ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം 2019 ഡിസംബർ 31-നാണ് കോവിഡ് ആദ്യമായി സ്ഥിരീകരിക്കപ്പെടുന്നത്. രോഗകാരിയായ പുതിയൊരു വൈറസ് കൂടിയുണ്ടായിരിക്കുന്നു എന്നതിലുപരി അത് സാധാരണ ജനങ്ങളുടെ ചർച്ചാവിഷയം പോലുമായിരുന്നില്ല അപ്പോൾ. എന്നാൽ, പിന്നീടുള്ള ദിവസങ്ങൾ ആരോഗ്യമേഖലയ്ക്ക് നിർണായകമായിരുന്നു. പ്രതീക്ഷയോടെ മുന്നോട്ടുനീങ്ങുന്ന ലോകത്തിന് ഒരു വെല്ലുവിളിയായേക്കാം ഇതെന്ന ചിന്തകൾ ഉടലെടുത്ത മുപ്പതുദിവസത്തിനുശേഷം 2020 ജനുവരി 30-ന് ലോകാരോഗ്യ സംഘടനയുടെ പുതിയൊരു പ്രഖ്യാപനം വരുന്നു. ആഗോള ആരോഗ്യമേഖലയിൽ ഒരു അടിയന്തരാവസ്ഥയായി ഇതിനെ കണക്കാക്കിക്കൊണ്ടുള്ളതായിരുന്നു അത്.

ആരോഗ്യമേഖലയ്ക്കു പുറമേ സാമ്പത്തിക മേഖലയിലും സാധാരണ ജനങ്ങളുടെ നിത്യജീവിതത്തിൽപ്പോലും വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് കോവിഡ് താണ്ഡവമാരംഭിച്ചപ്പോൾ 2020 മാർച്ച് 11-ന് കോവിഡിനെ മഹാമാരിയെന്ന ഗണത്തിൽപ്പെടുത്തിയതായി ലോകാരോഗ്യ സംഘടന പ്രഖ്യാപനം വന്നു. 2009-ൽ ‘എച്ച് 1 എൻ 1’ വൈറസിനെയായിരുന്നു  ഇതിനുമുമ്പ് അവസാനമായി മഹാമാരിയുടെ പട്ടികയിൽ ഉൾപ്പെടുത്തി ലോകം ഒറ്റക്കെട്ടായി നേരിട്ടത്.

2020 മാർച്ച് ഒരു തുടക്കം മാത്രമായിരുന്നു. പിന്നീടങ്ങോട്ട് തകർന്നടിയുന്ന ലോകത്തിന്റെ സമാനതകളില്ലാത്ത കാഴ്ചകൾക്കാണ് ജനത സാക്ഷ്യം വഹിച്ചത്. സമ്പദ് വ്യവസ്ഥകളുടെ പതനം രാത്രിവെളുക്കുമ്പോഴേക്കും പണക്കാരനെ പാവപ്പെട്ടവനാക്കി. തൊഴിൽ സ്ഥാപനങ്ങൾ ജീവനക്കാർക്ക് വേതനം നൽകാനാകാതെ കുഴങ്ങി. പകുതിയിലധികം വെട്ടിച്ചുരുക്കിയ മാസശമ്പളംകൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാതെ ആളുകൾ കടുത്ത ആശങ്കയിലേക്ക് കൂപ്പുകുത്തി. ഈ അവസ്ഥകളും സാമൂഹികമായ ഒറ്റപ്പെടലുമുണ്ടാക്കിയ മാനസികമായ പിരിമുറുക്കം താങ്ങാനാകാതെ പിന്തിരിഞ്ഞുനടക്കേണ്ടിവന്നവരും ഏറെയായി.

കുട്ടികളുടെയും വിദ്യാർഥിസമൂഹത്തിന്റെയും മുതിർന്നവരുടെയും ജീവിതത്തിലുണ്ടായ അവസ്ഥകളും ഇതിൽനിന്ന് വിഭിന്നമല്ല. കടൽച്ചുഴിയിൽ അകപ്പെട്ട കപ്പലിനോട് താരതമ്യപ്പെടുത്താം കോവിഡിലെ ലോകത്തെ. ഇതിൽ നിന്നുള്ള തിരിച്ചുവരവിനും സമാനതകളില്ലാത്ത ഒരു ‘കൗണ്ടർ അറ്റാക്ക്’ ആയിരുന്നു ലോകത്തിന് ഏറെ ആവശ്യം. ലോകരാജ്യങ്ങളെയെല്ലാം ഒന്നിച്ചുചേർത്തുകൊണ്ട് യു.എ.ഇ. ഒരുക്കുന്ന എക്സ്‌പോ 2020 കോവിഡിൽ തകർന്ന ലോകത്തിന് നിവർന്നുനിൽക്കാൻ താങ്ങാകുന്ന ഊന്നുവടിയാണ്. അതെങ്ങനെയെന്ന് പരിശോധിക്കാം.

