പച്ചപ്പിലേക്ക് മാത്രമായുള്ള മടങ്ങിപ്പോക്ക് അസാധ്യമെങ്കിലും അതിന്റെ അനിവാര്യതയെക്കുറിച്ച് ലോകത്തോട് ഉറക്കെ വിളിച്ചുപറയാൻ എക്‌സ്പോ 2020 ദുബായിലെ പവിലിയനുകളുടെ ശ്രമം വലിയ പ്രതീക്ഷയാണ് മുന്നോട്ടുവെക്കുന്നത്. അഞ്ചു രാജ്യങ്ങളാണ് പച്ചപ്പിനെ പൂർണമായും സ്വാംശീകരിച്ച് പ്രതീക്ഷയുടെ നാമ്പുകൾക്ക് പവിലിയനിലൂടെ ജീവനേകുന്നത്. സിങ്കപ്പൂർ, മലേഷ്യ, ബെൽജിയം, നെതർലൻഡ്സ്, സ്പെയിൻ എന്നിവയാണ് ആ രാജ്യങ്ങൾ.
 

സാങ്കേതികതയുടെ സാധ്യതകൾ നിത്യജീവിതത്തിന്റെ സ്വാഭാവിക ഒഴുക്കിനെവരെ സ്വാധീനിച്ചിട്ടുള്ള രാജ്യങ്ങളിൽ ഏറ്റവും മുമ്പിലുള്ള സിങ്കപ്പൂരാണ് പച്ചപ്പിൽ മൂടിയ പവിലിയനെ അത്യാകർഷകമായി ഒരുക്കിയിട്ടുള്ളത്. തൂങ്ങിയാടുന്ന പൂന്തോപ്പുകളും അപൂർവയിനം പുഷ്പങ്ങളും മഴക്കാടുകളിലെ സസ്യജാലങ്ങളുമാണ് സന്ദർശകരെ ഏറ്റവുമധികം ആകർഷിക്കുക. പവിലിയ നിലേക്കുള്ള ഊർജ ഉപഭോഗത്തിന് വഴിയൊരുക്കുന്ന 500 സൗരോർജ പാനലുകൾ മേൽക്കൂരയെ സമ്പന്നമാക്കുന്നു. എയർകണ്ടീഷണറുകൾ ഉപയോഗിക്കാതെത്തന്നെ സുഖശീതം പ്രദാനംചെയ്യുന്ന പവലിയൻ കൂടിയാവുമിതെന്ന പ്രത്യേകതയുമുണ്ട്. വായുവിലെ മാലിന്യം വലിച്ചെടുക്കുന്ന ചെടികൾ നിറഞ്ഞ കുളം, ഭക്ഷ്യമാലിന്യം പുനഃചംക്രമണം ചെയ്ത് വെള്ളമുണ്ടാക്കുന്ന സംവിധാനം, ചൂടിൽനിന്നും പൊടിക്കാറ്റിൽനിന്നും സംരക്ഷണമേകുന്ന അതിർത്തികാക്കുന്ന ചെടികൾ, സൂര്യപ്രകാശത്തിന്റെ സമഗ്രഉപയോഗം സാധ്യമാക്കുന്ന സംവിധാനം എന്നിവയെല്ലാം സിങ്കപ്പൂർ പവലിയനെ വേറിട്ടതാക്കുന്നു.

ദക്ഷിണപൂർവേഷ്യയിലെ പ്രത്യേകയിനം മരംകൊണ്ട് നിർമിച്ചതാണ് മലേഷ്യൻ പവലിയൻ. സുസ്ഥിര വനനയം വ്യക്തമാക്കുന്ന ഈ നിർമാണരീതിതന്നെ സന്ദർശകർക്ക് പുതുമയുള്ള അനുഭവമാവും. മഴക്കാടുകൾ പന്തൽവിരിക്കുന്ന പവിലിയനിലൂടെയുള്ള യാത്ര സസ്യജാലങ്ങളുടെ പ്രത്യേകതകളെക്കുറിച്ചും അനിവാര്യതയെക്കുറിച്ചുമുള്ള അവബോധം പകരും. പൗരാണികമായ വനസമ്പത്തും അപൂർവമരങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത വിശദമാക്കുന്ന എക്സിബിഷൻഹാൾ പ്രത്യേകതയാണ്. പവിലിയനിലെ പത്തുശതമാനം ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ സഹായകമാവുന്ന 40 സൗരോർജ പാനലുകൾ ഇതിലുണ്ട്. പുനഃചംക്രമണം ചെയ്ത വെള്ളം പവിലിയൻ തണുപ്പിക്കാനും ഉപയോഗിക്കും.

