ചെറിയ കുന്നുകളും മലഞ്ചെരിവുകളുമുള്ള കിഴക്കൻ മുംബൈയിലെ ശാന്തവും സുന്ദരവുമായ ഒരുപ്രദേശമാണ് വഡാല. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ താമസിക്കുന്ന കോളനികൾ ഏറെയുമുള്ളത് വഡാലയിലാണ്. ഒരുപക്ഷേ മുംബൈയിൽ ഏറ്റവും കൂടുതൽ മലയാളികുടുംബങ്ങൾ വസിക്കുന്നതും ഇവിടെത്തന്നെയാവണം.

എൺപതുകളുടെ ഒടുവിൽ ജനുവരിയിലെ മഞ്ഞുപെയ്യുന്ന ഒരു പ്രഭാതത്തിലാണ് വഡാലയിലെ സി.ജി.എസ്. ക്വാർട്ടേഴ്‌സിന് മുന്നിൽവെച്ചു ഞാൻ രാഘവേട്ടനെ കാണുന്നത്. സഹപ്രവർത്തകനായ അനിരുദ്ധൻ മുമ്പ് ഒന്നുരണ്ടുതവണ ഈ മനുഷ്യനെക്കുറിച്ച് പറഞ്ഞുകേട്ട പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
’മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രശസ്തമായ ഒരു കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു രാഘവേട്ടൻ. ഒരുകാരണവുംകൂടാതെ തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ചപ്പോൾ അവരെ സംഘടിപ്പിച്ചു സമരം നടത്തിയതിന് ജോലിയിൽനിന്ന്‌ പിരിച്ചുവിടപ്പെട്ടു.

‘ഇനിമേൽ ഒരൊറ്റ ബൂർഷയുടെയും തൊഴിൽ സ്വീകരിക്കില്ലെന്ന് തൊഴിലാളികളെ സാക്ഷിനിർത്തി കമ്പനി പടിക്കൽവെച്ചു അന്നദ്ദേഹം ശപഥം ചെയ്തു.’ അനിരുദ്ധനിൽനിന്നും രാഘവേട്ടനെക്കുറിച്ച് അറിഞ്ഞതുമുതൽ ആഗ്രഹിച്ചതാണ് ആ ’വലിയ മനുഷ്യനെ’ ഒന്നു കാണണമെന്നും പരിചയപ്പെടണമെന്നും.
അങ്ങനെ പെട്ടെന്നൊന്നും അദ്ദേഹത്തെ കണ്ടെത്താൻ കഴിയില്ല. അലച്ചിലാണ് പലപ്പോഴും.

ഇന്നു മുംബൈയിലാണെങ്കിൽ നാളെ പുണെയിൽ, പിറ്റേന്നു ലോണവാലയിൽ, അതല്ലെങ്കിൽ മഹാരാഷ്ട്രയുടെ മറ്റേതെങ്കിലും പ്രാന്തപ്രദേശങ്ങളിൽ. പഴയൊരു ബാത്ത്‌സോപ്പിന്റെ പരസ്യം കടമെടുത്തു പറഞ്ഞാൽ എവിടെയൊക്കെ മലയാളികളും അവരുടെ കൂട്ടായ്മകളുമുണ്ടോ അവിടെ രാഘവേട്ടനുണ്ട്. എവിടെ ഇടതുപക്ഷ അനുഭാവികളും ചിന്തകരുമുണ്ടോ അവിടെ രാഘവേട്ടൻ എത്തിയിരിക്കും. വലിയ സൗഹൃദവലയത്തിനുടമയാണ്. അതിൽ തൊഴിലാളികളും തെരുവുകച്ചവടക്കാരും പോലീസുകാർവരെയുണ്ട്.

