ഗൾഫിലുള്ളവർ സ്വദേശം ചോദിക്കുമ്പോൾ സുഹൈൽ പറയും കണ്ണൂരെന്ന്. നാട്ടിലെത്തിയാൽ ഗൾഫിൽ എവിടെയെന്ന് ചോദിക്കുമ്പോഴും സുഹൈൽ അതേ ഉത്തരംതന്നെ നൽകും. സംശയം വേണ്ടാ. സുഹൈൽ ഗൾഫിലും കേരളത്തിലും ഒരേ സ്ഥലപ്പേരുള്ളിടത്താണ് താമസം. സ്ഥലപ്പേരുകളിലെ അപരൻ അത്ര പുതുമയുള്ള കാര്യമല്ല. എന്നാൽ, അപരന്മാർ ഗൾഫിലുണ്ടെന്ന് കേൾക്കുമ്പോൾ തെല്ലൊരു അമ്പരപ്പുണ്ടായേക്കാം. പ്രത്യേകിച്ച് കേരളത്തിലെ വിപ്ലവത്തിന്റെ ശീലുകളുള്ള കണ്ണൂരിന്റെ അപരൻ യു.എ.ഇ.യിലുണ്ടെന്ന് കേൾക്കുമ്പോൾ. കേരളത്തിന്റെ സ്വന്തം കണ്ണൂരിന് അറബിനാട്ടിലുള്ള അപരനാണ് ഖണ്ണൂർ. ഇവിടെ ഉള്ളിലേക്കെടുക്കുന്ന ശ്വാസത്തിന് വിപ്ലവത്തിന്റെ ഗന്ധമില്ല, പകരം പ്രവാസിയുടെ വിയർപ്പിന്റെ ഗന്ധമാണ്. കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന മരുഭൂമിയിലാണ് മലയാളികളിവിടെ വിപ്ലവം തീർക്കുന്നത്. പേരുകേൾക്കുമ്പോൾ വലിയ നഗരമാണെന്ന് തെറ്റിദ്ധരിക്കയുമരുത്. മണൽക്കുന്നുകളുടെ നാടാണിത്. മലയാളികളുടെ വിയർപ്പുവീഴുന്ന യു.എ.ഇ.യിലെ ഒരു കൊച്ചുഗ്രാമം.
അബുദാബിയിൽനിന്ന് 245 കിലോമീറ്റർ അകലെ പടിഞ്ഞാറൻ മേഖലയിലുള്ള ഗ്രാമം. ബഡാസായെദിൽനിന്നും ഗയാതിയിൽനിന്നും 80 കിലോമീറ്ററാണ് ഖണ്ണൂരിലേക്ക്. മുസഫ ഹമീം ലിവ വഴിയുമെത്താം. ബസ് സൗകര്യമുണ്ട്. ലിവയിലുള്ള റൗണ്ട് എബൗട്ടിൽനിന്ന് വലത്തോട്ടുതിരിയുന്നത് ഖണ്ണൂരിലേക്കാണ്. ഇവിടെനിന്ന് സൗദി അറേബ്യയുടെ അതിർത്തിയിലേക്ക് (അറാദ) 50 കിലോമീറ്റർ മാത്രമേയുള്ളൂ.
യു.എ.ഇ.യിലെ മറ്റുപ്രദേശങ്ങളിൽ മണൽപ്പരപ്പുകളാണ് അധികവും. എന്നാൽ, ഇവിടെ മണൽക്കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശമാണ്. ലോകത്തിലെ ഏറ്റവുംവലിയ മണൽക്കുന്നുകൾ ഇവിടെയാണെന്നുവരെ തോന്നിപ്പോകും. നോക്കെത്താദൂരത്തോളം മണൽക്കുന്നുകൾ വ്യാപിച്ചുകിടക്കും. കയറ്റവും ഇറക്കവും വളവും തിരിവുമൊക്കെയുള്ള പ്രത്യേകതരം റോഡുകളും ഒരു പെട്രോൾ പമ്പും കുറച്ച് ഈന്തപ്പനത്തോട്ടങ്ങളുമുള്ള മരുഭൂമിയിലെ അറിയപ്പെടാത്ത സുന്ദരഗ്രാമമാണിത്. ഖണ്ണൂരിലേക്കുള്ള വഴിയിലാണ് എണ്ണപ്പാടങ്ങളും ലോകത്തിലെ പ്രമുഖ ഹൈഡ്രജൻ സൾഫൈഡ് ഉത്പാദന കേന്ദ്രമായ ഷാ പ്ലാന്റുമുള്ളത്. വളരെക്കുറച്ച് സ്വദേശികളും അതിലേറെ മലയാളികളും മാത്രമാണിവിടെ താമസം. കൃഷിയിടങ്ങളിൽ തൊഴിലെടുക്കുന്ന ചില്ലറ ബംഗാളികളുമുണ്ട്.
