ലോകവിസ്മയമേള എക്സ്‌പോ 2020 ഒരുമാസം പിന്നിടുകയാണ്. അദ്ഭുതക്കാഴ്ചകളിലേക്ക് സന്ദർശകരുടെ കുത്തൊഴുക്കും പ്രതിദിനം വർധിച്ചുവരുന്നു. ഏറെനാളായി പ്രതീക്ഷയോടെ കാത്തിരുന്ന ലോകമഹാമേള ആരെയും നിരാശപ്പെടുത്തിയില്ല. പ്രതീക്ഷിച്ചതിനെക്കാൾ ഏറെയാണ് എക്സ്‌പോ ഒളിച്ചുവെച്ചിരിക്കുന്ന മായാകാഴ്ചകളെന്ന് നിസ്സംശയം പറയാം. എല്ലാദിനവും വാരാന്ത്യമെന്ന് തോന്നിപ്പിക്കുന്നതുപോലെയാണ് എക്സ്‌പോ വേദിയിലെ പ്രധാന ഇടമായ അൽ വാസൽ പ്ലാസക്കുചുറ്റുമുള്ള ജനത്തിരക്ക്. അൽ വാസൽ പ്ലാസയെന്ന താഴികക്കുടത്തിൽ പ്രതിദിനം വിരിയുന്ന മായാകാഴ്ചകൾക്കും അവസാനമില്ല. കാണാൻ മനസ്സുള്ളിടത്തോളംകാലം കാഴ്ചകൾ അവസാനിക്കുന്നില്ലെന്നാണല്ലോ. അതുപോലെതന്നെയാണ് ലോകം കാത്തിരുന്ന എക്സ്‌പോ കാഴ്ചകളും.

ഒക്ടോബർ ഒന്ന് ലോക എക്‌സ്പോ 2020 ആരംഭിച്ചതുമുതൽ അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് കാണാനായത്. യു.എ.ഇ.യിലേക്ക് എത്തുന്നവരുടെ എണ്ണത്തിലും വൻവർധനയുണ്ടായി. സന്ദർശകർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാൻ അധികാരികൾ ശ്രദ്ധ പുലർത്തുന്നുണ്ട്. യാത്രാവ്യവസ്ഥകളിലും കൂടുതൽ ഇളവുകളായതോടെ സർവർക്കും സ്വാഗതമേകുന്ന രാജ്യമായി യു.എ.ഇ. അതുകൊണ്ടുതന്നെ അടുത്ത അഞ്ചുമാസക്കാലവും ലോകം ഒരുപോലെ യു.എ.ഇ.യിലേക്ക് ഉറ്റുനോക്കും. എക്സ്‌പോ തുടങ്ങി ആദ്യ 24 ദിവസം പിന്നിട്ടപ്പോൾ 14 ലക്ഷത്തിലേറെ സന്ദർശകരാണ് വേദി കാണാനെത്തിയത്. കൃത്യമായി പറഞ്ഞാൽ 14,71,314 പേർ. ഓരോ തിങ്കളാഴ്ചയുമാണ് സംഘാടകർ സന്ദർശകരുടെ എണ്ണം കണക്കാക്കുന്നത്. 10 ലക്ഷം സന്ദർശകരെയായിരുന്നു അതുവരെ പ്രതീക്ഷിച്ചിരുന്നതെങ്കിലും 15 ലക്ഷത്തിനടുത്തെത്തിയത് വൻപ്രതീക്ഷയാണ്.

