മാട്ടുംഗയിലെ കൊച്ചു ഗുരുവായൂരിൽനിന്ന് അപ്പോൾ ഭജന കേൾക്കുന്നുണ്ടായിരുന്നു. ക്ഷേത്രപരിസരത്ത് കാത്തു നിൽക്കാനാണ് സുകു പറഞ്ഞത്. സമയം ഒച്ചു വേഗത്തിൽ നീങ്ങി, കാത്തിരിപ്പ് നീണ്ടു. ഒടുവിൽ അവൻ എത്തുമ്പോൾ രണ്ട് മണിക്കൂറിലേറെ കഴിഞ്ഞിരുന്നു. ക്ഷമാപണം നടത്തിയില്ല, തിരക്കുപിടിച്ച അവന്റെ ജീവിതത്തിനിടക്ക് ഞാൻ വന്നത് ഇഷ്ടപ്പെടാഞ്ഞിട്ടോ എന്തോ! പക്ഷേ, പിന്നീട് എനിക്ക് മനസ്സിലായി, ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കാനോ ജീവിതം ആസ്വദിക്കാനോ ഉള്ള മനോവികാരം നഷ്ടപ്പെട്ടവരാണ് മറുനാടൻ മലയാളികൾ ; പ്രത്യേകിച്ച് മുംബൈ പോലുള്ള ഒരു നഗരത്തിൽ ജീവിക്കുന്നവർ, പ്രവാസി എന്ന ഓമനപ്പേരില്ലാത്തവർ!

ഗൾഫ് പ്രവാസികളെപ്പോലെ സംഘബലമോ സമ്പന്നതയോ ഇവർക്കില്ല. വിലപേശൽ തന്ത്രങ്ങളുമറിയില്ല അവർക്കായൊരു ‘വകുപ്പും’ നിലവിലില്ല. ഗൾഫുനാടുകളിലെ ലേബർ ക്യാമ്പുകളിലേക്ക് ‘വിനോദയാത്ര’ നടത്തി സെൽഫിയെടുക്കുന്ന ഒരു നേതാവും ഇവരെക്കുറിച്ച് ആകുലപ്പെടാറില്ല!

നിറഞ്ഞൊഴുകുന്ന അഴുക്കുചാലുകൾക്കും തെരുവുകച്ചവടക്കാരുടെ തെറിവിളികൾക്കുമിടയിലൂടെ അവനെന്നെ നടത്തി. ഏതൊക്കെയോ ഗലികൾക്കിടയിലൂടെ നടന്ന് തകരഷീറ്റുകൊണ്ട് മറച്ച ചൂള പോലുള്ളൊരു ചാളയ്ക്കുമുന്നിൽ അവൻ നിന്നു: ‘‘നീ കയറിയിരിക്ക്, പൈപ്പിന് ചോട്ടിൽ ഇപ്പോൾ ആളൊഴിഞ്ഞിട്ടുണ്ടാകും, ഇനിയും വൈകിയാൽ വെള്ളവും കിട്ടില്ല’’ എന്ന് പറഞ്ഞ് ഒരു ബീഡി കൊളുത്തി പുറത്ത് അടുക്കി വച്ച ഡാൽഡാടിന്നുകളിലൊന്നെടുത്ത് ധൃതിയിൽ നടന്നു.

പുറത്ത് ഒരാളിരുന്ന് ഉറക്കം തൂങ്ങുന്നു. രാത്രി മുഴുവൻ ഇയാളിങ്ങിനെ ഇരുന്നുറങ്ങുകയായിരുന്നോ എന്നതിശയിച്ചു. മടിച്ചുമടിച്ച് ചൂളയുടെ വാതിൽ തുറന്നു. കട്ടിലുകളൊന്നുമില്ല, താഴെ വിരിച്ചിട്ട പ്ലാസ്റ്റിക് പായകളിൽ തലങ്ങും വിലങ്ങും കുറേയേറെപ്പേർ കിടക്കുന്നു. ഒരു ബൾബ് കത്തുന്നുണ്ട്, സ്വിച്ചുകളൊന്നുമില്ലാത്ത ഒരു കറുത്ത ഫാൻ കരഞ്ഞു കറങ്ങുന്നു. വാതിൽ തുറന്ന വെളിച്ചത്തിൽ രണ്ടുപേർ തലയുയർത്തി ചോദ്യഭാവത്തിൽ നോക്കി.

