അറബ് ലോകത്തെ പ്രശസ്തനും നമ്മൾ കേരളീയർ ആശാൻ വിശ്വപുരസ്കാരം നൽകി ആദരിക്കുകയും ചെയ്ത സിറിയൻ കവി അഡോണിസ്, അദ്ദേഹത്തിന്‍റെ ഒരു കവിതയിൽ പറയുന്നുണ്ട്: ‘വായിക്കൽ ഭാവിയെ എഴുതലാണന്ന്’ (To read is to write the future). അഡോണിസ് ഇതു പറയുന്നതിനും ഒരുപാട് വർഷങ്ങൾക്കുമുമ്പ്, ഇതിനെക്കുറിച്ചൊന്നും ഒരറിവുമില്ലാതിരുന്ന എന്റെ കുട്ടിക്കാലത്ത്, വായനയോട് ഒരു വല്ലാത്ത പ്രണയം തോന്നിയപ്പോൾ ഞാൻ ഒരുപാട് വായിക്കാൻ തുടങ്ങി. അന്നത്തെ ആ വായന ‘ഭാവിയെ’ എഴുതാനാണെന്നോ, ഭാവിയിൽ എഴുതാനാണെന്നോ എന്നൊന്നും അറിഞ്ഞുകൂടായിരുന്നു. പുസ്തകപ്രേമിയായിരുന്ന അച്ഛൻ ഒരുപാട് പുസ്തകങ്ങൾ അന്ന് വീട്ടിലെത്തിച്ചിരുന്നു. ഭീകരമായ പഠന മത്സരങ്ങളും പ്രോജക്ട് റിപ്പോർട്ട് സമർപ്പണവും ഒന്നും ഇല്ലാതിരുന്ന ആ കാലത്ത് അധികവായനയ്ക്ക് ധാരാളം സമയവും ലഭിച്ചിരുന്നു. അച്ഛൻ കൊണ്ടുവന്നിരുന്ന പുസ്തകങ്ങൾ ഒന്നൊന്നായി വായിക്കാൻ തുടങ്ങിയപ്പോൾ മലയാളത്തിലെയും വിശ്വസാഹിത്യത്തിലെയും ഒട്ടേറെ സാഹിത്യകാരന്മാരെയൊക്കെ അടുത്തറിയാൻ കഴിഞ്ഞു.
സാഹിത്യത്തോടും സാഹിത്യകാരന്മാരോടുമൊക്കെ ഒരു വല്ലാത്ത ഇഷ്ടവും ബഹുമാനവുമൊക്കെ തോന്നിയ ആ നാളുകളിൽ എനിക്കും ഒരു എഴുത്തുകാരനാകണമെന്ന കലശലായ ഒരാഗ്രഹം മനസ്സിൽ തോന്നിത്തുടങ്ങി. പക്ഷേ, അതെങ്ങനെ തുടങ്ങണം എന്നൊന്നും ഒരു പിടിയുമില്ല. എന്തൊക്കെയോ മനസ്സിലുണ്ട് പക്ഷേ, ഒന്നും എഴുതാൻ കഴിയുന്നില്ല. എപ്പോഴെങ്കിലും ഈ എഴുത്തുകാരെയൊക്കെ നേരിട്ടു കാണാനും എഴുത്തിന്റെ തന്ത്രങ്ങളൊക്കെ ചോദിച്ചറിയണമെന്നുമൊക്കെയുള്ള അബദ്ധചിന്തകൾ മനസ്സിൽ കൊണ്ടുനടന്നിരുന്ന കാലം. പക്ഷേ, അന്ന് വെറുമൊരു കുട്ടിയായിരുന്ന എനിക്ക് ഇവരെയൊന്നും കാണാനുള്ള അവസരം എങ്ങുനിന്നും ലഭിച്ചില്ല. ഇതൊന്നും നടക്കാൻ പോകുന്നില്ല, എനിക്കൊരിക്കലും ഒന്നും എഴുതാനും കഴിയില്ലന്ന് മനസ്സിലുറപ്പിച്ച് വീണ്ടും വായന തുടർന്നുകൊണ്ടേയിരുന്നു. ആയിടയ്ക്കാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ നോവൽ പുരസ്കാരം ലഭിച്ച ഒരു യുവ സാഹിത്യകാരന്റെ അഭിമുഖം പത്രത്തിൽ വായിക്കാനിടയായത്. ‘അക്ബർ കക്കട്ടിൽ’ എന്നു പേരുള്ള അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ടുള്ള ഒട്ടേറെ വാർത്തകളും