: ആധുനിക കാലത്തിന്റെ സാധ്യതകളാണ് എക്സ്‌പോ 2020 തുറന്നിടുന്നത്. ലോകം ഇനി സഞ്ചരിക്കാനിരിക്കുന്ന പാതകളും സഞ്ചരിക്കേണ്ട പാതകളും കൃത്യമായി അടയാളപ്പെടുത്തുന്നതാവും ഈ ആഗോളസംരംഭം. അടുത്ത അമ്പതോ നൂറോ വർഷത്തെ ലോകഗതിയെ സ്വാധീനിച്ചേക്കാവുന്ന പലമാറ്റങ്ങൾക്കുമുള്ള പ്രേരകങ്ങളായി വർത്തിക്കാൻ ഇവിടെയെത്തുന്നവരിലൂടെ ഉരുത്തിരിയുന്ന ആശയങ്ങൾക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിന്റെ സഞ്ചാരം മുന്നോട്ടാണ്. അതിന് ഇന്ധനമാവുന്ന ആലോചനകളും വ്യവഹാരങ്ങളുമാണ് മുഖ്യമായതെന്ന തിരിച്ചറിവിൽത്തന്നെയാണ് പ്രദർശനവേദികൾ രൂപവത്കരിച്ചിട്ടുള്ളതെങ്കിലും പൗരാണിക ശേഷിപ്പുകൾക്കുകൂടി ഇടംനൽകിയിട്ടുണ്ട് ഇവിടം. അവ പറയുന്നത് പോയകാലത്തിന്റെ കഥകളാണ്. ലോകം മറന്നുപോവരുതാത്ത കഥകൾ.

ഒരു കുഞ്ഞുറുമ്പിന്റെ ജീവചക്രംമുതൽ റോക്കറ്റ് സയൻസിനെക്കുറിച്ചുള്ള പ്രബന്ധങ്ങൾപോലും ഏതൊരാളിനും സ്വന്തം കൈപ്പടയിലൊതുങ്ങുന്ന സ്ക്രീനിൽ എവിടെയിരുന്നും വായിച്ചറിയാവുന്ന കാലഘട്ടത്തിലൂടെയാണ് നമ്മുടെ യാത്ര പുരോഗമിക്കുന്നത്. അത്തരത്തിലൊരു സാധ്യതയെക്കുറിച്ചുള്ള തോന്നലുകൾപോലും അപ്രസക്തമായിരുന്ന കാലത്തും ജനങ്ങൾ വിഷയങ്ങളെക്കുറിച്ച് ഗഹനമായി അറിയുകയും മറ്റുള്ളവർക്ക് പകർന്നുനൽകാൻ അവ അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ‘വിശ്വവിജ്ഞാനകോശ’മെന്ന വലിയ പുസ്തകങ്ങളെയായിരുന്നു ഡിജിറ്റൽ യുഗത്തിനുമുമ്പ് ആളുകൾ അറിവുകൾക്കായി ആശ്രയിച്ചിരുന്നത്. 1789-കളിൽ ഫ്രഞ്ചുവിപ്ലവത്തെപ്പോലും വലിയതോതിൽ സ്വാധീനിച്ച 35 വാല്യങ്ങളിലുള്ള ഫ്രാൻസിൽ നിന്നുള്ള 'എൻസൈക്ലോപ്പീഡിയ'യാണ് എക്സ്‌പോയിൽ എത്തിക്കുക. ഫ്രഞ്ച് നാഷണൽ ആർക്കൈവിൽനിന്നും കൊണ്ടുവരുന്ന ഈ അമൂല്യഗ്രന്ഥം പൗരാണിക ഫ്രഞ്ച് തത്ത്വസംഹിതകളും ശാസ്ത്രങ്ങളും അടയാളപ്പെടുത്തുന്നതാണ്. ‘പ്രോഗ്രസ്’ എന്ന തലക്കെട്ടോടുകൂടി എക്സ്‌പോയിലെ ഫ്രഞ്ച് പവിലിയനിൽ പ്രദർശിപ്പിക്കുന്ന ഈ ഗ്രന്ഥം സന്ദർശകർക്ക് കാണാനാവും.

