: കളകളാന്ന് ആരോടോ കിന്നാരം പറഞ്ഞ് മെല്ലെ ഒഴുകുന്ന പുഴയിലെ വെള്ളമണലിൽ കാലൂഴ്ന്നുപോകുമ്പോൾ സുഖവും തരിപ്പും ഒരുപോലെ വന്നുകിക്കിളിയാക്കി. കണ്ണാടിപോലെ തെളിഞ്ഞ ജലപാളികൾക്കടിയിൽ വ്യക്തമായി കാണാൻ പറ്റുന്നുണ്ട്, പഞ്ചാരമണലിൽ ഊഴ്ന്നുപോകുന്ന കാലുകൾ. നിറഞ്ഞുവന്ന് കാലുകളെ തഴുകുന്ന പായലുകളെ കൈകൊണ്ട് വെറുതെ വകയുമ്പോൾ നീർപാളികൾ ഇളകിമറിഞ്ഞ് കുടുകുടെചിരിക്കുന്നു! കുറച്ചുദൂരെ നീർപ്പോളക്കൂട്ടം ജലവിതാനത്തിൽ നൃത്തം ചെയ്യുന്നു!

പുതുതായി തളിർക്കുന്ന പായൽത്തണ്ടുകൾ വലിച്ചൂരി അതിന്റെ സൗന്ദര്യം ആസ്വദിക്കുമ്പോൾ കുഞ്ഞിക്കാലിൽ എന്തൊക്കെയോ ഉരസിക്കടന്നുപോയി. മേലാകെ പെട്ടെന്ന് ഉളിർന്നുകയറി. നീർക്കോലിയോ തവളയോ മറ്റു ഇഴജീവികളൊ ആവാം! അതോ ചീഞ്ഞ ഇലകളോ നീർപായലുകളുടെ അളിഞ്ഞ വേരുകളോ ചേമ്പുതണ്ടുകളോ പുഴസസ്യങ്ങളോ. ഇളം തണുപ്പും പച്ചിലച്ചവർപ്പും ചെളിവാടയും കൂടിക്കുഴഞ്ഞ പുഴയാത്ര.
ഉമ്മയോടൊപ്പം ചാവക്കാട് വില്യംസ് സ്റ്റോപ്പിൽ ബസിറങ്ങുമ്പോൾ അവിടെ അമ്മാവൻ അതാ കാത്തുനിൽക്കുന്നു. തമ്മിൽ കണ്ടുമുട്ടിയ സന്തോഷത്തിലുണ്ടായ രാസമാറ്റങ്ങൾ അന്നേരമവിടെ ആറുകണ്ണുകളിലും ചിരി വിടർത്തി. അമ്മാവന്റെ വീട് അക്കരെയാണ്. കാൽനടയായി വേണം പോകാൻ. ആദ്യം കുത്തനെയുള്ള ഒരു മരപ്പാലം കയറിയിറങ്ങണം. ചിലർ അതിലൂടെ സൈക്കിൾ കയറ്റി ഇറക്കുന്നത് അതിശയത്തോടെ നോക്കിനിന്നു. താഴെ നാളികേരവും തൊണ്ടും കയറ്റി ഭീമാകാരമായ മുതലകളെ പോലെ പതിയെ തുഴഞ്ഞുനീങ്ങുന്ന പായവഞ്ചികൾ.

പാലമിറങ്ങി, വീണ്ടും കുറെനടന്നു. വഴിക്കിരുവശവും തോടുകൾ. വാട മണക്കുന്ന കറുത്ത ചെളികോരി അവയുടെ അരികുതേച്ച് വൃത്തിയാക്കിവെച്ചിട്ടുണ്ട്. വെയിൽചൂട് അതിൽ മനോഹരമായ ചിത്രംവരഞ്ഞിരിക്കുന്നു. ചില തോടുകൾക്ക് കുറുകെ കടക്കാൻ തെങ്ങിന്റെ ഒറ്റത്തടികളിട്ടിരിക്കുന്നു. സാഹസികമായി പലരും അത് കടന്നുവരുന്നു, പോകുന്നു. അമ്മാവൻ എന്നെ പൊക്കിയെടുത്ത് അതിവിദഗ്‌ധമായി തോടുകടത്തി താഴെയിറക്കി. തൊട്ടടുത്ത കൈതക്കാടുകളിൽ നിന്ന് കുളക്കോഴികളുടെ ഒച്ച. അവിടം മുതൽ പുഴയായി.

