നവുകാലത്ത് കാടിനുള്ളിൽ നടക്കാൻ പോയിട്ടുണ്ടോ? ആയിരമായിരം ഇലത്തുമ്പുകളിൽനിന്ന് മഴത്തുള്ളികൾ ഇറ്റിറ്റുവീഴുന്ന ആർദ്രമായ മഴക്കാടുകളിലൂടെ ഒന്നു നടന്നുനോക്കണം. പൊഴിഞ്ഞ ഇലയടരുകളുടെ പതുപതുത്ത അവന്ധ്യഭൂമി. വള്ളിപ്പടർപ്പുകൾ, കൂണുകൾ, വെയിൽ മറയ്ക്കുന്ന വന്മരങ്ങൾ, എത്രയെത്ര ജീവികൾ. പ്രവാസത്തിന്റെ ഉഷ്ണരാത്രികളിൽ നമ്മളെത്രതവണ ആരണ്യഹരിതം സ്വപ്നം കണ്ടിരിക്കും. 

gulf feature

വീടിനകത്തുതന്നെ കുഞ്ഞുകാടുകൾ ഒരുക്കിയെടുക്കുന്ന കാഴ്ചകൾ പ്രവാസലോകത്ത് ഇന്ന് സുപരിചിതമാണ്. ചില്ലുഭരണികളിലെ ടെറേറിയം എന്ന കുഞ്ഞുകാട്. പ്രത്യേക കരവിരുതിൽ ക്ഷമയോടെ ഒരുക്കിയെടുക്കുന്ന ഹരിതവീട്. കലയും ശാസ്ത്രവും ഒരുമിക്കുന്ന ചെറിയ കാട്. നനവുകാലത്തെ കാടുകൾക്കുള്ളിലെ അതേ അനുഭൂതിയാണ് വീട് നിറച്ചും കുഞ്ഞുകാടുകൾ നിറയുമ്പോഴുണ്ടാകുന്നത്. 
ഒരു വീടുനിറയെ സ്ഫടികപാത്രങ്ങൾ, പലരൂപത്തിലും വലുപ്പത്തിലുമുള്ള മനോഹരമായ ഇറുക്കിയടച്ച ചില്ലുകൂടുകൾ. അവയിലോരോന്നിലും ഓരോരോ കാടുകൾ. മാസങ്ങൾക്കും വർഷങ്ങൾക്കും മുൻപേ അടച്ചുവെച്ച പളുങ്കുഭരണികളിൽ വളരുന്ന മനോഹരമായ ബയോസ്ഫിയറുകൾ. ഇവയിൽ ഭൂമിയിലെ പലപല ഭൂഖണ്ഡങ്ങളിൽനിന്നുള്ള ചെടികളുണ്ടാകും. ഏതോ ജുറാസിക് കാലത്തേതെന്നപോലെ ചുരുണ്ടുപൊങ്ങി, നിവർന്നു വളരുന്ന ഇലകളുള്ള ഫേണുകൾ, ചെടിത്തണ്ടുകളിലേക്ക് ചുറ്റിപ്പടരുന്ന വള്ളിപ്പടർപ്പുകൾ. മണ്ണു മറയ്ക്കുന്ന മോസും വേരുകളും കൽക്കഷണങ്ങളും. 

gulf Feature

പൂർണമായും അടച്ച സ്ഫടികഭരണികളിൽ സസ്യജാലങ്ങളെ വളർത്തിയെടുക്കുന്ന ഉദ്യാനകലയ്ക്ക് ‘ക്ളോസ്ഡ് ടെറേറിയം’ എന്നാണ് പറയുക. പുറത്തുനിന്ന് സൂര്യപ്രകാശംമാത്രമേ വേണ്ടൂ. നമ്മളെ വിസ്മയിപ്പിച്ചുകൊണ്ട് ഒരിക്കലും തുറക്കാത്ത കുപ്പികൾക്കുള്ളിലെ ‘കാടുകൾ’ സുഗമമായി വളർന്നു നിറയും. ഇലകൾ പൊഴിയും തളിർക്കും പൂവിടും. എന്തിന് കുഞ്ഞുപ്രാണികളുടെ മുട്ടകൾ വിരിയുകയും ചെറുലാർവകൾ കൊക്കൂണുകളായി തപസ്സുചെയ്ത് പ്രാണികളായി വിരിയുകയുമെല്ലാം ചെയ്യും. ടെറേറിയം ഉണ്ടാക്കി സ്ഥായിയായി അടയ്ക്കുന്നതിന് മുൻപേചേർത്ത അല്പം വെള്ളം പ്രകാശം കൊള്ളുമ്പോൾ ബാഷ്പമായി ഉയർന്ന് ചില്ലുഭിത്തികളിൽ ഖനീഭവിച്ച് ‘മഴയായി’ മണ്ണിലേക്കിറങ്ങും. കൂടാതെ, സസ്യങ്ങൾ വേരിലൂടെ വലിച്ചെടുക്കുന്ന ജലം ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായി ഇലകളിലൂടെ ബാഷ്പമായി പുറത്തുവരും. ട്രാൻസ്പിരേഷൻ എന്നാണ് ഇതിനു പേര്. ഇങ്ങനെ ജലചക്രത്തിന്റെ നൈരന്തര്യം ഭൂമിയിലേതുപോലെ കുപ്പിക്കാടുകളിലും നടക്കും. 

gulf Feature

സസ്യങ്ങളുടെ വളർച്ചയിൽ ടെറേറിയത്തിനുള്ളിലെ കാർബൺഡയോക്സൈഡ് അല്പമൊക്കെ ഉപയോഗിക്കും. ഇലകൾ പൊഴിഞ്ഞുവീണ് ചീഞ്ഞ് വിഘടിക്കുമ്പോൾ ബയോകാർബണുകൾ വീണ്ടും അന്തരീക്ഷത്തിൽ ലയിക്കും. സുസ്ഥിരമായ ടെറേറിയങ്ങൾക്കുള്ളിൽ നമുക്ക് കാണാനാകാത്ത ധാരാളം സൂക്ഷ്മജീവികളുണ്ടാകും. പൊഴിയുന്ന ഇലകൾ വിഘടിപ്പിക്കാൻ ഇത്തരം സൂക്ഷ്മജീവികളും ബാക്ടീരിയങ്ങളും സഹായിക്കും. ഏതെങ്കിലും ചെടികളിൽ ഫംഗസ് ബാധയുണ്ടായാൽ അരമില്ലീമീറ്റൻമാത്രം വലുപ്പമുള്ള പീക്കിരി സ്‌പ്രിങ്ടൈലുകൾ ഫംഗസുകളെ ഭക്ഷിച്ചുതീർക്കും. പിന്നീട് ഭക്ഷണം കുറയുമ്പോൾ സ്‌പ്രിങ്ടൈലുകളുടെ എണ്ണവും കുറയും. അതാണ് ജീവന്റെ പാരസ്പര്യം. 

അബുദാബിയിലുണ്ട് കുഞ്ഞുകാടുകൾ നിറഞ്ഞൊരു വീട് 

gulf Feature

അബുദാബിയിലെ ഒരുവീട് നിറയെ കുഞ്ഞുകാടുകളാണ്. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശി കിരൺ കണ്ണന് കുഞ്ഞുകാടുകൾകൊണ്ട് വീട് നിറയ്ക്കുന്നതാണ് പ്രധാന വിനോദം. യാത്രകളും ഫോട്ടോഗ്രാഫിയും ശാസ്ത്രകൗതുകങ്ങളുമെല്ലാം ഇഷ്ടവിഷയമാണെങ്കിലും ക്ളോസ്ഡ് ടെറേറിയം നിർമാണം ഒരു വിനോദം എന്നതിനെക്കാളുപരി ശാസ്ത്രപരീക്ഷണവും ജീവിതരീതിയുമായിരിക്കുന്നു കിരണിന്. അടച്ചിട്ട ഓരോ കുപ്പികളും ഓരോരോ ചെറുഭൂമികളാണിവിടെ. ധാരാളം മഴ ലഭിക്കുന്ന മിതശീതോഷ്ണമുള്ള നമ്മുടെ നാട്ടിലെ പല സസ്യങ്ങളും ടെറേറിയത്തിനുള്ളിൽ വളർത്താൻ അനുയോജ്യമാണെന്ന് കിരൺ പറയുന്നു. എങ്കിലും നമ്മുടെ നാട്ടിൽ ഇനിയും ‘ക്ളോസ്ഡ് ടെറേറിയം’ എന്ന ഉദ്യാനകല ഒട്ടുമേ പച്ചപിടിച്ചിട്ടില്ല. 

വേണ്ടത് അപാരമായ സൂക്ഷ്മത

gulf Feature

ശാസ്ത്രബോധവും അപാരമായ ക്ഷമയും സൂക്ഷ്മതയും ആവശ്യമായ പാരിസ്ഥിതിക കലയാണ് ക്ളോസ്ഡ് ബയോസ്ഫിയറുകൾ. മരുഭൂമിനഗരത്തിലെ പ്രഭാതങ്ങളിലുണർന്ന് സ്വീകരണമുറിയിലെ കുപ്പികൾക്കുള്ളിലെ അനേകം ചെറുവനങ്ങളെ കാണികാണുന്നതുതന്നെ സൗഭാഗ്യമാണെന്ന് കിരൺ പറയും. സുസ്ഥിരമായ ബയോസ്ഫിയറുകൾ പിന്നീട് പ്രത്യേകിച്ച് ഒരു പരിചരണവും ഇല്ലാതെ പുറത്തുനിന്ന് വെളിച്ചംമാത്രം സ്വീകരിച്ച് അനേകവർഷങ്ങൾ നിലനിൽക്കാൻ പര്യാപ്തമാണ്. ടെറേറിയത്തിനുള്ളിൽ മണ്ണിലെ സൂക്ഷ്മജീവികൾ ജനിക്കും, മരിക്കും. ഭൂമിയുടെ ഒരു മൈക്രോ മിനിയേച്ചർ. ഇതൊക്കെ നടക്കുമോ എന്ന് പലരും സംശയിച്ചേക്കാം. ഇംഗ്ലണ്ടുകാരനായ ഡേവിഡ് ലാറ്റിമർ തന്റെ ടെറേറിയത്തിലെ സപുഷ്പി സസ്യമായ ട്രേഡസ്‌കാൻഡിയ ചെടികൾക്ക് അവസാനമായി വെള്ളമൊഴിച്ചത് 1972-ലാണ്. അതായത്, നീണ്ട 48 വർഷം കഴിഞ്ഞിരിക്കുന്നു. 

gulf Feature

ഭൂമിയിൽ മരിക്കുന്നതും ജനിക്കുന്നതുമെല്ലാം ഇവിടത്തെ മൂലകങ്ങൾ ചേർന്നതാണ്. ഇവിടത്തെ മഴ ഇവിടത്തെ സമുദ്രവും തടാകങ്ങളും വേഷം മാറുന്നതാണ്. പുഴയോരക്കാടുകളിലെ വേനലിലെ നീരുറവകൾ വർഷത്തിൽ മണ്ണ് ‘ഒപ്പിയെടുത്ത്’ സൂക്ഷിച്ച നനവുകളാണ്. പണ്ട് ഏതോ വിപ്ലവഗീതത്തിൽ കേട്ടതുപോലെ, പുതുതലമുറയുടെ പൂക്കൾ വിരിയുന്നത് പൊരുതിവീണ പൂർവികരുടെ അസ്ഥികൾക്ക് മുകളിലാണ്.  

ടെറേറിയം നിർമിതി 

gulf Feature

 

സുതാര്യമായതും പൂർണമായും അടയ്ക്കാൻ പറ്റുന്നതുമായ ചില്ലു പാത്രമെടുക്കുക. ഏറ്റവും അടിയിൽ ഒരു ഇഞ്ച് കനത്തിൽ ഡ്രൈനേജ് ലെയറായി ക്ലേ ബോളുകളോ വെള്ളാരംകല്ലുകളോ ചേർക്കാം. ചെറിയ പ്ലാസ്റ്റിക് മെഷ് വിരിച്ച് അതിന് മീതെ ആക്ടിവേറ്റഡ് ചാർക്കോൾ അരയിഞ്ച് കനത്തിൽ വിതറണം. അതിനും മീതെ വീണ്ടും പ്ലാസ്റ്റിക് മെഷ് വിരിച്ചതിനുശേഷം പൊട്ടിങ് സോയിൽ വിരിക്കാം. ഒരുപാട് ആർദ്രത ഇഷ്ടപ്പെടുന്നതും അധികം വളരാത്തതുമായ സസ്യങ്ങളാണ് ക്ളോസ്ഡ് ടെറേറിയങ്ങൾ ഉണ്ടാക്കാൻ ഏറ്റവും നല്ലത്. 

gulf Feature

നമ്മുടെ ഭാവനപോലെ ചെടികൾ വെച്ചതിനുശേഷം അല്പം മേൽമണ്ണുകൂടി ഇട്ടുകൊടുക്കുക. അവസാനം ഇലകളിലും കുപ്പികളുടെ ചില്ല് ചുമരുകളിലും പറ്റിയിരിക്കുന്ന മണ്ണ് ഒരു സ്‌പ്രെയർ ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം. ഒരു ടെറേറിയത്തിന്റെ വളർച്ചയ്ക്കും നിലനിൽപ്പിനും ആ വെള്ളം മതിയാകും. വെള്ളം അധികമാകാതിരിക്കാൻ ശ്രദ്ധിക്കണം. കുപ്പി വായുകടക്കാതെ നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഒരിടത്ത് വെക്കുക. എന്നാൽ, ടെറേറിയം അധികം ചൂടുപിടിക്കാതെ നോക്കണം. ഇനി കാത്തിരിക്കൂ, മനോഹരമായ ഒരു കാട് കുപ്പിക്കുള്ളിൽ വളർന്നുവരുന്നതു കാണാം.