‘‘സുകുവിന്റെ...’’

മുഴുവിപ്പിക്കുന്നതിന് മുമ്പ് ‘‘ഊം!’’ എന്നൊരു മൂളൽ മാത്രം.

എന്തെങ്കിലും വായിക്കാനുണ്ടാകുമെന്ന് പരതിയ ഞാൻ നിരാശനായില്ല. ക്രൈമിന്റെ ഒരു പഴയപതിപ്പ് തകരഷീറ്റുകൾ ചേരുന്നിടത്ത് തിരുകി വച്ചിരിക്കുന്നു. വായിക്കാൻ തോന്നിയില്ല, ഒട്ടിപ്പിടിച്ച താളുകൾ അലസമായി അടർത്തിക്കൊണ്ടിരിക്കവേ സുകു തിരിച്ചെത്തി. വളരെ വേഗത്തിലാണ് അവൻ വസ്ത്രം മാറിയത്. ഓരോ തലയിണകൾക്കുമപ്പുറം ‘ചുമരി’നോട് ചേർത്ത് ഈരണ്ട് തകരപ്പെട്ടികൾ വെച്ചിരിക്കുന്നു. ‘എം.കെ. സുകുമാരൻ’ എന്ന് വെള്ള നിറത്തിൽ വലുതാക്കി എഴുതിയ ഒന്നിൽ നിന്ന് അവൻ പേഴ്‌സെടുത്ത് എളിയിൽ തിരുകി (പോക്കറ്റിനേക്കാൾ സുരക്ഷിതം അവിടെയാകാം) പെട്ടിപൂട്ടി നാലഞ്ചു തവണ വലിച്ചു നോക്കി ഭദ്രമാണെന്ന് ഉറപ്പു വരുത്തി. പുറത്തേക്കിറങ്ങുമ്പോൾ രണ്ടു മൂന്ന് തമിഴ്‌നാട്ടുകാർ അകത്തേക്ക് കടന്നു. യാതൊരു പരിചിതഭാവവും കാണിക്കാഞ്ഞതിനാൽ അവർ ആരെന്നു തിരക്കി, ഒരു കുപ്പി നിർമാണക്കമ്പനിയിലെ രാത്രി ജീവനക്കാരാണത്രെ അവർ! ഇപ്പോൾ ഉറങ്ങുന്നവർ പകലുറക്കത്തിനായി ഇവർക്ക് നിശ്ചിത സ്ഥലങ്ങൾ ഒഴിഞ്ഞുകൊടുക്കണം. അപ്പോൾ പുറത്തിരുന്നുറങ്ങുന്നവന് ഉച്ചനേരത്തായിരിക്കണം ജോലി തുടങ്ങുന്നത്. അനുവദിക്കപ്പെട്ട സമയം തീർന്ന അയാൾ പിന്നെ എന്തുചെയ്യാൻ?!

സയൺ സ്റ്റേഷനിൽനിന്ന് വിക്ടോറിയാ ടെർമിനസിലേക്കുള്ള (വി.ടി.) ട്രൈയിൻകയറി. നരിമാൻ പോയന്റിലുള്ള യൂസുഫിനെ കാണണം. അവൻ നാട്ടിലെ ചെറിയൊരു മുതലാളിയാണ്, നാലഞ്ച് മാസം കൂടുമ്പോൾ നാട്ടിൽ വരും. പക്ഷേ, അവന്റെ ജോലിക്കാരായ ഷാഫിയും നിസാറും നാട് കണ്ടിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.

അവരെ നേരിൽ കണ്ട് വിവരങ്ങളറിയണം, ഇതവർക്ക് കൊടുക്കണമെന്ന് പറഞ്ഞ് രണ്ടുമ്മമാരും തന്ന പൊതികളിൽ ഒരാൾക്ക് ചരടിൽ കോർത്തൊരേലസും പെട്ടെന്ന് പ്രതിഫലം കിട്ടുന്ന പ്രാർഥനകളുള്ള ഒരു കൈപ്പുസ്തകവും. മറ്റൊന്ന് ഒരു കാസറ്റുമായിരുന്നു. ആ ദൗത്യവുമുണ്ട്. ഉഷ്ണക്കാറ്റടിക്കുന്ന കടപ്പുറത്തപ്പോൾ നാരിയൽവാലകൾ വാഴത്തൂമ്പു പോലെ ഇളനീർ ചെത്തുന്നു. ഉപ്പും മുളകും തേച്ച ഇളം വെള്ളരിക്കാ വണ്ടികൾ. പരസ്പരമൊന്ന് നോക്കുക പോലും ചെയ്യാതെ യുദ്ധഭീതിയിൽ പായും പോലെ ജനങ്ങൾ. നേരമില്ല ആർക്കും. സൗഹൃദങ്ങളില്ലാത്ത ഏകാന്ത നഗരത്തിൽ കൈവിട്ടു പോകുമെന്ന ഭയത്തിൽ സീബ്രാലൈനിലും സുകു അമർത്തിപ്പിടിച്ചിട്ടുണ്ടെന്റെ കൈകൾ.