ഉണ്ടായിരുന്നു. എനിക്കദ്ദേഹത്തോട് വല്ലാത്ത ഒരാരാധന തോന്നി. ഒരിക്കൽ എന്റെ ഫോട്ടോയും ഇതേ പോലൊന്ന് പത്രത്തിൽ വന്നിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയ നിമിഷങ്ങൾ. സ്‌കൂളിലെ ചരിത്ര ക്ളാസിൽ മുഗൾ ചക്രവർത്തിയായിരുന്ന അക്ബറിന്റെ ഭരണപരിഷ്കാരങ്ങളൊക്കെ കാണാതെ പഠിച്ചിരുന്ന ഞാൻ വിചിത്രമായ ചില ചിന്തകളിലൂടെ കക്കട്ടിൽ സാറിനെ പുസ്തകങ്ങളുടെ കൊട്ടാരത്തിലെ സിംഹാസനത്തിലിരുത്തി, പിന്നെ ചുറ്റും പുസ്തകങ്ങളുമായി നിൽക്കുന്ന ഭടന്മാരെയും മനസ്സിൽ സങ്കല്പിച്ചു. പിന്നീടൊരിക്കലും ഞാൻ ആ പേർ മറന്നിട്ടില്ല. അതങ്ങനെ ഒരു ചിത്രമായി മനസ്സിൽ കിടന്നു. കക്കട്ടിൽ സാറിന്റെ രചനകൾ ഞാൻ തിരഞ്ഞുപിടിച്ച് വായിക്കാൻ തുടങ്ങി. നർമത്തിൽ ചാലിച്ചെടുത്ത മലബാറിലെ മനുഷ്യരുടെ കഥകളായിരുന്നു അതിലേറെയും. വായിച്ചുവായിച്ച് ഒരു പരുവമായപ്പോൾ ഞാനും എന്തൊക്കെയോ എഴുതാൻ തുടങ്ങി. ആദ്യമൊന്നും ആരെയും കാണിച്ചിരുന്നില്ല, പിന്നീട് അടുത്ത സുഹൃത്തുക്കളെ കാണിക്കാൻ തുടങ്ങി അവരുടെ പ്രോത്സാഹനംകൂടി കിട്ടിയപ്പോൾ വീണ്ടും എഴുതാൻ തുടങ്ങി. അങ്ങനെ എന്റെ ചെറിയ സാഹിത്യജീവിതം അവിടെ തുടങ്ങി.
വർഷങ്ങളങ്ങനെ കടന്നുപൊയ്‌ക്കൊണ്ടിരുന്നു. ഇതിനിടയിൽ ഞാൻ ഒരു പ്രവാസിയായി ദുബായിലെത്തി. തിരക്കേറിയ ജോലിക്കിടയിലും വായന തുടർന്നുകൊണ്ടേയിരുന്നു. വായനയോടൊപ്പം ഒട്ടേറെ ക്ലാസിക് സിനിമകളും കാണാൻ തുടങ്ങി. അത് എന്നെ തിരക്കഥാ വായനയിലേക്കും കൊണ്ടെത്തിച്ചു. തിരക്കഥയുടെ രസതന്ത്രങ്ങൾ കൂടുതൽക്കൂടുതൽ അറിയാൻ തുടങ്ങിയപ്പോൾ വായന തിരക്കഥകളിലേക്ക് മാത്രമായി. ഞാൻ ഇഷ്ടപ്പെട്ടിരുന്ന പല പുസ്തകങ്ങങ്ങൾക്കു വേണ്ടിയും ഒട്ടേറെ അലയേണ്ടിവന്നിട്ടുണ്ട്. നാട്ടിലെ ഒട്ടേറെപ്പേരെ അതിനായി ആശ്രയിക്കേണ്ടി വന്നു. പുസ്തകങ്ങളുടെ ആവശ്യകത ഏറിയേറി വന്നു. ഇനിയിപ്പോൾ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചപ്പോൾ ഒരു ദൈവനിയോഗംപോലെ ഒരു പുസ്തക പ്രസാധകരുടെ ദുബായ് ഷോറൂം ഞാൻ താസിക്കുന്ന ഫ്ളാറ്റിന്റെ തൊട്ടു താഴെയുള്ള മുറിയിൽ ആരംഭിച്ചു. പുസ്തകങ്ങളും ഞാനും ദൈവവുമായിട്ടുള്ള ആ ഒരു ബന്ധം എപ്പോഴും അങ്ങനെ തന്നെയായിരുന്നു. എനിക്കിഷ്ടപ്പെട്ട പുസ്തകങ്ങളെല്ലാം അവിടെ ലഭ്യമാവുകയും ഞാനവിടെ ഒരു നിത്യസന്ദർശകനായി മാറുകയും ചെയ്തു.
