നു. എല്ലാവരില്‍നിന്നും പരമാവധി അകലം പ്രാപിച്ച് വിമാനത്താവളത്തിലെത്തുമ്പോഴും ആശങ്ക തീരില്ല. ആദ്യം ശരീരോഷ്മാവ് പരിശോധന. അതില്‍ പാസായാല്‍മാത്രമേ അകത്തേക്ക് പ്രവേശനമുള്ളൂ. ഇനി കോവിഡ് രോഗിയാണോ എന്ന് നോക്കാനുള്ള റാപ്പിഡ് ടെസ്റ്റ്. ഇതില്‍ പരാജയപ്പെട്ട പലരുടെയും യാത്ര മുടങ്ങിയ അനുഭവം മുന്നിലുള്ളതിനാല്‍ ആ കടമ്പ കടന്നാല്‍മാത്രമേ നാട്ടിലേക്കുള്ള യാത്ര ഉറപ്പിച്ചെന്ന് പറയാനാവൂ. വിമാനത്താവളത്തില്‍ എത്തുമ്പോള്‍ത്തന്നെ അതിനുള്ള ക്യൂവിലേക്ക് പറഞ്ഞുവിടുന്നു. കൈവിരലില്‍ നിന്ന് രക്തമെടുത്തുള്ള ചെറിയ പരിശോധന. പത്ത് മിനുട്ടിനകം ഭാവി അറിയാം. പാസ്പോര്‍ട്ടില്‍ ഫിറ്റ് ടു ട്രാവല്‍ എന്ന ചെറിയ സീല്‍ പതിഞ്ഞുകിട്ടുംവരെ ആശങ്കയുടെ മുള്‍മുനയിലാണ് എല്ലാവരും. ഇതിനിടയില്‍ ഒരു കണ്ണാല്‍ ദൂരെ ട്രോളിയില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളും നിരീക്ഷിക്കണം. ആരും കൊണ്ടുപോകില്ലെങ്കിലും അങ്ങനെ ഒരു കണ്ണ് പ്രവാസിയുടെ ശീലങ്ങളിലൊന്നാണ്. മാസ്‌ക്, കൈയുറകള്‍, ഫെയ്സ് ഷീല്‍ഡ് എന്നിങ്ങനെ എല്ലാ ഒരുക്കങ്ങളുമായാണ് വീടുകളില്‍നിന്ന് വിമാനത്താവളത്തിലേക്കുള്ള പ്രവാസിയുടെ ഇറക്കം. ഇമിഗ്രേഷനും കസ്റ്റംസുമെല്ലാം പിന്നിട്ടാല്‍ മിക്കവരും പി.പി.ഇ. കിറ്റ് എടുത്തണിയും. പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഓരോ കൗണ്ടറിലും വരി നില്‍ക്കുമ്പോള്‍ സാമൂഹ്യ അകലം കൃത്യമായി പാലിക്കുന്നു. ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ പതിവ് നടത്തങ്ങളില്ല. ബോര്‍ഡിങ് ഗേറ്റിന് മുന്നില്‍ കാത്തുകെട്ടി ഇരിപ്പാണ്. ആര്‍ക്കും ആരെയും വിശ്വാസമില്ല. നിങ്ങളൊഴിച്ച് ബാക്കിയെല്ലാവര്‍ക്കും കൊറോണ വൈറസ് ബാധയുണ്ടെന്ന തോന്നലോടെയാവണം വിമാനത്തിലും വിമാനത്താവളത്തിലും സഞ്ചരിക്കേണ്ടതെന്നായിരുന്നു യാത്രയ്ക്കുള്ള ഒരുക്കത്തിനിടയില്‍ പരിചയസമ്പന്നനായ സുഹൃത്തിന്റെ ഉപദേശം. ആ ഉപദേശം എല്ലാ യാത്രക്കാര്‍ക്കും ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നു. എല്ലാവരും അതേ രീതിയില്‍ തന്നെ. പരസ്പരമുള്ള ഉപചാരങ്ങളില്ല, ചിരിയില്ല. പി.പി.ഇ. കിറ്റിനുള്ളിലും ഫെയ്സ് ഷീല്‍ഡിനകത്തും സ്വയം ഒതുങ്ങിയിരിക്കുന്നു യാത്രക്കാരെല്ലാം.

