തിക്കോടിയെന്ന ഗ്രാമത്തെക്കുറിച്ച് ഒരു പ്രവാസിയുടെ കുറിപ്പ്

തിക്കോടി എന്ന എന്റെ ഗ്രാമം ദേശീയപാതാവികസനവുമായി ബന്ധപ്പെട്ട് വലിയമാറ്റത്തിന് ഒരുങ്ങുകയാണ്. കാലങ്ങൾ പഴക്കമുള്ള കടകൾ പലതും വിസ്മൃതിയിലേക്കു നീങ്ങുകയാണ്. ഈ ഗ്രാമം എനിക്ക് ഒരുപാട് കുട്ടിക്കാല ഓർമകൾ സമ്മാനിച്ചിട്ടുണ്ട്. വലിയ പരിവർത്തനങ്ങൾക്കൊന്നും സാക്ഷിയായില്ല എന്ന് പറയാമെങ്കിലും ചിലരുടെ വേർപാട് ആ ഗ്രാമത്തിൽ ഇന്നും പ്രതിഫലിച്ചു നിൽക്കുന്നുണ്ടെന്നു പറയേണ്ടിവരും.

ഒരു ചെറിയ പലചരക്ക് കട ആയിരുന്നു ബാപ്പയ്ക്ക്. ആദ്യക്ഷരങ്ങൾ ചൊല്ലിപ്പഠിച്ച പാലൂർ എൽ.പി. സ്കൂളിന്റെ ഓരത്തായിരുന്നു ഈ കട. നിരപ്പലക കടയുടെ ഒരുഭാഗത്ത് ക്രമത്തോടെ ഒതുക്കിവെച്ചിട്ടുണ്ടാവും. അതിനു ചാരെ മരത്തടിയിൽ തീർത്ത ഒരു ഇരിപ്പിടവും. ഈ ഇരിപ്പിടത്തിൽ ഇരിക്കാത്തവരായി അധികം ആരും ആ പ്രദേശത്തുണ്ടാവില്ല. പത്രം വായനയും അതിനെ മുൻനിർത്തിയുള്ള വിശകലനങ്ങളും നിത്യകാഴ്ചകളിൽ ഇടംപിടിക്കാറുണ്ട്. രാഷ്ട്രീയ അവലോകനങ്ങൾ ചെറിയ തർക്കങ്ങളിലേക്ക് ചിലപ്പോൾ വഴിമാറും. കൂട്ടിനായി തൊട്ടടുത്ത കടയിലെ ഉസ്മാനിക്കാന്റെ അര ചായയുമുണ്ടാവും. കൂലിപ്പണിക്കാരും സ്കൂൾ അധ്യാപകരും അടങ്ങുന്ന ഒരുപിടി ആളുകളിൽനിന്ന് ജീവിതാനുഭവം പഠിക്കാനുള്ള ഇരിപ്പിടമായിരുന്നു എനിക്ക് ആ കട !

ചില സാധനങ്ങൾ തിക്കോടിയിൽനിന്ന് വാങ്ങിവന്നാണ് കടയിൽ വിൽക്കാറ്്‌. അതിൽ ഒന്നായിരുന്നു കോഴിമുട്ട. ഈ ഡ്യൂട്ടി എനിക്കായിരുന്നു. വലിയ സൂക്ഷ്മതവേണ്ട ജോലിയായതുകൊണ്ട് കടയിലെത്തുന്നതുവരെ സൂക്ഷിക്കണം. മുട്ട വാങ്ങുന്ന കട തിക്കോടിയുടെ ഹൃദയഭാഗത്തുള്ള മൊയ്തീൻക്കാന്റെ മുറുക്കാൻ കടയാണ്. ജോലിക്ഷീണം തീർക്കാൻ ടൗണിലെത്തുന്ന ഒട്ടുമിക്കപേരും മൊയ്തീൻക്കാന്റെ നാലും കൂട്ടിവെച്ച ഈ മുറുക്കാന്റെ സ്വാദ് നുകരുന്നവരാണ്. ചുണ്ടു ചുവപ്പിച്ച് ഇറങ്ങിപ്പോവുമെന്ന് തോന്നുന്ന ഉമിനീരിനെ തിരികെ കൊണ്ടുവന്നു ഒരു തുപ്പലുണ്ട് ... അടുത്തുള്ള മരത്തിന്റെ ചുവട് ഈ കൃത്യം കാരണം മൈലാഞ്ചി ചോപ്പിന്റെ നിറമായതും ഓർക്കുന്നു.

