: യാത്രകളെന്നാൽ സ്വാതന്ത്ര്യം തന്നെയാണ്. ബന്ധനങ്ങളിൽനിന്ന്... സ്വയംതീർക്കുന്ന കെട്ടുപാടുകളിൽനിന്ന്... എല്ലാ നിയന്ത്രണങ്ങളിൽനിന്നും സ്വയം മുക്തമായിക്കൊണ്ട്... സ്വന്തം ആത്മാവിനെ അടുത്തറിയുന്ന ഒന്നായിരിക്കണം യാത്ര. പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള യാത്രകൾ സ്വപ്നങ്ങൾ പൂക്കുന്നിടങ്ങളിലേക്ക് ആകണം. ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ ഓരോ യാത്രയും അവിടേക്കാകണം. ആ യാത്രയെക്കുറിച്ചാണ് പറയുന്നത്. ഒരു തൂവൽപ്പോലെ, ഒരു താഴ്‌വരയിൽ അലക്ഷ്യമായി പാറിനടക്കുന്ന അപ്പൂപ്പൻതാടി പോലെ, സ്വയം മാറിയ... അത്രമേൽ നനുത്ത ഒരു മഞ്ഞിൻകണംപോലെ ആത്മാവിനെ തൊട്ടറിഞ്ഞ ദിനങ്ങൾ.
നീണ്ടൊരു തടവറയായിരുന്നു കോവിഡ് കാലം. സ്വയം തീർത്തതും സമൂഹം ആവശ്യപ്പെട്ടതുമെല്ലാം ഏകാന്ത തടവറയായിരുന്നു. ഒന്നിനോടൊന്നുമേ ചേരാതെ, അകലങ്ങളിൽ നിന്നുകൊണ്ട് പ്രിയപ്പെട്ടവർക്കായൊരുക്കിയ കരുതലിന്റെ തടവറ. ഒടുവിൽ ഒരു ചിത്രശലഭമായി പറന്നുയരാൻ കണക്കെ സ്വയംതീർത്ത അറയിൽനിന്നു പറന്നുയർന്നു തുടങ്ങിയ ഒരു യാത്ര.

ദുബായ്-ഡൽഹി-ശ്രീനഗർ യാത്ര
ചുരുങ്ങിയ ദിവസത്തെ അവധിയാണ്. ഏപ്രിൽ മാസത്തെ ഏഴുദിവസത്തെ അവധി. ഇത്തവണ ശ്രീനഗർ ആണ് ലക്ഷ്യമിട്ടത്. ദുബായിൽനിന്നു ഡൽഹിയിലെത്തി, ശ്രീനഗറിലേക്ക് അവിടെനിന്നു വിമാനയാത്രതന്നെ സ്വീകരിച്ചു. സമയലാഭത്തിനായി വിമാനയാത്രയാണ് നല്ലത്. പക്ഷേ, റോഡ് മാർഗമുള്ള മനോഹര കാഴ്ചകൾ നഷ്ടം തന്നെയാണ്.

കശ്മീരി സൂഫിവര്യനായ നുന്ദ് ഋഷിയുടെ സ്മരണയിൽ നിലകൊള്ളുന്ന ശൈഖ് അൽ ഉമാം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഡൽഹിയിൽനിന്ന് ചെന്നിറങ്ങിയത്. കോവിഡ് കാലത്തെ പതിവ് പരിശോധനകൾ, ജമ്മുകശ്മീരിനെ അടയാളപ്പെടുത്തുന്നവിധം സുരക്ഷാപരിശോധനകളുടെ നീണ്ട കടമ്പകൾ. ഒടുവിൽ തൊണ്ടയിലും നാസികയിലും അസ്വസ്ഥതയുടെ നീണ്ടനേരം സമ്മാനിക്കാനുള്ള സ്വാബ് പരിശോധന. ശ്രീനഗർ വിമാനത്താവളത്തിൽ അന്ന് കോവിഡ് പരിശോധന നിർബന്ധമാണ്. പരിശോധനയ്ക്കുശേഷം മൊബൈൽ നമ്പർ നൽകി പുറത്തിറങ്ങാം. കോവിഡ് കൂടെയുണ്ടെങ്കിൽ രണ്ടുമണിക്കൂറിനകം വിളിവരും. ഇല്ലെങ്കിൽ സുരക്ഷിതമായി യാത്ര തുടരാം. അനിശ്ചിതത്വത്തിന്റെ രണ്ട് മണിക്കൂറിനുശേഷം മനസ്സമാധാനത്തോടെ ശ്രീനഗറിന്റെ മണ്ണിലേക്ക്, കശ്മീർ താഴ്‌വരകളിലേക്ക്.