അന്ന് അദ്ദേഹത്തെ കാണുമ്പോൾ നാലിഞ്ച് നീളമുള്ള ഒരു ചാമൻ ബ്രാൻഡ് ചുരുട്ട് ചൂണ്ടുവിരലിനും നടുവിരലിനുമിടയിൽ തിരുകി ചുണ്ടിൽവെച്ചു ആഞ്ഞുവലിക്കുന്നു. കുറെ പുക ധമനികളിലേക്കും ബാക്കി കുറെ അന്തരീക്ഷത്തിലേക്കും ഊതിവിട്ടു സ്ലോമോഷനിൽ ഉയർന്നുപൊങ്ങുന്ന പുകച്ചുരുളുകളെ വാപൊളിച്ചു നോക്കിനിൽക്കുന്നു. പഴയ ഏതോ ബ്ലാക്ക് ആൻഡ് വൈറ്റ് ആർട്ട് സിനിമയിലെ കഥാപാത്രംപോലെ. കണ്ടാൽ മറ്റേതോ ലോകത്താണെന്ന് തോന്നും.
പരിചയപ്പെട്ടു കഴിഞ്ഞശേഷം അദ്ദേഹം എന്നോട് നാട്ടിലെ ചില പ്രധാനപ്പെട്ട വ്യക്തികളെക്കുറിച്ച് ചോദിച്ചു. സംഘടനയുമായി ബന്ധപ്പെട്ട് മുമ്പ് ആ പ്രദേശങ്ങളിലൊക്കെ വന്നുപ്രവർത്തിച്ചിട്ടുള്ള കാര്യം ഓർത്തെടുത്തു. കോർപ്പറേറ്റ് ചൂഷണത്തിനും ജന്മിമാരുടെയും കോൺട്രാക്ടർമാരുടെയും അടിച്ചമർത്തലുകൾക്കുമെതിരേ തീവ്ര ഇടതുപക്ഷനിലപാട് സ്വീകരിച്ചിരുന്ന ആളായിരുന്നു ഒരുകാലത്ത് രാഘവേട്ടൻ. സായുധവിപ്ലവം സ്വപ്നംകണ്ടു തൂലിക തീപ്പന്തമാക്കിയ വിപ്ലവകാരി.

പിന്നീട് തീവ്രനിലപാടുകൾ ഉപേക്ഷിച്ചു മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടിയുടെ സഹയാത്രികനായി. വിരക്തി തോന്നിത്തുടങ്ങിയപ്പോൾ നാടുവിട്ടു മുംബൈയിലെത്തി. നിർഭയൻ, കർമകുശലൻ, യുക്തിവാദി, നാടകരചയിതാവ്, നടൻ, പ്രാസംഗികൻ, മാധ്യമപ്രവർത്തകൻ..വിശേഷണങ്ങൾ അനവധി ചാർത്താം. ഒട്ടും അധികമാവില്ല. കാപട്യമില്ലാത്ത മുഖം. ലോകത്തിന്റെ ഏതുപ്രശ്‌നത്തിനും സ്വന്തമായൊരു കാഴ്ചപ്പാടും പ്രശ്‌നപരിഹാര ഫോർമുലയുമുണ്ട് രാഘവേട്ടന്. വായനയുടെയും അറിവിന്റെയും വലിയൊരു കലവറയെന്നോ വിജ്ഞാനകോശമെന്നോ പറയാം.

വിപ്ലവം പറഞ്ഞുതുടങ്ങിയാൽ രാഘവേട്ടൻ വാചാലനാകും. രണ്ടുപേരെ മുമ്പിൽകിട്ടിയാൽ ഒരു ’ക്ലാസ്‌തന്നെ തുടങ്ങും’. മനുഷ്യന്റെ അധ്വാനത്തെയും പ്രകൃതിവിഭവങ്ങളെയും ലാഭം വെട്ടിപ്പിടിക്കാനുള്ള കേവലോപാധികളാക്കുന്ന രക്തദാഹിയായ മുതലാളിത്തവ്യവസ്ഥയെ അതിജീവിച്ചല്ലാതെ മുന്നോട്ടുള്ള പ്രയാണം സാധ്യമല്ലെന്ന് പറഞ്ഞു പലപ്പോഴും പക്കാ കമ്യൂണിസ്റ്റായി തിളങ്ങും. സമകാലിക യാഥാർഥ്യത്തെ അതിന്റെ സമഗ്രതയിൽ അഭിമുഖീകരിക്കാൻ മാർക്സും മാർക്‌സിസവും പ്രദാനംചെയ്ത വഴിതന്നെയാണ് ഏറ്റവും ശാസ്ത്രീയവും വിപ്ലവകരവുമെന്ന് പറഞ്ഞു ഒരുവേള അദ്ദേഹം ക്യൂബ മുകുന്ദനാകും.