തിരികെ കടയിലെത്തുമ്പോഴേയ്ക്ക് തൊട്ടടുത്ത കടയിലെ തേങ്ങാക്കച്ചവടംചെയ്യുന്ന കുഞ്ഞൂട്ടിക്കയുടെ തിരക്ക് തുടങ്ങിക്കാണും. ജോലിക്കാർ ഏറെ ഉണ്ടായിരുന്ന ആ കട ഇന്നും ഓർമയിലുണ്ട്. ചില ദിവസങ്ങളിൽ ഒരു ഉത്സവപ്രതീതിയാണിവിടെ... സംഭരിച്ചുവെച്ച നാളികേരം അവിടെനിന്ന് ലോറിയിൽ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നത് കാണാം. അത് കഴിഞ്ഞ് മീൻകാരുടെ വരവാണ്. അയിലയെയും മത്തിയെയുമൊക്കെ ഉപമിക്കുന്നത് മറ്റു പലതിനോടുമാവും... അവരുടെ വാക്ചാതുരി വിവരണാതീതമാണ്. ഇതിനിടയിൽ ചുമട്ടുതൊഴിലാളികളായ ബാപ്പയുടെ കുറച്ചു സുഹൃത്തുക്കൾ ഇടവേള ആസ്വദിക്കാൻ ഇരിപ്പിടത്തിലേക്ക് എത്തിയിട്ടുണ്ടാവും. അന്ന് നടന്ന രസകരമായ സംഭവങ്ങളെക്കുറിച്ചുള്ള വിവരണമാണ് അവിടെ നടക്കുക.

ഹസൻക്ക നടത്തുന്ന ചായക്കടയും മമ്മദ്ക്കാന്റെ മസാലക്കടയും മംഗള കാര്യങ്ങൾക്കായി കാത്തിരിക്കുന്ന റസിയ മമ്മദ്ക്കയെയും മണ്മറഞ്ഞു പോയ മിട്ടായിക്കട എന്ന് ഞങ്ങൾ വിളിക്കാറുള്ള അസൈനാർക്കായുടെ കടയും മണ്ണെണ്ണയുടെയും ധാന്യങ്ങളുടെയും സമ്മിശ്രമണമുള്ള റേഷൻകടയും അരമണിക്കൂറിനായി സൈക്കിൾവാങ്ങി പഠിച്ച രവിയേട്ടന്റെ സൈക്കിൾഷോപ്പും അടങ്ങിയ പൂവെടിത്തറ എന്നറിയപ്പെടുന്ന ഈ പ്രദേശം നാട്ടുനന്മയുടെ അടയാളമായിരുന്നു. കാലത്തിന്റെ മാറ്റം എന്ന പ്രതിഭാസംകൊണ്ട് ഇവിടങ്ങളിൽ കണ്ട കാഴ്ചകളും ചില വ്യക്തികളും ഓർമയായി മാറിയിരിക്കുന്നു. ബാല്യം നൽകിയ ഓർമകൾ ജ്വലിച്ചുനിൽക്കുന്ന ഈ മുഖങ്ങളെ ഓർത്തെടുക്കുമ്പോൾ പിന്നിട്ട നാളിന്റെ നൈർമല്യമേറിയ ദിനങ്ങൾ മനസ്സിൽ ഒരുവട്ടംകൂടി വന്നണയുന്നു.