വിമാനത്തിലേക്ക് കയറാനുള്ള അറിയിപ്പ് വന്നിരിക്കുന്നു. അവിടെയുമുണ്ട് സാമൂഹ്യ അകലം പാലിക്കല്‍. മുമ്പ് നിറചിരിയോടെ സ്വീകരിച്ചിരുന്ന വിമാനജീവനക്കാരും പി.പി.ഇ. കിറ്റിനുള്ളില്‍. അധികം ബഹളമില്ലാതെ യാത്രക്കാരെല്ലാം ഇരിപ്പിടത്തിലേക്ക്. ഇവിടെ പക്ഷേ അകലം പാലിക്കലൊന്നുമില്ല. പതിവുപോലെത്തന്നെ ഇരിപ്പ്. എന്നാല്‍ പരസ്പരം മിണ്ടാട്ടം വളരെ കുറവ്. യാത്ര തുടങ്ങുമ്പോഴും ആര്‍ക്കും ആവേശമില്ല. ഏതോ അപകടം മുന്നിലുണ്ടെന്ന തോന്നലോടെയാണ് യാത്രക്കാരുടെ ഇരിപ്പും പെരുമാറ്റവും. നേരത്തേ വിമാനം ഉയര്‍ന്നുകഴിഞ്ഞാല്‍ വാഷ് റൂം അന്വേഷിച്ച് നടക്കുന്നവരെയും കാണാനില്ല. ഭക്ഷണവുമായെത്തിയ എയര്‍ ഹോസ്റ്റസിന് പണിയേ ഇല്ല. ആര്‍ക്കും ഭക്ഷണം വേണ്ട. നേരത്തേ ഭക്ഷണത്തിനായി അക്ഷമയോടെ കാത്തിരിക്കുന്ന പഴയ യാത്രകള്‍ ഓര്‍മയിലെത്തി. അപൂര്‍വം ചിലര്‍ ഭക്ഷണം വാങ്ങി. മാസ്‌കും ഫെയ്സ് ഷീല്‍ഡുമൊക്കെ അഴിച്ച് ഭക്ഷണം കഴിക്കാനുള്ള മടിയോ അതല്ല, ഇതിലും കൊറോണയുണ്ടെന്ന ഭയമോ? എന്തായാലും എയര്‍ ഹോസ്റ്റസിന്റെ ഭക്ഷണം അധികമാരും വാങ്ങുന്നില്ല. എല്ലാവരും സ്വന്തം മനോരാജ്യങ്ങളിലേക്ക്. മറ്റ് യാത്രക്കാരുടെ സീറ്റിനടുത്തേക്ക് പോയി കുശലം പറയുന്നവരില്ല, ഭക്ഷണത്തിന് ശേഷം വാഷ്റൂമിലേക്ക് പോകുന്നവര്‍ വിരളം. ആര്‍ക്കും മൂത്രം പോലും ഒഴിക്കാനില്ലേ? ഭക്ഷണം ഏറെയും ബാക്കിയായതിനാലാവാം ഒരു മണിക്കൂറിന് ശേഷം വീണ്ടും എയര്‍ഹോസ്റ്റസുമാരെത്തുന്നു. എന്നിട്ടും ആര്‍ക്കും താത്പര്യമില്ല. ഏതാനും ചിലര്‍ അത് വാങ്ങി ബാഗില്‍ സൂക്ഷിക്കുന്നു.