കഥാകാരനെ കണ്ടുമുട്ടുന്നു
അങ്ങനെയിരിക്കേ ഒരിക്കൽ ഷോറൂം മാനേജരായിരുന്ന ഷക്കീബ് എന്നെ വിളിച്ച് സാഹിത്യകാരൻ അക്ബർ കക്കട്ടിൽ അവിടെ എത്തുന്ന വിവരം പറഞ്ഞു. അതൊരദ്‌ഭുതമായി എനിക്കുതോന്നി. കാണാൻ ആഗ്രഹിച്ചിരുന്ന പ്രിയപ്പെട്ട സാഹിത്യകാരൻ ഇതാ എന്റെ മുന്നിലേക്ക്.! അതങ്ങനെയാണ്, ജീവിതത്തിൽ ഞാൻ കാണാൻ ആഗ്രഹിച്ചിരുന്ന പല സാഹിത്യകാരന്മാരെയും കണ്ടുമുട്ടിയിരുന്നത് പുസ്തകങ്ങളുടെ മണമുള്ള ബുക്ക് ഷോപ്പുകളിൽ വെച്ചായിരുന്നു..! വല്ലാത്ത ഒരു സന്തോഷം തോന്നി. അങ്ങനെ പുസ്തകങ്ങളെ സാക്ഷിയാക്കി ഞങ്ങൾ അവിടെവെച്ച് കണ്ടുമുട്ടി. എന്റെ ക്ഷണപ്രകാരം അദ്ദേഹമെന്റെ ഫ്ളാറ്റിലുമെത്തി. സംസാരത്തിനൊരു ലാഘവം വന്നപ്പോൾ കക്കട്ടിൽ രാജ്യത്തെ അക്ബർ ചക്രവർത്തിയെക്കുറിച്ചും കൈയിൽ പുസ്തകങ്ങളുമായി ചുറ്റുംനിൽക്കുന്ന ഭടന്മാരെക്കുറിച്ചുമൊക്കെ ഞാനന്നു പറഞ്ഞപ്പോൾ അദ്ദേഹമൊരുപാടു ചിരിച്ചു. ഞങ്ങൾ ദീർഘനേരം സംസാരിച്ചു. പുസ്തകങ്ങളെക്കുറിച്ചും പഴയ മഹാന്മാരായ എഴുത്തുകാരെക്കുറിച്ചുമൊക്കെയാണ് ആദ്യം സംസാരിച്ചത്. വർധിച്ചുവരുന്ന ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമേന്നോണം നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സംസ്കാരത്തെക്കുറിച്ചും ജാതി, മത, വർഗ വേർതിരിവുകളിൽ പരസ്പര സ്നേഹം നഷ്ടപ്പെടുന്ന സമൂഹത്തെക്കുറിച്ചുമൊക്കെ പറഞ്ഞിട്ട് അവിടെയാണ്, കവിത്രയങ്ങളായിരുന്ന ആശാന്റെയും ഉള്ളൂരിന്റെയും വള്ളത്തോളിന്റെയുമൊക്കെ കാവ്യങ്ങളുടെ പ്രസക്തിയെന്നും പറഞ്ഞു. മനസ്സിൽ സഹൃദയത്വമുള്ളവരോട് ഒരുപാടു സംസാരിക്കാൻ ഇഷ്ടപ്പെടുന്ന എനിക്ക് കക്കട്ടിൽ സാറിന്റെ ആ സാമീപ്യം നന്നേ ഇഷ്ടപ്പെട്ടു. അദ്ദേഹത്തിനും അതിഷ്ടപ്പെട്ടപോലെയായിരുന്നു. ഞങ്ങൾ തമ്മിലുള്ള ആ ഒരു ‘കെമസ്ട്രി’ അവിടെ ആരംഭിച്ചു. ചുറ്റുപാടുകളെ മറന്ന് ഞങ്ങൾ സംസാരത്തിൽ മാത്രം മുഴുകി.