മതസൗഹാർദവും സാഹോദര്യവും നിലനിൽക്കുന്നിടങ്ങളിലാണ് ആഘോഷങ്ങൾ പങ്കുവെക്കപ്പെടാറുള്ളത്. അത് നഷ്ടപ്പെടുന്ന കാലത്തിന്റെ മുറ്റത്താണ് നാം ഇന്ന് എന്നതാണ് യാഥാർഥ്യം. ക്ഷേത്രോത്സവങ്ങളുടെ നീണ്ടനിര നാടിന്റെ അടയാളമാവുന്ന മാസമാണ് ഡിസംബർ. പാലൂർ പൂവെടിത്തറയും ഉത്സവച്ചന്തയും പുതിയ കുളങ്ങര ചിങ്ങപുരം സ്കൂൾ മൈതാനിയിൽ നടക്കുന്ന വർണാഭമായ വെടിക്കെട്ടും ആറാട്ടിന്റെ അടയാളമായ കാലം. ചന്തയിലെ ഹൽവക്കച്ചവടം മാപ്പിളമാർക്കുള്ളതാണ് എന്നതാണ് പഴമൊഴി. അതിനെ അന്വർഥമാക്കുന്ന വഴിത്താരയിലൂടെയാണ് കുട്ടിക്കാലവരവ്. ഉപ്പയുടെ പലചരക്ക് കടയുടെ മുൻപിൽ ഹൽവച്ചന്ത ഈനേരം തയ്യാറാകും. വർഷത്തിൽ വലിയ പർച്ചേസിങ്ങിനായി ഉപ്പ കോഴിക്കോട്ടേക്ക് തിക്കോടിയിൽനിന്ന് ബസ് കയറുന്നത് ഹൽവക്കച്ചവടത്തിന് വേണ്ടിയായിരുന്നു.

മക്കളായ ഞങ്ങൾക്കും പണിയുണ്ട്. ഉത്സവത്തിന്റെ രണ്ടുനാൾ മുൻപ് ഉമ്മയുടെ തറവാട് വീട്ടിൽനിന്ന് ഉമ്മാമയുടെ നേതൃത്വത്തിൽ മെടഞ്ഞ ഓലയുടെ കെട്ട് കാൽനടയായി ഉപ്പയുടെ കടയിലെത്തിക്കണം. ശ്രമകരമായ ഈ ജോലി ഞങ്ങൾ ആസ്വദിച്ചേ ചെയ്യാറുള്ളു. ഉത്സവത്തിന്റെ രണ്ടുദിനംമുമ്പേ പന്തൽ ഉയരും. ചന്തയുടെ സ്റ്റാളിനായി പുറത്തുനിന്നുള്ളവർ സ്ഥാനംപിടിക്കാൻ ചെറിയ കരിങ്കല്ലിന്റെ കഷ്ണം അടയാളമായി വെക്കുന്നതും ഓർമയിലുണ്ട്. കെ.പി.സി. എന്നുപേരുള്ള വലിയ ലോറിയിലാണ് പലചരക്ക് സാധനം ഒട്ടുമിക്കതും കോഴിക്കോട്ടുനിന്ന് തിക്കോടിയിൽ എത്തുന്നത്. പൊരിച്ചാക്കുമായി ഉത്സവ സമയങ്ങളിൽ കടകൾക്കുമുൻപിൽ തലയെടുപ്പുള്ള ആ ലോറി വന്നുനിൽക്കും. പൊരി, ഹൽവ, ഈത്തപ്പഴം...ഇത്യാദിവിഭവങ്ങളുടെ കലവറയുമായി പന്തലൊരുങ്ങുന്നതും ഓർമയിലുണ്ട്.