ദാൽ തടാകക്കരയിലെ രാത്രി

വിമാനത്താവളത്തിനു പുറത്ത് നസീർ അഹമ്മദ് എന്ന കശ്മീരി ടാക്സി ഡ്രൈവർ തന്റെ ഇന്നോവയുടെ അരികിൽ കാത്തുനിന്നിരുന്നു. ഫോണിൽ വിളിച്ച് അടയാളംപറഞ്ഞ് കൈവീശിയപ്പോൾ നസീർ നടന്നടുത്തെത്തി. 60-ന് മുകളിൽ പ്രായമുള്ള കശ്മീരി മുസ്‌ലിം ആണ് നസീർ അഹമ്മദ്. ഇനിയുള്ള നാലുദിവസത്തെ എന്റെ സാരഥി.

ആദ്യയാത്ര ദാൽ തടാകക്കരയിലേക്കാണ്. ശ്രീനഗറിലെ സർക്കാർ ഗസ്റ്റ് ഹൗസായ സർക്യൂട്ട് ഹൗസിൽ താമസം തയ്യാറാക്കിയിരുന്നുവെങ്കിലും ദാൽ തടാകത്തിലെ ഹൗസ് ബോട്ട് താമസത്തിന്റെ സുഖം കേട്ടറിഞ്ഞത് അനുഭവിച്ചറിയണമെന്നായിരുന്നു. കോവിഡ് കാലത്തെ ഹൗസ് ബോട്ട് താമസം അത്ര സുരക്ഷിതമല്ലെന്നറിയാം. വേണ്ടസുരക്ഷാനടപടികൾ സ്വീകരിച്ചാണ് ന്യൂ ബോംബേ ഹെറിറ്റേജ് ഗ്രൂപ്പിന്റെ ഹൗസ് ബോട്ടുകളിലൊന്ന് ബുക്കുചെയ്തത്. ദാൽ തടാകക്കരയിലെ ഒൻപതാം നമ്പർ ഘട്ടിനുസമീപം എത്താൻ ബിലാലിന്റെ നിർദേശം. ബിലാലിനാണ് ആ ഹൗസ് ബോട്ടുകളുടെ നടത്തിപ്പവകാശം. ഫോണിലൂടെ പലതവണ സംസാരിച്ചതുകൊണ്ട് അപരിചിതത്വം തോന്നിയില്ല. വിമാനത്താവളത്തിൽനിന്ന് ഏകദേശം 13 കിലോമീറ്ററുണ്ട് ദാൽ തടാകത്തിന്റെ ഒൻപതാം നമ്പർ ഘട്ട്‌വരെ.