യു.എ.ഇ.യിൽ ചൂടുകാലം അവസാനിച്ച് തണുപ്പിലേക്ക് പ്രവേശിക്കുന്ന സമയമാണ്. കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ എക്സ്‌പോ വേദികൾ ആസ്വദിക്കാൻ കഴിയുന്ന സമയമാണ് ഇനി വരാനിരിക്കുന്നത്. ശൈത്യകാലം വിനോദകാലം കൂടിയാണ്. ഓരോ ശൈത്യകാലത്തും യു.എ.ഇയിലെ കാഴ്ചകൾ മതിവരുവോളം കാണാനിറങ്ങുന്നവർക്ക് ഇത്തവണ എക്സ്‌പോ കാഴ്ചകൾതന്നെയായിരിക്കും പുതിയ വിരുന്നൊരുക്കുക. വിനോദവും വിജ്ഞാനവും ഒരുപോലെ സമ്മേളിക്കുന്ന ഒരു ലോകവേദി കാണാൻ നാട്ടിൽനിന്നും കുടുംബത്തെ എത്തിക്കാൻ കാത്തിരിക്കുന്നവരും കുറവല്ല. തണുപ്പുകാലം തുടങ്ങുന്നതോടെ യു.എ.ഇ.യിലേക്ക് ലോകമൊഴുകുമെന്ന് തീർച്ച. അതോടെ അടുത്ത ഒരുമാസത്തിനുള്ളിൽ ഇതുവരെയുള്ള സംഖ്യയുടെ രണ്ടിരട്ടിയാകും എക്സ്‌പോ സന്ദർശകരുടെ എണ്ണം.

ഇതുവരെ എത്തിയ 14 ലക്ഷത്തിലേറെ സന്ദർശകരിൽ നാലിലൊന്ന് കുട്ടികളാണെന്നാണ് വിവരം. എക്സ്‌പോ ടിക്കറ്റെടുത്ത് എത്തിയവരുടെ ആദ്യ 24 ദിവസത്തെ എണ്ണം മാത്രമാണ് അധികൃതർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പങ്കെടുക്കുന്ന ഓരോ രാജ്യത്തിന്റെയും പ്രതിനിധികൾ, അതിഥികൾ, എക്സ്‌പോ ജീവനക്കാർ എന്നിവരെക്കൂടി ഉൾപ്പെടുത്തിയാൽ സംഖ്യ കൂടും. ഇതിനുപുറമെ ഒരുകോടി വെർച്വൽ സന്ദർശകരും ഉണ്ടായി. എക്സ്‌പോ സ്പേസ് വീക്ക്, വിവിധ സാംസ്കാരിക പരിപാടികൾ, നീണ്ട പൊതുഅവധികൾ, സ്കൂൾ അവധി എന്നിവയെല്ലാം വെർച്വൽ സന്ദർശകരുടെ എണ്ണത്തിലും വർധനയുണ്ടാക്കി. ബഹിരാകാശ വാരാചരണംപോലുള്ള പരിപാടികൾ കൂടുതൽ ആളുകളെ എക്സ്‌പോയിലേക്കെത്തിച്ചു. കുട്ടികൾക്ക് ഉല്ലസിക്കാൻ ഏർപ്പെടുത്തിയ വിവിധ പരിപാടികളും കുറവായിരുന്നില്ല. ഓരോ പവിലിയനുകളിലും എത്തുന്നവരുടെ എണ്ണം അതാത് പവിലിയനുകളാണ് പുറത്തുവിടുന്നത്.

ഏറ്റവുംപ്രിയം ഇന്ത്യൻപവിലിയൻ

ഇതുവരെ 1,28,000 പേരാണ് എക്സ്‌പോയിൽ ഒരുക്കിയിരിക്കുന്ന ഇന്ത്യൻ പവിലിയനിൽ എത്തിയത്. ഈ കണക്ക് സന്ദർശകരിൽ ഏറ്റവുംപ്രിയം ഇന്ത്യൻ പവിലിയൻ തന്നെയെന്ന് വ്യക്തമാക്കുന്നതാണ്. ഇന്ത്യയുടെ വാണിജ്യ വ്യവസായ വകുപ്പുമന്ത്രി പിയൂഷ് ഗോയൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും പ്രദർശനമാണ് എക്സ്‌പോയിലെ ഇന്ത്യൻ പവിലിയനിൽ ഒരുക്കിയിരിക്കുന്നത്. വിവിധ മേഖലകളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളും രാജ്യത്തെ നിക്ഷേപസാധ്യതകളും ഇതിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത സാംസ്കാരിക പ്രദർശനങ്ങളും ബിസിനസ് സാധ്യതകളും ഉൾപ്പെടുത്തിയിരിക്കുന്ന പവിലിയനിൽ നവരാത്രി, ദസറ തുടങ്ങിയ ആഘോഷവേളകളിൽ പതിനായിരങ്ങളാണ് സന്ദർശകരായി എത്തിയത്. എല്ലാ വൈകുന്നേരങ്ങളിലും നടക്കുന്ന കലാ, സംഗീത പരിപാടികൾ ആസ്വദിക്കുന്നതിനായാണ് ഒട്ടേറെപ്പേർ ഇവിടെ എത്തുന്നത്. സ്പേസ് ടെക്‌നോളജി, ജലസുരക്ഷ, ടൂറിസം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട ചർച്ചകളും സെമിനാറുകളും പ്രദർശനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. സിനിമാ, കായിക താരങ്ങൾ, നയതന്ത്രപ്രതിനിധികൾ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളും ഇവിടെ സന്ദർശകരായി എത്തിയിരുന്നു.