മലപ്പുറത്തെ ഫുട്ബോൾ ജ്വരം, ഏറെനാടിന്റെ പൈതൃകം, വള്ളുവനാടൻ നാടുവാഴിത്തം, കഥകളി, കളരിപ്പയറ്റ്, കുഞ്ചൻ നമ്പ്യാർ, ഓട്ടൻതുള്ളൽ, മാലപ്പാട്ട്, കെസ്സുപാട്ട്, ഒപ്പന അങ്ങനെ തുടർന്ന് ഭൂതകാലത്തെ പഴയകാല ഓർമകളിലൂടെ പുഴയുടെ, മലയുടെ, കലകളുടെ, സംഗീതത്തിന്റെ സംസ്‌കാരത്തിന്‍റെ പുകൾപെറ്റ നാടുകളിലേക്കും പോയി. വെട്ടത്തുനാട്ടിലെ പൂഴിപ്പറമ്പിലൂടെ നടന്ന് ഞങ്ങൾ എഴുത്തച്ഛന്റെ തൃക്കണ്ടിയൂരെത്തി. മേൽപ്പത്തൂരിനെയും പൂന്താനത്തിനെയും കൂട്ടിനു കൂട്ടി. നിളയിൽ മുങ്ങിക്കുളിച്ച് കേളിപെറ്റ കലകളുടെ കളിയരങ്ങായിരുന്ന തിരുവില്വാമലയുടെ താഴ്‌വരകളിൽ അലയടിച്ചുയരുന്ന സോപാനസംഗീതം കേട്ടു. വില്വാദ്രിയിലെ പ്രഭാതവും പാതിരാദീപവും കണ്ടു. താലപ്പൊലിപ്പാടങ്ങൾക്കിടയിലെ വരമ്പിലൂടെ നടന്നു, നടന്ന് ഞങ്ങൾ ഒ.വി വിജയന്റെ തസ്രാക്ക് ഗ്രാമത്തിലെത്തി. പാടങ്ങളുടെ കരയിലെ വെള്ളിലക്കാടു പൂത്തുനിൽക്കുന്ന ഗ്രാമവഴികളിലൂടെ നടക്കുമ്പോൾ ഒരു പടിഞ്ഞാറൻ കാറ്റ് ഞങ്ങളെയൊന്നു തഴുകിപ്പോയി. സാറപ്പോൾ എന്നോടു ചോദിച്ചു: ‘‘നമുക്ക് വെള്ളിനേഴിയിലെ ഒളപ്പമണ്ണ മനയിലേക്കു പോകേണ്ടേ? നിളയുടെ എഴുത്തുകാരൈ കാണേണ്ടെ?’’. ‘‘തീർച്ചയായും’’ -ഞാൻ പറഞ്ഞു. ഇതു പറയുമ്പോൾ വള്ളുവനാടൻ കുന്നിൻചെരുവിലെവിടെയോ ഒരു നാഗപ്പാട്ടു കേട്ടു. കുടവും വീണയും നൽകുന്ന സംഗീതം അന്തരീക്ഷത്തിൽ അലയടിച്ചുനിൽക്കുന്നു. ഞാൻ സാറിനോടു ചോദിച്ചു: ‘‘അതു നാഗപ്പട്ടല്ലേ?’’. ‘‘അതേ’’. പിന്നെ അതിനെക്കുറിച്ചായി സംസാരം. ഇതിനിടയിൽ വെള്ളിനേഴിയിലെത്തി. മനയുടെ പരസരത്തിലെവിടെയോ ഒരു പന്തുകളിയുടെ ആരവം ഉയർന്നുകേൾക്കുന്നു. അവിടേക്കു പോകാൻ തുടങ്ങിയ എന്നെ തടഞ്ഞുകൊണ്ട് സാർ പറഞ്ഞു: ‘‘നീ ഇങ്ങോട്ടു വാ, ഒളപ്പമണ്ണ മനയിൽ കാത്തിരിക്കുന്നു.’’ മനയിലിരുന്നു ഒളപ്പമണ്ണ പറഞ്ഞ നിരാലംബയായ ‘നങ്ങേമ’യുടെ കണ്ണീരിന്റെ കഥകൾ കേട്ടപ്പോൾ മനസ്സിലൊരു വിങ്ങൽ. ഭാരതപ്പുഴയുടെ കാറ്റോട്ടമുള്ള മുല്ലനേഴി മനയുടെ കോലായിൽ ഞങ്ങളൊന്നു മയങ്ങി. വീണ്ടും യാത്ര. കാറ്റിനു കൈതപ്പൂവിന്റെ മണം. പുഴവക്കിലെ ക്ഷേത്രങ്ങളും കുന്നിൻചെരുവിലെ കാവുകളും കരിമ്പനക്കാടുകളും കണ്ടുകണ്ട് ഞങ്ങൾ നടക്കാൻ തുടങ്ങി.