തടാകത്തിന്റെ മറുകരയിലാണ് ഹൗസ് ബോട്ടുകൾ നിരനിരയായി കെട്ടിയിട്ടിരിക്കുന്നത്. കൊമ്പനാനകളെ നിരത്തിയിട്ടിരിക്കുന്നതുപോലെ തലയെടുപ്പുള്ള ബോട്ടുകൾ. തടാകത്തിൽ പ്രതിഫലിക്കുന്ന അവയുടെ ചിത്രം ഒരു അതിചാരുത നൽകുന്നുണ്ട്. ബിലാലിനെ വിളിച്ചു. അഞ്ച് മിനിറ്റിനകം ഷിക്കാരയെത്തുമെന്നായിരുന്നു മറുപടി. അതിൽ കയറിവേണം മറുകരയിലെത്താൻ. അരമണിക്കൂർ തണുത്തിരുന്നിട്ടും ഷിക്കാരയെത്തുന്ന ലക്ഷണമില്ല. അതിനിടയിൽ മറ്റ് പല ഷിക്കാരകളും ഇരയെ കിട്ടിയ സന്തോഷത്തിൽ അടുത്തെത്തി നിരാശരായി മടങ്ങിപ്പോയി. ഷിക്കാരയിലെ ചില കച്ചവടക്കാരും വട്ടമിട്ടു പറക്കാൻ തുടങ്ങി. മണിക്കൂറൊന്നു കഴിഞ്ഞ് ബിലാലിന്റെ ഷിക്കാരയെത്തി. ഒരു സുന്ദരൻ ഷിക്കാരാ. ഒരുവിധം വെള്ളത്തിൽ വീഴാതെ ഷിക്കാരയിലേക്ക് കൈയെത്തിച്ചുപിടിച്ച് കയറിയിരുന്നു. കയറാനുള്ള അഭ്യാസം കണ്ട് ഷിക്കാര വിദ്വാന് ചിരിയടക്കാൻ കഴിഞ്ഞില്ല. ഏതോ ഭാഷയിൽ അയാളെന്തൊക്കെയോ പറയുന്നുണ്ട്.

ഓളങ്ങൾ ഇല്ലാതെ ശാന്തമായ തടാകത്തിലൂടെയാണ് മറുകരയിലേക്കുള്ള യാത്ര. താഴ്‌വരകളുടെ അതിരുകൾ കാക്കുന്ന, മലകളുടെ പ്രതിഫലനം പേറുന്ന, കോടമഞ്ഞിൻകൂട്ടങ്ങൾ തൊട്ടുതഴുകി പോകുന്ന ദാൽ തടാകത്തിലൂടെ ഒഴുകിയൊഴുകി നീങ്ങുന്ന ഷിക്കാര. 15 മിനിറ്റ് നേരത്തെ യാത്ര. ന്യൂ ബോംബെ ഹെറിറ്റേജ് ഗ്രൂപ്പിന്റെ ഹൗസ് ബോട്ടിനരികിലെത്തി. ചെറുചിരിയോടെ സ്വീകരിക്കാനായി 70 വയസ്സുള്ളൊരു വയോധികൻ കാത്തുനിന്നിരുന്നു. ഹൗസ് ബോട്ടിനരികിലേക്ക് കൊണ്ടുപോയത് അയാളാണ്. ബിലാലില്ലെങ്കിലും താമസമെല്ലാം റെഡിയാണെന്ന് വയോധികൻ. ബോട്ടിനുൾവശം നോക്കികാണുന്നതിനിടയിൽ ബിലാലിന്റെ സഹായി ഒരു കൊച്ചുപയ്യൻ ചൂടുള്ള കാവനിറച്ച ഫ്ളാസ്‌ക്കും കപ്പുമായെത്തി. കശ്മീരി തനതു പാനീയമായ കാവയുടെ രുചിയറിഞ്ഞു. സുലൈമാനിയിൽ ബദാം ചേർത്ത കിടിലൻ രുചിക്കൂട്ട്. കാവ രുചി തീരുന്നതിനു മുന്നേ ബിലാലെത്തി. പൂച്ചക്കണ്ണുള്ള സുന്ദരൻ കശ്മീരി. ഉത്സാഹവാനായ ചെറുപ്പക്കാരൻ. അധികമാലോചിക്കാതെ ഭക്ഷണം, യാത്ര ഉൾപ്പെടെ വിശദമായ പ്ലാൻ പിന്നെ ബിലാലിന് വിട്ടു.