‘മിഅറാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
കരളിൽ കടക്കുന്ന കടലായി തുടിക്കുന്ന
കുളിരിൽ കുളിർക്കുന്ന കാറ്റേ...’

1972-ൽ പാടിത്തുടങ്ങിയ ഈ പാട്ട് എരഞ്ഞോളി മൂസ ഇന്നും നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി വേദികളിൽ പാടുന്നു.  
വലിയകത്ത് മൂസയിൽനിന്ന് ഇന്നത്തെ പ്രശസ്തനായ എരഞ്ഞോളി മൂസയിലെത്താൻ  പക്ഷേ, ഈ ഗായകന്  ഏറെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. ഒരു ദിവസം പൊടുന്നനെ പാട്ടുംപാടി വന്നതല്ല മൂസ. അനുഭവങ്ങളുടെ ചെങ്കടൽ നീന്തി വിശപ്പിന്റെയും വേദനയുടെയും വിളികേട്ട് വന്നതാണ്. ജീവിതത്തിൽ തോറ്റുപോയെന്ന് തോന്നിയ നിമിഷങ്ങളിൽ സഹനം കൊണ്ട് ജീവിതത്തെ തിരിച്ചുതോൽപ്പിച്ച മനുഷ്യൻ. അതുകൊണ്ടാണിന്നും ചെറുതോൽവികൾക്ക് മുന്നിൽ എരഞ്ഞോളി മൂസ പതറിപ്പോകാതിരിക്കുന്നത്.  ‘പുരുഷാന്തരങ്ങൾക്ക് പൗരുഷം നൽകിയ പുരുഷന്റെ കഥകൾ പറയാൻ’ കേരളത്തിൽ ജീവിച്ചിരിക്കുന്ന രണ്ടുപേരിൽ ഒരാൾ എരഞ്ഞോളി മൂസയാണ്. മറ്റൊരാൾ ഗായകൻ വി.എം. കുട്ടിയും. വള്ളുവനാടൻ  ഈണത്തിൽ വി.എം. കുട്ടി പാടിത്തിമിർക്കുമ്പോൾ തലശ്ശേരിക്കാരുടെ മനസ്സിലെ മതമൈത്രിയുടെ സംഗീതവുമായി മൂസയും പാടാനുണ്ടാവും. ലോകത്തെവിടെപ്പോയാലും എരഞ്ഞോളി മൂസയിലെ പാവം ഗ്രാമീണന് സംസാരത്തിൽ തലശ്ശേരി ഭാഷയേ വരൂ. അത് രക്തത്തിൽ പൊടിച്ചുവന്ന ‘നൊസ്റ്റാൾജിയ’യാണ്. അതുകൊണ്ടാണ് മൂസയുടെ മാപ്പിളപ്പാട്ടുകൾക്ക് ഇന്നും  വലിയ ആരാധകരെ സൃഷ്ടിക്കാൻ സാധിക്കുന്നത്.

1940 മാർച്ച് 18-നാണ് വലിയേടത്ത് അബ്ദുവിന്റെയും വലിയകത്ത് ആസ്യയുടെയും മകനായി മൂസ, തലശ്ശേരിക്കടുത്ത എരഞ്ഞോളി എന്ന ഗ്രാമത്തിൽ പിറന്നത്. ചെറുപ്പത്തിൽ വീട്ടുപറമ്പിലെ ഏതെങ്കിലും മരച്ചോട്ടിൽ ഒറ്റയ്ക്കിരുന്ന് കല്ലിച്ചുപോയ മനസ്സുമായി ‘പിഞ്ചായ നാളുതൊട്ട് പഞ്ചാര മാഞ്ചുവട്ടിൽ കൊഞ്ചിക്കുഴഞ്ഞ് നമ്മൾ കാത്തിരുന്നില്ലേ...’ എന്ന് ഈണത്തിൽ മൂസ പാടുമായിരുന്നു. അന്നത്തെ സങ്കടകാലം  അദ്ദേഹംതന്നെ ഓർമിക്കുന്നതിങ്ങനെയാണ്- ‘‘കൊഞ്ചിക്കുഴഞ്ഞ് കാത്തിരിക്കാൻ ആരുമില്ലാതിരുന്നിട്ടും വെറുതെ ആശിച്ചുനിന്നു. പഞ്ചാര മധുരമില്ലാത്ത ജീവിതത്തിൽ പാട്ടിൽ ഇരട്ടിമധുരം നിറച്ചുവെച്ച് ജീവിതത്തെ പഞ്ചാമൃതമാക്കി’’.