അപ്പോൾ അതാ നിളാതീരത്ത് പന്തലിട്ടു പടർന്നുനിൽക്കുന്ന ഒരു അരയാലിന്റെ ചുവട്ടിലിരിക്കുന്നു കവി പി. കുഞ്ഞിരാമൻ നായർ.
‘‘എന്താ ഇവിടെ ?’’
കവിയോട് സാറു ചോദിച്ചു.
‘‘നിറമാല തൊഴാൻ തിരുവില്വാമലയിലെത്തിയതാ.. .പക്ഷേ എനിക്കീ നിളയെക്കണ്ടു മതിയാകുന്നില്ല, ഇവളെന്റെ പ്രണയിനിയാണ്. ഇവളെവിട്ടു പോകാനെനിക്കു തോന്നുന്നില്ല... വാ നിങ്ങളിരിക്ക്’’-കവി പറഞ്ഞു.
ഞങ്ങളിരുന്നു. പിന്നെ പതിഞ്ഞ ഈണത്തിൽ കവിതകൾ പാടി ഞങ്ങളെ കേൾപ്പിച്ചു. നിളയുടെ അദ്‌ഭുതലാവണ്യം നിറഞ്ഞുനിൽക്കുന്ന കവിത. ആലാപനം നിർത്തി കൈയ്യിലിരുന്ന ഒരു ചെറിയ പ്ലാസ്റ്റിക് കവറിൽനിന്ന് ഒരു നുള്ള് കറുപ്പെടുത്ത് നാക്കിനടിയിലേക്കു വെച്ചു. ശ്വാസം അകത്തേക്കൊന്നു വലിച്ചുകൊണ്ടു പറഞ്ഞു:
‘‘കൈതപ്പൂവിന്റെ മണമുള്ള നല്ല കാറ്റ്... ഞാനൊന്നു മയങ്ങട്ടെ’’
കവി ആൽത്തറയിൽ ചെരിഞ്ഞു. ശാന്തമായൊഴുകുന്ന നിളയുടെ ചിറ്റോളങ്ങളെക്കണ്ട് ഞങ്ങൾ യാത്രയായി. നടക്കുന്ന വഴിയിൽ ചിരിച്ചുകൊണ്ടു സാർ പറഞ്ഞു: ‘‘ദേ അവിടെയൊരാൾ നിള അമ്മയാണന്നും പറഞ്ഞു കരയുന്നുണ്ട’’
‘‘അതാരാ’’- ഞാൻ ചോദിച്ചു
‘‘ഇടശ്ശേരി’’
‘‘ഓ... അതെന്താ?’’
‘‘ഈ പുഴ നശിക്കുമോ എന്നു പുള്ളിക്കിപ്പഴേ ഒരു പേടി
‘അംബ പേരാറെ നീ മാറിപ്പോമോ
ആകുലയാമൊരഴുക്കു ചാലായ്’
എന്നും പറഞ്ഞാ വിലപിക്കുന്നത്...’’
‘‘പണ്ടു മഹാകവികൾ പറഞ്ഞ പ്രവചനങ്ങളൊക്കെ ഇപ്പോൾ ഫലിച്ചു കൊണ്ടിരിക്കുകയല്ലേ സാറേ..?’’
