2017-ൽ നടന്നതാണ്. സഹപ്രവർത്തകൻ ഓടിവന്ന് പറഞ്ഞു ‘‘ദുബായ് ഭരണാധികാരി എമിറേറ്റ്‌സ് ടവ്വറിൽ ഉണ്ട്, പോയാൽ കാണാം’’. കേട്ടപ്പോൾ അഭ്‌ദുതമായി. തൊട്ടടുത്താണ് എമിറേറ്റ്‌സ് ടവ്വർ. അന്നംതരുന്ന രാജ്യത്തിന്റെ അധിപതിയെ ഒന്നുകാണുക ഭാഗ്യമല്ലേ? ഞാനുടനെ അങ്ങോട്ടോടി.

ആ ദിവസം ദുബായ് യൂത്ത് ഹബ് അബുദാബി കിരീടാവകാശിയും ദുബായ് ഭരണാധികാരിയും ചേർന്ന് ഉദ്‌ഘാടനം ചെയ്യുകയാണ്. അവിടെ എത്തിയപ്പോൾ രാജ്യത്തിന്റെ ഭരണാധികാരികൾ ആ പ്രദേശത്തെങ്ങും ഉള്ളതിന്റെ ഒരു ലക്ഷണവും ഇല്ല. കോറിഡോറിൽനിന്ന പോലീസുകാരനോട് ചോദിച്ചു. തൊട്ടുമുന്നിൽ കാണുന്നതാണ് ദുബായ് യൂത്ത് ഹബ്ബ്, അതിന്റെ ഉദ്‌ഘാടനം കഴിഞ്ഞുവെന്ന് പോലീസ് പറഞ്ഞു. അകെ നിരാശ. കഷ്ടം, ഇത്തിരിമുമ്പ് വന്നിരുന്നെങ്കിൽ?

വിഷാദമാനസനായി ഉദ്‌ഘാടനം കഴിഞ്ഞ യൂത്ത് ഹബ്ബ് കാണുവാൻ അകത്തേക്ക് കയറി. ദുബായിലെ ചെറുപ്പക്കാർക്കായി പുതിയ സംരംഭം. ഒരു ഭാഗത്ത് ലൈബ്രറിപോലെ കുറെയേറെ ഇംഗ്ളീഷ്, അറബിക് പുസ്തകങ്ങൾ. ഒരു പുസ്തകമെടുത്ത് പേജുകൾ മറിച്ചുനിൽക്കവേ, തൊട്ടുമുന്നിൽ രണ്ടു മൂന്നു പേർ ക്യാമറയുമായി പുറകോട്ടു നടക്കുന്നതു കണ്ടു. ഏതോ ടി.വി. ചാനൽകാരാണ്; ഞാൻ പുറത്തേക്ക് ഇറങ്ങിനോക്കിയപ്പോൾ കണ്ണുകളെ വിശ്വസിക്കാനായില്ല. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇതാ തൊട്ടുമുന്നിൽ.

അദ്ദേഹത്തിന്റെ കൂടെ മൂന്നു നാല് ആളുകളുണ്ട്. അവരോട് സംസാരിച്ചാണ് അദ്ദേഹം നടന്നുവരുന്നത്. കയ്യെത്തും ദൂരത്തെത്തിയപ്പോൾ ഞാൻ വലതുകരം ഒന്നുയർത്തി ’അസ്‌ലാമു അലൈക്കും....’. എന്ന് പറഞ്ഞു. അദ്ദേഹം ഒന്നുചിരിച്ചു. പിന്നെ കൈയുയർത്തി മെല്ലെ മറുവാക്യം പറഞ്ഞുകൊണ്ട് മുന്നോട്ടുനടന്ന് തൊട്ടുമുന്നിലുള്ള എസ്‌കലേറ്റർ വഴി മുകളിലേക്ക് പോയി.

വിശ്വസിക്കാനായില്ല. ഈ രാജ്യത്തിന്റെ ഭരണാധികാരിയെയാണ് കൺമുന്നിൽ, കയ്യകലത്തിൽ കണ്ടത്. വൻസുരക്ഷാവലയമില്ല, പോലീസിന്റെയോ പട്ടാളത്തിന്റെയോ നിഴലില്ല. രാജ്യത്തെ ഇത്രയും അഭിവൃദ്ധിയിൽ എത്തിച്ച വലിയ മനുഷ്യനാണ് അഭിവാദ്യംനൽകി സാധാരണക്കാരനെപ്പോലെ നടന്നുമറഞ്ഞത്. ഒരു രാജാവിനെപ്പറ്റി, ഭരണാധികാരിയെപ്പറ്റി വലിയൊരു പൊളിച്ചെഴുത്ത് അന്ന് എന്നിൽ നടന്നു. സാധാരണക്കാരന് മുന്നിലൂടെ സാധാരണക്കാരനെപ്പോലെ രാജാവ്!. സ്വയം വാഹനമോടിച്ച് പോകുന്ന ഭരണാധികാരി. ആനയും അമ്പാരിയും ഒന്നുമില്ലാതെ സ്വപ്നപദ്ധതി പൂർത്തീകരണത്തിനുശേഷം നടന്നുപോകുന്നു.

കുറേ വർഷം മുമ്പ് പരീക്ഷയെഴുതാൻ കുറവിലങ്ങാട്ട് പോയപ്പോൾ കേരള മുഖ്യമന്തി ദേവമാത കോളേജ് ഗ്രൗണ്ടിൽ ഒരു ഫെസ്റ്റിവെൽ ഉത്ഘാടനത്തിനുവന്നത് ഓർമയിലെത്തി. മുഖ്യമന്ത്രിയെ ആദ്യമായി ഒന്ന് നേരിൽക്കാണാമല്ലോ എന്നുകരുതി ചെന്നപ്പോൾ മുന്നൂറ്-നാനൂറ് മീറ്റർ അകലത്തിൽ അദ്ദേഹം പ്രസംഗിക്കുന്നതുകണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പോലീസ് ജീപ്പുകൾ, ബീക്കൺ ലൈറ്റുകൾ, രാഷ്ട്രീയക്കാരുടെ പട, കാതുപൊട്ടുന്ന മുദ്രാവാക്യങ്ങൾ, പടക്കം...... ഇതൊക്കെ ആർക്കുവേണ്ടി? എമിറേറ്റ്‌സ് ടവ്വറിൽനിന്ന ആ നിൽപ്പിൽ അറിയാതെ എന്നോടുതന്നെ ഞാൻ ചോദിച്ചു.

പി.എസ്.സിയുടെ രണ്ടുമൂന്ന് പരീക്ഷകൾ ഉൾപ്പെടെ ക്ലച്ച് പിടിക്കാതെനിന്നകാലത്താണ് ഈ രാജ്യം വാതിൽ തുറന്നു തന്നത്. ഇന്നത്തെ എല്ലാ സൗഭാഗ്യങ്ങളും ഈ ദേശത്തിന്റെ കരുണമാത്രം. ’പെറ്റമ്മ മറന്നാലും ഞാൻനിന്നെ മറക്കില്ല’ എന്നൊരു വാക്യം ബൈബിളിൽ ഉണ്ട്. അതിനെ അന്വർഥമാക്കി ഈ പ്രവാസമണ്ണ് എന്നെപ്പോലെ പതിനായിരങ്ങളെ തീറ്റിപ്പോറ്റുന്നു. അനുഗ്രഹിച്ചിരിക്കുന്നു.