ജനിച്ചുവീണ മണ്ണ് സ്പര്‍ശിക്കാന്‍ തുടങ്ങുകയാണ് വിമാനം. റണ്‍വേ തൊട്ടതും പഴയ ശീലങ്ങള്‍ മാറാതെ പ്രവാസികളുടെ ഫോണുകള്‍ ചിലച്ചു. പക്ഷേ, പതുങ്ങിയ സംസാരങ്ങള്‍, അങ്ങോട്ടേക്ക് എത്തിക്കോളാമെന്ന നിര്‍ദേശങ്ങള്‍. എവിടെയും ആര്‍ക്കും ഉത്സാഹമില്ല. വിമാനം ഇറങ്ങിയ ഉടന്‍ ആദ്യത്തെ നൂറുപേരെ ഒരു ഹാളിലേക്ക് കയറ്റി വിടുന്നു. എന്താണ് സംഭവം എന്നറിയാതെ ഓരോ കസേര ഇടവിട്ട് ഇരിക്കുന്നു. ഇതിനിടയില്‍ ഫെയ്സ് ഷീല്‍ഡും പി.പി.ഇ കിറ്റും അഴിച്ചുകളയാനുള്ള നിര്‍ദേശം. അത് അവിടെ ഉപേക്ഷിച്ചശേഷം ബോധവത്കരണ ക്ലാസിലേക്ക്. പത്തുപതിനഞ്ച് മിനുട്ടാണ് പ്രഭാഷണം. നാട്ടിലെത്തുന്ന പ്രവാസികള്‍ ഇവിടെ അനുഷ്ഠിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിശദീകരണം. നേരത്തെ ഉണ്ടായിരുന്ന ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന് പകരം ഇപ്പോള്‍ പ്രവാസികള്‍ക്ക് പതിനാല് ദിവസത്തെ വീടുകളിലെത്തന്നെ ഏകാന്തവാസം മതിയത്രെ. പ്രായമായവര്‍, കുട്ടികള്‍ എന്നിവരൊന്നും വീടുകളിലുണ്ടാവാന്‍ പാടില്ല. അത്തരം സൗകര്യമില്ലാത്തവര്‍ ഹോട്ടലുകളിലോ മറ്റ് ഇടങ്ങളിലേക്കോ പോകണം. എന്തെങ്കിലും രോഗലക്ഷണം ഇനിയുള്ള ദിവസങ്ങളില്‍ ഉണ്ടായാല്‍ ആരോഗ്യവകുപ്പിനെ അറിയിച്ച് ചികിത്സതേടേണ്ടതിനെക്കുറിച്ചുമുണ്ട് വിശദീകരണം.

വിമാനത്തില്‍നിന്ന് ഇറങ്ങിവരുന്നവരുടെ ശരീരോഷ്മാവ് നോക്കിയാണ് എല്ലാവരെയും കടത്തിവിടുന്നത്. ക്ലാസ് കഴിഞ്ഞാല്‍ പിന്നെ പ്രവാസിയുടെ രജിസ്ട്രേഷനാണ്. മണിക്കൂറുകളോളംനീളും ഇതിനായുള്ള കൗണ്ടറിലെത്താനുള്ള കാത്തുനില്‍പ്പ്. വിമാനം കയറുന്നതിനുമുമ്പ് പൂരിപ്പിച്ച ഫോറങ്ങള്‍ അവിടെ സ്വീകരിക്കില്ല. അതേ വിവരങ്ങള്‍ വൊളന്റിയര്‍മാര്‍ ചോദിച്ച് മനസ്സിലാക്കും. അത് കംപ്യൂട്ടറിലേക്ക് പകര്‍ത്തും. അവിടെനിന്ന് പിന്നെ ഹെല്‍ത്ത് ഡെസ്‌കിലേക്കാണ്. അവിടെയുമുണ്ട് ചെറിയ കാത്തുനില്‍പ്പ്. ഫോറങ്ങള്‍ വാങ്ങിയ അവര്‍ നാട്ടിലേക്കുള്ള യാത്രയെക്കുറിച്ചും ചോദിക്കുന്നു. കെ.എസ്.ആര്‍.ടി.സി. ബസുണ്ട്, പ്രീ പെയ്ഡ് ടാക്സിയുണ്ട്. യാത്രക്കാരുടെ ഇഷ്ടം. നാട്ടില്‍നിന്ന് ആരെങ്കിലും സ്വീകരിക്കാന്‍ വണ്ടിയുമായി എത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. അല്ലെങ്കില്‍ വീട്ടുകാര്‍ എത്തിച്ച വാഹനം സ്വന്തമായി ഓടിച്ച് താമസസ്ഥലത്തേക്ക് പോകാം. പോലീസും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുന്നു. അണുനശീകരണം നടത്തിയാണ് ലഗേജുകള്‍ കണ്‍വെയര്‍ ബെല്‍ട്ടിലൂടെ എത്തുന്നതത്രെ. പതിവിലും വൈകിയാണ് അവയുടെ വരവ്. എന്തായാലും മൂന്നോ നാലോ മണിക്കൂര്‍ വിമാനത്താവളത്തിലെ ഉപചാരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എടുക്കുമെന്ന് ചുരുക്കം.