‘‘നേരാ’’-സാറും പറഞ്ഞു. പോകുന്ന വഴിയിൽ ഗായത്രിപ്പുഴയുടെ തീരത്തെ കൊല്ലങ്കോട്ടു കോവിലകത്തെത്തി. ഗന്ധർവസ്മൃതികളുറങ്ങുന്ന കോവിലകത്തിന്റെ ഇടനാഴിയിൽ രവിവർമയുടെ ചിത്രങ്ങൾ കണ്ടു. അവിടെനിന്ന് വീണ്ടും യാത്ര. സന്ധ്യ കഴിഞ്ഞു, രാത്രിയായി. ധനുമാസത്തിലെ ആതിരനിലാവുള്ള ആ രാത്രിയിൽ വള്ളുവനാടൻ കുന്നുകൾ വെട്ടിത്തിളങ്ങി, കുന്നിൻചെരിവിലെ തോട്ടു വക്കിലൂടെ ഞങ്ങൾ കാര്യങ്ങൾ പറഞ്ഞു നടക്കുകയാണ്. ദൂരെയെവിടെയോ പെൺകുട്ടികളുടെ തിരുവാതിരപ്പാട്ടു കേൾക്കാം. ചെവിവട്ടം പിടിച്ച് പാട്ടുകേൾക്കുന്നതോടൊപ്പം തിരുവാതിരയെക്കുറിച്ചും സാറു സംസാരിക്കാൻ തുടങ്ങി. പെട്ടെന്നൊന്നു നിന്ന് സാറെന്നോടു ചോദിച്ചു
‘‘നിലാവിൽ വിരിഞ്ഞ കൈതപ്പൂവ് നീ കണ്ടിട്ടുണ്ടോ?’’
‘‘ഇല്ല...’’ -ഞാൻ പറഞ്ഞു. തോട്ടുവക്കിൽ വിരിഞ്ഞുനിൽക്കുന്ന ഒരു കൈതപ്പൂ ചൂണ്ടിക്കാട്ടി സാർ പറഞ്ഞു ‘‘ദേ ഇതാണത്.’’ അപ്പോഴാണ് ഞാനും അതു ശ്രദ്ധിക്കുന്നത്. ഞാനൊന്നു ചിരിച്ചു.
അങ്ങനെ ചിരിച്ചുകളിച്ച്, പുരാണങ്ങൾ പറഞ്ഞ്, ഒട്ടേറെ സാഹിത്യകാരന്മാരെയറിഞ്ഞ് ഭാരതപ്പുഴയുടെ തീരത്തെ ആ യാത്രകൾക്കൊടുവിൽ കറങ്ങിത്തിരിഞ്ഞ് ഞങ്ങൾ സാമൂതിരിമാരുടെ മാമാങ്കത്തറയിലെത്തിയപ്പോൾ രാവേറെയായി. സ്ഥലകാലബോധം തിരിച്ചുവന്ന ഞങ്ങൾ ദുബായിലെ എന്റെ ഫ്ളാറ്റിൽ തിരിച്ചെത്തി. മണിക്കൂറുകൾക്കുള്ളിൽ തന്നെ ഞങ്ങൾ ഒരു വല്ലാത്ത ആത്മബന്ധത്തിലായപ്പോൾ. സ്നേഹത്തോടെ അദ്ദേഹമെന്നോടു പറഞ്ഞു ‘‘നീ എനിക്കു പറ്റിയ കമ്പനിയാ’’. എന്റെ നിർബന്ധത്തിനു വഴങ്ങി അന്ന് അദ്ദേഹം എന്നോടൊപ്പം എന്റെ വീട്ടിൽ തങ്ങി. അതവിടെ ഒരു വലിയ സുഹൃദ്ബന്ധത്തിന്റെ തുടക്കം കുറിക്കുകയായിരുന്നു. അതു പിന്നെ കുടുംബങ്ങൾ തമ്മിലുള്ള സ്നേഹബന്ധമായി പെട്ടെന്നു വളർന്നു. ദുബായിലും അബുദാബിയിലുമൊക്കെയായി ഞങ്ങളുടെ കുടുംബങ്ങൾ പലപ്പോഴും ഒത്തുകൂടി. കക്കട്ടിൽ സാർ നാട്ടിലായിരിക്കുമ്പോഴും നിരന്തരം ഫോണിൽ ബന്ധപ്പെട്ടു കൊണ്ടിരുന്നു. പലപ്പോഴും ഞങ്ങളുടെ സംസാരത്തിൽ സിനിമ ഒരു പ്രധാന വിഷയമായമായി മാറി. എന്റെ തിരക്കഥാ രചനയെക്കുറിച്ചു പറഞ്ഞപ്പോൾ അദ്ദേഹമെന്നെ ഒരുപാടു പ്രോത്സാഹിപ്പിച്ചു. ‘ഇമോഷണൽ’ സ്പർശമുള്ള കഥകളോടുള്ള എന്റെ താത്പര്യം പറഞ്ഞപ്പോൾ, പറയാത്ത വാക്കുകളിലൂടെ, ഒതുക്കിയ വികാരങ്ങളിലൂടെ, മനസ്സിലെ മാനസിക സംഘർഷങ്ങളെ, ചില നോട്ടങ്ങളിലൂടെയും ചലനങ്ങളിലൂടെയും അവതരിപ്പിക്കുമ്പോൾ അവർ പ്രേക്ഷകരുടെ മുന്നിൽ ജ്വലിക്കുന്ന കഥാപാത്രങ്ങളായി മാറുമെന്നും അതുകൊണ്ട് തിരക്കഥ എഴുതുമ്പോൾ അത് ശ്രദ്ധിക്കണമെന്നും പറഞ്ഞു.
