ഒരുക്കങ്ങൾ മിനുക്കുപണികളിലേക്ക് നീങ്ങുന്നതിനിടയിലായിരുന്നു ആ തീരുമാനം. ആറേഴുവർഷങ്ങളായി യു.എ.ഇ., വിശിഷ്യാ ദുബായ് പ്രതീക്ഷകളോടെ കാത്തിരുന്ന എക്സ്‌പോ-2020 എന്ന ലോക വാണിജ്യ വിനോദ മഹാമേള മാറ്റിവെക്കാനുള്ള ആ പ്രഖ്യാപനം പക്ഷേ, അനിവാര്യമായിരുന്നു.

കോവിഡ് 19 എന്ന മഹാമാരി ലോകമെങ്ങും ഭീതി ജനിപ്പിച്ച് പടരുന്ന ആ നാളുകളിൽ ദുബായ് ഭരണാധികാരികൾക്കുമുന്നിൽ മറ്റുവഴികളൊന്നും ഉണ്ടായിരുന്നില്ല. ജനജീവിതം നിശ്ചലമായിപ്പോയ ആ നാളുകളിലെടുത്ത ഉചിതമായ തീരുമാനമെന്ന് അപ്പോൾത്തന്നെ ലോകം വിധിയെഴുതി. പക്ഷേ, പേര്  അതേപടി നിലനിർത്താൻ  ദുബായ് ഒരേ മനസ്സോടെ തീരുമാനിക്കുകയായിരുന്നു. അങ്ങനെ അഞ്ചുവർഷം കൂടുമ്പോൾ നടക്കുന്ന എക്സ്‌പോ എന്ന ലോകമഹാമേളയുടെ ദുബായ് പതിപ്പ് അഥവാ ദുബായ് എക്സ്‌പോ-2020 ഒരുവർഷം പിന്നിട്ട് 2021 ഒക്ടോബർ ഒന്നിന് പഴയപേരിൽത്തന്നെ സാഘോഷം ആരംഭിക്കുകയാണ്.

ഓർമയിലുണ്ട് ഇപ്പോഴും ആ രാത്രി. നാല് ലോകനഗരങ്ങൾ എക്സ്‌പോ 2020-ന് ആതിഥേയരാവാൻ മത്സരിച്ച ആ നാളുകളും.

2012-ൽത്തന്നെ ആതിഥ്യമരുളാനായി നടപ്പാക്കാൻപോകുന്ന അടിസ്ഥാനസൗകര്യവികസനപദ്ധതികളെയും അതിനായി കണ്ടുവെച്ച വിശാലമായ പ്രദേശത്തെയും കുറിച്ച് മറ്റ് ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തുന്നതായിരുന്നു പരിശ്രമത്തിന്റെ ഒന്നാം ഘട്ടം. വേദി നിശ്ചയിക്കുന്ന 2013 ആയപ്പോഴേക്കും ദുബായിയുടെ തെരുവുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലുമെല്ലാം 2020-ൽ വരാൻപോകുന്ന എക്സ്‌പോയുടെ വിളംബരവും അതിനെ വരവേൽക്കാൻ ശ്രമിക്കുന്ന ദുബായിയുടെ പരിശ്രമങ്ങളും നിറഞ്ഞുനിന്നു. കണക്ടിവിറ്റി എന്നതായിരുന്നു ദുബായ് മുന്നോട്ടുവെച്ച ആശയം.
ലോകത്തിലെ ഏറ്റവുംതിരക്കേറിയ വിമാനത്താവളമായി മാറാൻ ഇതിനകം ദുബായ് ഒരുങ്ങി. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തെ മറികടക്കാൻ നൂതന സാങ്കേതികവിദ്യകളും ദുബായ് സ്വായത്തമാക്കി. എക്സ്‌പോയ്ക്കായി കണ്ടുവെച്ച പ്രദേശത്തിനടുത്തായി പുതിയൊരു വിമാനത്താവളവും തുറന്നു.  എക്സ്‌പോ നഗരിയിലേക്ക് പ്രത്യേക മെട്രോ തീവണ്ടിപ്പാതയായിരുന്നു മറ്റൊരു പ്രഖ്യാപനം. റഷ്യയിലെ  യെകാടെറിൻബർഗ്, തുർക്കിയിലെ എസ്മീർ, ബ്രസീലിലെ  സാവോപോളോ എന്നീ നഗരങ്ങളായിരുന്നു എക്സ്‌പോ 2020-ക്കുവേണ്ടി രംഗത്തുണ്ടായിരുന്നത്. 2015-ൽ ഇറ്റലിയിലെ മിലാൻ ആതിഥേയത്വം വഹിച്ച എക്സ്‌പോയ്ക്കുപിന്നാലെ ആരാവും അതിന്റെ ആതിഥേയൻ എന്നറിയാൻ ദുബായ് ശ്വാസമടക്കിപ്പിടിച്ച നാളുകളായിരുന്നു അത്.