സ്വീകരിക്കാന്‍ ആരുമില്ല, വാഹനങ്ങള്‍ സൃഷ്ടിക്കുന്ന ട്രാഫിക് തടസ്സമില്ല. ജീവന്‍ നഷ്ടമായ ഒരിടംപോലെയായിരിക്കുന്നു വിമാനത്താവളം. പഴയ ദിര്‍ഹം കച്ചവടക്കാരെയും കാണാനില്ല. വന്നിറങ്ങുന്ന മുഖങ്ങളിലും ഉത്സാഹമില്ല. അപൂര്‍വം ചിലര്‍ കാഴ്ചക്കാരായി സ്വീകരിക്കാനെന്ന മട്ടില്‍ കൂട്ടംകൂടി നില്‍പ്പുണ്ട്. അവര്‍ക്കുമില്ല ഉത്സാഹം. ടാക്‌സിയില്‍ നേരെ നാട്ടിലേക്കാണ്. ഈ ടാക്‌സികള്‍ക്ക് ഇപ്പോള്‍ നല്ല ഓട്ടമാണ്. മിക്കവാറും എല്ലാവരും ടാക്‌സി യാത്രയാണ് ഇഷ്ടപ്പെടുന്നതത്രെ. ബസില്‍ മതിയായ ആളെത്തണം, വിവിധ ജില്ലകളിലെ ഓരോ കേന്ദ്രവും നോക്കിനോക്കി പോകണം. എല്ലാം കഴിയുമ്പോള്‍ നാട്ടിലെത്തുമ്പോള്‍ ഒരു നേരമാകും എന്നതിനാല്‍ പെട്ടെന്ന് തന്നെ ടാക്സികളില്‍ യാത്രക്കാര്‍ കയറിപ്പറ്റുന്നു. നാലും അഞ്ചും മണിക്കൂര്‍ മുമ്പ് ഗള്‍ഫ് നാടുകളിലെ വിമാനത്താവളത്തില്‍ എത്തിയവരാണ് എല്ലാവരും. നാലുമണിക്കൂര്‍ വിരസമായ യാത്ര, ഭക്ഷണംപോലും കഴിക്കാതെ, മൂത്രശങ്ക തീര്‍ക്കാതെത്തന്നെയാണ് മിക്കവരും യാത്ര തുടരുന്നത്. വിമാനത്തിലെയും വിമാനത്താവളത്തിലെയും ടോയ്ലെറ്റുകള്‍ പലരും ഉപയോഗിക്കുന്നു എന്നതിനാല്‍ രോഗബാധയ്ക്ക് ഏറെ സാധ്യതയുള്ള സ്ഥലമാണ് ഈ ടോയ്ലറ്റുകള്‍ എന്ന അനുമാനത്തില്‍ കഴിയുന്നതും അത് ഉപേക്ഷിച്ചിരിക്കുന്നു യാത്രക്കാര്‍.