മാപ്പിളപ്പാട്ടിലെ സ്വകാര്യദു:ഖം

മാപ്പിളപ്പാട്ടുകളിൽ ആരുടെയെല്ലാമോ ഹൃദയങ്ങളിലെ സ്വകാര്യദുഃഖമുണ്ട്. അനുഭവങ്ങളുടെ പാട്ടുകാരൻ എന്നറിയപ്പെടുന്ന എരഞ്ഞോളി മൂസ ആ ദുഃഖം സദസ്സിനു വിളമ്പുമ്പോൾ മൂസയെ നമ്മൾ അറിയാതെ ഇഷ്ടപ്പെട്ടുപോകുന്നു. ശരത്ചന്ദ്ര മറാഠേയിൽനിന്ന് ഹിന്ദുസ്ഥാനിയും തിരുവങ്ങാട് കുഞ്ഞിക്കണ്ണൻ ഭാഗവതരിൽനിന്ന് കർണാടകസംഗീതവും മൂസ അഭ്യസിച്ചു.  തലശ്ശേരി മീൻമാർക്കറ്റിൽ തൊഴിലെടുത്തിരുന്ന ഉപ്പയുടെ മകന് കൗമാരവും യൗവ്വനവുമെല്ലാം നെരിപ്പോട് തന്നെയായിരുന്നു. അബ്ദുവിന്റെ 11 മക്കളിൽ അഞ്ചാമനായ മൂസ ദാരിദ്ര്യം കണ്ടാണ് വളർന്നത്. വീട്ടിലെ കഷ്ടപ്പാട് കാരണം പഠിച്ചത് മൂന്നാം ക്ലാസ് വരെ മാത്രം. കരിങ്കൽ ക്വാറിയിൽ മൂസയെക്കാൾ പൊക്കമുള്ള ചുറ്റികകൊണ്ട് കരിങ്കല്ലിടിച്ച് ചീളുകളാക്കുന്ന തൊഴിൽ. പിന്നീട് തീപ്പെട്ടിക്കമ്പനിയിൽ പൂളമരത്തിന്റെ തോലുപൊളിക്കുന്ന ജോലി. അങ്ങനെയായിരിക്കാം മൂസയുടെ മനസ്സ് ചെറുപ്രായത്തിലേ കല്ലിച്ചുപോയത്.