കൂട്ടായ ആവശ്യവും സമാനതകളില്ലാത്ത ദുരന്തവും മനുഷ്യരെ ഒന്നിച്ചുചേർക്കും. ജാതി, മത, വർണ, വർഗ വ്യത്യാസമില്ലാതെ മനുഷ്യർ കൈകോർത്തിട്ടുള്ളത് ഒരേ ആവശ്യത്തിനുവേണ്ടി മാത്രമാണെന്നുള്ളത് ചരിത്രം പരിശോധിച്ചാൽ അറിയാനാകും. അത്തരമൊരു അനിശ്ചിതത്വത്തിൽ ലോകത്തിനുമുമ്പിൽ യു.എ.ഇ. സമർപ്പിക്കുന്ന പരിഹാരമാർഗമാണ് ദുബായ് എക്സ്‌പോ. വർഷങ്ങൾക്കുമുമ്പ് ഉടലെടുത്ത ഈ ആശയം 2020-ൽ നടപ്പാക്കാനായിരുന്നു പദ്ധതി. എന്നാൽ, വൈറസ് ഉഴുതുമറിച്ച ലോകത്തിന്റെ വളർച്ചയ്ക്ക് വിത്തുപാകാൻ എക്സ്‌പോ പോലൊരു ആഗോള പദ്ധതി നടപ്പാക്കാൻ ഏറ്റവുമനുയോജ്യമായ സമയം ഇപ്പോഴാണെന്നതാണ് പരമാർഥം.

ഒത്തുചേരാനും പങ്കുവെക്കാനും ലോകരാജ്യങ്ങൾക്ക് ഒരുവേദി. അവിടെ ചർച്ചചെയ്യപ്പെടുന്നതും അവതരിപ്പിക്കപ്പെടുന്നതും നവീനമായ ആശയങ്ങൾ. അതുകാണാനായി ആർക്കുമെത്താം. സുരക്ഷിതമായ ഒരിടത്ത് സാമൂഹികജീവിതം വീണ്ടും തളിർക്കുകയാണ്. അതുതന്നെയാണ് എക്സ്‌പോ മുന്നോട്ടുവെക്കുന്ന ഏറ്റവും പ്രാഥമികമായ ആശയം. മഹാമാരിയുടെ പശ്ചാത്തലത്തിൽ കേരളത്തിലേക്കു മാത്രം കഴിഞ്ഞ വർഷങ്ങളിൽ മടങ്ങേണ്ടിവന്ന പ്രവാസികളുടെ എണ്ണം ഏകദേശം 15 ലക്ഷത്തോളമാണ്. ഇതിൽ 10 ലക്ഷത്തോളം പേർക്ക് തിരികെവരേണ്ടിവന്നത് തൊഴിൽ നഷ്ടമായതുമൂലമാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ മാത്രം കണക്കുകളാണിതെന്നത് രണ്ടുവർഷത്തിനിടെ തൊഴിൽമേഖലയിൽ സംഭവിച്ച അസ്ഥിരത വ്യക്തമാകുന്നു. ഇതിന് കാരണമായ തൊഴിൽ, സാമ്പത്തിക രംഗങ്ങളിലെ ഇടിവ് പരിഹരിക്കാൻ പദ്ധതികൾ അവതരിപ്പിക്കപ്പെടുകയാണ് വരുംനാളുകളിൽ എക്സ്‌പോ വേദികളിൽ. ആരോഗ്യം, വിദ്യാഭ്യാസം, വിവരസാങ്കേതികത, കൃഷി, ഭക്ഷണം, യാത്ര, അടിസ്ഥാനസൗകര്യം, സാംസ്കാരികം, കല, വിനോദസഞ്ചാരം തുടങ്ങി എല്ലാ മേഖലകളിലും നാളെകളിലെ സാധ്യതകൾ പറയുകയാണ് പവിലിയനുകളിലെ അവതരണങ്ങളിലൂടെയും ചർച്ചകളിലൂടെയും രാജ്യങ്ങൾ. യുവതയെ പ്രചോദിപ്പിക്കുന്ന സ്റ്റാർട്ടപ്പ് ആശയങ്ങൾ, കൂടുതൽ തൊഴിലാളികളെ ആവശ്യമുള്ള രംഗങ്ങൾ എന്നിവയെല്ലാം എക്സ്‌പോയിൽ വിശദീകരിക്കപ്പെടും.