നല്ല രസമാണ് രാഘവേട്ടന്റെ ഫിലോസഫി കേട്ടിരിക്കാൻ. നേരം പോകുന്നതേയറിയില്ല. കേട്ടാൽമതിവരാത്ത അദ്ദേഹത്തിന്റെ സംഭാഷണ ഡെലിവറിക്ക് മുന്നിൽ എത്രയോവട്ടം സമയം മറന്നുവെച്ചുപോയിട്ടുണ്ട്. മനുഷ്യന്റെ ബുദ്ധിക്കും ഭാവനയ്ക്കും സർവ സങ്കല്പങ്ങൾക്കുമപ്പുറം വാദിച്ചുകളയും ആ മനുഷ്യൻ. പലപ്പോഴും രൂപരഹിതനായ ദൈവത്തെക്കുറിച്ചു പറഞ്ഞുകലഹിച്ചിട്ടുണ്ട്. പക്ഷേ, എല്ലായ്‌പ്പോഴും അദ്ദേഹത്തെ കണ്ടുകിട്ടാറില്ല. കാണാൻ ചെന്നാൽ പലപ്പോഴും നിരാശയായിരിക്കും ഫലം. നഗരത്തിലെ പല മലയാളിസംഘടനകളുടെയും അതിഥിയായി കറങ്ങിത്തിരിഞ്ഞ് വല്ലപ്പോഴും മാത്രമേ താമസസ്ഥലത്ത് എത്താറുള്ളൂ.
മാസങ്ങൾ കുറെ കഴിഞ്ഞു. തൊഴിലിനും തൊഴിലില്ലായ്മയ്ക്കും ഇടയിൽ അനേകം മാനസികസംഘർഷങ്ങളിലൂടെ എന്റെ ദിനങ്ങൾ കടന്നുപോയി. അതിനിടയിൽ വസന്തവും ഗ്രീഷ്മവും ഹേമന്തവും വന്നുപോയതും അറിഞ്ഞില്ല. ഒരു നീണ്ട ഇടവേളയ്ക്കുശേഷമാണ് പിന്നീട് രാഘവേട്ടനെ കണ്ടുമുട്ടുന്നത്. നഗരം സാഗരം തീർത്ത ഒരു മഴക്കാലത്ത് മഴ തോർന്നവസാനിച്ച ഓർമക്കുറിപ്പുപോലെ ഒരുരാത്രി ഞാനദ്ദേഹത്തെ കണ്ടു. ക്വാട്ടേഴ്‌സിന് മുന്നിലെ പേരറിയാ മരത്തിന്റെ ചുവട്ടിൽ വൈദ്യുതിവെളിച്ചത്തിന്റെ വീണുചിതറുന്ന മങ്ങിയനിഴലിൽ അനന്തതയിലേക്ക് കണ്ണുംനട്ടിരിക്കുന്ന സഖാവ് രാഘവേട്ടനെ. ഏകനായ് ഇരുന്നു പോയകാലത്തിന്റെ വീറുകൂടിയ സ്മരണയിൽ മുഷ്ടിചുരുട്ടുന്ന വിപ്ലവകാരിയെ..ആടിത്തീർത്ത അരങ്ങിലെ ഓർമകളെ ശൂന്യതയിൽ പൊടിതട്ടി ഉരുവിടുന്ന നാടകനടനെ..
മുമ്പ് കാണുമ്പോഴൊക്കെയും വാചാലനായ രാഘവേട്ടനായിരുന്നില്ല അപ്പോളദ്ദേഹം. വാർധക്യം പെട്ടെന്ന് വലിഞ്ഞുകേറിയതുപോലെ. ശരീരം നല്ലവണ്ണം ശോഷിച്ചിട്ടുണ്ട്. ഇടയ്ക്കിടക്ക് ചുമച്ച് കാറിത്തുപ്പുന്നു. എന്തൊക്കെയോ പറഞ്ഞുമുഴുമിപ്പിച്ചങ്കിലും പഴയ പ്രസരിപ്പില്ല. അന്നദ്ദേഹത്തോട് അൽപനേരം മാത്രമേ സംസാരിക്കാൻ കഴിഞ്ഞുള്ളൂ.

അതിനുശേഷം പിന്നീടൊരിക്കലും രാഘവേട്ടനെ കണ്ടിട്ടില്ല. അറിയാവുന്ന പലരും പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. നാടും വീടും പ്രസ്ഥാനവുമൊക്കെ മറന്ന് പത്തു-മുപ്പതുവർഷത്തോളം മഹാനഗരത്തിന്റെ മായാവലയത്തിൽ ’ആരുമറിയാതെ ജീവിച്ചു’ ആരുമറിയാതെ അപ്രത്യക്ഷനായി രാഘവേട്ടൻ. ആ മഹാമനുഷ്യനൊപ്പം ചെലവിട്ട ധന്യനിമിഷത്തിന്റെ ഓർമകളിൽ ഇപ്പോഴും മനസ്സുനിറയുന്നു.