അനുഭവം

: പത്തുവർഷത്തോളമായി പ്രവാസത്തിൽ ആതുരസേവന രംഗത്ത്. നെറ്റിചുളിവിന്റെ ലോകത്തുനിന്നും ആത്മാഭിമാനത്തിന്റെ ലോകത്താണിന്ന്.
ഇറ്റലിയിലെ ഫ്ലോറൻസ് നഗരത്തിൽ ജനിച്ച്, യുദ്ധകാലത്ത് മുറിവേറ്റ പട്ടാളക്കാരെ രാത്രികാലത്തുപോലും വിളക്കേന്തി ശുശ്രൂഷിച്ച ഒരു വനിതയുണ്ട്; ഫ്ലോറെൻസ് നൈറ്റിങ്‌ഗേൽ. നന്മയുടെ പൊൻനൂലുകൾ വിരൽത്തുമ്പത്ത് തൂന്നിച്ചേർത്ത മാലാഖമാർക്ക് അഭിമാനത്തോടെ ഓർക്കാവുന്ന ആ പുണ്യവതിയാണ് ജോലിമേഖലയിൽ ഏറ്റവും പ്രിയപ്പെട്ട വ്യക്തി. കൺമുന്നിൽകാണുന്ന വേദനയും ദുഃഖവും ദുരിതവും ഒക്കെ സ്നേഹമാകുന്ന സ്വാന്തനത്തിലൂടെയും പരിചരണത്തിലൂടെയും കുറെയേറെ ഒപ്പുവാൻ കഴിയും എന്നൊരു വലിയ ധാരണ എന്നിൽ അരക്കിട്ടുറപ്പിക്കുവാൻ ആ മഹതിക്ക് കഴിഞ്ഞു. ആതുരരംഗം കേവലം ധനസമ്പാദനത്തിനുവേണ്ടി മാത്രമുള്ള വേദിയല്ല, പിന്നെയോ സഹജീവികളോടുള്ള അനുകമ്പയും മനുഷ്യത്വവും ഒരുറവയിൽ എന്നപോലെ ഉത്ഭവിക്കുന്നതാണെന്നുള്ള ചിന്ത ഇന്ന് ലോകം അനുഭവത്തിൽ അറിയുന്നു.

ലോകം മുഴുവൻ ഒരു വൈറസിന്റെ മുന്നിൽ വിറച്ചുനിൽക്കുമ്പോൾ ’ഞങ്ങൾ കൂടെയുണ്ട്’ എന്ന് പറയാതെ പറയുന്നവരെ, പ്രവർത്തിക്കുന്നവരെ ഇന്ന് ലോകം വാഴ്ത്തിപ്പാടുന്നു. ആതുരസേവനരംഗത്തേക്ക് ലോകം കണ്ണും കാതും കൂർപ്പിച്ചിരിക്കുന്ന ദിനരാത്രങ്ങൾ. പലപ്പോഴും അവഗണ ലഭിച്ചിരുന്ന ഒരുവിഭാഗം ഇന്ന് ഈശ്വരസ്പർശമുള്ള കരങ്ങളെന്നവണ്ണം ഭവിക്കുന്നു. കോവിഡ്മൂലം ശ്വാസത്തിനായി കേഴുന്ന മനുഷ്യരുടെ പച്ചയായ മുഖം മുന്നിൽക്കണ്ട് മനസ്സും ശരീരവും മരവിച്ചിട്ടും പതറാതെ മുന്നോട്ടുനീങ്ങുന്ന, അതിനുവേണ്ടി ജീവൻ ബലികൊടുക്കേണ്ടി വരുന്ന, അതിന്റെ പ്രഭാവങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പടയാളികളെ ലോകം ഇന്ന് തിരിച്ചറിയുന്നു. ഈ മഹാമാരിക്കാലത്ത് സ്വന്തം കുടുംബത്തെപ്പോലും മുൾമുനയിൽ നിർത്തി രാപകലില്ലാതെ കയ്യുംമെയ്യും മറന്നു പ്രവർത്തിക്കുകയാണ് ആതുരസേവകർ. അവരിൽ ഒരാളാണ് ഈ പ്രവാസത്തിൽ ഞാനുമെന്നത് അഭിമാനത്തോടെ ഓർക്കുന്നു. ഒരുപാടുപേർക്ക് ആശ്വാസം നൽകി ശുശ്രൂഷ നൽകുന്ന ഈ മഹാമാരിക്കാലത്ത് മാനസികവും ശാരീരികവുമായി അവശത ഏറുമെങ്കിലും നഴ്‌സ് തളരില്ല; അതാണ് ഒരു നഴ്‌സിന്റെ ഉൾത്തുടിപ്പ്.
മലയാളത്തിന്റെയും പ്രവാസത്തിന്റെയും പ്രിയ കഥാകാരൻ ബെന്യാമിൻ തന്റെ പുതിയ നോവലായ ’നിശ്ശബ്ദസഞ്ചാരങ്ങൾ’ സമർപ്പിച്ചിരിക്കുന്നത് ലോകമെമ്പാടുംപോയി മിഷനറി പ്രവർത്തനം കണക്കെ ആതുരസേവനം നടത്തുന്ന നഴ്‌സുമാർക്കായിട്ടാണ്. ലോകമിന്ന് ആതുരസേവകരെ ബഹുമാനിക്കുന്നു, വണങ്ങുന്നു. ആരോഗ്യമേഖലയിൽ ഒരാളായി പ്രവാസമണ്ണിൽ പ്രവർത്തിക്കുവാൻ കഴിഞ്ഞ ഭാഗ്യവതിയാണ് ഈ ഞാനും.