നാലുനിലകളിലായി നിർമിച്ചിട്ടുള്ള ഇന്ത്യൻ പവിലിയൻ, ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക പ്രദർശനമായ ദുബായ് എക്സ്‌പോയിലെ ഏറ്റവുംവലിയ പവിലിയനുകളിലൊന്നാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ ‘മുന്നേറുന്ന ഇന്ത്യ’ എന്ന പ്രമേയത്തിലാണ് പവിലിയൻ ഒരുക്കിയിരിക്കുന്നത്. അറുനൂറോളം ബ്ലോക്കുകളിലായി ഇന്ത്യയുടെ വൈവിധ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പവിലിയൻ ഒരുക്കിയിരിക്കുന്നത്. കാലാവസ്ഥ, ജൈവവൈവിധ്യം, ബഹിരാകാശം, നഗര-ഗ്രാമ വികസനം, സഹിഷ്ണുതയും ചേർത്തുപിടിക്കലും, സുവർണജൂബിലി, അറിവും പഠനവും, ആരോഗ്യം, ഭക്ഷണം, കൃഷിയും ഉപജീവനമാർഗങ്ങളും, ജലം തുടങ്ങിയവ അധികരിച്ചുള്ളവയാണ് പ്രദർശനങ്ങൾ.

ഐ.ടി. സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന ‘ഇന്ത്യൻ ഇന്നൊവേഷൻ ഹബ്’ ആണ് പവിലിയനിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഇന്ത്യയുടെ പാരമ്പര്യവും സാംസ്കാരിക തനിമയും അനാവരണംചെയ്യുന്നതിനൊപ്പം രാജ്യം ബഹിരാകാശ രംഗത്ത് കൈവരിച്ച മുന്നേറ്റങ്ങളും ഭാവി പുരോഗതിയും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. യോഗ, ആയുർവേദം, സാഹിത്യം, കല, പൈതൃകം എന്നിവയുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന കാഴ്ചകളും പവിലിയനിൽ എത്തുന്നവരെ ആകർഷിക്കും. കളരിപ്പയറ്റ് ഉൾപ്പെടെ കേരളത്തിന്റെ തനതുകലകളും കാഴ്ചക്കാർക്കായി ഒരുക്കിയിട്ടുണ്ട്. പൈതൃകപ്പട്ടികയിൽ ഇടംനേടിയ ഇന്ത്യയിലെ നിർമിതികളെക്കുറിച്ചുള്ള വിവരണങ്ങളും പവിലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വെർച്വൽ റിയാലിറ്റി പോഡുകൾ, ത്രിഡി ഓഗ്മന്റഡ് റിയാലിറ്റി, എൽ.ഇ.ഡി. പ്രൊജക്‌ഷൻ, വാക് ഇൻ എക്സ്‌പ്പീരിയൻ കിയോസ്കുകൾ എന്നിവ ഉപയോഗിച്ചാണ് ഇന്ത്യയുടെ മനോഹര കാഴ്ചകൾ സന്ദർശകർക്കുമുമ്പിൽ അവതരിപ്പിക്കുന്നത്.