ചിരിക്കുള്ളിലൂടെ വേദനയുടെ നേർത്ത കൊളുത്തുവലികളിട്ട്, ഗ്രാമീണ പാശ്ചാത്താലത്തിൽ കുടുംബകഥകൾ, ചെയ്യുന്ന സത്യൻ അന്തിക്കാടിനെയും അദ്ദേഹത്തോടുള്ള ഇഷ്ടവുമൊക്കെ ഒരിക്കൽ ഞാൻ സാറിനോടു പറഞ്ഞിരുന്നു. പിന്നീട് ഞങ്ങൾ പലപ്പോഴും ഫോൺചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പല സിനിമകളിലെയും രസകരമായ രംഗങ്ങൾ പറഞ്ഞു ചിരിക്കുമായിരുന്നു. പിന്നീടൊരിക്കൽ വെക്കേഷനു നാട്ടിൽ ചെന്നപ്പോൾ ഞാനദ്ദേഹത്തെ വിളിച്ച് എത്തിയ കാര്യമറിയിച്ചു. രണ്ടുദിവസത്തിനുശേഷം സാറെന്നെ വിളിച്ചു. ‘‘നീ നാളെ തൃശ്ശൂർക്ക് വരണം. സാഹിത്യ അക്കാദമിയുടെ ഒരാവശ്യത്തിനായി ഞാൻ വന്നതാണ്. ഇവിടെ ‘കാസനോവ’ ഹോട്ടലിലുണ്ടാകും. നിന്നെ കണ്ടിട്ട് എനിക്കു ചില കാര്യങ്ങളുണ്ട്.’’ ഹോട്ടലിൽ ചെന്ന ഞാൻ അവിടെ സംവിധായകൻ സത്യൻ അന്തിക്കാടിനെക്കണ്ടു ഞെട്ടി. സാർ എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തി. തൃശ്ശൂരിലെ ഹോട്ടൽ മുറിയിലിരുന്ന് ഞങ്ങൾ ഒരുപാടുനേരം സിനിമയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചുമൊക്കെ സംസാരിച്ചു. എന്റെ ഒരു തിരക്കഥ വായിച്ചിരുന്ന കക്കട്ടിൽ സാർ അത് സത്യൻ അന്തിക്കാടുമായി പങ്കുവെച്ചിരുന്നു. എന്റെ ചില പാട്ടുകളും ഞാനദ്ദേഹത്തെ കേൾപ്പിച്ചു. സംസാരത്തിലും, പെരുമാറ്റത്തിലുമൊക്കെ വളരെയധികം മാന്യത പുലർത്തുന്ന ഒരു സംവിധായകൻ. സിനിമാ മേഖലയിൽ ഞാൻ പരിചയപ്പെട്ട ഒരു നല്ലവ്യക്തി..!
