വർണച്ചിറകിലേറി യു.എ.ഇ.
ഫെസ്റ്റിവൽ സിറ്റി
 
 

റ്റോജോമോൻ ജോസഫ്

നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും സുവർണവർഷങ്ങൾ യു.എ. ഇ.യെ മനോഹരമാക്കുന്നു. അസാധ്യമെന്ന വാക്ക് നിഘണ്ടുവിലില്ലെന്ന പ്രഖ്യാപനത്തോടെ അസാധ്യമായവയെ സാധ്യമാക്കി കുതിച്ച കരുത്ത്. ദീർഘവീക്ഷണമുള്ള നേതാക്കൾ മരുഭൂമിയെ മനോഹര ഉദ്യാനമാക്കിത്തീർത്തു. മണൽക്കാടുകളിൽനിന്ന് മനോഹാരിതയിലേക്കുള്ള ചുവടുവെപ്പുകൾ അർപ്പണബോധത്തിന്റെ വിജയമായിരുന്നു. രാജ്യമിപ്പോൾ തനിത്തങ്കത്തെളിമയിലാണ്.

വളർച്ചയുടെ അവിസ്മരണീയ മുഹൂർത്തങ്ങൾക്കാണ് രാജ്യം കഴിഞ്ഞകാലങ്ങളിൽ സാക്ഷ്യംവഹിച്ചത്. ഊണും ഉറക്കവും വെടിഞ്ഞ് ഭരണാധികാരികൾ മുന്നിട്ടിറങ്ങിയപ്പോൾ മൊട്ടിട്ടത് ഒരു രാജ്യത്തിന്റെ സുന്ദരസ്വപ്നങ്ങളാണ്. ഓരോദിനം കൊഴിയുമ്പോഴും രാജ്യം ഭരണാധികാരികളുടെ സ്വപ്നങ്ങളുടെയും ദർശനങ്ങളുടെയും ചിറകിൽ ഉയർന്നുകൊണ്ടേയിരുന്നു. രാജ്യത്തിന്റെ ചതുർവർണ പതാക പുഞ്ചിരിതൂകി പ്രശോഭിച്ചുകൊണ്ടേയിരുന്നു.

കൃത്യമായ ആസൂത്രണത്തിലൂടെ അഞ്ച് ദശാബ്ദവും പ്രത്യേക പദ്ധതികളുമായി കുതിച്ച് ലോകത്തിന്റെ നെറുകയിലെത്തി നിൽക്കുന്നു രാജ്യം. ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന, എത്തിച്ചേരാൻ കൊതിക്കുന്ന നാടായി മാറിയതിന്റെ നിറവിലാണു രാജ്യം 50-ാം ദേശീയദിനം ആഘോഷിക്കുന്നത്. വികസനം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെല്ലാം തനതുശൈലി പതിപ്പിച്ചു മുന്നേറിയ രാജ്യത്തിന്റെ വളർച്ച ആരെയും അതിശയിപ്പിക്കുന്നതാണ്. സമസ്തമേഖലകളിലും ഒന്നാമതെത്താൻ രാജ്യവും ഭരണാധികാരികളും കാട്ടിയ അശ്രാന്ത പരിശ്രമങ്ങൾ ശ്ലാഘനീയമാണ്. പ്രതിസന്ധികളോട് പൊരുതി, അവസരങ്ങൾ മെനഞ്ഞ്, വീഴ്ചകളെ വിജയമാക്കിയ നാട്.