പാലൂർ ക്ഷേത്രത്തിലേക്ക് സ്കൂളിന് സമീപത്തൂടെ പോകുന്ന ഒരുവരവ് ഉണ്ട്. അതോടെ ഉത്സവലഹരിയിലേക്ക് ഗ്രാമം ഉണരും. ബലൂണുകളും കളിപ്പാട്ടങ്ങളുമായി വഴിയോരക്കച്ചവടവും ആളുകളുടെ ബാഹുല്യംമൂലം തടസ്സപ്പെടുന്ന ദേശീയപാതയുടെ ചെറിയതോതിലുള്ള ഗതാഗതക്കുരുക്കും ചന്തയുടെ ഒരുവശത്തുനിന്ന് ഇടയ്ക്കിടെ ഉച്ചഭാഷിണിയിലൂടെയുള്ള അറിയിപ്പുകളുംചേർന്ന് മറ്റൊരു അന്തരീക്ഷത്തിലേക്ക് നാട് വഴിമാറും.

ചെണ്ടമേളവും മറ്റു വാദ്യോപകരണങ്ങളുടെ സാന്നിധ്യവുംകൊണ്ട് പൂവെടിത്തറ സജീവമാകും. നിറങ്ങൾകൊണ്ട് വിസ്മയം തീർക്കുന്ന വളകളുടെ വിൽപ്പനാവകാശം ചെട്ടിച്ചികൾക്കുള്ളതാണ്. മൂക്കുത്തിയിട്ട മലയാളം അല്പം മാത്രം പറയാൻ കഴിയുമായിരുന്ന ഒട്ടനവധി ചെട്ടിച്ചിമാർ ഉപജീവനത്തിന്റെ സാധ്യതതേടി ഈ നാളുകളിൽ ആ പ്രദേശങ്ങളിലെത്തും. പ്രായമായവർമുതൽ കുഞ്ഞുമക്കൾവരെ വളകൾ കൈകളിൽ അണിയിച്ചുകൊടുക്കുന്ന ചെട്ടിച്ചിക്ക് മുൻപിൽ അനുസരണയുള്ള കുട്ടികളാണ്. സമീപപ്രദേശങ്ങളിലെ വീടുകളിലേക്ക് ബന്ധുവീടുകളിൽനിന്ന് ആളുകൾ ഉത്സവം പ്രമാണിച്ച് എത്താറുണ്ട്. ബാപ്പയുടെ അനുജൻ ഹുസൈൻമാസ്റ്ററുടെ വീട്ടിലായിരുന്നു ഞങ്ങളുടെ കുടുംബസംഗമം.

ഗൃഹാതുരമായ ഒട്ടനവധി നിമിഷങ്ങൾ ഇനിയും പങ്കുവെക്കാനുണ്ട്. കരിമരുന്നിന്റെ വർണവിസ്മയങ്ങൾക്ക് ശേഷം ആനകളുടെ അകമ്പടിയോടെ ചെണ്ടമേളവുമായി പാലൂർ മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള എഴുന്നളിപ്പ് ഉത്സവ ദിനത്തിന്റെ അവസാന അടയാളങ്ങളെ സൂചിപ്പിക്കും. ജന്മനാട്ടിൽനിന്ന് വേനലിന്റെ വായ്ത്തല തിളങ്ങുന്ന മരുഭൂമിയിലേക്ക് ഉപജീവനം തേടിവന്നവർക്ക് സ്വന്തംനാട് ഊഷ്മളമായ നല്ല ഓർമകൾകൂടി ഇടയ്ക്കിടെ സമ്മാനിക്കുന്നുണ്ട്.

മതസൗഹാർദവും സാഹോദര്യവും നിലനിൽക്കുന്നിടങ്ങളിലാണ് ആഘോഷങ്ങൾ പങ്കുവെക്കപ്പെടാറുള്ളത്. അത് നഷ്ടപ്പെടുന്ന കാലത്തിന്റെ മുറ്റത്താണ് നാം ഇന്ന് എന്നതാണ് യാഥാർഥ്യം