നൈസാം ഭരതനും പുഴക്കൽ അബൂട്ടിയും ആശാരി വാസുവുമടങ്ങുന്നതാണ് മൂസയുടെ ചെറുപ്പത്തിലെ തലശ്ശേരി സൗഹൃദം. മൂളിപ്പാട്ടും പാടി കല്യാണവീടുകളിലെ ഗ്രാമഫോൺ പാട്ടുംകേട്ട് ജീവിതം ആഘോഷിച്ചു.  തലശ്ശേരിയിലെ പഴയ കപ്പലോട്ടക്കാരുടെ മാളിയേക്കൽ, ബംഗ്‌ളാ, ഓലിയത്ത് തറവാടുകളിലുള്ള ഗ്രാമഫോണുകളിൽനിന്ന് എസ്.എം. കോയയുടെ പാട്ടുംകേട്ട് മൂസയിലെ ഗായകൻ തരിച്ചുനിന്നിട്ടുണ്ട്. ഞാനുമൊരു പാട്ടുകാരനായിത്തീരുമെന്ന് അന്ന് വലിയകത്ത് മൂസ മനസ്സിൽ കുറിച്ചുവെച്ചു. എരഞ്ഞോളിയിലെ കല്യാണവീടുകളിലും ഗ്രാമീണക്ലബ്ബുകളിലും മൂസ പാടാൻ തുടങ്ങി. അങ്ങനെ പാടി നടന്ന അദ്ദേഹം വീരാജ്‌പേട്ടയിൽവരെ പോയി മാപ്പിളപ്പാട്ട് പാടി. കണ്ണൂർ രാജനും കണ്ണൂർ സുകുമാരനും കുഞ്ഞിമൂസ വടകരയും എസ്.എം. കോയയും പാടിനടന്ന തലശ്ശേരി തെരുവുകളിൽ പിൽക്കാലത്ത് എരഞ്ഞോളി മൂസയും പാടിപ്പതപ്പിച്ചു.
 
വഴിമാറിയ ജീവിതം

തലശ്ശേരിയിലെ മുസ്‌ലിം പെണ്ണുങ്ങൾ പിൽക്കാലത്ത് ഗൾഫ് രാജ്യങ്ങളിലേക്ക് ഭർത്താക്കന്മാരുടെ കൂടെ ജീവിതം പറിച്ചുനട്ടപ്പോൾ എരഞ്ഞോളി മൂസയുടെ പാട്ടുകേട്ട് അവർ ഗൃഹാതുരതയിലായി.  എന്നാൽ, ജീവിതത്തിനു ഭാരമേറിയപ്പോൾ തലശ്ശേരി ടൗണിൽ ചുമട്ടുകാരനായും മൂസ ജോലിചെയ്തു. മൂസയുടെ പാട്ടുകേട്ട നാട്ടുകാരനായ അതുല്യ സംഗീതജ്ഞൻ കെ. രാഘവൻ കോഴിക്കോട് ആകാശവാണിയിൽ അവസരം നൽകി. വലിയകത്ത് മൂസയെ പേരുമാറ്റി എരഞ്ഞോളി മൂസയാക്കിയതും രാഘവൻ മാഷാണ്. തലശ്ശേരി അങ്ങാടിയിൽ അരിച്ചാക്കുകൾ പേറുമ്പോഴും മൂസ വേദനയുടെ പാട്ടുകൾ പാടിക്കരഞ്ഞു.