ഏറെനടന്ന് വഴിവാണിഭക്കാരുടെ തെരുവിലെത്തി. പാനീപൂരിയും ഗണേശ വിഗ്രങ്ങളും അടിവസ്ത്രങ്ങളും വിൽക്കുന്ന തിരക്കുള്ള ആ തെരുവിലൊരു കരിമ്പന പോലെ നിൽക്കുന്നു യൂസഫ്! നിരത്തി വച്ചിട്ടുണ്ട് മുന്നിൽ കുറേ ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങളുടെ കൂടുകൾ, തലയിൽ ഏരിയലും റേഡിയോയുമുള്ളൊരു ഹെഡ്‌ഫോൺ, മഴവിൽ നിറമുള്ള സൺഗ്ലാസ്, തലയിൽ ചെരിച്ചുെവച്ചിട്ടുണ്ട് നക്ഷത്രം പതിപ്പിച്ച ഒരു തൊപ്പി. കൈത്തണ്ടകളിൽ വിവിധതരം വാച്ചുകൾ. വായിൽ പീപ്പിയും കൈയിലൊരു കളിത്തോക്കുമായി നിൽക്കുന്ന അവൻ ഒരന്യഗ്രഹ ജീവിയെപ്പോലെ തോന്നിച്ചു.

ഞാൻ വന്നത് അവൻ അറിഞ്ഞിട്ടില്ല. ഇടയ്ക്ക് പീപ്പി വിളിനിർത്തി ബോലോ ഭായ് ബോലോ ഭായ് എന്ന് വിളിച്ചു പറയുന്നുണ്ട്. ഞങ്ങൾ അല്പം മാറി നിന്നു. അതിനിടെ ഒരു മറാഠി യുവാവ് നിരത്തി വച്ചതിൽ ഒരു പെട്ടി തൊട്ടു കാട്ടുന്നു അതിന്നുള്ളിൽ നിന്നൊരു കാറ്റലോഗ് മാത്രം പുറത്തെടുത്ത് അവർ അന്യോന്യം വിലപേശുകയാണെന്ന് തോന്നുന്നു. ഒടുവിൽ ഒരു നീട്ടി വിളിക്കുത്തരമായി എത്തിയ നിസാർ പെട്ടിയൊന്ന് നോക്കിയതിനു ശേഷം ഓടിപ്പോയി നിമിഷങ്ങൾക്കകം ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ അയാൾ തൊട്ടുകാട്ടിയ റേഡിയോയുമായെത്തി. പ്രവൃത്തിപ്പിച്ചു നോക്കി ബോധ്യപ്പെട്ട് കാശും കൊടുത്ത് അയാൾ പോയി.

സുകു അവനു മുന്നിൽ എന്നെ നിർത്തി. ‘‘എടാ പഹയാ...’’ എന്ന് വിളിച്ച് കെട്ടിപ്പിടിച്ചപ്പോൾ വിയർപ്പും വിലകുറഞ്ഞ ഏതോ അത്തറും കൂടിക്കലർന്ന ഒരു മിശ്രഗന്ധമായിരുന്നു അവന്.

