: ഒക്ടോബർ ഒന്നിന് കണ്ണഞ്ചിപ്പിക്കുന്ന പരിപാടികളോടെയാണ് എക്സ്‌പോ 2020-ന്‌ ദുബായ് നഗരത്തിൽ തുടക്കമാകുക. ഓരോ രാജ്യങ്ങളുടെയും പ്രത്യേകതകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വർണാഭമായ ഉദ്ഘാടനച്ചടങ്ങാണ് നടക്കുകയെന്ന് സംഘാടകർ വ്യക്തമാക്കിക്കഴിഞ്ഞു. രാത്രിയും നീളുന്ന ആഘോഷപരിപാടികളും ഇതോടൊന്നിച്ചുനടക്കും. സെപ്റ്റംബർ 30-ന് നടക്കുന്ന പ്രത്യേക ഉദ്ഘാടനച്ചടങ്ങുകൾ ക്ഷണിക്കപ്പെട്ട അതിഥികൾക്കുവേണ്ടി മാത്രമായാണ്. ഓഗസ്റ്റ് 14-നുമുമ്പായി എക്സ്‌പോ സീസൺ ടിക്കറ്റ് സ്വന്തമാക്കിയവരിൽനിന്ന്് തിരഞ്ഞെടുക്കപ്പെടുന്നവർക്കും ആ ദിവസത്തെ ചടങ്ങുകൾക്ക് പ്രവേശനമനുവദിക്കും. ഒക്ടോബർ ഒന്നിന് രാവിലെ പത്തിന് എക്സ്‌പോ വാതിലുകൾ തുറക്കുംവരെ മറ്റുള്ളവർ ക്ഷമയോടെ കാത്തിരിക്കണം.

പ്രവേശനം ഇപ്രകാരം

18 വയസ്സുമുതൽ 59 വയസ്സുവരെ പ്രായമുള്ളവർക്ക് ഒരുദിവസത്തേക്കും ഒന്നിലധികം ദിവസത്തേക്കും സീസണിലേക്കുമുള്ള ടിക്കറ്റുകൾ ഓൺലൈനായി എക്സ്‌പോ വെബ്‌സൈറ്റിൽനിന്ന് (www.expo2020dubai.com) വാങ്ങാം. 18 വയസ്സിനുതാഴെ പ്രായമുള്ളവർക്കും 59 വയസ്സിനുമുകളിൽ പ്രായമുള്ളവർക്കും പ്രവേശനം സൗജന്യമാണ്. നിശ്ചയദാർഢ്യക്കാർക്ക് സൗജന്യപ്രവേശനവും ഒപ്പമുള്ള ഒരാൾക്ക് പകുതിനിരക്കിലും ടിക്കറ്റ് അനുവദിച്ചിട്ടുണ്ട്. ലോകത്തിന്റെ ഏതുഭാഗത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് അംഗീകൃത തിരിച്ചറിയൽ കാർഡോടെയെത്തുന്ന വിദ്യാർഥികൾക്കും പ്രവേശനം സൗജന്യമായിരിക്കും. ഒരുദിവസത്തേക്കുള്ള പ്രവേശന ടിക്കറ്റിന് 95 ദിർഹമാണ് നിരക്ക്. ഒന്നിൽക്കൂടുതൽ ദിവസത്തേക്കുള്ള ടിക്കറ്റ് 195 ദിർഹത്തിന് ലഭിക്കും. ഇതുപയോഗിക്കുന്ന ആദ്യദിനം മുതൽ 30 ദിവസത്തേക്ക് പ്രവേശനം അനുവദനീയമാണ്. ആറുമാസത്തേക്കുള്ള സീസൺ ടിക്കറ്റിന് 495 ദിർഹമാണ് വില.
സൗജന്യ പ്രവേശനത്തിന് അർഹതയുള്ളവർ എക്സ്‌പോ വേദിയിലെത്തുന്നതിന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിച്ച് പ്രവേശനാനുമതി നേടണം. അല്ലെങ്കിൽ ആറുവയസ്സിനുതാഴെ പ്രായമുള്ളവർക്ക് മാത്രമായിരിക്കും ഓൺസൈറ്റ് ടിക്കറ്റുകൾ ലഭിക്കുക. സീസൺ ടിക്കറ്റ് സ്വന്തമാക്കിയവരും തിരക്കേറുന്ന ചില ദിവസങ്ങളിൽ എക്സ്‌പോ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ പ്രവേശനാനുമതി ഉറപ്പാക്കണം. സന്ദർശകരുടെ എണ്ണത്തിനനുസരിച്ച് പ്രവേശനാനുമതി ലഭ്യമാക്കുന്നത് നിയന്ത്രിക്കും.