പിന്നീട് എരഞ്ഞോളി മൂസ ഗാനമേളകളിൽ സജീവമായി. തിരക്ക് വർധിച്ചു. ജീവിതം പാട്ടുവേദികളിലേക്ക് വഴിമാറുമ്പോൾ ഫ്ളാസ്‌ക്കിൽ മദ്യം കൊണ്ടുനടക്കാൻ തുടങ്ങി. മദ്യം എരഞ്ഞോളി മൂസയെ അടിമയാക്കി. ‘തലശ്ശേരിയിലെ പ്രശസ്തനായ കള്ളുകുടിയൻ’ എന്ന സ്ഥാനവും വീണു. കുടി നിർത്താൻ ഉംറയ്ക്ക് പോയിട്ടും രക്ഷയില്ലാത്ത അവസ്ഥ. മൂസയുടെ കുടി ഭാര്യയെ ഏറെ വേദനിപ്പിച്ചു. എരഞ്ഞോളി മൂസ വിദേശത്ത് ആദ്യമായി പാടുന്നത്  ഖത്തറിലാണ്. ആദ്യ പ്രതിഫലം ഒന്നേകാൽ ലക്ഷം രൂപ. ഖത്തറിൽ നിന്ന് നേരേയെത്തിയത് മുംബൈ അയ്യനോത്ത് അമൂക്കയെന്ന മനുഷ്യസ്നേഹിയുടെ അടുത്തേക്ക്. അദ്ദേഹത്തിന്റെ പേരിൽ ഡ്രാഫ്റ്റ് എടുത്ത് തുക സൂക്ഷിക്കാൻ ഏൽപ്പിച്ചു. സ്വന്തമായി വീടുപോലുമില്ലാത്ത മൂസയോട് ആദ്യ പ്രതിഫലം വീടുവെക്കുന്നതിന് ഉപയോഗിക്കണമെന്ന്  അദ്ദേഹം നിർദേശിച്ചു. എന്നാൽ, മൂസയ്ക്ക് മുംബൈയിൽ പുതിയ സുഹൃത്തുക്കളെ കിട്ടി. ഖത്തറിൽ പാടികിട്ടിയ പ്രതിഫലം മാത്രമല്ല െെകയിലെ സിക്കൂറ വാച്ചും ചൈനപ്പെട്ടിയും സകലതും വിറ്റ് കുടിച്ചുതീർത്തു. മുംബൈ, കൊൽക്കത്ത, െബംഗളൂരു തുടങ്ങിയ  വൻനഗരങ്ങളും മൂസയെ ‘സ്വീകരിച്ചു’. പട്ടിണികിടക്കുന്ന ഭാര്യയും മക്കളും മനസ്സിലേക്ക് വന്നതേയില്ല.
ഒരു ദിനം തലശ്ശേരിയിലേക്ക് മടങ്ങിയപ്പോൾ കണ്ടത് ചോർന്നൊലിക്കുന്ന പുര. ഒരു മുറംകൊണ്ട് മക്കൾ കൂരയിലെ വെള്ളം കോരിമാറ്റുന്നു. എന്നിട്ടും മൂസയുടെ മനസ്സ് മാറിയില്ല. തലശേരി കടപ്പുറത്തുള്ള ചാരായഷാപ്പിൽനിന്ന് കാലത്തുമുതൽ കുടി. പിന്നീട് കുടിക്കാൻ െെകയിൽ പണമില്ലാതെയായി. ചാരായഷാപ്പിൽ പറ്റ് തീർത്ത് പുരയിലേക്കു മടങ്ങി. സ്വജീവിതവും കുടുംബവും തിരിച്ചറിയാൻ എരഞ്ഞോളി മൂസ എന്ന ഗായകന് ഏറെ സമയമെടുത്തു. കുടിച്ച് എല്ലാവരുടെയും വെറുപ്പ് വാങ്ങിക്കൂട്ടിയപ്പോഴും അല്ലാഹുവിന് മൂസയുടെ പാട്ടുകേൾക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് ഈ ഗായകൻ പറയുന്നു. ജീവിതം മാറ്റിമറിച്ച മദ്യത്തോട് വൈകാതെ  എന്നേക്കുമായി മൂസ വിടപറഞ്ഞു.

