:മനുഷ്യരെപ്പോലെ മറ്റു ജീവജാലങ്ങൾക്കും ഒരുപോലെ സംരക്ഷണം നൽകുന്ന രാജ്യമാണ് യു.എ.ഇ. ‘അനാഥരല്ല കിളികൾപോലും’ എന്ന ആശയം യു.എ.ഇ.യിലെവിടെയും കാണാം. യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽനഹ്യാന്റെ ലോകത്തിനുതന്നെ മാതൃകയായ പരിസ്ഥിതിസ്നേഹം മുൻനിർത്തിയാണ് ഓരോ പ്രവർത്തനവും.

യു.എ.ഇ.യിൽ സുലഭമായി കാണുന്ന ദേശാടനപ്പക്ഷികൾ രാജ്യത്തിന്റെ ദേശീയപക്ഷിയായ ഫാൽക്കൺ വിഭാഗത്തിലുള്ളതാണ്. സെപ്റ്റംബർ മുതലാണ് ദേശാടനപ്പക്ഷികൾ യു.എ.ഇ.യിലേക്ക് വരാൻതുടങ്ങുന്നത്. ഏപ്രിൽവരെ അവ ചിറകടിച്ചും കൂട്ടംകൂടിയും മണ്ണിലും ആകാശത്തുമായി കഴിയുന്നു. ഏതു ദേശത്തുനിന്ന് വരുന്നെന്നോ എങ്ങോട്ടേക്കാണ് മടക്കമെന്നോ പറയാനാകില്ല. അതിരുകളില്ലാത്ത ആകാശമാണ് അവയുടെ ലോകം. ഫാൽക്കൺ (പ്രാപ്പിടിയൻ) 40-ഓളം വർഗങ്ങളിൽ ഉൾപ്പെടുന്നതാണ്. വർഗത്തിലെ ഷഹീൻ അഥവാ പെരിഗ്രീൻ ഫാൽക്കൺ പക്ഷികളാണ് കൂട്ടമായി സഞ്ചരിക്കുന്നത്. ഉഷ്ണമേഖലകളിലും മിതോഷ്ണമേഖലകളിലും കാണുന്ന ഇവ ഗൾഫിലെ വിശാലമായ പുൽപ്രദേശങ്ങളിലും മരങ്ങളിലുമെല്ലാം കാണാം. രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്കും പ്രധാന വിസ്മയകാഴ്ചയാണ് ദേശാടനപ്പക്ഷികൾ. അറബ്‌രാജ്യങ്ങളിൽ ഏറെ പ്രിയപ്പെട്ടതാണ് ഫാൽക്കൺ പക്ഷികൾ, അതുകൊണ്ട് അവയെ പ്രത്യേകമായി സംരക്ഷിക്കാനും ഭരണാധികാരികൾ നിർദേശിക്കുന്നു.

അകലെനിന്നും പറന്നെത്തുന്ന പക്ഷികളെ കാത്തുകഴിയുന്ന പക്ഷിനിരീക്ഷകരും വന്യജീവി ഫോട്ടോഗ്രാഫർമാരും ധാരാളമായി യു.എ.ഇ.യിലുണ്ട്. മലനിരകളും തടാകങ്ങളും കണ്ടൽക്കാടുകളുമെല്ലാം ദേശാടനപ്പക്ഷികളുടെ താവളങ്ങളാണ്. യൂറോപ്യൻ ബീ ഈറ്റർ, ഓസ്‌പ്രേ, ഓയ്സ്റ്റർ ക്യാച്ചർ, കല്ലുരുട്ടിക്കാട, നീലകണ്ഠ പക്ഷി, ഞണ്ടുണ്ണി, ഹുബാര ബുസ്റ്റാർഡ്, ഈജിപ്ഷ്യൻ വൾച്ചർ, സ്പൂൺ ബിൽ തുടങ്ങിയ പക്ഷിവർഗങ്ങൾ യു.എ.ഇ.യിൽ പറന്നെത്തുന്നു. മലയാളികളായ നിരവധി പക്ഷിനിരീക്ഷകരും ഫോട്ടോഗ്രാഫർമാരും യു.എ.ഇ.യിലുണ്ട്. വൈറ്റ് സ്റ്റോർക്ക് അഥവാ വെൺപകം എന്ന പക്ഷിയെ ആദ്യമായി യു.എ.ഇ.യിൽ കണ്ടെത്തി അടയാളപ്പെടുത്തിയത് ജിൻസൺ ജോർജ് എന്ന മലയാളി ഫോട്ടോഗ്രാഫറാണ്. ഓസ്‌ട്രേലിയയിൽനിന്നു വരുന്ന കോമൺ ബ്രോൺസ് വിങ് എന്ന പക്ഷിയെ കണ്ടെത്തിയ ഫോട്ടോഗ്രാഫറും സജീഷ് എന്ന മലയാളിതന്നെ. കൃത്രിമതടാകങ്ങളും മറ്റു സങ്കേതങ്ങളൊരുക്കിയും ദേശാടനപ്പക്ഷികളെ യു.എ.ഇ. സർക്കാർ സുരക്ഷിതമാക്കുന്നു.

