: ദൈവത്തിന്റെ സ്വന്തംനാട് മാനവികതയുടെ സ്വന്തംനാടായി മാറുന്ന അപൂർവനിമിഷങ്ങൾക്കാണ് കഴിഞ്ഞദിവസങ്ങളിൽ സാക്ഷികളായത്. അപൂർവരോഗം ബാധിച്ച ഒരു കൊച്ചുകുട്ടിയുടെ നിസ്സഹായാവസ്ഥ, അതിന്റെ കരളലയിക്കുന്ന കാഴ്ച നവമാധ്യമങ്ങളിലൂടെ ലോകമെമ്പാടും ഞൊടിയിടയിൽ പടർന്നു. ചികിത്സിക്കാൻ 18 കോടിയോളം രൂപ വേണമെന്ന അറിയിപ്പുമായി മലയാളികളുടെ മനഃസാക്ഷിക്ക് മുമ്പിലേക്കുവന്ന ആ കുടുംബത്തിന്റെ ആവശ്യം അവിശ്വസനീയമാംവിധം വേഗത്തിൽ സ്വരൂപിക്കാൻ ഉറവവറ്റാത്ത നന്മമനസ്സുകൾക്കായി. ഇതിൽ വലിയ പങ്കുവഹിച്ചത് സാമൂഹികമാധ്യമങ്ങൾതന്നെയാണെന്ന് നിസ്സംശയം പറയാം. മൂലധനതാത്‌പര്യങ്ങളുമില്ലാതെ മനുഷ്യർക്ക് ചേർന്നിരിക്കാനുള്ള ഈ ഇടംകൊണ്ട് നാം വലിയ നേട്ടങ്ങൾ കൊയ്‌തെടുത്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണത്.

അനിവാര്യമായ സമയങ്ങളിൽ സഹാനുഭൂതിയുടെ നോട്ടമെറിയുന്നതിനൊപ്പം യുക്തിരഹിതമായ ഏതൊരു സംവിധാനത്തിനുനേരെയും ഇടപെടാൻ കെൽപ്പുള്ളൊരു ശക്തിയായി നവമാധ്യമരംഗം മാറി എന്നതാണ് യാഥാർഥ്യം. കൈക്കൂലിക്കാരെമുതൽ ജനങ്ങളോട് മാന്യമായി ഇടപെടാത്ത സർക്കാർഉദ്യോഗസ്ഥരെവരെ നമ്മുടെ നാട്ടിൽ അച്ചടക്കം ശീലിപ്പിച്ചതിൽ നവമാധ്യമങ്ങൾക്ക് നല്ലൊരു പങ്കുണ്ട്. ആഗോളതലത്തിൽ അവകാശനിഷേധങ്ങളിൽപ്പെട്ട് ദുരിതങ്ങളുടെ അഗാധതയിലേക്ക് വീണടിഞ്ഞ പല ജീവിതങ്ങളും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയർന്നുപറക്കാൻ കെൽപ്പ്‌ നേടിക്കൊടുത്തതിനും ഉദാഹരണങ്ങൾ ഏറെയാണ്.

തുർക്കിഷ് വനിതാ ഫോട്ടോ ജേണലിസ്റ്റ് നിലൂഫെർ ദെമിർ 2015-ൽ യൂറോപ്യൻ കുടിയേറ്റ പ്രതിസന്ധിയെക്കുറിച്ചുള്ള പത്രറിപ്പോർട്ട് പരമ്പരയുടെ ഭാഗമായി പകർത്തി ട്വിറ്ററിൽ പങ്കുവെച്ച അയ്‌ലൻ കുർദിയുടെ ഫോട്ടോ ആവർഷം ലോകവാർത്തയായി. കുടിയേറ്റത്തിന്റെ അതിസാഹസികതയും ജീവിതത്തിന്റെ നിസ്സഹായാവസ്ഥയും ഒരു കുസൃതിക്കുരുന്നിന്റെ കുറുമ്പനുറക്കംപോലെ, മൂന്നാംവയസ്സിൽ ഒരു ചുവന്ന ബനിയൻ ധരിച്ച് കമിഴ്ന്നുകിടന്ന അവസ്ഥയിൽ കടൽത്തീരത്തടിഞ്ഞു കാണപ്പെട്ട ആ കുഞ്ഞുജഡം മൗനമായി വിവരിച്ചു.

ഇതൊക്കെയും നവമാധ്യമങ്ങളുടെ അനന്തമായ മാനവികതയുടെയും ഐക്യദാർഢ്യപ്പെടലുകളുടെയും സീമാതീത പൊരുളുകളായി മുന്നിലുണ്ട്. എണ്ണിയാൽ ഒടുങ്ങാത്ത നേരിന്റെ ഇടപെടലുകൾ വിരൽത്തുമ്പിൽ ഒതുക്കി ലോകത്തെ വിസ്മയിപ്പിക്കാൻ ഈ സംവിധാനത്തിന് ഇനിയും കഴിയേണ്ടതുണ്ട്