ദുബായ് ശൈഖ് സായിദ് റോഡിനിരുവശവും ഉയർന്നുനിൽക്കുന്ന കെട്ടിടങ്ങളും ഒഴുകിനീങ്ങുന്ന വാഹനങ്ങളുമെല്ലാമാണ് ആധുനിക യു.എ.ഇ. യുടെ അടയാളപ്പെടുത്തലായി ഏറ്റവുമധികം പ്രചരിക്കപ്പെട്ടിട്ടുണ്ടാവാൻ ഇടയുള്ള ചിത്രങ്ങളിലൊന്ന്. യു.എ.ഇ. യെക്കുറിച്ച് അറിയാൻ ഓൺലൈനിൽ തിരയുന്നവരുടെ കണ്ണിലുടക്കുന്ന ചിത്രങ്ങളിലൊന്നും ഇതുതന്നെയാകുമെന്ന് നിസ്സംശയം പറയാം. വളരെ ചുരുങ്ങിയ നാളുകൾകൊണ്ട് വാർത്തെടുക്കപ്പെട്ട നഗരപരിഷ്കരണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നായും ഇതിനെ കണക്കാക്കാം. ലോകഗതിയെ പൂർണമായും ഉൾക്കൊണ്ട, ഭാവിയെക്കുറിച്ച് ഉദാത്തമായ കാഴ്ചപ്പാടുകളുള്ള, അസാധാരണമായ ഭാവനാശേഷിയുള്ള ഒരു ഭരണാധികാരിയുടെ കൈയ്യൊപ്പ് ഇതിന്റെ ഓരോ മുക്കിലും മൂലയിലും നമുക്ക് കാണാൻ കഴിയും. ആധുനിക ദുബായ് വാർത്തെടുത്ത ഒന്നരപ്പതിറ്റാണ്ടാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഔദ്യോഗിക ചുമതലയേറ്റെടുത്ത 16 വർഷങ്ങൾ.

സുസ്ഥിര വികസനത്തിലൂടെ ലോകത്തെ അമ്പരപ്പിച്ച നഗരങ്ങളുടെ പട്ടികയിൽ ഏറ്റവും മുകളിലായിരിക്കും ദുബായിയുടെ സ്ഥാനം. ആഡംബരത്തിന്റെ അവസാനവാക്കായ ആധുനിക ദുബായ് നഗരത്തിന്റെ വളർച്ചയെ രണ്ടുഘട്ടങ്ങളാക്കി തരം തിരിക്കാം. ഒന്ന് മണ്ണിൽ കാലുറപ്പിച്ചുകൊണ്ടുള്ള വികസനവും രണ്ട് ബഹിരാകാശരംഗങ്ങളിലെ നേട്ടവുമാണ്. പൈതൃകത്തെ മുറുകെപ്പിടിച്ചുകൊണ്ട് ആധുനികതയെ തുറന്ന ഹൃദയത്തോടെ സ്വീകരിക്കുന്ന ഭരണരീതിയാണ് ശൈഖ് മുഹമ്മദ് പിന്തുടർന്നത്. രാജഭരണം നിലനിൽക്കുന്നയിടമെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച തിരഞ്ഞെടുക്കപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ രൂപവത്‌കരണത്തിന് ഈ നാട് സാക്ഷ്യം വഹിച്ചു. ഫെഡറൽ നാഷണൽ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തി ഏറ്റവും മികച്ച നയ രൂപവത്‌കരണത്തിന് വഴിവെച്ചു. ഇത് വികസനപാതയിലെ മികച്ച തീരുമാനങ്ങളിൽ ഒന്നായി. ഒന്നാംസ്ഥാനത്തിൽ കുറഞ്ഞ ഒന്നിലും ദുബായ് തൃപ്തമാകില്ലെന്ന ശൈഖ് മുഹമ്മദിന്റെ വാക്കുകൾ മാത്രം മതി ഭരണരംഗത്തെ മികവിനുള്ള സാക്ഷ്യപത്രമായി.