ദുബായിലെ അൽഖുദ്രയിൽ ഇത്തരത്തിൽ ഏറ്റവും വലിയ മനുഷ്യനിർമിത തടാകങ്ങളുണ്ടാക്കി പക്ഷികളെ സംരക്ഷിക്കുന്നു. 10 ഹെക്ടർ സ്ഥലത്താണ് അൽഖുദ്രയിൽ തടാകം നിർമിച്ചിരിക്കുന്നത്. 130 വർഗങ്ങളിൽ ഉൾപ്പെട്ട ദേശാടനപ്പക്ഷികൾ ഇവിടെയുണ്ട്. പക്ഷികൾക്ക് സംരക്ഷണമായി തടാകത്തിലേക്ക് ചാഞ്ഞുനിൽക്കുന്ന ഫലവൃക്ഷങ്ങളും കാണാം. ഒട്ടേറെ വിനോദസഞ്ചാരികളാണ് അൽഖുദ്രയിലെത്തുന്നത്. പക്ഷികളുടെ ആവാസവ്യവസ്ഥയെയും െെസ്വരവിഹാരത്തെയും തടസ്സപ്പെടുത്തുന്ന തരത്തിൽ ഫോട്ടോയെടുക്കരുതെന്നും നിയമമുണ്ട്. ഋതുക്കൾ മാറിവരുമ്പോൾ വിവിധ രാജ്യങ്ങളിലുള്ള പക്ഷികളും യു.എ.ഇ.യിൽ കടലുകൾ താണ്ടി പറന്നെത്തുന്നു. ക്രാബ് ലൗവർ (ഞണ്ടുണ്ണി), സ്‌കൂട്ടി ഫാൽക്കൺ, കടൽക്കാക്ക, നീർക്കാക്ക, അരയന്നകൊക്ക് എന്നിവയെല്ലാം ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

മാടപ്രാവുകൾ യഥേഷ്ടം പറന്നുവിഹരിക്കുന്ന ആകാശംകൂടിയാണ് യു.എ.ഇ.യുടേത്. കൊളുംബിഡെ പക്ഷിവംശത്തിൽപെട്ട മാടപ്രാവുകളെ കേരളത്തിൽ അമ്പലപ്രാവുകളായും അറിയപ്പെടുന്നു. ഇന്ത്യ, ശ്രീലങ്ക, മ്യാൻമാർ എന്നിവിടങ്ങളിൽ കൂടുതലായി കാണപ്പെടുന്ന മാടപ്രാവുകളെ യു.എ.ഇ.യിലും ധാരാളമായി കാണാം. പള്ളി, വില്ല, ബാൽക്കണി എന്നിവിടങ്ങളിലെല്ലാം മാടപ്രാവുകൾ കൂടുകൂട്ടുന്നു. നീലകലർന്ന ചാരനിറമുള്ള പ്രാവുകളുടെ തൂവലുകൾക്കും വ്യത്യസ്ത നിറങ്ങളാണ്. കേരളത്തിലാണെങ്കിൽ വീടും കിണറും പാറക്കൂട്ടങ്ങളുമെല്ലാം മാടപ്രാവുകളുടെ ആവാസകേന്ദ്രങ്ങളാണ്. യു.എ.ഇ.യിൽ മനുഷ്യർതന്നെ പ്രാവുകൾക്ക് കൂടുണ്ടാക്കി ആവാസമൊരുക്കാറുണ്ട്. അവയുടെ 'ഖുർ ഖുർ' ശബ്ദം ചിരപരിചിതമാകുന്നതും മനുഷ്യരുമായി ചേർന്നുനിൽക്കുന്നതിനാലാണ്. നാട്ടിലാണെങ്കിൽ പാടത്തും പറമ്പിലും പ്രാവുകൾക്ക് ആഹാരം ലഭിക്കുമെങ്കിൽ യു.എ.ഇ.യിൽ ഗോതമ്പ് അടക്കമുള്ള ധാന്യങ്ങൾ നൽകുന്നു. റോഡരികിലും തുറസായ സ്ഥലങ്ങളിലും പ്രാവുകൾക്കായി ഖുബൂസ് അടക്കമുള്ള ആഹാരങ്ങളും വെള്ളവും കരുതാറുണ്ട്.

മലയാളികളടക്കമുള്ള പ്രവാസികൾ തങ്ങളുടെ ബാൽക്കണികളിൽ മാടപ്രാവുകൾക്ക് കൂടൊരുക്കാനും വെള്ളവും ആഹാരവും കൊടുത്ത് സംരക്ഷിക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നു. ഷാർജ ഇന്ത്യൻ സ്കൂൾജീവനക്കാരിയായ കണ്ണൂർ സ്വദേശി അർച്ചന പ്രേംജിത്തിന്റെ ബാൽക്കണി മാടപ്രാവുകളുടെ ഇടമാണ്. കടലാസും ചുള്ളിക്കമ്പുകളുംകൊണ്ട് അർച്ചനയും കുടുംബവും കുഞ്ഞൻകൂടൊരുക്കി പ്രാവുകൾക്ക് സംരക്ഷണമൊരുക്കുന്നു.

യു.എ.ഇ.യുടെ സഹിഷ്ണുതാവർഷത്തിലാണ് പക്ഷികൾക്കും ജീവജലംനൽകാനുള്ള പ്രത്യേക പദ്ധതി ആവിഷ്കരിക്കുന്നത്. പക്ഷിമൃഗാദികളെ ഉപദ്രവിക്കുന്നതും യു.എ.ഇ.യിൽ ശിക്ഷാർഹമാണ്. പ്രകൃതിയോടും സഹജീവികളോടും ഇത്ര മനോഹരമായി ഒരുപോലെ കരുതൽകാണിക്കുന്ന മറ്റൊരു രാജ്യമുണ്ടോയെന്ന കാര്യം സംശയമാണ്.