ടാക്‌സിക്കാറുകളുടെ ഓട്ടം പോലീസിന്റെ നിരീക്ഷണത്തിലാണ്. അനാവശ്യമായി എവിടെയെങ്കിലും നിര്‍ത്തുകയോ യാത്രക്കാരനെ എവിടെയെങ്കിലും ഇറങ്ങാന്‍ അനുവദിക്കുകയോ ചെയ്യരുത് എന്നാണ് ചട്ടം. ഒരു ആപ്പ് മുഖേന കാറിന്റെ യാത്ര അധികൃതര്‍ നിരീക്ഷിക്കുന്നുണ്ട്. എങ്കിലും ദയാലുവായ ഡ്രൈവര്‍ ചോദിക്കുന്നുണ്ട്, വെള്ളമോ ബിസ്‌കറ്റോ എന്തെങ്കിലും വാങ്ങിത്തരണമോ എന്ന്. മുന്‍കാലത്തെ ഗള്‍ഫുകാരന്റെ വരവും അവന്റെ മനസ്സിലുണ്ടാവണം. വിമാനത്താവളത്തില്‍നിന്ന് യാത്രതിരിച്ചാല്‍ പൊറോട്ടയും ബീഫ് ഫ്രൈയും കിട്ടുന്ന നല്ല നാടന്‍ ഹോട്ടല്‍ അന്വേഷിക്കുന്നതാണ് ഗള്‍ഫുകാരന്റെ ശീലം. സ്വീകരിക്കാനെത്തിയവര്‍ക്കായിരിക്കും അതിലേറെ ആവേശം. ഡ്രൈവര്‍മാര്‍ക്കും അതറിയാം. അവര്‍ അതിനനുസരിച്ച് നല്ല ഹോട്ടലുകള്‍ക്ക് മുന്നില്‍ വാഹനം നിര്‍ത്തുന്നു. ഗള്‍ഫുകാരന്റെ വീട്ടുകാരിലൊരാളായി അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നു. അതാണ് ഗള്‍ഫുകാരന്റെ നാട്ടിലെത്തിയാലുള്ള യാത്രയുടെയും ആഘോഷത്തിന്റെയും ആദ്യചുവട്. ഇപ്പോള്‍ അതൊന്നുമില്ല. യാത്രക്കാരനെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചശേഷം വിമാനത്താവളത്തിലെ ഫയര്‍ സ്റ്റേഷനു സമീപം വണ്ടി എത്തിച്ച് അണുനശീകരണം നടത്തിവേണം വീണ്ടും ടാക്സിയുടെ ക്യൂവില്‍ പ്രവേശിക്കാന്‍. അങ്ങനെ അണുനശീകരണം ഇല്ലാത്തവരുടെ വണ്ടി നമ്പറുകള്‍ ഈ ക്യൂവില്‍ എത്തില്ല.

ദേശങ്ങള്‍ പിന്നിട്ട് സ്വന്തം ജില്ലയിലേക്ക് വാഹനം പ്രവേശിക്കുകയാണ്. അവിടെയുമുണ്ട് പോലീസിന്റെ ചെക്പോസ്റ്റ്. നേരത്തേ വിമാനത്താവളത്തില്‍ കൊടുത്ത വിവരങ്ങളെല്ലാം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു, അവര്‍ കുറിച്ചെടുക്കുന്നു. പിറ്റേന്ന് കാലത്ത് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം പറയണമെന്ന അറിയിപ്പാണ് മറുപടി. ഒരു ഫോറം കൈയിലേല്‍പ്പിച്ച് പൂരിപ്പിച്ച് ഒപ്പിട്ട് നാളെ വാട്സാപ്പില്‍ ചിത്രമെടുത്ത് അയക്കണമത്രെ. ഹോം ക്വാറന്റൈന്‍ ഒരുക്കിയ സ്ഥലത്തെത്തുമ്പോഴും സ്വീകരിക്കാന്‍ പഴയ ആവേശക്കമ്മിറ്റിക്കാര്‍ ആരുമില്ല. പേടിച്ചരണ്ട മുഖങ്ങളോടെ ഉറ്റവര്‍മാത്രം. പെട്ടികളെല്ലാം തൂക്കിയെടുത്ത് , ആരെയും തൊടാതെ, വീട്ടിലുള്ള ഒരു വസ്തുവും അറിയാതെ പോലും തൊടാതിരിക്കാനുള്ള മുന്‍കരുതലോടെ തനിക്കായി ഒരുക്കിയ മുറിയിലേക്ക് കുടിയേറുന്നു. അപ്പോഴേക്കും മുറിക്ക് പുറത്തൊരു മേശയില്‍ പ്രത്യേക പാത്രങ്ങള്‍ ഇടംപിടിച്ചിരിക്കും. വരുമ്പോള്‍ ധരിച്ച വസ്ത്രങ്ങളെല്ലാം അലക്കാനായി ഒരു ബക്കറ്റിലിടുന്നു. അണുനാശിനിഒഴിച്ച് കഴുകാനായി തയ്യാറാക്കുന്നു. എല്ലാം സ്വന്തംതന്നെ ചെയ്യണം. വിശദമായ കുളി. അപ്പോഴേക്കും പാത്രങ്ങളില്‍ ഭക്ഷണം നിറഞ്ഞു. വിളമ്പിയവര്‍ സ്ഥലം വിട്ടിരിക്കുന്നു. ഭക്ഷണം കഴിച്ചെന്നുവരുത്തി, പാത്രങ്ങളെല്ലാം കഴുകി അതേ സ്ഥാനത്ത് അടുക്കിവെച്ച് വിശ്രമത്തിലേക്ക്.