സുകു യാത്രപറഞ്ഞു, ഇപ്പോഴേ വൈകിയിരിക്കുന്നു, ഇനിയും വൈകിയാൽ അയാളുടെ ദുർമുഖം കാണേണ്ടിവരും എന്ന് പറഞ്ഞ് ധൃതിയിൽ നടന്നകന്നു. അവനേതോ ഗോഡൗണിലാണ് ജോലി. യൂസഫ് വീണ്ടും ബോലോ ഭായ് വിളി തുടങ്ങിയിരുന്നു. കച്ചവടത്തിന് തടസ്സമാകേണ്ടെന്ന് കരുതി ‘‘അടയ്ക്കും മുമ്പ് വരാം’’ എന്ന് പറഞ്ഞിറങ്ങി. ‘അടക്കുക’എപ്പോഴുമാകാം, കോർപ്പറേഷൻകാര് വന്ന് ഈ കാലിക്കൂടുകൾ പെറുക്കിക്കൊണ്ടുപോയാൽ ഇന്നത്തെ കച്ചോടം തീരും. എന്തായാലും നീ വാ, കുറേ നാളായി നാട്ടുവിശേഷങ്ങളറിഞ്ഞിട്ട്. നിന്നെ കിട്ടിയിട്ടും!

കൈയിൽ കരുതിയ പൊതി അവനെ ഏൽപ്പിച്ച് ബീച്ചിലേക്ക് നടന്നു. ഇന്ത്യാ ഗേറ്റും സവാരിബോട്ടുകളും പ്രണയജോഡികളും തെരുവു കച്ചോടക്കാരും...

കടപ്പുറം ആ നേരത്തും സജീവമായിരുന്നു. ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന പഴയൊരു സഹപാഠിയെ വിളിച്ചു, വൈകാതെ എത്താമെന്ന് അവൻ പറഞ്ഞു. നാട്ടിലെ മറ്റൊരു കൂട്ടുകാരൻ അവനായ് തന്നു വിട്ട ‘സങ്കീർത്തനം പോലെ’ കൈയിലിരുന്ന് വിയർത്ത് കുതിർന്നിരുന്നു. വർഷങ്ങൾക്കുമുമ്പൊരു കോളേജവധിയിൽ അവനുമൊത്താണ് ആദ്യ ബോംബെ യാത്ര!

അന്ന് അവൻ ഇവിടെത്തന്നെ തങ്ങി, ഏതാനും ആഴ്ചകൾക്ക് ശേഷം ഞാനും മടങ്ങി. മാസങ്ങൾക്കകം പ്രവാസത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.

പെരുമ്പടവത്തിന്റെ സങ്കീർത്തനത്താളുകൾ മറിച്ചും പോപ്പ്‌കോണിന്റെ ഒടുവിലെ ഉപ്പുരസം രുചിച്ചും നേരം കൊല്ലവേ അവനെത്തി.

‘‘എന്താടേയ് അപ്രതീക്ഷിതമായി ഇങ്ങനെയൊരലച്ചിൽ? പഴയ അസ്കിത തുടങ്ങിയോ, ഊരുതെണ്ടൽ?’’ അന്നം തേടലിന്റെ ഭാഗമായുള്ള ഇത്തരം അലച്ചിലിൽ പഴയ ചങ്ങാതിമാരെ കാണാം, പുറവാസത്തിന്റെ മുള്ളും പൂവും നേരിട്ടറിയാം. നാളെ തിരിക്കും, പോകും മുമ്പ് ഒന്ന് രണ്ട് ക്ലയൻസിനെ കാണണം. ശേഷം നമ്മുടെ യൂസുഫിനടുത്ത് പോണം.

ഇലക്‌ട്രിക് ട്രൈയിനിന്റെ തിരക്കിൽ ഞങ്ങളും കൊളുത്തപ്പെട്ടു. അതിനിടയിൽ ചിലർ നിന്നുകൊണ്ടുതന്നെ ചീട്ടുകളിക്കുന്നു! ഇരിക്കുന്ന ഒരാളുടെ മടിയിലെ പെട്ടിപ്പുറത്താണ് ചീട്ടെറിയുന്നത്. ഒരു നിമിഷം പോലും ഇവർ പാഴാക്കുന്നില്ലല്ലോ എന്നതിൽ അതിശയം തോന്നി. വീണ്ടും യൂസുഫിനടുത്തെത്തുമ്പോൾ ഇരുട്ടിയിരുന്നു.

കടപ്പുറവും പാതയോരവും വിജനമായിരുന്നു. അവൻ അലങ്കാരങ്ങളൊക്കെ അഴിച്ച് വച്ച് ടീഷർട്ടും ബർമുഡയും ധരിച്ചാണ് നിൽപ്പ്.

‘‘നീയെന്തേ ഇത്ര വൈകിയേ? ഓ ഇവനെ കിട്ടിയപ്പോൾ പഴയ പ്രണയകഥകൾ പറഞ്ഞിരുന്നിട്ടുണ്ടാകും’’ എന്ന് പറഞ്ഞ് അവനെ ഒളികണ്ണാൽ നോക്കി.