മണലാരണ്യത്തിലെ മഴ

60 വർഷമായി മാപ്പിളപ്പാട്ട് രംഗത്ത് നിറഞ്ഞുനിൽക്കുന്ന എരഞ്ഞോളി മൂസ 454 തവണ പാട്ടുപാടാനായി ഗൾഫുനാടുകളിലെത്തി. യു.എ.ഇ.യിലേക്ക് ആദ്യയാത്ര 1974-ൽ ആയിരുന്നു.  പത്തേമാരിയിൽ ഖോർഫക്കാനിലിറങ്ങി. അതിനുമുൻപ് മൂന്നംഗ സംഘവുമായി എം.എസ്. ബാബുരാജായിരുന്നു യു.എ.ഇ.യിൽ ആദ്യം മാപ്പിളപ്പാട്ട് അവതരിപ്പിച്ചതെന്ന് മൂസ ഓർക്കുന്നു. അഞ്ചംഗ സംഘം, ഖോർഫക്കാനിൽ നിന്ന് അബുദാബിയിലേക്ക്. യു.എ.ഇ.യിലേക്ക് ഓരോ തവണ വരുമ്പോഴും ഓരോ പുതിയ അനുഭവമാണ് മൂസയ്ക്ക് സമ്മാനിക്കുന്നത്. ആദ്യകാലങ്ങളിൽ എട്ടും പത്തും പാട്ടുകൾ ഒരു വേദിയിൽ പാടിയിരുന്നെങ്കിൽ ഇന്ന് രണ്ടോ മൂന്നോ പാട്ടുകൾ മാത്രം പാടുന്നു. കൂടെയുള്ള പുതിയ ഗായകർക്ക്  അവസരം കൊടുക്കാനാണ് മൂസ പാട്ട് കുറയ്ക്കുന്നത്. ജീവിക്കാൻ പ്രാപ്തനാക്കിയതും വീടുവെച്ചതും കുടുംബം പോറ്റിയതും ഇന്ന്  അല്ലലില്ലാതെ മുന്നോട്ടുപോകാൻ സഹായിക്കുന്നതും ഈ മണ്ണാണ്- നന്ദിയോടെ മൂസ പറയുന്നു.

 ഒരുകാലത്ത് ഗൾഫുകാരുടെ വീടുകളിലെ ടേപ്പ് റെക്കോർഡറുകളിൽ എരഞ്ഞോളി മൂസയുടെ മാപ്പിളപ്പാട്ടുകൾ മാത്രമായിരുന്നു. പ്രണയവും  നിരാശയും വേദനയും വിരഹവും വേവലാതിയുമെല്ലാം ആ പാട്ടുകളിൽ ഒഴുകി കണ്ണീരായി ഒലിച്ചുപോയി. ഒരുകാലത്ത് ഗൾഫിലെ വീഡിയോ, ഓഡിയോ കടകളിൽ മൂസയുടെ പാട്ടുകൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. കാസറ്റുകൾ നാട്ടിലേക്ക് പോകുന്നവരുടെ കൈവശം കൊടുത്തുവിട്ടു. ഇന്നും ഗൾഫുനാടുകളിൽ ആ മധുരശബ്ദം കേൾക്കാൻ ജനം ഒഴുകിയെത്തുന്നു. പി.ടി. അബ്ദുറഹ്മാൻ, പി.എം. അബ്ദുൽ ജബ്ബാർ, കാനേഷ് പൂനൂർ, ഒ. അബു, ജമാൽ കൊച്ചങ്ങാടി, പ്രേം സൂറത്ത്, കെ.ടി. മുഹമ്മദ് കുട്ടി, ശ്രീമൂലനഗരം വിജയൻ തുടങ്ങിയവരുടെ പാട്ടുകൾ തന്നെ മൂസയ്ക്ക് പാടാനിഷ്ടം. കെ. രാഘവൻ, കണ്ണൂർ രാജൻ, കോഴിക്കോട് അബ്ദുൽ ഖാദർ, ചാന്ദ് പാഷ, ഹംസ വളാഞ്ചേരി, എസ്.എം. കോയ,  ഇസ്മായിൽ മട്ടാഞ്ചേരി തുടങ്ങിയവർ  ഈണം കൊടുത്ത എത്രയോപാട്ടുകൾ. ...

പുതിയ പാട്ടുകാർ മാപ്പിളപ്പാട്ടുകളെ കൊല്ലരുതെന്നും എരഞ്ഞോളി മൂസയ്ക്ക് അഭിപ്രായമുണ്ട്. പുതിയ നിരവധി ഗായകർ വരുന്നെങ്കിലും ആരും വേദികളിൽ സ്ഥിരം നിൽക്കുന്നില്ല. ജനങ്ങൾ പുതിയ ഗായകരെ സ്വീകരിക്കുന്നില്ലെന്നതാണ് യാഥാർഥ്യമെന്നും അദ്ദേഹം വിലയിരുത്തുന്നു.