കാലത്തുതന്നെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കലാണ് ആദ്യ ജോലി. നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം ആവര്‍ത്തിക്കുന്നു. പിന്നെ ഫോണ്‍ വിളികളുടെ പൂരമാണ്. പോലീസ്, ആരോഗ്യവകുപ്പ്, ഹെല്‍ത്ത് സെന്റര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, എസ്.പി.ഓഫീസ് എന്നിങ്ങനെ പലരും വിളിക്കുന്നു. ഒരേ ചോദ്യങ്ങള്‍, ഒരേ ഉത്തരങ്ങള്‍. യാത്രക്കാരന്‍ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ നല്‍കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ത്തന്നെ ആവശ്യമായ എല്ലാ കേന്ദ്രങ്ങളിലേക്കും ഓണ്‍ലൈന്‍വഴി നല്‍കിയാല്‍ എത്രമാത്രം മനുഷ്യാധ്വാനവും സമയവും ലാഭിക്കാം എന്ന ചോദ്യമൊന്നും ഇവിടെ ചോദിച്ചേക്കരുത്. ഇവിടെ ഓരോ ആളും ഓരോ സാമ്രാജ്യമാണ്. അധികം വൈകിയില്ല, ഒരു പോലീസുകാരന്‍ എത്തുന്നു. വീട്ടുമതിലില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ക്വാറന്റൈനില്‍ കഴിയുന്ന ആളുടെ പേര് രേഖപ്പെടുത്തിയ പോസ്റ്റര്‍. ഇയാള്‍ പുറത്ത് സഞ്ചരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടാല്‍ വിളിച്ചുപറയാന്‍ ഫോണ്‍ നമ്പറുമുണ്ട് പോസ്റ്ററില്‍. ക്വാറന്റൈന്‍ കഴിയുംവരെ പിന്നെ പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നിത്യേനയുള്ള വരവും പോക്കും. എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടോ എന്ന് അന്വേഷിക്കുന്നതാണ് അവരുടെ വരവിന്റെ ലക്ഷ്യം. മുറിക്കുള്ളില്‍ സ്വയം ഒതുങ്ങിക്കഴിയുന്ന പ്രവാസി അപ്പോള്‍ പോസിറ്റീവുകാരനൊപ്പം ഗള്‍ഫില്‍ ഒരേമുറിയില്‍ കഴിഞ്ഞ ദിനങ്ങള്‍ ഓര്‍മിക്കും. അല്ലെങ്കില്‍ കേട്ടറിഞ്ഞ അത്തരം കഥകള്‍ ഓര്‍ത്ത് ഇവിടത്തെ സംവിധാനങ്ങളുമായി താരതമ്യം ചെയ്യും.