കരമണലിനെ പുണർന്നൊഴുകുന്ന പുഴ. കരയിലെ ചെറുമരങ്ങൾ പുഴവെള്ളത്തിൽ വേരുകളിട്ട് നിൽക്കുന്നു. വെള്ളമണലിനെ വിട്ടൊഴിയാൻ കഴിയാത്ത കണ്ണാടിവെള്ളം അവിടെ കറങ്ങിക്കളിക്കുന്നു. തെളിഞ്ഞ തണുത്ത വെള്ളത്തിൽ കാൽ വെച്ചുവലിച്ചു. വേണ്ടുണ്ണ്യേ, കാലുനനക്കണ്ടാ... വാ എന്നും പറഞ്ഞ് അമ്മാവൻ എന്നെ മണ്ണിൽനിന്നും പറിച്ചെടുത്തു. ഞാൻ കാലുകൾ കുടഞ്ഞ് താഴേ ഇറക്കണമെന്ന് വാശിപിടിച്ചു. പതുക്കെ സൂക്ഷിക്ക് ട്ടാ എന്നുപദേശിച്ച് അമ്മാവൻ താഴെവെച്ചു.

അരയാൾപൊക്കം ആഴം പോലുമില്ലാത്ത പുഴയിൽ ഒന്നൂടെ കാൽ നനച്ചു. ഹാ! മേലാസകലം കുളിർന്നു. പതിയെ ജലഅടരുകളിലേക്ക് ഇറങ്ങി. ശരീരത്തിനൊപ്പം മനസ്സും ജലതാഢനത്തിൽ ത്രസിച്ചു. അവാച്യമായ ഒരനുഭൂതി അനുഭവിക്കുകയായി. ജലസൗന്ദര്യത്തിന്റെ അപാരമായ നിർവൃതിയിൽ മനസ്സ് ചിറകുവിടർത്തി.

ഉമ്മ മുമ്പേ പോവുകയാണ്, പിന്നിലേക്ക് നോക്കി അമ്മാവനുണ്ടെന്ന ധൈര്യത്തിൽ. അമ്മാവൻ എനിക്ക് തൊട്ടുപിന്നിൽ തന്നെയുണ്ട്. ഞാൻ പിടിവിട്ടാണ് നടക്കുന്നതെന്ന് ഉമ്മയറിഞ്ഞുപോകല്ലേയെന്ന തേട്ടത്തോടെ!
കാലുകളെ നക്കിത്തുടങ്ങിയ ജലനാവുകൾ പതിയെ പതിയെ തോളറ്റം വരെയെത്തി. ഞങ്ങൾ പുഴമധ്യത്തിൽ എത്തിയിരിക്കുന്നു. പുഴ നനവിന്റെ ആഹ്ലാദ നിമിഷങ്ങളിൽ രമിക്കുന്ന എന്നെ തടഞ്ഞുകൊണ്ട് അമ്മാവന്റെ കൈവന്നു. അത് തട്ടിനിഷേധിച്ച്, പുഴനീരനുഭൂതിയുടെ ആഴങ്ങളെ കീഴടക്കാൻ മനസ്സ് വെമ്പൽകൊണ്ടു.

പെട്ടെന്ന് ജലപാളി മൂക്കിലേക്ക് അലച്ചുകയറി. ഒരുനിമിഷം ശ്വാസംകിട്ടാതായി. കാലിൽ എന്തോ വന്നുചുറ്റുന്നതുപോലെ തോന്നി. മണൽച്ചുഴികൾ കാലുകൾ പിഴുതുതള്ളാൻ ശ്രമിക്കുന്നു. കാലുറയ്ക്കുന്നില്ല. പുഴ പൊക്കിയെടുത്തുകൊണ്ടുപോകുന്നതുപോലെ. ഒരാന്തലോടെ മുന്നോട്ടാഞ്ഞു. ആ സമയംതന്നെ വെള്ളത്തിൽ മുഖമടിച്ച് വിണു. മുക്കിലേക്കും വായിലേക്കും ഒരു കരുണയുമില്ലാതെ വെള്ളമടിച്ചുകയറി. ശ്വാസഗതി നിലച്ചപോലെ.
ചെവികളിൽ ഉച്ഛത്തിൽ അലയ്ക്കുന്ന ജലപാളികൾ. ഒരുനിമിഷം താഴെ മണലിൽ മൂക്കുകുത്തി. അടുത്ത നമിഷം ജലനിരപ്പുകളെ പിളർന്ന് മുകളിലെത്തി. ആകാശം ആദ്യമായി കാണുന്നപോലെ കണ്ണുപിടച്ചുനോക്കി. അന്നേരം, അമ്മാവന്റെ ബലിഷ്ഠകരങ്ങളിൽ സുരക്ഷിതനായെന്ന് മനസ്സിലായി