വി.ഐ.പി. പരിഗണന ലഭിക്കണമെന്നുള്ളവർക്ക് എക്സ്‌പോ വെബ്‌സൈറ്റിൽ ‘ജൂബിലി എക്‌സ്പീരിയൻസ്’ എന്ന വിഭാഗത്തിൽ ടിക്കറ്റുകൾ ബുക്കുചെയ്യാം. ലോഞ്ച്, വാലറ്റ് പാർക്കിങ്, ഭക്ഷണപാനീയങ്ങൾക്ക് ഇളവുകൾ എന്നിവയെല്ലാം ഇത്തരത്തിൽ ബുക്കുചെയ്യുന്നവർക്ക് ലഭിക്കും. 10,000 ദിർഹമാണ് ടിക്കറ്റ് നിരക്ക്. നാല് സീസൺ പാസുകളും 30 ഒന്നിലധികം ദിവസത്തേക്കുള്ള പാസുകളും 10 ഒരുദിവസത്തേക്കുള്ള പാസുകളും ഇതോടൊപ്പം ലഭിക്കും. ബിസിനസ് വിപുലീകരണവും നെറ്റ്‌വർക്കിങ്ങുമെല്ലാം ലക്ഷ്യമിടുന്ന സംരംഭകർക്കും എക്സിക്യുട്ടീവുകൾക്കും 1750 ദിർഹത്തിന്റെ ‘പ്രീമിയം എക്സ്പീരിയൻസ്’ ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്. ആറുമാസത്തെ സാധുതയുള്ള ഈ ടിക്കറ്റിലൂടെ എക്സ്‌പോയിലെ പ്രത്യേക ബിസിനസ് ഫോറങ്ങളിൽ പങ്കെടുക്കാം. ഫാസ്റ്റ്ട്രാക്ക് പ്രവേശനം, എമ്മാറിന്റെ ആഡംബര ലോഞ്ചിൽ അഞ്ചുതവണ സൗജന്യ പ്രവേശനത്തോടൊപ്പം കൂടിക്കാഴ്ചകൾ നടത്തുന്നതിനും സൗജന്യ ഭക്ഷണപാനീയങ്ങൾ ലഭിക്കുന്നതിനും ടിക്കറ്റ് ഉപകരിക്കും. സംരംഭങ്ങളിൽ പങ്കാളികളെ തേടുന്നവർക്ക് ഉചിതമായവരെ കണ്ടെത്തി സത്കരിക്കാനും ബിസിനസ് മീറ്റുകൾ നടത്താനും സൗകര്യം നൽകുന്ന ‘ഹോസ്പിറ്റാലിറ്റി പാക്കേജ്’ 280 ദിർഹത്തിന് സ്വന്തമാക്കാം. മൂന്നുമണിക്കൂർ നേരത്തേക്കുള്ള പാർക്കിങ്, റൂഫ്‌ടോപ് ബാറിൽ ഒരുമണിക്കൂർ നേരത്തേക്ക് പ്രവേശനം, 120 ദിർഹം വിലവരുന്ന രണ്ട് പാനീയം എന്നിവയും ഒത്തവണത്തേക്കുള്ള ഈ പാക്കേജിൽ ഉൾപ്പെടുന്നു.