എക്സ്‌പോ സൂപ്പർസ്റ്റാർസ്

വ്യത്യസ്ത രുചികളാണ് എക്സ്‌പോ സന്ദർശകരിൽ ഓരോരുത്തർക്കും. അതിൽതന്നെ ലോക എക്സ്‌പോ ആവേശമായി കൊണ്ടുനടക്കുന്നവരും കുറവല്ല. അതിലൊരാളാണ് ബൾഗേറിയയിൽനിന്നുള്ള 34 വയസ്സുകാരൻ ബോയ്‌കോ നോവെവ്. നിലവിൽ നെതർലാൻഡ്‌സ് പവിലിയനിൽ ജോലിചെയ്യുന്ന ഇദ്ദേഹം എക്സ്‌പോ സൂപ്പർഫാൻ കൂടിയാണ്. 2015 മിലാൻ എക്സ്‌പോയിലെ യൂറോപ്യൻ യൂണിയൻ പവിലിയനിലാണ് ബോയ്‌കോ ആദ്യം ജോലിചെയ്യുന്നത്. തുടർന്ന് 2016-ൽ തുർക്കിയിലെ അന്റാലിയയിൽ നടന്ന ഹോർട്ടികൾച്ചറൽ എക്സ്‌പോയും 2017-ൽ ഖസാകിസ്താൻ അസ്താനയിലെ മിനി എക്സ്‌പോയും സന്ദർശിച്ചു. പല തൊഴിലും തേടിയെത്തിയെങ്കിലും ലോക എക്സ്‌പോയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതാണ് ഇദ്ദേഹത്തിന്റെ സ്വപ്നം. അതുകൊണ്ടുതന്നെ ദുബായ് എക്സ്‌പോയിൽ എല്ലാ ദിവസവും സജീവമായി ബോയ്‌കോ പ്രവർത്തിക്കുന്നു. 192 രാജ്യങ്ങളിലെ ജനതയുമായും അടുത്തിടപഴകാൻ കിട്ടുന്ന അവസരം നഷ്ടമാക്കില്ലെന്നാണ് ബോയ്‌കോയുടെ ഭാഷ്യം. പലാവു പവിലിയനിലുമുണ്ട് ഇത്തരത്തിലുള്ള കാഴ്ചകൾ. ലോകമാപ്പിൽ ഒരിക്കൽപോലും പലാവു എവിടെയാണെന്ന് തിരിയാത്തവർക്ക് മുന്നിലേക്ക് എക്‌സ്‌പോ ആ നഗരത്തെ കൊണ്ടുവരികയാണ്. ഫിലിപ്പീൻസിൽനിന്ന് 890 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന പലാവു ഒരു ദ്വീപസമൂഹമാണ്. എക്സ്‌പോയിലേക്ക് പറന്നെത്തിയ അഞ്ച് പലാവുകാർ ആറുമാസക്കാലം എക്സ്‌പോ വേദിയിലുണ്ടാകും.

അടുത്ത അഞ്ചുമാസം?

മരുഭൂമിയെ സ്വപ്നഭൂമിയാക്കി 4.3 ചതുരശ്ര കിലോമീറ്റർ സ്ഥലത്തെ മനോഹരവേദിയിൽ ഇനിയും വിരിയാനിരിക്കുന്നത് മായാകാഴ്ചകൾ തന്നെയായിരിക്കും. ഇനിയുള്ള അഞ്ചുമാസം എക്സ്‌പോ എന്തായിരിക്കും സമ്മാനിക്കുക എന്ന ആകാംക്ഷയിലാണ് ലോകം. പുതിയ അദ്ഭുതങ്ങൾ അവതരിപ്പിക്കും. പുതിയ കണ്ടുപിടിത്തങ്ങൾ ലോകത്തിന് സമ്മാനിക്കും. അതിശയോക്തി ഒട്ടുംചേർക്കേണ്ടതില്ല, ഒരുക്കിയിരിക്കുന്നത് ഒരു മഹാപ്രപഞ്ചം തന്നെയാണ്. കോവിഡിനെ അതിജീവിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന് വലിയ പ്രതീക്ഷയാണ് ദുബായ് എക്സ്‌പോ പങ്കുവെക്കുന്നത്.