1968 നവംബർ ഒന്നിന് ദുബായ് പോലീസ്, പൊതു സുരക്ഷാ വിഭാഗം മേധാവിയായി ചുമതലയേറ്റുകൊണ്ടാണ് ഔദ്യോഗിക രംഗത്തേക്കുള്ള ശൈഖ് മുഹമ്മദിന്റെ കടന്നുവരവ്. 1971 ഡിസംബറിൽ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധവകുപ്പ് മന്ത്രിയായിരുന്നു അന്ന് ശൈഖ് മുഹമ്മദ്. 1995 മുതൽ ദുബായ് കിരീടാവകാശിയായി കർമരംഗത്ത് സജീവമായി. 2006 ജനുവരി നാലാം തീയതിയാണ് അദ്ദേഹം ദുബായ് ഭരണാധികാരിയായി ചുമതലയേൽക്കുന്നത്. അഞ്ചാംതീയതി യു.എ.ഇ. സുപ്രിം കൗൺസിൽ അദ്ദേഹത്തെ യു.എ.ഇ. വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ഫെബ്രുവരി 11-ന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ശൈഖ് മുഹമ്മദിനെ പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്യുകയും ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകാരത്തോടെ അദ്ദേഹം ചുമതലയേറ്റെടുകയും ചെയ്തു. യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും, ശൈഖ് റാഷിദ് ബിൻ സായിദ് അൽ മക്തൂമിനൊപ്പവുമുള്ള പ്രവൃത്തിപരിചയം ശൈഖ് മുഹമ്മദിന്റെ ഭരണനിർവഹണത്തിന് ശക്തമായ അടിത്തറപാകി.

 ജനതയിൽ സ്വത്വബോധം നിലനിർത്തിക്കൊണ്ടുതന്നെ സാമൂഹിക ഐക്യം ഉറപ്പാക്കുകയെന്നതായിരുന്നു ഒരു ഭരണാധികാരിയെന്ന നിലയ്ക്ക് ശൈഖ് മുഹമ്മദ് പ്രഥമ പരിഗണന നൽകിയ വിഷയം. ജനതയുടെ സുരക്ഷിതത്വവും നീതിയുക്തമായ നിയമസംവിധാനവും അദ്ദേഹം ഉറപ്പാക്കി. വൈജ്ഞാനികതയിലധിഷ്ഠിതമായ സാമ്പത്തികരംഗത്തെ വാർത്തെടുത്തു. വിദ്യാഭ്യാസ രംഗത്തെ മികവ്, അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യരംഗം, സുസ്ഥിരമായ പരിസ്ഥിതിയും അടിസ്ഥാന സൗകര്യവികസനവും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളായി.

 എല്ലാത്തിലും സാധ്യതകൾ കണ്ടെത്തുകയെന്നത് ശൈഖ് മുഹമ്മദിന്റെ ഭരണകാലഘട്ടത്തിന്റെ പ്രത്യേകതയായി. ആ ആശയത്തിലാണ് ദുബായ് കനാലും ജലഗതാഗതവും തീരത്തെ ബിസിനസ് ഹബുമെല്ലാം സൃഷ്ടിക്കപ്പെടുന്നത്. എല്ലാം പരസ്പരപൂരകങ്ങളായി വികസനരംഗങ്ങളിൽ വലിയ സംഭാവനകൾ നൽകുന്നത് ഇവിടെ കാണാനാകും. ദുബായ് കാണാനെത്തുന്ന ആരിലും കൗതുകം ജനിപ്പിക്കുന്ന കാഴ്ചകളാണ് ഇതെല്ലാം. 

ലോകസന്ദർശകർ ഇവിടേക്ക് ധാരാളമായി എത്തണമെന്ന കൃത്യമായ ധാരണകളോടെയുള്ള വിനോദസഞ്ചാര രംഗത്തിന്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം മാർഗദർശിയായി. കോവിഡിൽ താളംതെറ്റിയ വിപണിക്ക് തിരിച്ചുവരവിനുള്ള കരുത്തേകുന്ന 'എക്സ്‌പോ 2020' വരെയുള്ള ആശയങ്ങളെല്ലാം ഇതിനോട് ചേർത്തുവായിക്കാവുന്നതാണ്.