: പരിസ്ഥിതി സംരക്ഷണത്തിലൂടെ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക പുരോഗതിയാണ് ‘സുസ്ഥിരതയെ ശക്തിപ്പെടുത്തുക’ എന്ന ആശയത്തിലൂടെ മലേഷ്യ ലക്ഷ്യംവെക്കുന്നത്. മരുഭൂമിയിൽ മഴക്കാടുകളുടെ മാതൃകയിൽ വിവിധയിനം വൃക്ഷങ്ങളും അതിനിടയിലൂടെ ഒഴുകുന്ന നദിയുമെല്ലാം ചേർന്ന് ഒരുങ്ങുന്ന മലേഷ്യൻ പവിലിയൻ എക്സ്‌പോയിലെത്തുന്ന കാഴ്ചക്കാർക്ക് നവ്യാനുഭവമാകും. പ്രകൃതിയുമായി ഇടപഴകുന്ന എല്ലാ മേഖലയിലും മനുഷ്യൻ കാത്തുസൂക്ഷിക്കേണ്ട സന്തുലിതമായ കാഴ്ചപ്പാടിനാണ് ‘മഴക്കാടുകളുടെ മേലാപ്പ്’ എന്ന റെയ്ൻഫോറസ്റ്റ് കനോപ്പിയിലൂടെ പവിലിയൻ ഊന്നൽ നൽകുന്നത്. കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും രൂക്ഷമാകുന്ന കാലത്ത് പരിസ്ഥിതി സംരക്ഷണത്തിന്റെയും സുസ്ഥിര ജീവിതത്തിന്റെയും അനിവാര്യത പവിലിയൻ വ്യക്തമാക്കുന്നു.

ശ്രദ്ധേയമായ സാങ്കേതികവിദ്യകളും പുതുമയേറിയ ആശയങ്ങളും ചേർത്തുവെച്ച് മാനുഷിക മികവിന്റെ ഇതുവരെ കാണാത്ത വിസ്മയങ്ങൾക്കാണ് എക്സ്‌പോ 2020 സാക്ഷിയാവുക. അതോടൊപ്പം പ്രകൃതിയോട് ഇണങ്ങുന്ന സന്തുലിത വികസനത്തിന് അടിവരയിടുകയാണ് മലേഷ്യ. 1234.05 ചതുരശ്ര മീറ്ററിൽ തയ്യാറാക്കുന്ന പവിലിയന് എക്സ്‌പോയിലെ ആദ്യ സീറോ കാർബൺ സംരംഭമെന്ന പ്രത്യേകത കൂടിയുള്ളതായി യു.എ.ഇ.യിലെ മലേഷ്യൻ അംബാസഡർ മുഹമ്മദ് താരിദ് സുഫിയാൻ പറഞ്ഞു. ഇത് മറ്റുരാജ്യങ്ങൾക്ക് കൂടി പ്രചോദനമാകുമെന്നും മലേഷ്യൻ അധികൃതർ വിലയിരുത്തുന്നു.

രാജ്യത്തെ 22 സർക്കാർ മന്ത്രാലയങ്ങളുടെയും അഞ്ച് സംസ്ഥാന സർക്കാരുകൾ, 40 ഏജൻസികൾ എന്നിവരുടെയും സാന്നിധ്യമായിരിക്കും മലേഷ്യൻ പവിലിയനിൽ ഉണ്ടാവുക. വിസ്മയങ്ങൾ തെളിയുന്ന എക്സ്‌പോ 2020- യിൽ ആറ് ക്ലസ്റ്ററുകളിലായി മലേഷ്യയുടെ പത്തോളം വ്യത്യസ്ത വ്യാപാരസംരംഭങ്ങൾ അണിനിരക്കും. എക്സ്‌പോ നടക്കുന്ന ആറ് മാസങ്ങളിലായി പ്രതിവാര വാണിജ്യ-വ്യവസായിക പരിപാടികളും സംഘടിപ്പിക്കും. ഇരുന്നൂറോളം മലേഷ്യൻ വ്യാപാര പ്രതിനിധി സംഘങ്ങളും എക്സ്‌പോയുടെ ഭാഗമായേക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

കോവിഡിനെ നേരിടുന്നതിൽ മലേഷ്യ കൈവരിച്ച നേട്ടങ്ങളും ബന്ധപ്പെട്ട അനുഭവങ്ങളും ലോകരാജ്യങ്ങൾക്ക് മുമ്പിൽ പങ്കിടാൻ എക്സ്‌പോ വേദിയാകും. ഒരു രാഷ്ട്രമെന്നനിലയിൽ മലേഷ്യ നേടിയിട്ടുള്ള വിവിധ വിജയങ്ങൾക്ക് തങ്ങൾ മുന്നോട്ട് വെക്കുന്ന സുസ്ഥിര വളർച്ച വഹിച്ച പങ്കിനെക്കുറിച്ചും എക്സ്‌പോയിൽ പ്രദർശിപ്പിക്കും.

മനുഷ്യരാശി ഇന്ന് നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ ലോക രാജ്യങ്ങളുടെ ഈ കൂടിച്ചേരൽ സഹായകമാകുമെന്ന് എക്സ്‌പോ 2020 മലേഷ്യ കമ്മിഷണർ ജനറൽ സിതി ഹമിസ തപ്‌സിർ പറയുന്നു. ‘ലോകം ഒന്നടങ്കം കോവിഡിനെ മറികടക്കാൻ പരിശ്രമിക്കുന്ന വേളയിൽ, എക്സ്‌പോ 2020- യിലൂടെ ലോക രാജ്യങ്ങളുടെ സൗഹാർദപരമായ ഒത്തുകൂടൽ ഏറെ പ്രതീക്ഷ നൽകുന്നതാണ്. ആഗോള തലത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ ഒത്തുചേരലിനായി മലേഷ്യയും ഉറ്റുനോക്കുന്നു. മാനുഷിക മൂല്യങ്ങളാണ് ഇവിടെ മുന്നോട്ടുവെക്കുന്നത്.’

ജിസിസി രാജ്യങ്ങളിൽ മലേഷ്യയ്ക്ക് ഏറ്റവുമധികം വ്യാപാരബന്ധമുള്ള രാജ്യമാണ് യുഎ.ഇ. അതിനാൽ തന്നെ എക്സ്‌പോ 2020 മലേഷ്യയ്ക്ക് അന്താരാഷ്ട്ര ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കുവാനുള്ള വേദികൂടിയാവും. ഒപ്പം മലേഷ്യയുടെ ടൂറിസം സാധ്യതകൾക്ക് മിഴിവേകാനും എക്സ്‌പോ സഹായകമായേക്കും.