ആ വർഷത്തെ ഷാർജ പുസ്തകോത്സവം തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് സാർ എന്നെ വിളിച്ചു പറഞ്ഞു: ‘‘ജോഷീ ഞാൻ ദുബായിക്കു വരുന്നുണ്ട്. രണ്ടു ദിവസം ‘ദേര’യിലുണ്ടാകും, നീ വരണം.’’ നവംബറിലെ തണുപ്പുള്ള ഒരു സന്ധ്യയിൽ അദ്ദേഹവുമായി എന്റെ വണ്ടിയിൽ ഞാൻ താമസിക്കുന്ന കരാമയിലേക്ക് പോകുമ്പോൾ ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടാൻ തുടങ്ങിയിരുന്നു. പാതി വഴിയെത്തിയപ്പോൾത്തന്നെ മഴപെയ്യാൻ തുടങ്ങി. ചരലുകൾ വാരിയെറിയുന്നത് പോലെ ആലിപ്പഴങ്ങൾ പൊഴിയിച്ച് ഒരു പെരുമഴ...! ദുബായിലെ ഒരു വ്യത്യസ്ത മഴയനുഭവം. ഒരുഘട്ടത്തിൽ വണ്ടി ഓടിക്കാനാകാതെ റോഡരികിൽ നിർത്തി. പിന്നെ വണ്ടിയിലിരുന്ന് മഴയെക്കുറിച്ചായി സംസാരം. അതുപിന്നെ സിനിമയിലെ മഴയിലേക്കുമെത്തി. പത്മരാജന്റെ തൂവനത്തുമ്പിയിലെ മഴ, ഷാജി എൻ. കരുണിന്റെ ‘പിറവി’യിലെ മഴ. കുറസോവയുടെ ‘റാഷമോണി’ലെ മഴ. അടൂരിന്റെ എലിപ്പത്തായത്തിലെ മഴ, സത്യജിത് റായ്‌യുടെ പഥേർ പാഞ്ചാലിയിലെ മഴ, മജീദ് മജീദിയുടെ കളർ ഓഫ് പാരഡൈസിലെ മഴ... അങ്ങനെ മഴയിലെ ‘ക്ലാസിക്കു’കളെക്കുറിച്ച് ധാരാളം സംസാരിച്ചു. പിന്നെ ഒരു വല്ലാത്ത ഉന്മേഷത്തോടെ അദ്ദേഹമെന്നോടു പറഞ്ഞു: ‘‘എടാ ജോഷീ നിന്റെ ആ തേന്മഴ ഒന്നു പാടിക്കേ...’’
‘ഡെയ്‌സി’ എന്ന സിനിമയിൽ കൃഷ്ണചന്ദ്രൻ പാടിയ
‘തേന്മഴയോ പൂമഴയോ
ചന്നം പിന്നം ചന്നം പിന്നം ചാറി’
എന്ന ഈ ഗാനം ഞാനന്ന് അദ്ദേഹത്തിനുവേണ്ടി വണ്ടിയിലിരുന്ന് പാടി. പിന്നെ ദുബായിലെ മഴക്കാഴ്ചകൾക്കണ്ട് വണ്ടിയിലൊന്നു ചുറ്റിക്കറങ്ങി. പോകുന്ന വഴിയിൽ തമാശയായി ചിരിച്ചുകൊണ്ട് സാറെന്നോടു പറഞ്ഞു: ‘‘നിലാവിൽ വിരിയുന്ന കൈതപ്പൂ തിരക്കി നീ ഇതു വഴിയൊന്നും രാത്രി നടക്കേണ്ടാ കേട്ടോ...’’
നാളുകൾക്കുശേഷം ഒറ്റാൽ എന്ന സിനിമയിലൂടെ എനിക്ക് തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചപ്പോൾ ആദ്യം വിളിച്ചതിലൊരാൾ കക്കട്ടിൽ സാർ ആയിരുന്നു. അന്ന് അദ്ദേഹം വളരെ ആഹ്ലാദത്തിലായിരുന്നു. കൂടെയുണ്ടായിരുന്ന എം. മുകുന്ദൻ സാറിനോട് എന്നെക്കുറിച്ച് പറയുകയും അദ്ദേഹത്തോട് അന്നു സംസാരിക്കുകയും ചെയ്തു. ഞങ്ങളുടെ സുഹൃദ്ബന്ധം അങ്ങനെ തുടർന്നുകൊണ്ടിരുന്നതിനിടയിൽ ഒരു പുലർച്ചെ വന്ന ടെലിഫോൺ കോളിലൂടെ ഞാനറിഞ്ഞു മഴ കാണാൻ, പാട്ടുകേൾക്കാൻ, തമാശ പറയാൻ പ്രിയപ്പെട്ട കക്കട്ടിൽ സാർ ഇനി ഇല്ലാ എന്ന്...
നിറംകെട്ട്, പകൽ മറയുന്ന മഴക്കാലസന്ധ്യകളിൽ ഒരു പ്രവാസിയുടെ ഗൃഹാതുരത്വത്തോടെ ദുബായിലെ ഫ്ളാറ്റിലിരുന്ന് പുറത്തേക്കു നോക്കുമ്പോൾ ഞാൻ കാണുന്നു..., ഭാരതപ്പുഴയുടെ തീരത്തെ മഴയിൽ കുളിച്ച് ഒരാൽത്തറ. അതങ്ങനെ ഒഴിഞ്ഞുകിടക്കുന്നു... ആരെയോ കാത്ത്...