: കരകാണാക്കടൽപോലെ അതിമനോഹരമാണ് കൊടുമുടികൾ കീഴടക്കിയുള്ള അത്ഭുത സാഹസികയാത്രകൾ. മഞ്ഞുമൂടിയ നോക്കെത്താ ദൂരത്തെ മലനിരകളുടെ ഹൃദയത്തുടിപ്പിന് അടുത്തെത്തുമ്പോൾ കാണുന്നതൊന്നും സ്വപ്നമല്ലെന്ന് തിരിച്ചറിയും. സ്ഥിരമായ പാതകളിലൂടെയല്ലാതെ അപകടകരമായ ഗർത്തങ്ങളെ തരണംചെയ്ത് പ്രകൃതിയുടെ മടിത്തട്ടുതേടിയുള്ള അത്ഭുത സാഹസികകഥകൾ, യാത്രകൾ. പ്രതിബന്ധങ്ങൾ തരണം ചെയ്തുള്ള യാത്രകളുടെ സത്തറിയണം. കൊടുമുടി കയറിയിറങ്ങുന്നയാളുടെ ആത്മനിർവൃതി നേരിട്ടറിയണം. പ്രവചിക്കാനാവാത്ത ഹിമപാതങ്ങളും ഹിമാനികളും തുളച്ചുകയറുന്ന ശീതക്കാറ്റും കടന്ന് കൊടുമുടികൾ കാൽക്കീഴിലാക്കണം.

കൊടുമുടികളുടെ ഹൃദയമിടിപ്പറിഞ്ഞ ഒട്ടേറെ സാഹസികരെ നമുക്കറിയാം. അതിലൊരാളാണ് യു.എ.ഇ.യിൽ നിന്നുള്ള ആദ്യ പർവതാരോഹകൻ സഈദ് അൽ മെമാരി. നമ്മൾ ജയിക്കുന്നത് പർവതങ്ങളെയല്ല, നമ്മളെ തന്നെയാണ്, ജീവിതം പർവതാരോഹണം പോലെയാണ്, ഒരിക്കലും താഴേക്ക് നോക്കരുത് എന്ന് സർ എഡ്മണ്ട് ഹിലാരി പ്രസ്താവിച്ചതുപോലെയാണ് സഈദിന്റെ നേട്ടങ്ങൾ. എവറസ്റ്റ് കൊടുമുടി കയറിയ ആദ്യ ഇമറാത്തി, രണ്ടു തവണ കെ2 പർവത ശൃംഗം തൊട്ട്‌ ആദ്യ ഫുജൈറ അഡ്വഞ്ചേഴ്‌സ് സ്ഥാപകൻ കൂടിയായ സഈദ് അൽ മെമാരി. വിക്കിപീഡിയ പുറപ്പെടുവിച്ച ആഗോള പര്യവേക്ഷകരുടെ പട്ടികയിൽ ഉൾപ്പെട്ട ആദ്യ ഇമറാത്തി സാഹസികൻ. എക്‌സ്പ്‌ളോറർ ഗ്രാൻഡ് സ്ലാം’ എന്ന പദവിയും അദ്ദേഹത്തിന് ലഭിച്ചു. കൂടാതെ, ഈ പട്ടികയിലെ 43 ആഗോള സാഹസികർക്കിടയിൽ 37-ാം സ്ഥാനവും അദ്ദേഹത്തിനാണ്.