എരഞ്ഞോളി മൂസ പാടുമ്പോൾ സദസ്സിൽ സംഭവിക്കുന്നത്...

എരഞ്ഞോളി മൂസയുടെ  അസാധാരണമായ ആത്മകഥയാണ് ‘ജീവിതം പാടുന്ന ഗ്രാമഫോൺ’. ഈ ആത്മകഥ തയ്യാറാക്കാൻ മൂസയുടെ കൂടെ പ്രവർത്തിച്ച താഹ മാടായി എഴുതിയ കുറിപ്പ്

എരഞ്ഞോളി മൂസ മുഖ്യഗായകനായി പ്രത്യക്ഷപ്പെടുന്ന ഗാനമേളകളിൽ ശ്രോതാക്കളിൽ എറിയപേരും എത്തുന്നത് പഴയ പാട്ടുകളുടെ ഇമ്പമേറും ഇശലുകൾ ഹൃദയത്തിലേറ്റുവാങ്ങാനാണ്. മുഖ്യഗായകനും ശ്രോതാക്കളും അന്യോന്യം പ്രചോദനമായിത്തീരുകയാണ് ഈ വേദികളിൽ. വലിയൊരു കൂട്ടത്തിനുമുന്നിൽനിന്ന് ഒറ്റയ്ക്ക് പാടുമ്പോഴും ഒരുതരം കൂടിപ്പാടൽ ഇത്തരം ഗാനമേള സദസ്സുകളിൽ പതിവാണ്.

 ആവേശത്തെക്കാളേറെ സംയമനമുണ്ടാക്കുന്ന പാട്ടുകളാണ് ഈ ഗായകനേറെയും പാടുക. പാരമ്പര്യത്തിൽ നാവൂന്നി നിന്നുകൊണ്ടുതന്നെയുള്ള ഒരു പുതുക്കിപ്പണിയലും എരഞ്ഞോളി മൂസയുടെ ഗാനമേളകളിൽ സംഭവിക്കുന്നു. പിരിശമുള്ള പാട്ടുകൾ പാടി, ശ്രോതാവ്‌ അനുഭവിക്കുന്ന പിരിമുറുക്കങ്ങൾക്ക് അൽപ്പം അയവുണ്ടാക്കുന്നു ഈ പാട്ടുവേദി. ഭക്തിയും പ്രണയവും ഈ ഗായകൻ പാട്ടുമാലയിൽ കോർത്തുവയ്ക്കുന്നു. മിസ്റ്റിക്ക് ഗാനാലാപന ശൈലിയിലാണ് ചില പാട്ടുകൾ. ഗാനമേളയുടേതല്ലാത്ത സാംസ്കാരികസദസ്സുകളിലും സ്വകാര്യ കൂടിച്ചേരലുകളിലും ഈ ആലാപനശൈലിയിലുള്ള മൂകാനുരാഗത്തിൽ ഈരടിപോലും/മൂളാനറിയാത്തവൻ ഞാൻ എന്ന പാട്ടാണ്‌ അധികവും പാടുക. മെലഡിയുടെ ആർദ്രമായ രാഗവിന്യാസം പല പാട്ടുകളെയും ഉള്ളിലടക്കിവെക്കാൻ പ്രേരിപ്പിക്കുന്നു. കറക്കുപമ്പരംപോലെ ഖൽബിൽത്തന്നെ കറങ്ങിത്തിരിയുന്ന വരികൾ.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ മാപ്പിള ഗാനമേളയിൽ വലിയൊരു ആൾക്കൂട്ടംതന്നെയുണ്ടാവും സദസ്സിൽ. പഴയ മാപ്പിള ഗാനമേള നോട്ടീസുകളുടെ വാചകഘടനപോലും പ്രത്യേകമായി, സംഭവബഹുലമായ ഒരു പരിപാടിയിലേക്ക് ആളെ ക്ഷണിച്ചുവരുത്തുന്നതുപോലെ തയ്യാറാക്കപ്പെട്ടവയാണ്. വമ്പിച്ച മാപ്പിളഗാനമേള എന്നോ ഇശൽ രാജാവ് എരഞ്ഞോളി മൂസ നയിക്കുന്ന വമ്പിച്ച ഗാനമേള എന്നോ ആയിരിക്കും നോട്ടീസ് ശീർഷകം. ഈയിടെയായി ഇത്തരം ഗാനമേളകൾ ഇശൽ നൈറ്റ് എന്നപേരിലാണ് അറിയപ്പെടുന്നത്.
കേരളത്തിലേറ്റവും കൂടുതൽ മാപ്പിളപ്പാട്ടാസ്വാദകരുള്ളത് കാസർകോട്ടാണ്. കാസർകോടൻ മാപ്പിളമാരുടെ രക്തത്തിൽ കലർന്ന വികാരമാണ് മാപ്പിളപ്പാട്ട്. ഇപ്പോഴും കാതുകുത്തലിനും പേരിടലിനും കല്യാണരാവുകൾക്കും പാട്ടിന്റെ പിന്നണിയുണ്ടിവിടെ. കാസർകോട്ടോ കണ്ണൂരോ മലപ്പുറത്തോ എരഞ്ഞോളി മൂസ പാട്ടുപാടിത്തുടങ്ങുന്നത് ഭക്തിഗാനത്തോടെയായിരിക്കും. ഒന്നോരണ്ടോ പാട്ടുപാടി കഴിയുമ്പോൾത്തന്നെ സദസ്സിന്റെ പല കോണുകളിൽനിന്ന് ഒറ്റയ്ക്കും കൂട്ടമായും അവർക്കുവേണ്ട പാട്ടുകൾ ഉറക്കെയാവശ്യപ്പെട്ടുതുടങ്ങും.