യു.എ.ഇ.യിൽ ഏറ്റവുംകൂടുതൽ ഈന്തപ്പഴം ഉത്പാദിപ്പിക്കുന്ന ഇടങ്ങളിലൊന്നാണ് ഖണ്ണൂർ. ഇവിടെയെത്തിയാൽ കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന ഈന്തപ്പനത്തോട്ടങ്ങൾ കാണാൻതന്നെ കൗതുകമാണ്. വേനൽക്കാലം ഈന്തപ്പന കായ്ക്കുന്നത് രുചിയേറുന്ന കാഴ്ചയാണ്. ചൂട് കത്തിനിൽക്കുന്ന കാലത്താണ് വിളവെടുപ്പ്. ആ സമയം ഈന്തപ്പഴ ഫെസ്റ്റിവെൽ പതിവായുണ്ടാകും. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ളവരും മറ്റ് ഗൾഫ് രാജ്യങ്ങളിലുള്ളവരും ഫെസ്റ്റിവലിനെത്തും. കൃഷിചെയ്യാൻ പറ്റിയ ഇടമാണിവിടം. തക്കാളി, കാബേജ്, മല്ലി, മത്തൻ, വഴുതനങ്ങ, ചുരങ്ങ, വെള്ളരി, കുമ്പളം തുടങ്ങിയ പച്ചക്കറികളും തണ്ണിമത്തൻ, ഷമാം തുടങ്ങി പഴവർഗങ്ങളും ധാ
രാളമായി കായ്ക്കുന്നയിടം. കൃഷിതന്നെയാണ് ഇവിടങ്ങളിലെ പ്രധാന ഉപജീവനമാർഗമെന്ന് പറയാം. കുഴൽക്കിണറുകളാണ് അധികവും. യു.എ.ഇ.യിലെ
പ്രധാനപ്പെട്ട കാർഷികതോട്ടം മേഖലയായതുകൊണ്ടാണ് ഈ പ്രദേശത്തെ മുസയിറ എന്നും വിളിക്കാറുണ്ട്. അറബിയിൽ മുസയിറക്ക് കൃഷിചെയ്യുന്ന സ്ഥലം എന്നാണ് പറയുക. ചെറിയ കണ്ടൽക്കാടുകളും മരങ്ങളുംകൊണ്ട് സമ്പുഷ്ടമാണിവിടം.
വർഷങ്ങൾക്കുമുമ്പ് ഇവിടെയെത്തി സ്ഥിരതാമസമാക്കിയ പല മലയാളികൾക്കും ഈ പ്രദേശത്തിന്റെ സ്പന്ദനങ്ങളറിയാം. കിണറുകളിലെ മോട്ടോർ സർവീസ് നടത്തുന്ന മലപ്പുറം സ്വദേശി പപ്പുവേട്ടന് പറയാൻ 45 വർഷത്തെ കഥകളുണ്ട്. എഴുപതുകളുടെ തുടക്കത്തിലാണ് പപ്പുവേട്ടൻ ഇവിടെയെത്തുന്നത്. അക്കാലത്ത് വൈദ്യുതിയില്ലായിരുന്നു. ഈന്തപ്പനയോലകൊണ്ട് മറച്ച വീടുകളായിരുന്നു അധികവും.
തോട്ടങ്ങളിലേറെയും ബലൂചികളായ പാകിസ്താനികളായിരുന്നു. എൺപതുകളിൽ ഖണ്ണൂരിൽ റോഡുകൾ വന്നു. അതോടെ ഖണ്ണൂർ ആളാകെ മാറി. ധാരാളം കൃഷിയിടങ്ങളായി. ആളുകൾക്ക് കൂടുതൽ ഉപജീവനമാർഗമായി. താമസിക്കാൻ ഭംഗിയുള്ള വില്ലകളൊരുങ്ങി. ആ ഗ്രാമഭംഗിയിലേക്ക് കുടുംബമായും പ്രവാസികൾ താമസിക്കാനെത്തി. കടുത്ത ചൂടിലും കുളിർമയുള്ള പ്രദേശമായതുകൊണ്ടുതന്നെ കേട്ടറിഞ്ഞ് കൂടുതൽ സഞ്ചാരികളുമെത്തി.