പ്രകൃതിസൗഹാർദ നിർമാണ രീതികളിലൂടെ മാലിന്യമുക്ത പവിലിയനാണ് ബെൽജിയം ഒരുക്കിയിരിക്കുന്നത്. 10,000 ചെടികൾ ഉൾക്കൊള്ളുന്ന തൂങ്ങിയാടുന്ന പൂന്തോപ്പിലൂടെ കാർബൺഡൈ ഓക്സൈഡിനെ ഓക്സിജനാക്കി മാറ്റി സന്ദർശകർക്ക് നവ്യാനുഭവം സമ്മാനിക്കാനാവും. മൂന്നുമുതൽ അഞ്ചുവരെ ശതമാനം അന്തരീക്ഷ ഊഷ്മാവ് കുറയ്ക്കാനും ഇതിലൂടെ കഴിയുമെന്ന് സംഘാടകർ അവകാശപ്പെടുന്നു. പ്രകൃതിസൗഹാർദ വസ്തുക്കൾ ഉപയോഗിച്ച് രൂപകല്പനചെയ്ത ഹരിതകമാനവും പ്രത്യേകതയാണ്.

പ്രകൃതിയുടെ ശക്തിയാണ് നെതർലൻഡ്സ് പവിലിയന്റെ ആശയം. ലംബമായി നിലകൊള്ളുന്ന ഫാം ഇതിലെ വേറിട്ട കാഴ്ചയാവും. പല അടുക്കുകളിലായി ഭക്ഷ്യയോഗ്യമായ പലതരം ചെടികളും കൂണുകളുമെല്ലാം ഇതിൽ പരിപാലിക്കുന്നു. അന്തരീക്ഷ ഈർപ്പം വലിച്ചെടുത്ത് സുഖകരമായ അനുഭവം പ്രദാനം ചെയ്യുന്നതിന് സൗരോർജത്തിൽ പ്രവർത്തിക്കുന്ന മഴയും ഇതിലുണ്ടാകും. നിലവും ചുവരുകളും ഒരുക്കിയിരിക്കുന്നത് ഫംഗസ് അടങ്ങിയിട്ടുള്ള പ്രത്യേകതരം പദാർഥം കൊണ്ടാണ്. കെട്ടിടനിർമാണവസ്തുക്കളുടെ നിർമാണത്തിൽ കൂണുകൾ പോലും പ്രസക്തമായേക്കാമെന്ന സന്ദേശവും ഇത് പകരുന്നു.

സ്പെയിനിന്റെ സുസ്ഥിരതാ ആശയങ്ങൾ പങ്കുവെക്കുന്ന പവിലിയനും പ്രത്യേകതകൾ ഏറെയുള്ളതാണ്. എ.സി. ഉപയോഗം പൂർണമായും ഒഴിവാക്കുകയും എന്നാൽ, ഊഷ്മാവ് ഉയരാതെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. ഇതിനായി ഗോപുരാകൃതിയിലുള്ള 14 നിർമിതികളാണ് സജ്ജീകരിച്ചിട്ടുള്ളത്. ചൂടുവായുവിനെ പുറന്തള്ളി സുഖകരമായ അന്തരീക്ഷമൊരുക്കുന്നവയാണിത്. പ്രകൃതിദത്തവും പുനഃചംക്രമണം ചെയ്തതുമായ വസ്തുക്കളുപയോഗിച്ച് ‘ഭാവിയിലെ കാടുകൾ’ എന്ന ആശയത്തിലൊരുക്കിയ നിർമിതിയും സന്ദർശകരിൽ വേറിട്ട ചിന്തകൾ സമ്മാനിക്കുന്നവയാണ്. സന്ദർശക ചലനങ്ങൾ മനസ്സിലാക്കി ഊർജ ഉപഭോഗശീലങ്ങൾക്കനുസരിച്ച് നിറങ്ങൾ ക്രമീകരിക്കുന്ന പുതുമയാർന്ന സംവിധാനവും സ്പെയിൻ പവിലിയനിലെ wകാഴ്ചയാണ്.

സുസ്ഥിരതയെക്കുറിച്ചുള്ള ചർച്ചകൾ ഇന്ന് ലോകത്തിൽ സജീവമാണ്. ഉപഭോക്തൃസംസ്കാരത്തിന്റെ ഭാഗമായി നീങ്ങുന്ന ജനതയിലേക്ക് അതിനെല്ലാമപ്പുറത്തുള്ള സമാധാനപരമായ ഒരു ഭാവി സമ്മാനിക്കാൻ ഈ ചർച്ചകൾക്ക് സാധിക്കുമെന്ന പ്രതീക്ഷയാണ് ഓരോ പവിലിയനുകളും.