സർഗാ റോയ്

ഒരു സ്ത്രീയെന്നനിലയിൽ ഇത്രയും സുരക്ഷിതമായും സ്വതന്ത്രമായും ജീവിക്കാൻ കഴിയുക എന്നതൊരു ചെറിയ കാര്യമല്ല തന്നെ!

കഴിഞ്ഞ പതിനേഴ് വർഷമായി യു.എ.ഇ.യിൽ സ്ഥിരതാമസമാക്കിയ എനിക്ക് ഈ രാജ്യം നൽകിയ ആതിഥേയത്വം, ഒരുപക്ഷേ മറ്റൊരു രാജ്യത്തുനിന്നും കിട്ടാനിടയില്ല. ജീവിതത്തിന്റെ ഏത് മേഖലയിലായാലും സുരക്ഷിതമായി പ്രവർത്തിക്കാനുള്ള അവസരങ്ങൾ ഇവിടെ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ട്. സ്വദേശീയരായ സ്ത്രീകൾ ഉയർന്നനിലയിൽ പ്രവർത്തിക്കുകയും കൂട്ടുത്തരവാദിത്വത്തിലൂടെ രാജ്യത്തെ ഉന്നതപദവിയിൽ എത്തിക്കുകയും ചെയ്യുന്നത്‌ കാണുമ്പോൾ ഒരു രാജ്യം അവിടത്തെ വനിതകളെ ഏതൊക്കെ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നുവെന്ന് മനസ്സിലാകും. ഇവിടെ കുടിയേറിയവരോടും അവരുടെ കഴിവുകൾക്കനുസരിച്ച് ഉയർന്ന് പ്രവർത്തിക്കാനുള്ള ആഹ്വാനം തന്നെയാണ് നൽകുന്നത്.

ഒരു അധ്യാപികയായിരുന്ന സമയത്ത് ഒട്ടേറെ രാജ്യങ്ങളിലെ കുട്ടികളെ പഠിപ്പിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. വിവിധസംസ്കാരങ്ങൾ മനസ്സിലാക്കാനുള്ള അവസരം തന്നതും ഈ രാജ്യം തന്നെയാണ്. നാനാരാജ്യക്കാരുമായി ഇടപഴകി ജീവിക്കുമ്പോഴും പരസ്പരം മനസ്സിലാക്കി സമാധാനത്തോടെ കഴിയുന്നത് ഇവിടത്തെ നിയമസംഹിതകളുടെയും വ്യവസ്ഥകളുടെയും കെട്ടുറപ്പുമൂലമാണ് എന്നതിൽ സംശയമില്ല.

ബിസിനസ്സിന്റെ ഭാഗമായി പല രേഖകളും ശരിയാക്കുന്നതിന് സർക്കാർ സ്ഥാപനങ്ങളിൽ പോകേണ്ടിവന്നിട്ടുണ്ട്. ആദ്യമായി പോകുമ്പോൾ പോലും ഒരു സ്ത്രീയെന്ന നിലയിൽ കിട്ടുന്ന അംഗീകാരം ചെറുതല്ല. സർവീസ് എന്താണെന്ന് ഓരോരുത്തരിൽനിന്നും മനസ്സിലാക്കാൻ കഴിയും. എന്നെപ്പോലെ ധാരാളം സ്ത്രീകൾ ഒറ്റയ്ക്ക് വന്ന് അവരുടെ കാര്യങ്ങൾ ചെയ്തുപോകുന്നത് ആദ്യമൊക്കെ അദ്‌ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. ഭാഷയൊന്നും അവിടെ ഒരു തടസ്സമേ ആയിട്ടില്ല. സ്വന്തമായി സംരംഭങ്ങൾ തുടങ്ങുന്നതിനോ ജോലിക്ക് പോകുന്നതിനോ യാത്രകൾ പോകുന്നതിനോ എന്നുവേണ്ട, ഏതു കാര്യങ്ങൾക്കും സ്ത്രീകൾക്ക് മുന്നിട്ടിറങ്ങുന്നതിൽ ഒരു പ്രതിബന്ധവും ഇല്ലായെന്നതുകൊണ്ടുതന്നെ ധാരാളം പേർ സ്വന്തം കാലിൽ നിൽക്കുന്നതിനായി യു.എ.ഇ.യിലേക്ക് വരുന്നുണ്ട്.

സ്ത്രീകൾക്കുനേേര ഉണ്ടാകാൻ സാധ്യതയുള്ള അതിക്രമങ്ങൾ തടയാൻ ശക്തമായ നിയമമാണ് ഈ രാജ്യം നടപ്പാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ തന്നെ കൊടുത്തുകൊണ്ട് നിയമഭേദഗതികളും വരുത്തുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് എന്നെപ്പോലുള്ളവർപോലും കോവിഡ് കാലങ്ങളിലൊക്കെ കഷ്ടപ്പെടുന്നവർക്കുവേണ്ടി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സഹായഹസ്തവുമായി ഇറങ്ങിയത്. ഇന്ന് പ്രവാസിസമൂഹത്തിൽ സാമൂഹികമായും സാംസ്കാരികമായും സാഹിത്യപരമായും ഇടപെടാൻ എനിക്കു കഴിയുന്നുണ്ട്. ഒറ്റയ്ക്കുള്ള രാത്രിയാത്രകൾപോലും സുരക്ഷിതമായി, സമാധാനമായി ചെയ്യാൻ കഴിയുന്നു. അഭിമാനത്തോടെ പറയട്ടെ, ഇതെനിക്ക് സാധ്യമാക്കുന്നത് ഈ രാജ്യം തരുന്ന സ്വാതന്ത്ര്യവും കരുതലും സുരക്ഷിതത്വവും കൊണ്ടുതന്നെയാണ്.