യു.എ.ഇ.യിൽ നിന്ന്‌ ലോകത്തിലെ ഉന്നതപർവതങ്ങൾ കയറിക്കൊണ്ട് ശാന്തിയുടെയും സഹവർത്തിത്വത്തിന്റെയും സന്ദേശം പകരാനാണ് ‘ദി പീക് ഫോർ പീസ് മിഷൻ’ വഴി അൽ മെമാരിയുടെ ലക്ഷ്യം. ലോകമെമ്പാടുമുള്ള കാലാവസ്ഥയെയും രാഷ്ട്രീയ സാഹചര്യങ്ങളെയും ആശ്രയിച്ച് ഏഴ് ഭൂഖണ്ഡങ്ങളിലെ 246 ആഗോള കൊടുമുടികളിൽ 67 എണ്ണം മെമാരി കീഴടക്കികഴിഞ്ഞു. അടുത്ത അഞ്ച് വർഷത്തിനകം ബാക്കി യാത്രകൾ പൂർത്തിയാക്കാനാണ് ലക്ഷ്യം. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽശർഖി ഉൾപ്പെടെ യു.എ.ഇ.യിലെ ഉന്നതാധികൃതരുടെ നിർദേശപ്രകാരമാണ് ഓരോ ദൗത്യവും. ഇസ്‌ലാമിനെക്കുറിച്ചുള്ള നിഷേധാത്മകചിന്തകൾ മാറ്റുകയും സമാധാനത്തിന്റെ ഇടമായ യു.എ.ഇ.യിൽനിന്ന്‌ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും സ്നേഹവും സമാധാനവും നിറഞ്ഞ സഹിഷ്ണുതയുടെ സന്ദേശം പ്രചരിപ്പിക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് ദൗത്യം നടപ്പാക്കുന്നത്.
മലനിരകളാൽ ചുറ്റപ്പെട്ട അതിമനോഹരപ്രദേശമായ ഫുജൈറയിലാണ് മെമാരിയുടെ ജന്മസ്ഥലം. മലനിരകളുടെ മനോഹാരികത ആവോളം ആസ്വദിച്ച് വളർന്നതുകൊണ്ടാകാം കൊടുമുടികളുടെ അടുത്തെത്താൻ, കൊടുമുടികൾ കീഴടക്കാൻ അറബ് ലോകത്തുനിന്നും പുറപ്പെടാൻ അദ്ദേഹം തയ്യാറായത്. ലോകത്തിന് സമാധാനത്തിന്റെ മഹാ സന്ദേശമാണ് ദി പീക് ഫോർ പീസ് മിഷൻ എന്ന് പേരിട്ട യാത്രയിലൂടെ സഈദ് അൽ മെമാരി നൽകുന്നത്.

അൽ മെമാരി തൊട്ട മഹാ ഉയരങ്ങൾ
ലോകത്തിലെ ഏറ്റവും ഉയരമുള്ള ഏഴ് കൊടുമുടികൾ കയറുന്ന ആദ്യ ഇമാറാത്തി സാഹസികൻ കൂടിയായ അൽമെമാരി, സാഹസികതയും വെല്ലുവിളികളും ഇഷ്ടപ്പെടുന്നവർക്ക് നായകനാണ്. ഹിമാലയത്തിലേക്കുള്ള ആദ്യ യാത്രയിലാണ് പർവതാരോഹണത്തോട് സഈദ് കമ്പമുണ്ടാകുന്നത്. അവിടെ വെച്ച് എവറസ്റ്റ് കൊടുമുടിയെന്ന ഏറ്റവും വലിയ കൊടുമുടിയുടെ മഹാ ഉയരത്തിലേക്ക് അദ്ദേഹം ഉന്നംവെച്ചു. ഒടുവിൽ എവറസ്റ്റ് കൊടുമുടി കയറുകയും യു.എ.ഇയുടെ പതാക ഉയർത്തുകയും ചെയ്തു. അതിനുശേഷം റെക്കോർഡുകൾ ഭേദിക്കാനും നിരവധി പേർക്ക് പ്രചോദനമാവുകയും ചെയ്തു.
എവറസ്റ്റ് കൊടുമുടി: 8,848 മീറ്റർ ഉയരമുള്ള ഏഷ്യയിലെ ഏറ്റവുംഉയർന്ന എവറസ്റ്റ് കൊടുമുടി 2012-ലാണ് സഈദ് കീഴടക്കിയത്. ലോകത്തിലെ ഏറ്റവും അപകടമേറിയ കൊടുമുടിയായ കെ2 കയറിയ ആദ്യ ഇമറാത്തിയായ സഈദ്, 2018-ലും 2021-ലുമായാണ് വിജയം നേടിയത്.