പതിനാലുദിവസം കഴിയുമ്പോള്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കിട്ടും. ക്വാറന്റയിന്‍ പൂര്‍ത്തിയാക്കിയെന്ന് പറയുന്ന സാക്ഷ്യപത്രം. ആരോഗ്യത്തെക്കുറിച്ച് സംശയമുള്ളവര്‍ക്ക് ജില്ലാ ആശുപത്രികളില്‍ പോയി കോവിഡ് പരിശോധനയും നടത്താം. അപ്പോഴും പൊതുയിടങ്ങളിലേക്ക് സ്വതന്ത്രമായി ഇറങ്ങാന്‍ പിന്നെയും ദിവസങ്ങള്‍ കാത്തിരിക്കണം. ചുരുക്കത്തില്‍ നാട്ടിലെത്തുന്ന പ്രവാസിക്ക് നാലാഴ്ചയോളം നീളുന്ന ഏകാന്തവാസംതന്നെ. നാട്ടിലെത്തിയാല്‍ കൂട്ടുകാര്‍ക്കൊപ്പം ചുറ്റിയടിച്ച് ശീലിക്കുന്ന ഗള്‍ഫുകാരന് ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്. എന്നാല്‍ വീട്ടുകാരനെ തൊട്ടടുത്ത് വിട്ടുകിട്ടിയതിന്റെ സന്തോഷത്തിലാവും ഉറ്റവര്‍. പ്രവാസിയാണെങ്കില്‍ തിരിച്ചുപോകാനുള്ള സാങ്കേതികനടപടികളുടെ അന്വേഷണത്തിലും. ഇന്ത്യ ആകാശവാതിലുകള്‍ ഇനി എന്ന് തുറക്കുമെന്ന വേവലാതി വേറെയും.

എന്തായാലും കോവിഡ് കാലത്തെ പ്രവാസിയുടെ നാട്ടിലേക്കുള്ള യാത്ര ഇങ്ങനെയൊക്കെയാണ്. തിരിച്ചുകിട്ടുമോ ഉല്ലാസം നിറഞ്ഞ ആ പഴയ യാത്രകള്‍? കോവിഡിനെക്കുറിച്ച് ചോദിക്കുമ്പോള്‍ പ്രവാസിയുടെ മനസ്സില്‍ ഉയരുന്ന ചോദ്യങ്ങളില്‍ ഒന്നാണ് ഇതും. ക്വാറന്റൈനുവേണ്ടി എത്തുന്ന പ്രവാസിയെ വീട്ടില്‍ കയറ്റാതെ ഇറക്കിവിടുന്ന ഉറ്റവരും ഇവിടെ താമസിക്കാന്‍ വിടില്ലെന്ന് ശഠിക്കുന്ന നാട്ടുകാരുമെല്ലാം ഇതിനിടയില്‍ നാട്ടിലെ പത്രങ്ങളില്‍ കൗതുകവാര്‍ത്തയായി ഇടക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്നലെ വരെ ഗള്‍ഫുകാരനെ ആഘോഷപൂര്‍വം കൊണ്ടാടിയ നാട്ടുകാര്‍ എത്ര പെട്ടെന്നാണ് മാറിയിരിക്കുന്നത്. പ്രവാസിയുടെ ചോക്ലേറ്റ് കഴിക്കാത്ത, സമ്മാനങ്ങള്‍ സ്വീകരിക്കാത്ത, മദ്യം രുചിക്കാത്ത കൂട്ടുകാരോ ബന്ധുക്കളോ വിരളമായിരിക്കും. എന്നിട്ടും അരൂപിയായ ഒരു വൈറസ് അവരെ എത്രമാത്രം മാറ്റിയിരിക്കുന്നു. ഇതെല്ലാം കണ്ടും കേട്ടും നാട്ടിലേക്ക് വരാന്‍പോലും മടിക്കുന്നുവത്രെ പ്രവാസികളെന്ന് അവിടെനിന്ന് സുഹൃത്തുക്കളുടെ അറിയിപ്പുകള്‍. കാലം എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്? ഉത്സവം പോലെ കൊണ്ടാടിയിരുന്ന പ്രവാസിയുടെ വരവ് ഇനി പഴയതുപോലെ ആകുമോ എന്നെങ്കിലും പഴയതുപോലുള്ള ഉല്ലാസം ഇനി ഗള്‍ഫുകാരന്റെ നാട്ടിലേക്കുള്ള യാത്രയില്‍ ഉണ്ടാവുമോ? കാലം നല്‍കുന്ന മറുപടിക്കായി കാത്തിരിക്കാം.