: സുവർണജൂബിലി ആഘോഷങ്ങളുടെ നിറവിൽ നിൽക്കുന്ന യു.എ.ഇ.യിലേക്ക് ഇരട്ടിയിലേറെ തിളക്കവുമായാണ് എക്സ്‌പോ എത്തുന്നത്. പതിന്നാലാംനാൾ എക്സ്‌പോയുടെ വാതിലുകൾ ലോകത്തിന് മുന്നിൽ തുറന്നിടും. ഗൾഫ് രാജ്യങ്ങളുടെ അടുത്ത ഏറ്റവുംവലിയ പ്രതീക്ഷയായ ദുബായ് എക്സ്‌പോ ലോകം ഇതുവരെ കണ്ടിട്ടില്ലാത്തകാഴ്ചകളും അനുഭൂതികളുംകൊണ്ട് വിസ്മയിപ്പിക്കും.
ദുബായ് എക്സ്‌പോ 2020 എന്ന മഹാമേളയ്ക്ക് ഒക്ടോബർ ഒന്നിനാണ് തിരിതെളിയുക. കഴിഞ്ഞ 10 വർഷമായി നടക്കുന്ന 2,30,000 ജോലിക്കാരുടെ അധ്വാനമാണ് 4.38 ചതുരശ്ര കിലോമീറ്ററിൽ 192 രാജ്യങ്ങളിലെ കാഴ്ചകൾ ഒരുങ്ങുന്ന ലോകാത്ഭുതവേദികൾ. എക്സ്‌പോയുടെ 167 വർഷത്തെ ചരിത്രത്തിലാദ്യമായാണ് പങ്കെടുക്കുന്ന എല്ലാരാജ്യങ്ങളും പവിലിയൻ ഒരുക്കുന്നതെന്ന പ്രത്യേകതയുണ്ട്. 2022 മാർച്ച് 31 വരെ നടക്കുന്ന എക്സ്‌പോയിലേക്ക് രണ്ട് കോടിയിലേറെ സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ദിവസവും 60 തത്സമയ സാംസ്കാരിക പരിപാടികൾ വേദിയിലുണ്ടാകും. ഓരോ അഞ്ചുവർഷം കൂടുമ്പോഴാണ് ബ്യൂറോ ഓഫ് ഇന്റർനാഷണൽ എക്സ്‌പോസിഷൻസിന്റെ മേൽനോട്ടത്തിൽ ആറുമാസം ദൈർഘ്യമുള്ള ലോക എക്സ്‌പോ നടക്കുന്നത്.

2013-ൽ യെക്കാറ്റരിൻബർഗ് (റഷ്യ), ഇസ്മിർ (തുർക്കി), സാവോപോളോ (ബ്രസീൽ) എന്നിവയോട് മത്സരിച്ചാണ് ദുബായ് എക്സ്‌പോ 2020 നടത്താനുള്ള അവകാശം നേടിയെടുക്കുന്നത്. 2010-ലെ ലോക എക്സ്‌പോ ചൈനയിലെ ഷാങ്ഹായ് നഗരത്തിലായിരുന്നു. ഷാങ്ഹായിയെ മാത്രമല്ല ചൈനയെവരെ മാറ്റിമറിച്ച മേളയായിരുന്നു അത്. വ്യവസായങ്ങൾ മാത്രമുണ്ടായിരുന്ന നഗരം എക്സ്‌പോയ്ക്ക് ശേഷം സാംസ്കാരിക വാണിജ്യനഗരമായി മാറി. ചൈനയുടെ ഷെയർ മാർക്കറ്റുവരെ മൂന്നുമടങ്ങ് വർധിച്ചു. ചൈനയോട് ഏറെ സൗഹൃദം പുലർത്തുന്ന രാജ്യംകൂടിയാണ് യു.എ.ഇ. അങ്ങനെ നോക്കുമ്പോൾ എക്സ്‌പോ 2020 കഴിയുന്നതോടെ ദുബായ് ഇരട്ടി വളർച്ചനേടി ലോകത്തെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