സുരക്ഷയുടെ കാര്യത്തിൽ രാജ്യം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. സ്വാതന്ത്ര്യത്തോടെ ആർക്കും ഏതുസമയത്തും വിഹരിക്കാമെന്നത് ലോകരാഷ്ട്രങ്ങളെ ഇവിടേക്ക് ആകർഷിച്ച പ്രധാന ഘടകമാണ്. സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ദുബായിയുടെ സ്ഥാനം മുൻനിരയിലാണ്. ഏറ്റവുംവലിയ കെട്ടിടം, ഏറ്റവുംവലിയ മാളുകൾ, ഏറ്റവുംവലിയ ഉദ്യാനം, അംബരചുംബികളായ കെട്ടിടങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന നിർമിതികൾ, ഫ്ളോട്ടിങ് പാലങ്ങൾ, സുരക്ഷിത നഗരം, ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ, വലിയ പാർക്കുകൾ, ഏറ്റവുംവലിയ ആഡംബര ഹോട്ടലുകൾ, ഗ്ലോബൽ വില്ലേജ്, ഏറ്റവുംവലിയ പുസ്തകമേള, അടിസ്ഥാന സൗകര്യ വികസനങ്ങളിലെ ദൃശ്യഭംഗി എല്ലാം ഈ രാജ്യത്തെ വ്യത്യസ്തമാക്കി മാറ്റി.

ലോകത്തിലെ ഏറ്റവും പ്രധാന ബിസിനസ് ഹബായി ദുബായ് വളർന്നു. ലോകമിന്ന് വ്യവസായങ്ങൾക്കും തൊഴിലിനും സന്ദർശനത്തിനുമായി ദുബായിലെത്താൻ കൊതിക്കുന്നു. കോവിഡ് മഹാമാരിയുടെ കാലയളവിലും ധീരതയോടെ, പതറാതെ പൊരുതി എക്സ്‌പോ 2020 യാഥാർഥ്യമാക്കി മാറ്റി.

ലോകരാഷ്ട്രങ്ങളെ ഒരു കുടക്കീഴിലെത്തിച്ച് യു.എ.ഇ. ഒരുക്കിയ വിസ്മയക്കാഴ്ചയായ എക്സ്‌പോ 2020 ലോകത്തിലെ വലിയ പ്രദർശനമായി മാറി. ലോകസഞ്ചാരികളെല്ലാം കോവിഡിന്റെ പ്രതിബന്ധങ്ങൾ മറികടന്ന് ദുബായിലെത്തി. സുവർണജൂബിലി വർഷം യു.എ.ഇ. ലോകത്തിന് സമ്മാനിച്ച മനോഹര വിരുന്നായി എക്സ്‌പോ 2020 മാറി.

മതസൗഹാർദത്തിനും സഹിഷ്ണുതയ്ക്കും യു.എ.ഇ. നൽകുന്ന പ്രാധാന്യം എടുത്തുപറയേണ്ടതാണ്. എല്ലാവരെയും ഉൾക്കൊള്ളുന്നതിൽ രാജ്യം കാട്ടിയ മികവ് ഭരണാധികാരികളുടെ ഹൃദയവിശാലതയുടെ വലുപ്പം വ്യക്തമാക്കുന്നതാണ്. മലയാളികൾ എന്നും സ്വന്തം നാടിനൊപ്പം ഈനാടിനെയും നെഞ്ചോടു ചേർത്തു. വിദ്യാഭ്യാസത്തിലും വികസനത്തിലും മലയാളിയുടെ മേന്മ ഉയർത്തുന്നതിൽ ഈ നാടിനോടുള്ള കടപ്പാട് വിസ്മരിക്കാനാവില്ല. ഇരുപതാംനൂറ്റാണ്ടിന്റെ അവസാനപാദത്തിലെ മലയാളികളുടെ ഗർഫ് കുടിയേറ്റം കേരളത്തിന്റെ വളർച്ചയുടെ തലവര മാറ്റിവരച്ചു.

ലോകമിന്ന് അസൂയയോടെ നോക്കുന്ന രാജ്യമായി വളർന്നു യു.എ.ഇ. ലോകത്തിന്റെ പറുദീസയായി നാടു മാറി. ഇത് കഠിനാധ്വാനത്തിന്റെ വിജയമാണ്, അർപ്പണബോധത്തിന്റെയും ധീരതയുടെയും വിജയമാണ്. ഇതു ദീർഘവീക്ഷണമുള്ള ഭരണാധികാരികളുടെയും അവരോടൊപ്പം അണിചേർന്ന ജനതയുടെയും വിജയമാണ്. സ്വപ്നച്ചിറകിൽ വികസനത്തിന്റെയും വളർച്ചയുടെയും പുതിയ ലോകം തേടി പറക്കുകയാണ് രാജ്യം.