: അന്താരാഷ്ട്ര മത്സരങ്ങൾക്ക് നിരന്തരം വേദിയൊരുക്കിയാണ് യു.എ.ഇ. കായികമേഖലയിലെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുന്നത്. മികച്ച അടിസ്ഥാനസൗകര്യമൊരുക്കുകവഴി കായികമേഖലയ്ക്ക് മാത്രമല്ല, വിനോദസഞ്ചാര-വ്യവസായ രംഗങ്ങളിലേക്കും വികസനമെത്തിക്കാൻ യു.എ.ഇ.ക്കാവുന്നു.

ഇന്റർനാഷണൽ ക്രിക്കറ്റ് അസോസിയേഷന്റെ (ഐ.സി.സി) അറിയിപ്പുപ്രകാരം ട്വന്റി 20 ലോകകപ്പ് വേദികളിലൊന്ന് യു.എ.ഇ. ആയിരിക്കുമെന്നതാണ് ഏറ്റവും പുതിയ വിശേഷം. കോവിഡിനെ പിടിച്ചുകെട്ടുന്നതിൽ യു.എ.ഇ. നടത്തിയ ശ്രമങ്ങളാണ് ഈയൊരു കാലഘട്ടത്തിൽ ഇത്തരമൊരു വലിയ മേളയ്ക്ക് യു.എ.ഇ. തിരഞ്ഞെടുക്കപ്പെടാനുള്ള കാരണം. 2021 ഒക്ടോബർ, നവംബർ മാസങ്ങളിലായാണ് മത്സരങ്ങൾ നടക്കുകയെന്ന് ബി.സി.സി.ഐ. അധ്യക്ഷൻ സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. കോവിഡിനെതിരേ യു.എ.ഇ. നടത്തുന്ന പ്രവർത്തനങ്ങൾ ഇതിനകം ലോകശ്രദ്ധയാകർഷിച്ചതാണ്. ക്രിക്കറ്റിനെ ഏറെ സ്നേഹിക്കുന്ന വലിയൊരു സമൂഹം യു.എ.ഇ.യിൽ അധിവസിക്കുന്നുണ്ട് എന്നതാണ് ഈ രാജ്യം ലോകകപ്പ് വേദിയാവുന്നതിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്.

ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ളവരും ക്രിക്കറ്റും തമ്മിൽ അഭേദ്യമായ ബന്ധം നിലനിൽക്കുന്നുണ്ട്. ഈ രാജ്യങ്ങൾ തമ്മിൽ നടക്കുന്ന ഒരു മത്സരം പ്രദർശിപ്പിക്കുന്ന യു.എ.ഇ.യിലെ ഒരു പൊതുവേദിയിലെ കാണികളുടെ സജീവതമാത്രം മതിയാവും അത് മനസ്സിലാക്കാൻ. സ്റ്റേഡിയത്തിൽ നേരിട്ട് കളി കാണുന്നവർക്ക് അനുഭവപ്പെടുന്ന ആവേശം ഇന്ത്യ-പാകിസ്താൻ മത്സരം പ്രദർശിപ്പിച്ച ടെലിവിഷനുള്ള ഒരു സലൂണിന് ചുറ്റിലും കൂടിനിൽക്കുന്ന ആളുകളിലും കാണാനാവും. അവധിദിനങ്ങളിൽ ചെറുമൈതാനങ്ങളിൽ ഒരേ ടീമിൽ ക്രിക്കറ്റ് കളിക്കുന്നവർ അതത് രാജ്യങ്ങളുടെ കളികൾ നടക്കുമ്പോൾ പ്രകടമാക്കുന്ന ആവേശം തന്നെയാവും യു.എ.ഇ. ഇത്തരമൊരു ക്രിക്കറ്റ് മാമാങ്കത്തിന് വേദിയൊരുക്കുമ്പോൾ ഏറ്റവും ആഹ്ലാദകരമാവുക.

കോവിഡ് സംഹാരതാണ്ഡവമാടിയ നാളുകളിൽ ഐ.പി.എൽ ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയൊരുക്കിയാണ് യു.എ.ഇ. സാധ്യതകൾ തുറന്നിട്ടത്. ടീമംഗങ്ങൾക്കും അനുബന്ധ ജീവനക്കാർക്കും കൃത്യമായ സുരക്ഷയുറപ്പാക്കി വിവിധ എമിറേറ്റുകളിലെ മൈതാനങ്ങളിൽ ലോകതാരങ്ങൾ ആവേശപ്പോരാട്ടം നടത്തി. എങ്കിലും അവിചാരിതമായ സാഹചര്യങ്ങൾ മൂലം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന ആ മത്സരങ്ങൾകൂടി ലോകകപ്പിന് മുന്നോടിയായി നടക്കുമെന്നാണ് പുതിയ തീരുമാനം. 31 മത്സരങ്ങളാണ് ഐ.പി.എൽ. സീസൺ 14-ൽ ബാക്കിയുള്ളത്. യു.എ.ഇ. പിന്തുടരുന്ന കർശന സുരക്ഷാവ്യവസ്ഥകൾക്ക് ലഭിക്കുന്ന ഏറ്റവുംവലിയ അംഗീകാരം കൂടിയാവുമത്. ഐ.പി.എല്ലും തുടർന്ന് ട്വന്റി 20 ലോകകപ്പും കൂടിയാരംഭിക്കുന്നതോടെ ആവേശത്തിന്റെ നാളുകളായിരിക്കും ലഭിക്കുക. യു.എ.ഇ.യിൽ അബുദാബി, ദുബായ്, ഷാർജ, മസ്‌കറ്റിലെ അൽ അമീറത്തിലുള്ള ഒമാൻ ക്രിക്കറ്റ് അക്കാദമി എന്നിവിടങ്ങളിലാണ് ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ നടക്കുക. ഐ.സി.സി.യുടെയും ബി.സി.സി.ഐ.യുടെയും തീരുമാനം വളരെ പ്രതീക്ഷയോടെയും അഭിമാനത്തോടെയുമാണ് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് സ്വീകരിച്ചത്. ഏറ്റവും സുരക്ഷിതരാജ്യമാണ് യു.എ.ഇ. എന്ന അടയാളപ്പെടുത്തലാണ് ഇത് സമ്മാനിക്കുന്നതെന്നായിരുന്നു എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് വൈസ് പ്രസിഡന്റ് ഖാലിദ് അൽ സറൂനിയുടെ പ്രതികരണം. രണ്ടുവർഷത്തോളം കാര്യമായ ചലനങ്ങളില്ലാത്ത യു.എ.ഇ.യിലെ ചെറുകിടവ്യവസായങ്ങൾക്കുപോലും വലിയ പ്രതീക്ഷയേകുന്നതാണ് ഈ തീരുമാനം. കോവിഡിൽ മന്ദഗതിയിലായ പലമേഖലകൾക്കും ഇത് ഉണർവേകും. അതിനെല്ലാംപുറമെ ക്രിക്കറ്റ് ദൈവം സച്ചിന്റെ അവിസ്മരണീയമായ സെഞ്ച്വറി പിറന്ന ഷാർജയിലേതടക്കമുള്ള മൈതാനങ്ങളിൽ വീണ്ടും നീലക്കുപ്പായക്കാർ ആവേശപ്പോരാട്ടം നടത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് യു.എ.ഇ.യിലെ ഇന്ത്യൻ പ്രവാസിസമൂഹവും.