ജോലിക്കാരായ കുട്ടികളോട് കാലിപ്പെട്ടികൾ അടുക്കാനാജ്ഞാപിച്ച് അവൻ ഞങ്ങളെ പാനീപൂരി വിൽക്കുന്ന ഒരു വണ്ടിക്കടയിലേക്ക് നടത്തി.

നാട്ടിൽ നഷ്ടമായ ബാല്യകൗമാരങ്ങളെക്കുറിച്ചവൻ നൊമ്പരപ്പെട്ടു. ഇതിനിടയ്ക്ക് ആ കുട്ടികൾ അത്താഴം കഴിച്ച് കൈയിൽ ചുരുട്ടിപ്പിടിച്ച ചാക്കുകളുമായെത്തി.

ഈ പാതിരക്കും ഇവരെന്തേ പോകാത്തതെന്ന ചോദ്യത്തിന് ഇനിയും അടയ്ക്കാത്ത ഒരു കട ചൂണ്ടിപ്പറഞ്ഞു, ആ സിന്ധിയുടെ കടയും അടക്കണം, അതിന്റെ ഇറയത്താ അവരുടെ ‘അക്കമഡേഷൻ’ എന്ന്! പ്ലാസ്റ്റിക് ചാക്കിൽ കയറി മടക്കിയൊരു ചണച്ചാക്കിൽ തലയുംവെച്ച് ‘സുഖനിദ്ര!’ മഴ പെയ്താൽ പോലും മേല് നനയില്ല, ഇറയത്തായതിനാൽ തലയും. ‘‘നിന്റെ നാട്ടിലെ സമ്പന്നരുടെ പിക്‌നിക് ഇങ്ങനെയല്ലേ, ഞങ്ങൾക്കെന്നും പിക്‌നിക്കാ...’’ എന്നു പറഞ്ഞ് ചിരിക്കുമ്പോഴും പൂരി വണ്ടിയിലെ പെട്രോൾമാക്സ് വെളിച്ചം അവന്റെ കണ്ണിൽ പ്രതിഫലിച്ചു.

‘‘അപ്പോൾ നിന്റെ സാധനങ്ങളോ?’’

‘‘അത് ദിവസവാടകയ്ക്ക് ഒരു മാർവാഡിയുടെ ഗുംട്ടിയിൽ വെക്കുന്നു.’’

‘‘നീയോ?’’

‘‘പരിചയക്കാരൊക്കെ വീടണഞ്ഞെന്ന് ഉറപ്പിച്ചാൽ ഞാനും എന്റെ സ്ലിപ്പിങ് ബാഗ് പുറത്തെടുക്കും’’ എന്ന് പറഞ്ഞ് അവൻ പോയി അഞ്ച് പത്ത് മിനിറ്റുകൾക്കകം അവിടവിടെക്കീറി കാറ്റുപോയ പഴയൊരു യഥാർഥ സ്ലീപ്പിങ് ബാഗുമായെത്തി. തലവെക്കാൻ ഒരു എയർ പില്ലോയും!

‘‘ഇതാണ് എന്റെ റോയൽ അക്കമഡേഷൻ, ഞാൻ മുതലാളിയല്ലേ!’’ എന്നു പറഞ്ഞ് ഉറക്കെച്ചിരിച്ചു. ആ കൃത്രിമച്ചിരിയിൽ അവന്റെ നൊമ്പരങ്ങൾ വായിച്ചെടുക്കാമായിരുന്നു.

ഒടുവിൽ പിരിയാൻനേരം പതിവാക്കിയ ‘ശുഭരാത്രി’ ആശംസിക്കാൻ തുനിഞ്ഞപ്പോൾ ഉള്ളൊന്ന് പതറി. ഏൽപ്പിച്ച കാര്യം ഒരു കടമപോലെ നിർവഹിച്ച് പോരുന്നതെങ്ങനെ. പ്ലാസ്റ്റിക് ചാക്കുകളിൽ കയറിക്കിടന്ന് നാട്ടിലെ വീടും വീട്ടുകാരെയും സ്വപ്നം കണ്ട് ഉറക്കം നഷ്ടപ്പെടുന്ന എന്റെ നാട്ടുകാരായ ആ കുട്ടികളുടെ അടുത്തെത്തി യാത്ര പറയാൻ തൊട്ടു വിളിച്ചു. അപ്രതീക്ഷിത സ്പർശനത്താൽ അവർ അതിശയിച്ച് എന്റെ മുഖത്തേക്ക് നോക്കി.