ഇവിടെയുള്ള താമസക്കാർക്കൊരിക്കലും നാട്ടോർമ നഷ്ടമാകാറില്ല. അതുകൊണ്ടാണല്ലോ കണ്ണൂർ സ്വദേശി സുഹൈലും കോഴിക്കോട് സ്വദേശി ഷഹീദ് പുനൂരും അലി കട്ടയാട്ടുമെല്ലാം ഈ പ്രദേശത്തെ താമസം ഉപേക്ഷിക്കാത്തത്. വർഷങ്ങളായി ഖണ്ണൂർ പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്യുകയാണ് സുഹൈൽ.
ഈ പ്രദേശത്തെ ഗ്രോസറികളിലും അറബി വീടുകളിലും പെട്രോൾ സ്റ്റേഷനിലും തോട്ടങ്ങളിലും ജോലി ചെയ്യുന്നവരിലേറെയും മലയാളികളാണ്. കൂടാതെ, പള്ളികളിലെ ഇമാമുമാരിലും മലയാളികളുണ്ട്.
ഒട്ടകക്കൂട്ടങ്ങൾ ധാരാളമുള്ള പ്രദേശംകൂടിയാണിത്. സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഒട്ടകങ്ങൾ കൂട്ടത്തോടെ മേഞ്ഞുനടക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇവക്കുവേണ്ട പുല്ലും ഇവിടെത്തന്നെയാണ് കൃഷിചെയ്യുന്നത്. ഇവിടെനിന്നുതന്നെയാണ് മറ്റിടങ്ങളിലേക്കും പുല്ലെത്തിക്കുന്നത്. ഡിസംബറിൽ മദീന സായിദിൽ നടക്കാറുള്ള ജി.സി.സി. ഒട്ടകസൗന്ദര്യമത്സരത്തിലേക്കുള്ള ഒട്ടകങ്ങൾക്കുള്ള പ്രത്യേക തീറ്റ തയ്യാറാക്കലും ഇവിടെനിന്നാണ്. ഒട്ടകയിറച്ചി കുറഞ്ഞ വിലയ്ക്ക് ലഭിക്കും. കിലോയ്ക്ക് വെറും 20 ദിർഹം മാത്രം നൽകിയാൽ മതിയാകും. അറബിവീടുകളിലെ വിവാഹസത്കാരങ്ങളുടെ പ്രധാനവിഭവമാണ് ഒട്ടകബിരിയാണി. ഒട്ടകപ്പാലും യഥേഷ്ടം ലഭ്യമാണ്. ജോലിക്കിടയിൽ സ്വദേശി പൗരൻമാർ മലയാളികൾക്ക് ഒട്ടകപ്പാൽ സൗജന്യമായി നൽകാറുണ്ട്. കൂടാതെ, ഈത്തപ്പഴം, മറ്റ് ഭക്ഷ്യോത്പന്നങ്ങൾ എന്നിവയും യഥേഷ്ടം ലഭിക്കും. മാനുകൾ വിഹരിക്കുന്നതും ഇവിടെ സ്ഥിരംകാഴ്ചതന്നെ.
എല്ലാവർഷവും ജനുവരിയിൽ ഇവിടെ നടക്കാറുള്ള വാഹനറേസിങ്ങാണ് മറ്റൊരു പ്രത്യേകത. യു.എ.ഇ.യിലെ വിവിധയിടങ്ങളിൽനിന്നുള്ളവർ മത്സരത്തിൽ പങ്കെടുക്കും. മണൽക്കുന്നുകളിൽ വാഹനങ്ങൾ കയറ്റിയും ഇറക്കിയുമുള്ള കാഴ്ചകൾ കൗതുകമുണർത്തും. അങ്ങനെ കാഴ്ചകൾകൊണ്ട് സമൃദ്ധമായ കഥകളുണ്ട് ഖണ്ണൂർ എന്ന കണ്ണൂരിന്റെ അപരഗ്രാമത്തിന് പറയാൻ.