 മരുഭൂമിയിലെ കൃഷിരീതിയും പരിമിതമായ ഇടത്ത് ഉത്പാദിപ്പിക്കാവുന്ന വിളവുകളെപ്പറ്റിയുമാണ് നെതർലൻഡ്സ് പവിലിയൻ പ്രധാനമായും പറയുന്നത്. ഈ ആശയത്തിന്റെ പൂർണതലത്തിലുള്ള അവതരണം എക്സ്‌പോയിലെത്തുന്ന ആർക്കും നേരിട്ട് കാണാനും പരിശോധിക്കാനുമാകും. തരിശായ നിലങ്ങളിൽ കൂടുതൽ ഉത്പാദനക്ഷമതയുള്ള രീതികൾ പരീക്ഷിക്കാൻ എക്സ്‌പോ പ്രചോദനമേകിയാൽ, അത് തൊഴിൽ സാധ്യതകൾ സൃഷ്ടിച്ചാൽ, അത് ഉത്പാദനം ഉയർത്തിയാൽ അതിന്റെ ഗുണഭോക്താക്കൾ നമ്മളല്ലാതെ മറ്റാരാണ്. ഒന്നും രണ്ടുമല്ല 192 രാജ്യങ്ങളുടെ പവിലിയനുകളിൽ അവതരിപ്പിക്കപ്പെട്ട നൂറുകണക്കിന് നൂതന കാഴ്ചപ്പാടുകൾ എക്സ്‌പോ ലോകത്തിനുറപ്പാക്കുന്ന സംഭാവനകളാണ്. വിദൂരവിദ്യാഭ്യാസമെന്ന ആശയം ഫലപ്രദമായി നടപ്പാക്കപ്പെട്ട രണ്ടുവർഷങ്ങളാണ് കഴിഞ്ഞുപോയത്. അനിവാര്യമായ ആ അടച്ചുപൂട്ടലിൽ താമസകേന്ദ്രങ്ങളിൽനിന്ന് പുറത്തിറങ്ങാനാകാതെ സാമൂഹികജീവിതം നിഷേധിക്കപ്പെട്ട കുട്ടികൾ കടന്നുപോകുന്ന അവസ്ഥകളും ലോകത്തിന്റെ ചർച്ചാവിഷയമായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ എക്സ്‌പോ വാതിലുകൾ വിദ്യാർഥിസമൂഹത്തിനു മുമ്പിൽ തുറന്നിട്ടിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രേഖയുമായെത്തുന്നവർക്ക് എക്സ്‌പോ സൗജന്യമായി സന്ദർശിക്കാം. കാഴ്ചകൾ കാണാം. ലോകഗതികൾ നേരിട്ടറിയാം. അടച്ചുപൂട്ടലേൽപ്പിച്ച ആഘാതങ്ങളെ സ്വാതന്ത്ര്യത്തിന്റെ കുളിർകാറ്റുകൊണ്ട് സുഖപ്പെടുത്താം. പ്രതീക്ഷയുടെ പുതിയ ലോകത്തിന്റെ സാധ്യതകൾ നേരിട്ടറിയാം. ഇത് കുട്ടികളുടെ സാമൂഹികവും സാംസ്കാരികവുമായ യാത്രകൾക്കേകുന്ന ഉൾവെളിച്ചമെത്രയാകുമെന്നത് വിശദീകരിക്കാൻ വാക്കുകൾ മതിയാകില്ല.