പ്രവാസിയുടെ ഉഷ്ണമാപിനിയിലൊന്നും അളക്കാൻ പറ്റാത്ത വേപഥു നിറഞ്ഞ കണ്ണുകളോടെ അവരെന്നെ നോക്കുമ്പോൾ ബാറ്ററി തീർന്നൊരു ടേപ്പ് റെക്കോഡർ (മിനിസ്റ്റീരിയോ) അവന്റെ ഉമ്മയുടെ കൺനിറഞ്ഞപ്രാർഥന ഇഴഞ്ഞിഴഞ്ഞ് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. നിസാർ അല്പമകലെയുള്ള പൂരിക്കടക്കാരന്റെ പെട്രോൾമാക്സിന്റെ മങ്ങിയ വെളിച്ചത്തിൽ പുസ്തകത്താളിലെ പ്രാർഥനാ വചനങ്ങൾ മനഃപാഠമാക്കുകയായിരുന്നു.

‘വിവരങ്ങളറിയണം’ എന്ന അവരുടെ ഉമ്മമാരുടെ വാക്കുകൾ മനസ്സിൽ പ്രതിധ്വനിക്കുന്നു. എന്റെ പ്രിയപ്പെട്ട ഉമ്മമാരേ, വിവരങ്ങൾ അറിഞ്ഞു, കണ്ടു. സുഖം തന്നെയാണ് നിങ്ങളുടെ മക്കൾക്ക് എന്നല്ലാതെ എന്തു പറയും! പിന്നേയും നീണ്ടു പോയി യാത്ര. തിരിച്ച് ദുബായ് എയർപോർട്ടിലിറങ്ങുമ്പോൾ കൂട്ടുകാരിൽ പലരുമുണ്ടായിരുന്നു സ്വീകരിക്കാൻ, എന്നെയല്ല മന്ത്രി മുഖ്യനെ! ‘എക്സ്പ്രസ് സർവീസെന്ന’ സ്വപ്നം പൂവണിയിച്ച അദ്ദേഹത്തിനുള്ള സ്വീകരണം!

പിറ്റേന്ന് ഗൃഹാതുരനായ ഒരു പ്രവാസി സമ്പന്നന്റെ വേവലാതി ഒരു റേഡിയോ ചാനലിൽ മന്ത്രി മുഖ്യനുമായി പങ്കുവെക്കുന്നത് കേട്ടു: ‘‘ഞങ്ങളുടെ മക്കൾ തവളയെയും ആനയെയും കാണാതെയാണ് അവയെക്കുറിച്ച് പഠിക്കുന്നതെന്ന്, അതിനായി ഞങ്ങൾക്കിടയ്ക്കിടെ പോകണം നാട്ടിൽ. വിമാനച്ചാർജ്‌ ഇങ്ങനെ കൂട്ടിയാൽ എങ്ങനാ?!’

രണ്ടോ മൂന്നോ ആണ്ടുകൾ കൂടുമ്പോൾ പോകുന്ന പ്രവാസിയുടെ നൊമ്പരം മനസ്സിലാക്കാം!

സഹയാത്രികരായ സുഹൃത്തുക്കൾ തമാശയായി പറഞ്ഞു, നമ്മുടെ നാട്ടിലെ കുട്ടികൾ ഒട്ടകത്തെക്കാണാതെ ഒട്ടകമെന്ന് പഠിക്കുന്നുണ്ടല്ലോ!

മുഖ്യമന്ത്രിയുമായുള്ള പ്രവാസിസംഘടനകളുടെ യോഗത്തിന് ക്ഷണിച്ചെങ്കിലും പങ്കെടുക്കാൻ തോന്നിയില്ല. തീൻമേശയിൽ സഹമുറിയൻ ഉണ്ടാക്കി വെച്ച അത്താഴം പോലും കഴിക്കാതെ കയറിക്കിടന്നു. സുഖശീതളിമയിലപ്പോഴും അകലെയെങ്ങോ ഒരു പ്ലാസ്റ്റിക് ചാക്കിന്റെ ഇരുട്ടിൽനിന്ന് ഒരു ഉമ്മയുടെ രോദനം മൃദുസ്ഥായിയിൽ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു.