സജ്ന അബ്ദുള്ള

ഫോണിൽ ഗൂഗിൾ മാപ്പിട്ടായിരുന്നു അന്ന് ഞാൻ വാഹനമോടിച്ചിരുന്നത്. പെട്ടെന്ന് ഫോൺ സ്റ്റാൻഡിൽനിന്ന് തെറിച്ച് സീറ്റിനടിയിലേക്ക് വീണു. ഫോണില്ലാതെ വഴിതെറ്റുമെന്ന് ഉറപ്പായിരുന്നു. യെല്ലോ ലൈനിനപ്പുറത്തേക്ക് കാർ പാർക്കുചെയ്ത് സീറ്റിനടിയിൽപോയ ഫോൺ തപ്പാൻതുടങ്ങി.

‘അസ്സലാമു അലൈക്കും...’ എന്ന ശബ്ദം കേട്ടാണ് തലയുയർത്തി നോക്കിയത്. കാറിന് മുന്നിലായി പോലീസ് വാഹനം നിർത്തിയിട്ടിരിക്കുന്നു. സലാം പറഞ്ഞുകൊണ്ട് ഒരു പോലീസുകാരൻ അടുത്തേക്ക് വന്ന് പ്രശ്നംതിരക്കി. കാര്യം അറിഞ്ഞപ്പോൾ സുരക്ഷിതമായയാത്ര ആശംസിച്ച്, ഞാൻ കാറെടുത്ത് പോകുന്നതുവരെ അദ്ദേഹം അവിടെത്തന്നെ നിലയുറപ്പിച്ചു. ചെറിയ പ്രശ്നങ്ങൾക്കുപോലും പരിഹാരംകാണാൻ സദാ ജാഗരൂകരായ നിയമപാലകരുള്ള നാടാണിത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്ന്.

35 വർഷമായി ഞാൻ യു.എ.ഇ.യിൽ എത്തിയിട്ട്. പെറ്റമ്മ നാടിനെക്കാളും എത്രയോ അധികകാലം ഈ പോറ്റമ്മനാട്ടിൽ ജീവിച്ചു. രാത്രി 11 മണിക്കുപോലും അജ്മാനിൽനിന്ന് തനിച്ചു കാറോടിച്ച് ദുബായിലേക്ക് വരാറുണ്ട്. ഒരിക്കൽപോലും മനസ്സിൽ ഭയം തോന്നിയിട്ടില്ല. ഈ നാടിന്റെ നിയമസംഹിതയിലുള്ള വിശ്വാസമാണ് മനസ്സിനെ നിർഭയമാക്കുന്നത്. മിക്കവാറും ദിവസങ്ങളിൽ വെളുപ്പിന് അഞ്ചുമണിക്ക് പ്രഭാതനടത്തത്തിനും പോകാറുണ്ട്. സ്ത്രീകൾ എന്നും സുരക്ഷിതരായിരിക്കണം. അതാണ് ഈ നാടിന്റെ ഭരണാധികാരികൾ തരുന്ന ഉറപ്പ്.

സ്ത്രീകൾക്ക് അങ്ങേയറ്റം സുരക്ഷിതത്വവും കരുതലുംനൽകുന്ന ഈ നാട്ടിൽത്തന്നെ ഇനിയും ഒരുപാടുകാലം ജീവിക്കണം. അമ്പതാം ദേശീയദിനം ആഘോഷിക്കുന്ന ഈ നാടിനും ഈ നാടിന്റെ ഭരണാധികാരികൾക്കും ഒരു ബിഗ് സല്യൂട്ട്.