ഈജിപ്തിലെ ചിത്രലിപികൾ ഇന്നും പൗരാണിക ആശയവിനിമയ സംസ്കാരത്തിന്റെ ഉദാത്തമാതൃകകളായാണ് കണക്കാക്കപ്പെടുന്നത്. ചെറുരൂപങ്ങൾ ഉൾക്കൊള്ളുന്ന മൊബൈൽ സന്ദേശങ്ങളിലൂടെ ആശയവിനിമയം നടത്തുന്ന പുതുതലമുറ സാങ്കേതികതയ്ക്ക് വഴിവിളക്കായിട്ടുണ്ടാവുക കാലംമായ്ക്കാത്ത ആ അടയാളങ്ങളാവാം. 'ഹൈറോഗ്ലിഫിക്‌സ്' എന്ന പൗരാണിക ഈജിപ്ഷ്യൻ ചിത്രലിപികൾ എക്സ്‌പോയിലെ ഈജിപ്ത് പവിലിയനിൽ കാണാനാവും. ആധുനിക ഇംഗ്ലീഷ് അക്ഷരമാലയിൽ 26 അക്ഷരങ്ങളാണ് ഉൾക്കൊള്ളുന്നതെങ്കിൽ പൗരാണിക ഈജിപ്ഷ്യൻ ചിത്രലിപികളിൽ 1000 അടയാളങ്ങൾ കാണാനാവും. വെങ്കലയുഗത്തിന്റെ തുടക്കത്തിലേതെന്ന് കണക്കാക്കപ്പെടുന്ന ഈ എഴുത്തുകുത്തുകൾ സന്ദർശകർക്ക് സംസ്കൃതിയിലേക്കുള്ള യാത്ര സമ്മാനിക്കുമെന്നുറപ്പാണ്.

മെട്രോയും അതിവേഗ വാഹനങ്ങളും അംബരചുംബികളായ കെട്ടിടങ്ങളും നിറയുന്ന നഗരങ്ങൾ ഇന്ന് അദ്ഭുതങ്ങളല്ല. എന്നാൽ, 5500 വർഷങ്ങൾക്കുമുമ്പ് കച്ചവടം പൊടിപൊടിച്ചിരുന്ന ഒരു നഗരമാതൃകയെ നമുക്ക് അദ്ഭുതത്തോടെ മാത്രമേ നോക്കിക്കാണാനാവുകയുള്ളൂ. താജിക്കിസ്താനിലെ ശൂലവും കത്തിയും മഴുവുമടങ്ങുന്ന ലോഹോപകരണങ്ങളുടെ മാർക്കറ്റാണ് എക്‌സ്‌പോയിൽ കാണാനാവുക. അഞ്ചരസഹസ്രാബ്ദം മുമ്പുള്ള നഗരാസൂത്രണമികവും ജീവിതവുമെല്ലാം അടയാളപ്പെടുത്തുന്ന പഴയ നഗരമാതൃക താജിക്കിസ്താൻ പവിലിയനെ വേറിട്ടതാക്കുന്നു. യുനെസ്കോയുടെ പൈതൃകപട്ടികയിലിടം നേടിയതാണിത്.

പൈതൃകസൃഷ്ടിയെ നൂതനസാങ്കേതികതയിൽ പുനഃസൃഷ്ടിക്കുന്ന കാഴ്ചയ്ക്കാണ് ഇറ്റാലിയൻ പവിലിയൻ സാക്ഷ്യം വഹിക്കുക. വിഖ്യാത ഇറ്റാലിയൻ ശില്പി മൈക്കലാഞ്ചലോ വെണ്ണക്കല്ലിൽ തീർത്ത ഹീബ്രു ബൈബിളിലെ ഇസ്രയേൽ രാജാവായ ഡേവിഡിന്റെ ശില്പം ലോകപ്രശസ്തമാണ്. അതിന്റെ ത്രീഡി പ്രിന്റ് മാതൃകയാണ് ഇറ്റാലിയൻ പവിലിയനിൽ പ്രദർശിപ്പിക്കുക. വെണ്ണക്കൽ ശില്പത്തിന്റെ അതേ വലുപ്പത്തിൽ 17 അടിയിൽ ഉയരുന്ന ശില്പനിർമിതിയും സന്ദർശകർക്ക് കാണാം. 40 മണിക്കൂർ നീളുന്ന ഡിജിറ്റൽ പ്രിന്റിങ് വേറിട്ട അനുഭവമായിരിക്കും സന്ദർശകർക്ക് പകരുക.