ഒടുവിൽ ആ ദിവസം വന്നെത്തി -2013 നവംബർ 17. രാത്രി ഒമ്പതുമണിയോടെ തന്നെ വേദിക്കായുള്ള പന്തയത്തിൽ  ദുബായ് മുന്നിലാണെന്ന സൂചനകൾ വന്നുതുടങ്ങി. ലോക പ്രദർശനമേളയുടെ സംഘാടകരായ ബ്യൂറോ ഇന്റർനാഷനൽ ദെ എക്സ്‌പൊസിഷൻസ് (ബി.ഐ.ഇ) 192 രാജ്യങ്ങളുടെ വോട്ടുകളാണ് തേടിയത്. പത്തുമണിയോടെ ആ പ്രഖ്യാപനമെത്തി. അതേ... ദുബായ് തന്നെ. വെടിക്കെട്ടുകളും ആരവങ്ങളുമായി ദുബായ് ആ നല്ലവാർത്ത ശരിക്കും ആഘോഷിച്ചു. പിന്നീടെല്ലാം വേഗത്തിലായിരുന്നു. പറഞ്ഞുറപ്പിച്ച  പദ്ധതികളെല്ലാം സമയബന്ധിതമായി തീർക്കാനുള്ള ശ്രമങ്ങൾ.

തീക്കാറ്റിലും പൊരിവെയിലിലും കത്തിനിന്ന മരുപ്രദേശം എക്സ്‌പോ നഗരിയായി മാറിത്തുടങ്ങുകയായിരുന്നു. 2020 ഒക്ടോബർ മൂന്നാം വാരം ഉദ്ഘാടനംചെയ്യാമെന്ന കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ചത് മാർച്ച് മാസത്തോടെ ഭീതിനിറച്ച കോവിഡ് വ്യാപനം തന്നെ. ദുബായ്  ആഴ്ചകളോളം നിശ്ചലമായ ദിനങ്ങൾ. ആകാശത്ത് വിമാനങ്ങളുടെ ഇരമ്പങ്ങളെല്ലാം നിലച്ചു. റോഡുകൾ വിജനമായി. പ്രവർത്തനങ്ങളുടെ വേഗംകുറഞ്ഞു. ആറുമാസത്തെ മഹാമേളയിലേക്ക് കോവിഡ്  സാഹചര്യത്തിൽ സഞ്ചാരികൾ എത്തുമോ എന്ന സന്ദേഹം എങ്ങും ഉയർന്നു. ദുബായിയെക്കാൾ ആശങ്ക സംഘാടകരായ ബി.ഐ.ഇ.ക്കായിരുന്നു. ഒടുവിൽ അവരുടെ കൂടി നിർദേശം മാനിച്ച് ദുബായ് എക്സ്‌പോ-2020 ഒരുവർഷത്തേക്ക് മാറ്റിവെക്കാനുള്ള തീരുമാനമായി.

പിന്നെ ദുബായിയുടെ പോരാട്ടം കോവിഡിനോടുകൂടിയായിരുന്നു. എക്സ്‌പോയ്ക്കായുള്ള ഒരുക്കങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോൾ മറുഭാഗത്ത് കോവിഡിനെ പിടിച്ചുകെട്ടാനുള്ള പരിശ്രമങ്ങളും എല്ലാമേഖലകളിലും ഉണ്ടായി. ഒടുവിൽ ഇതാ പുതിയ രോഗികളുടെ എണ്ണം ശരാശരി പ്രതിദിനം 250 എന്ന നിലയിലേക്ക് യു.എ.ഇ. കോവിഡിനെ കടുത്ത നിയന്ത്രണങ്ങളാലും പ്രതിരോധപ്രവർത്തനങ്ങളാലും മാറ്റിയെടുത്തു. ജനജീവിതം പതിയെ സാധാരണനിലയിലേക്ക് മാറുകയാണ്. പൊതുപരിപാടികളും വിനോദപരിപാടികളുമെല്ലാം പതിയെ പതിയെ ആരംഭിച്ചു. സഞ്ചാരികളും കൂട്ടത്തോടെ എത്തിത്തുടങ്ങി. കോവിഡിനിടയിൽ ഏറ്റവും സുരക്ഷിതമായ നഗരമായി ദുബായ് വളർന്നു.

ഇനിവരുന്ന ആറുമാസം ദുബായിക്കും യു.എ.ഇ.ക്കും ആഹ്ലാദത്തിന്റെ രാവുകളാണ്. പുലർച്ചെ രണ്ടുവരെ നീളും എക്സ്‌പോ നഗരിയിലെ പരിപാടികൾ. ലോകമെങ്ങുനിന്നും സഞ്ചാരികൾ എക്സ്‌പോ എന്ന ലോകമേള കാണാനും ആസ്വദിക്കാനുമായി എത്തും. 192 രാജ്യങ്ങളുടെ പവിലിയനുകൾ ഒരു പുതിയ ലോകത്തെ അവിടെ അവതരിപ്പിക്കും. കണ്ണഞ്ചിക്കുന്ന സംവിധാനങ്ങൾ ഒരുനാൾകൊണ്ടോ ഒന്നോ രണ്ടോ സന്ദർശനം കൊണ്ടോ കണ്ടുതീർക്കാനാവില്ല. അതേ... ഇനി ലോകം ദുബായിലേക്ക് നോക്കിയിരിക്കും. എക്സ്‌പോ 2020-യുടെ ആതിഥേയരായ ദുബായിയുടെ തിളക്കംകൂട്ടുന്ന ആ ദിനങ്ങളിലേക്ക് സ്വാഗതം.