അദ്ഭുതങ്ങളെ പ്രണയിക്കുന്ന ഭരണാധികാരികളുള്ള രാജ്യമാണ് യു.എ.ഇ. ലോകത്തിലെ ഏറ്റവും മികച്ചതെന്തും യു.എ.ഇ.യിലുണ്ടാകണമെന്ന ദീർഘവീക്ഷണത്തോടെയാണ് രാജ്യത്തിന്റെ ഓരോ ചുവടുവെപ്പുമെന്ന് പരിശോധിച്ചാൽ മനസ്സിലാക്കാം. അടുത്ത അമ്പതുവർഷത്തേക്കുള്ള പ്രവർത്തനപദ്ധതികൾ ഇതിനകം ചിട്ടപ്പെടുത്തിക്കഴിഞ്ഞു ഇവിടെ. അതിൽ ആറുമാസം മുതൽ രണ്ടുവർഷക്കാലത്തിനകം തീർക്കേണ്ട പദ്ധതികൾപോലും വ്യക്തമായി അടയാളപ്പെടുത്തിയത് ദീർഘവീക്ഷണപരമായ നീക്കങ്ങളെ സൂചിപ്പിക്കുന്നു.  കാണാനും കേൾക്കാനും പറയാനുമുള്ള എക്സ്‌പോ വേദികൾ ആ ശ്രമങ്ങൾക്ക് കൂടുതൽ വ്യക്തത പകരും. ലോകഗതിക്കൊപ്പം സഞ്ചരിക്കാനും പുതിയ ആശയങ്ങളെ കണ്ടെത്തി നടപ്പാക്കാനുമുള്ള യു.എ.ഇ.യുടെ തീവ്രമായശ്രമങ്ങൾക്ക് ഇത് കൂടുതൽ കരുത്തേകും.

നമ്മുടെ സംസ്കൃതിയും പാരമ്പര്യവും ചരിത്രവുമെല്ലാം ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുന്ന പവിലിയനാണ് എക്സ്‌പോയിൽ ഇന്ത്യൻ ഒരുക്കിയിരിക്കുന്നത്. യോഗയും ദേശീയനേതാക്കളുടെ സംഭാവനകളുമടക്കം പ്രൗഢമായ ഭൂതകാലത്തെ ഓർമപ്പെടുത്തുന്ന പവിലിയനിൽ ഒട്ടേറെ ഇന്ത്യൻ കമ്പനികളുടെ സാന്നിധ്യം കാണാനാകും. പ്രതിഭാധനരായ ഇന്ത്യൻ യുവത്വം മുന്നോട്ടുവെക്കുന്ന ആശയങ്ങൾ അവതരണങ്ങളായി ഇവിടെ കാണാം. മഹാമാരിക്കുശേഷം ലോകത്ത് നടക്കുന്ന ഏറ്റവും വലിയ സാംസ്കാരിക മേളയിൽ പങ്കുവെക്കപ്പെടുന്ന ആശയങ്ങൾ പ്രതീക്ഷയുടെ തുറക്കപ്പെടുന്ന വാതിലുകളാണ്.
ലോകം ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കാലാവസ്ഥാ വ്യതിയാനവും അതുമൂലമുള്ള ബുദ്ധിമുട്ടുകളും അതിസംബോധന ചെയ്യുന്ന വലിയ വേദികളിലൊന്നാകും എക്സ്‌പോ. ഐക്യരാഷ്ട്ര സഭാപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ വിവിധ രാജ്യങ്ങളിൽനിന്നുള്ളവരുടെ ആശങ്കകൾ നേരിട്ടുകേൾക്കുന്നതിന് ഇവിടം വഴിയൊരുക്കും. രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുമാത്രമേ സമഗ്രമായ വികസനം സാധ്യമാകുകയുള്ളൂ എന്ന തിരിച്ചറിവാണ് എക്സ്‌പോ പങ്കുവെക്കുന്നത്. വിരൽത്തുമ്പിൽ ലോകഗതികൾ മിന്നിമറിയുന്ന അതിവേഗത്തിന്റെ കാലത്ത് വെല്ലുവിളികളെ ഒന്നിച്ചുനേരിടാമെന്ന് എക്സ്‌പോ പറയുന്നു. സമഗ്രമായ എല്ലാ സംവിധാനങ്ങളുമൊരുക്കി ലോകത്തെ വീണ്ടും വീണ്ടും അദ്ഭുതപ്പെടുത്താൻ ദുബായ് ക്ഷണി
ക്കുന്നു...