പെറുവിലെ പുല്ലുമേഞ്ഞ 'ക്വീസ്‌വാഛക' പാലം സാമൂഹികബന്ധം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് ലോകത്തോട് പറയുന്നത്. ഹുയ്ൻചിരി, ഷൗപിബാന്ദ, ചൊക്കായ്ഹുഅ, കുസ്‌കോയിലെ കൊലാന ക്യുഹൂയ് എന്നിവിടങ്ങളിലെ ജനങ്ങളെ ബന്ധപ്പെടുത്തുന്ന പുൽപാലത്തിന് 600 വർഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. എല്ലാവർഷവും ജൂണിൽ സംസ്കൃതിയുടെ ഓർമപ്പെടുത്തലെന്നോണം ജനങ്ങൾ ഈ പാലം പുല്ലുകൾമേഞ്ഞ് കരുത്തുറ്റതാക്കുന്നു. പുല്ലുകൾ ഉണക്കി കയറുകളുണ്ടാക്കി അതുകൊണ്ട് നിർമിച്ച പാലം സുസ്ഥിരതയുടെകൂടി അടയാളപ്പെടുത്തലാണ്. എക്‌സ്‌പോയിലെ പെറു പവിലിയനിലേക്കുള്ള പാതയാവുക ഈ പാലത്തിന്റെ മാതൃകയാവുമെന്നതാണ് പ്രത്യേകത.

ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ശവകുടീരം എത്യോപ്യയിൽനിന്ന് കണ്ടെടുത്ത 31.8 ലക്ഷം വർഷങ്ങൾക്ക് മുമ്പത്തേതെന്ന് കണക്കാക്കുന്ന ഒന്നാണ്. എത്യോപ്യ നാഷണൽ മ്യൂസിയത്തിൽ സംരക്ഷിച്ചിട്ടുള്ള ഈ ശേഷിപ്പുകളുടെ പകർപ്പാണ് എക്‌സ്‌പോ എത്യോപ്യ പവിലിയനിൽ പ്രദർശിപ്പിക്കുക. നിങ്ങൾ വിശിഷ്ടമായതാണ് എന്നർഥം വരുന്ന 'ലൂസി/ഡിങ്കിനേഷ്' എന്ന പേരിലാണ് ഇത് അടയാളപ്പെടുത്തിയിരിക്കുന്നത്. 1974-ൽ നടന്ന പര്യവേക്ഷണത്തിലൂടെ ഇത് കണ്ടെത്തിയ എത്യോപ്യയിലെ അവാഷ് താഴ്‌വര മാനവികതയുടെ മുത്തശ്ശിയെന്നാണ് അറിയപ്പെടുന്നത്. പ്രാചീന ഗോത്രസംസ്കൃതിയുടെ കരകൗശലസിദ്ധിയെല്ലാം ഇതിൽ ദർശിക്കാനവും.

അണിഞ്ഞൊരുങ്ങി നടക്കാനുള്ള മനുഷ്യന്റെ ആഗ്രഹത്തിന് അവന്റെ ഉൽപ്പത്തിയോളം പഴക്കമുണ്ടെന്നതാണ് സഹസ്രാബ്ദങ്ങൾക്കുമുമ്പുള്ള ശവകുടീരങ്ങളിൽനിന്ന് കണ്ടെടുക്കുന്ന ആഭരണങ്ങൾ പറയുന്നത്. അതിന്റെ നിർമിതിയിലെ സൂക്ഷ്മതയും ഭംഗിയും മനുഷ്യന്റെ സൗന്ദര്യബോധത്തിന്റെ അടയാളപ്പെടുത്തലാണ്. യൂറോപ്യൻരാജ്യമായ സാൻമരീനോയിൽ നിന്നും കണ്ടെത്തിയ മാലയും വളയും കാതിലുകളും പോയകാലത്തിന്റെ സൗന്ദര്യസങ്കല്പമാണ് വ്യക്തമാക്കുന്നത്. ആഭരണനിർമിതിയിൽ അതിൽനിന്നും കാതലായ മാറ്റങ്ങളൊന്നും ഇന്നും വന്നിട്ടില്ലെന്നതും പ്രതേകതയാണ്. ഇവ കാണാനും പ്രൗഢമായ മാനവചരിത്രത്തെക്കുറിച്ചുള്ള ആലോചനകൾക്ക് വിത്തുപാകാനുമാണ് സാൻമരീനോയടക്കമുള്ള ആറോളം രാജ്യങ്ങൾ എക്സ്‌പോ പവിലിയനുകളിലേക്ക് ക്ഷണിക്കുന്നത്.