43 ആഗോള സാഹസികർക്കിടയിൽ 37-ാം സ്ഥാനത്തായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും ഉയർന്ന ഏഴ് കൊടുമുടികളിലേക്കും ദക്ഷിണ, ഉത്തര ധ്രുവങ്ങളിലേക്കും എത്തിച്ചേരാൻ സാധിച്ചതിനെ അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തൽ.
അക്കോൺകാഗുവ പർവതശിഖരം: തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള ഈ പർവത ശിഖരത്തിൽ 2015-ലാണ് അൽ മെമാരി കയറിയത്. അർജന്റീനയിലെ ആൻഡീസ് പർവത നിരകൾക്കിടയിൽ 6,962 മീറ്റർ ഉയരത്തിലുള്ള ലോകത്തിലെ രണ്ടാമത്തെ ഉയരംകൂടിയ കൊടുമുടിയാണിത്.
മൗണ്ട് മക്കിൻലി (ഡെനാലി): വടക്കേ അമേരിക്കയിലെ ഏറ്റവുംഉയരമുള്ള ഈ കൊടുമുടി 2013-ലാണ് സഈദ് കയറിയത്. 6,194 മീറ്റർ ഉയരത്തിൽ, അമേരിക്കയിലെ അലാസ്‌ക പർവതനിരകളിൽ സ്ഥിതിചെയ്യുന്ന ഈ കൊടുമുടി ലോകത്തിലെ ഏറ്റവുംഉയർന്ന മൂന്നാമത്തെ കൊടുമുടിയാണ്.
മൗണ്ട് കിളിമഞ്ചാരോ: ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ കിളിമഞ്ചാരോയിൽ 2011-ലാണ് സഈദ് അൽ മെമാരിക്ക് കയറാൻ സാധിച്ചത്. ലോകത്തിലെ ഏറ്റവുംഉയരമുള്ള നാലാമത്തെ കൊടുമുടിയായ കിളിമഞ്ചാരോ 5,895 മീറ്റർ ഉയരത്തിൽ, ടാൻസാനിയയിലാണ് സ്ഥിതി ചെയ്യുന്നത്.
മൗണ്ട് എൽബ്രസ് കൊടുമുടി: യൂറോപ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവുംഉയർന്ന ഈ കൊടുമുടിയിൽ 2014-ലാണ് സാഹസികനായ സഈദിന് കയറാൻ കഴിഞ്ഞത്. 5,642 മീറ്റർ ഉയരത്തിൽ, റഷ്യയിലെ കോക്കസസ് പർവത നിരകളിലുള്ളതാണ് ലോകത്തിലെ ഏറ്റവുംഉയരമുള്ള അഞ്ചാമത്തെ ഈ കൊടുമുടി.
മൗണ്ട് വിൻസൺ മാസിഫ്: എൽസ്‌വർത്ത് പർവത പരിധിയിലുള്ള ഈ കൊടുമുടി 2013-ലാണ് സഈദ് കയറുന്നത്. 4,892 മീറ്റർ ഉയരത്തിൽ, അന്റാർട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയതും ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ആറാമത്തെയും കൊടുമുടിയാണ് മൗണ്ട് വിൻസൺ മാസിഫ്.
മൗണ്ട് കാർസ്റ്റൻസ് കൊടുമുടി: ഏഷ്യ, ഓസ്‌ട്രേലിയ ഭൂഖണ്ഡങ്ങൾക്കിടയിൽ 4,884 മീറ്റർ ഉയരത്തിലുള്ള ഈ കൊടുമുടി 2014-ലാണ് സാഹസികനായ സഈദ് കയറുന്നത്. ഇന്തോനേഷ്യയിലെ സുഡ്‌യെർമാൻ പർവതനിരകൾക്കിടയിൽ, ഹിമാലയത്തിനും ആൻഡീസിനും ഇടയിൽ, ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ഏഴാമത്തെ കൊടുമുടിയാണിത്. കൊടുമുടികൾ കീഴടക്കി സമാധാന സന്ദേശമുയർത്തിയുള്ള അൽ മെമാരിയുടെ പർവതാരോഹണ ദൗത്യം തുടരുകയാണ്.