'കരളേ...മൂസാക്കാ...' എന്നുവിളിച്ച് ചിലർ തങ്ങൾക്കാവശ്യമായ പാട്ടുപാടാൻ കേഴുന്നു. അവരാവശ്യപ്പെട്ട പാട്ടുപാടാൻ വൈകുമ്പോൾ ഇങ്ങനെയും കേൾക്കാം: 'ൻറെ കരളേ...മുത്തേ...ഖൽബിന്റെ കൊട്ടേ... സബൂറിന്റെ (ക്ഷമ) കെട്ടിതാ പൊട്ടുന്നു കരളേ...മിഅറാജ് രാവിലെ കാറ്റേ എന്ന പാട്ടുപാട് ചക്കരേ ...'

ഒരു സങ്കീർണതയുമില്ലാത്ത ഒരപേക്ഷയാണിത്. അതിന്റെ മറുപടിയായി അതാ ആ പാട്ടുപാടുന്നു. നീണ്ട കരഘോഷം. തങ്ങളുടെ പ്രിയപാട്ട് പാടിയതിന്‌ പാരിതോഷികമായി നോട്ടുമാലയുമായി വന്ന് അവർ ഗായകനോടുള്ള പിരിശമറിയിക്കുന്നു.  കേരളത്തിൽ ഏറ്റവുമധികം നോട്ടുമാലാഭാഗ്യം കിട്ടുന്ന ഗായകൻ എരഞ്ഞോളി മൂസയാണ്. സ്നേഹത്തിന്റെ ഈ ധന്യാത്മകപ്രകടനം മറ്റു ഗായകരെ തേടിവരാറുമില്ല. അതിനുകാരണം പാട്ടിൽ ഈ ഗായകൻ പകുത്തുകൊടുക്കുന്നത് തന്റെ ഹൃദയംതന്നെയാണ്. അങ്ങനെ അദ്ദേഹം ഹൃദയരാഗങ്ങളുടെ ഇശൽരാജനായി വാഴുന്നു.