ഹോട്ടലുകൾ ഒരുങ്ങി, ഗതാഗതസൗകര്യങ്ങളും

നഗരത്തിലെ പ്രധാന ഹോട്ടലുകളെല്ലാം എക്സ്‌പോ സന്ദർശകർക്കായി ഒരുങ്ങിക്കഴിഞ്ഞു. ഹോട്ടൽ വാടകയ്ക്കൊപ്പം എക്സ്‌പോ പ്രവേശന ടിക്കറ്റടക്കമുള്ള പാക്കേജുകളാണ് മിക്കയിടങ്ങളിലും ലഭ്യമാക്കുന്നത്. രാവിലെ പത്തുമണി മുതൽ പുലർച്ചെ ഒരുമണിവരെ തുറക്കുന്ന എക്സ്‌പോ വേദികളുടെ പ്രവർത്തനം വാരാന്ത്യങ്ങളിലും പ്രത്യേക ആഘോഷദിവസങ്ങളിലും പുലർച്ചെ രണ്ടുമണി വരെ നീളും. ഈ സമയക്രമമെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള യാത്രാസൗകര്യങ്ങളും ഹോട്ടലുകൾ ലഭ്യമാക്കുന്നുണ്ട്.

പ്രധാനമായും മൂന്ന് പ്രവേശനകവാടങ്ങളാണ് എക്സ്‌പോ വേദിയിലേക്കുള്ളത്. പരിസ്ഥിതിസൗഹാർദപരവും സുസ്ഥിരവുമായ ഗതാഗതമുറപ്പാക്കുന്നതിന്റെ ഭാഗമായി പൊതുഗതാഗതസംവിധാനങ്ങളെ കൂടുതലായി പ്രയോജനപ്പെടുത്തണമെന്ന് എക്സ്‌പോ സംഘാടകർ ആവശ്യപ്പെടുന്നു. ദുബായ് എക്സ്‌പോ മെട്രോ സ്റ്റേഷനും സന്ദർശകർക്കായി ഒരുങ്ങിക്കഴിഞ്ഞു. അതിരാവിലെയാരംഭിച്ച് അർധരാത്രിവരെ നീളുന്ന സമഗ്ര യാത്രാസംവിധാനമാണ് വരുന്ന ആറുമാസക്കാലം മെട്രോ പിന്തുടരുക. എക്സ്‌പോ റൈഡർ ബസുകൾ സന്ദർശകർക്കായി സൗജന്യസേവനമാണ് നടത്തുക. ദുബായിലെയും മറ്റ് എമിറേറ്റുകളിലെയും വിവിധ കേന്ദ്രങ്ങളിൽനിന്ന് എക്സ്‌പോ റൈഡർ ബസുകൾ സർവീസുകൾ നടത്തും. എക്സ്‌പോ വേദിയിൽ ഇറങ്ങുന്ന ഗേറ്റിൽനിന്നുതന്നെയാവും മടക്കയാത്രയും നടത്തുകയെന്നതിനാൽ ബസുകളിൽ എത്തുന്നവർ ഇറങ്ങുന്ന ഗേറ്റ് നമ്പർ ഓർമിച്ചിരിക്കണം.
സ്വന്തം വാഹനത്തിലെത്തുന്നവർക്ക് പ്രത്യേകമായി സജ്ജീകരിച്ച പാർക്കിങ്ങുകളിൽ സൗജന്യമായി വാഹനം നിർത്തിയിടാവുന്നതാണ്. ശനിയാഴ്ചമുതൽ ബുധനാഴ്ചവരെ രാവിലെ എട്ടരമുതൽ പുലർച്ചെ 12.30 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിലും മറ്റു പ്രത്യേക ദിവസങ്ങളിലും പുലർച്ചെ രണ്ടര വരെയുമാണ് സൗജന്യ പാർക്കിങ് അനുവദിച്ചിട്ടുള്ളത്. ഇ-77 എക്സ്‌പോ റോഡുവഴി വരുന്നവർക്ക് ഓപ്പർച്യുണിറ്റി പാർക്കിങ്ങിൽ പ്രവേശിക്കാം. സസ്റ്റൈനബിലിറ്റി പാർക്കിങ്ങിലേക്ക് ഇ-77 എക്സ്‌പോ റോഡുവഴിയും ഡി-54 സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡുവഴിയും പ്രവേശിക്കാം. ഇ-311 ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡുവഴി വരുന്നവർക്ക് മൊബിലിറ്റി പാർക്കിങ്ങും ദുബായ് എക്സിബിഷൻ പാർക്കിങ്ങും ലഭിക്കും. 95 ദിർഹത്തിന്റെ വാലറ്റ് പാർക്കിങ്ങും ലഭ്യമായിക്കിട്ടുണ്ട്. വാഹനം നിർത്തി 600 മീറ്ററിലധികം എക്സ്‌പോ വേദിയിലേക്ക് നടക്കേണ്ടിവരുന്നവർക്കായി പ്രത്യേക വാഹനസൗകര്യവും ലഭ്യമാണ്.