2015-ൽ എക്സ്‌പോക്ക് ആതിഥ്യംവഹിച്ച മിലാൻനഗരം അന്നേ ദുബായിക്ക് പിന്തുണ അറിയിച്ചിരുന്നു. മിലാൻ എക്സ്‌പോ കൃത്യമായി നിരീക്ഷിക്കാൻ അന്ന് ദുബായുടെ വ്യക്തമായ സാന്നിധ്യവും അവിടെയുണ്ടായി. മിലാനിൽ സന്ദർശകർക്ക് കൗതുകമായി യു.എ.ഇയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ ഇത്തിഹാദിന്റെ യന്ത്രമനുഷ്യനും പങ്കുചേർന്നിരുന്നു. ദുബായ് എക്സ്‌പോ 2020 യെക്കുറിച്ച് അന്നേ സന്ദർശകരിലേക്കെത്തിക്കാൻ ഇതിലൂടെയായി. യു.എ.ഇയുടെ ഇത്തിസലാത്ത്, ദീവ, ആർ.ടി.എ. സ്റ്റാളുകളും സന്ദർശകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഷാങ്ഹായിലും മിലാനിലും നടന്ന എക്സ്‌പോകൾ വിലയിരുത്തിയാണ് ദുബായ് എക്സ്‌പോ 2020 ലോകത്തെ വരവേൽക്കുന്നത്.
ആകാംക്ഷയ്ക്ക് വിരാമമെന്നവണ്ണം ചില എക്സ്‌പോ പവിലിയനുകൾ ഈ വർഷം ജനുവരിയിൽ തന്നെ മിഴിതുറന്നിരുന്നു. വിനോദവും വിജ്ഞാനവും വിസ്മയവും സമന്വയിപ്പിക്കുന്ന സസ്റ്റൈനിബിലിറ്റി പവിലിയനായ ടെറയിലേക്ക് അഞ്ച് മാസത്തിനകം ഒരു ലക്ഷത്തിലേറെ സന്ദർശകരാണ് ഒഴുകിയെത്തിയത്. ഇവിടേക്ക് പ്രത്യേക ടൂറും അധികൃതർ സംഘടിപ്പിച്ചു. എക്സ്‌പോയുടെ ഔദ്യോഗികചിഹ്നം കാണാനുള്ള അവസരവും ഇവിടെയൊരുക്കിയിരുന്നു. എക്സ്‌പോയുടെ ഏറ്റവും മികച്ച ആകർഷണങ്ങളിൽ ഒന്നാണിത്. മാലിന്യ നിർമാർജനം, ജലസംരക്ഷണം, സസ്യങ്ങളുടെ സംരക്ഷണം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൽ തുടങ്ങി ബോധവത്കരണം ലഭിക്കുന്ന രീതിയിലുള്ള സംവിധാനമാണ് ടെറ പവിലിയനിൽ ഒരുക്കിയിരിക്കുന്നത്. വനം, സമുദ്രം എന്നിവയിലൂടെ സഞ്ചരിക്കുന്ന അനുഭവമാണ് ടെറ നൽകുന്നത്. കണ്ണഞ്ചിപ്പിക്കുന്ന അത്ഭുതങ്ങളും അതിശയങ്ങളും നിറച്ച ദുബായ് എക്സ്‌പോയുടെ മൂന്ന് ഉപ തീമുകളിലൊന്നാണ് സുസ്ഥിരത.

എക്സ്‌പോ നഗരം ഭാവിയിൽ എന്താകും. ഇതാണ് ഏവരുടെയും ആവർത്തിച്ചുള്ള ചോദ്യം. 2022 മാർച്ച് 31-ന് ശേഷം അവിടെ ഡിസ്ട്രിക്ട്‌ 2020 എന്നപേരിൽ പുതിയൊരു സിറ്റി രൂപപ്പെടുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. പ്രതീക്ഷകൾക്കും മുകളിൽ സഞ്ചരിക്കുന്ന, ലോക എക്സ്‌പോക്കും മുകളിലേക്ക് വളർന്നുപന്തലിക്കുന്ന ഒരു സ്മാർട്ട് സിറ്റിയാണ് പ്രതീക്ഷിക്കുന്നത്. നഗരം യാഥാർഥ്യമാവുക എക്സ്‌പോ കഴിഞ്ഞ് ആറ് മാസത്തിനും ഒരു വർഷത്തിനുമിടയിലായിരിക്കും. ഡിസ്ട്രിക്റ്റ് 2020 ഫേയ്‌സ് വൺ എന്ന സ്വപ്നതുല്യമായ പുതിയ നഗരി രാജ്യത്തിന്റെ മുഖച്ഛായതന്നെ മാറ്റിയേക്കും. ഘട്ടംഘട്ടമായ നീക്കത്തിലൂടെയായിരിക്കും അത്തരമൊരു പരിവർത്തനം. എക്സ്‌പോയിൽ നിലവിൽ നിർമിക്കപ്പെട്ടതിന്റെ 80 ശതമാനം വരെ നിലനിർത്തിയാകും പുതിയ നഗരപ്പിറവി.