സ്വസ്ഥമായി കാഴ്ചകൾ കാണാം

600 ഫുട്‌ബോൾ മൈതാനങ്ങളുടെ വലുപ്പമുള്ള എക്സ്‌പോ വേദിയിലൂടെയുള്ള കാഴ്ചകാണൽ കാൽനടയിലാവുന്നതായിരിക്കും ഏറ്റവും മനോഹരമെന്ന് സംഘാടകർ പറയുന്നു. വിശ്രമിക്കാനും ഹ്രസ്വസഞ്ചാരത്തിന് പലതരം വാഹനങ്ങളും അടക്കം വിവിധ സൗകര്യങ്ങൾ ഇവിടെയൊരുക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും സ്വസ്ഥമായി കാഴ്ചകൾ കണ്ടാസ്വദിച്ച് എക്സ്‌പോയിലൂടെ നീങ്ങാൻ സന്ദർശകർക്ക് കഴിയും. സ്വയംനിയന്ത്രിതവും ഇലക്‌ട്രിക് നിയന്ത്രിതവുമായ ചക്രക്കസേരകളും വാടകയ്ക്ക് ഇവിടെ ലഭിക്കും.

പ്രവേശനകവാടങ്ങളിൽ കാത്തുനിന്ന് മുഷിയുന്ന അവസ്ഥ പലപ്പോഴും വലിയ പ്രദർശനങ്ങൾക്ക് എത്തുന്നവർക്ക് ഉണ്ടാകാറുണ്ട്. അതുപരിഹരിക്കാൻ ‘വെർച്വൽ ക്യൂ സിസ്റ്റം’ ആണ് ഇവിടെ നടപ്പാക്കുന്നത്. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ഓരോരുത്തരുടെയും സമയമാകുമ്പോൾ ലഭിക്കുന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ അകത്തേക്കും പുറത്തേക്കും കടക്കാനാകും. എക്സ്‌പോ ആപ്പ് വഴി സ്മാർട്ട് ക്യൂ രജിസ്റ്റർ ചെയ്യാം. അതുപോലെത്തന്നെ ഭക്ഷണശാലകളിലും ബുക്കിങ് സൗകര്യം ലഭ്യമാണ്.

എക്സ്‌പോയിലെ എല്ലാ ജീവനക്കാരും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തുകഴിഞ്ഞു. ഇതോടൊപ്പം സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ, പ്രവേശനകവാടങ്ങളിലെ തെർമൽ ക്യാമറകൾ, മറ്റ് സുരക്ഷാവ്യവസ്ഥകൾ എന്നിവയെല്ലാം സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യും. കൃത്യമായ ഇടവേളകളിലെ അണുനശീകരണവും എക്സ്‌പോ വേദിയെ കൂടുതൽ സുരക്ഷിതമാക്കും.